വരുന്നത് ഇക്കോ ഫ്രണ്ട്‌ലി കാറുകളുടെ കാലം

The new VW Polo on show in Geneva
വാഹന ലോകത്തെ വന്പന്‍മാരെല്ലാം നിരന്ന 79ാമത് ജനീവ മോട്ടോര്‍ ഷോയിലെ താരം നാനോ യൂറോപ്പയായിരുന്നു. വിലയോ തുച്ഛം ഗുണമോ മെച്ചം ഇത് തന്നെയായിരുന്നു നാനോ യൂറോപ്പയുടെ തുരുപ്പ് ചീട്ട്.

അതേ സമയം മാറുന്ന വാഹനവിപണിയുടെ പുതിയ അഭിരുചികള്‍ വെളിപ്പെടുത്തുന്ന വേദിയായി കൂടിയായി ഇത്തവണത്തെ ജനീവ ഷോ. ഭാവിയില്‍ രൂക്ഷമായേക്കാവുന്ന ഇന്ധക്ഷാമത്തെ ചെറുക്കുന്നതിനൊപ്പം പരിസ്ഥിതി സൗഹാര്‍ദ്ദം കാത്തു സൂക്ഷിയ്ക്കാന്‍ കഴിയുന്ന കാറുകളാണ് ഷോയില്‍ ഏറെ ശ്രദ്ധിയ്ക്കപ്പെട്ടത്.

പ്രമുഖ ജര്‍മ്മന്‍ വാഹന നിര്‍മാതക്കളായ വോക്സ് വാഗണ്‍ അവതരിപ്പിച്ച പോളോയാണ് ഈ ശ്രേണിയില്‍ ഏറ്റവും ശ്രദ്ധ പിടിച്ചു പറ്റിയത്. വോക്സ് വാഗണ്‍ വികസിപ്പിച്ചെടുത്ത ബ്ലൂമോഷന്‍ സാങ്കേതിക വിദ്യ പോളോയുടെ ഇന്ധന ക്ഷമത ഏറെ കൂട്ടുന്നു. എഞ്ചിനുള്ളിലേക്ക് യൂറിയ ഇടവിട്ട് കടത്തിവിട്ടു കൊണ്ട് ഇന്ധനക്ഷമത വര്‍ദ്ധിപ്പിയ്ക്കുന്ന സാങ്കേതിക വിദ്യയാണ് ബ്ലൂമോഷന്‍ ടെക്നോളജി.

പുതിയ സാങ്കേതിക വിദ്യയുടെ സഹയാത്തോടെയെത്തുന്ന പോളോയുടെ 1.6 ലിറ്റര്‍ ‍ഡീസല്‍ മോഡല്‍ ലിറ്ററിന് 25 കിലോമീറ്റര്‍ മൈലേജും 90 ബിഎച്ച്പി കരുത്തുമാണ് തരുന്നതെന്നറിയുന്പോള്‍ ആരുമൊന്ന് അദ്ഭുതപ്പെടും. പോളോ പെട്രോള്‍ മോഡലും മോശമല്ല, 103 ബിച്ച്പി കരുത്തും 18 കിലോമീറ്റര്‍ മൈലേജുമാണ് ഈ കാര്‍ തരുന്നത്.

സ്റ്റാര്‍ട്ട് സ്റ്റോപ്പ് സിസ്റ്റത്തിന്റെഅകന്പടിയോടെയെത്തുന്ന രണ്ടാം തലമുറ ബ്ലൂ മോഷന്‍ സാങ്കേതികവിദ്യ ഉള്‍ക്കൊള്ളിച്ച പോളോയുടെ പ്രാഥമിക രൂപവും വോക്സ് വാഗണ്‍ ജനീവ ഷോയില്‍ പ്രദര്‍ശിപ്പിച്ചു. 30 കിലോമീറ്റര്‍ മൈലേജ് തരുന്ന ഈ കാര്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ നിരത്തിലെത്തിയ്ക്കാനാണ് വോക്സ് വാഗണ്‍ പദ്ധതിയിടുന്നത്. പോളോയുടെ നിലവിലുള്ള മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ അവതരിയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏറെ സവിശേഷതകളുള്ള മെഴ്സിഡസ് ബെന്‍സ് ഇ ക്ലാസിന്റെ പുതിയ മോഡലും ഷോയിലുണ്ടായിരുന്നു. നിലവിലുള്ള ഇ ക്ലാസ് മോഡലുകളേക്കാള്‍ 20-23 ശതമാനം ഇന്ധനലാഭം പുതിയ മോഡല്‍ നേടിത്തരുമെന്നാണ് നിര്‍മാതക്കളായ ഡെയിംലര്‍ ക്രിസ് ലര്‍ അവകാശപ്പെടുന്നത്.

മെഴ്സിഡസിന്റെ പുതിയ സവിശേഷതയായ ബ്ലൂ എഫിഷ്യന്‍സി സാങ്കേതികതയാണ് കൂടുതല്‍ മൈലേജും കുറഞ്ഞ പരിസ്ഥിതി മലിനീകരണവും ഉറപ്പ് നല്കുന്നത്. 205 ബിച്ച്പി കരുത്തില്‍ 18.8 കിലോമീറ്റര്‍ എന്ന പ്രലോഭനീയമായ മൈലേജാണ് പുതിയ ഇ ക്ലാസ് മോഡലിന് ബെന്‍സ് വാഗ്ദാനം ചെയ്യുന്നത്.

ഇക്കോ ഫ്രണ്ട് ലി മോഡലുകള്‍ അവതരിപ്പിയ്ക്കുന്നതില്‍ ടാറ്റയും പിന്നിലായില്ല. ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് നിര്‍മ്മിച്ച ഇന്‍ഡിക്ക വിസ്റ്റ ഇവിയാണ് ടാറ്റ ഇവിടെ അവതരിപ്പിച്ച കാര്‍. സാധാരണ ബാറ്ററികളേക്കാള്‍ കരുത്തുറ്റ പോളാര്‍ ലിഥിയം അയേണ്‍ ബാറ്ററി ഉപയോഗിച്ചിരിയ്ക്കുന്ന ഇന്‍ഡിക്ക ഇവി ഒറ്റ ചാര്‍ജ്ജില്‍ 200 കിലോമീറ്റര്‍ സഞ്ചരിയ്ക്കും.

ഇവയെല്ലാം നിരത്തുകളിലെ സജീവ സാന്നിധ്യമാകുകയാണെങ്കില്‍ നാളത്തെ റോഡുകള്‍ ഇക്കോ ഫ്രണ്ട് ലി തന്നെയാണെന്ന കാര്യത്തില്‍ സംശയം വേണ്ട.

Story first published: Saturday, March 7, 2009, 17:23 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark