സ്കോർപിയോയേക്കാൾ 4 ലക്ഷം രൂപ വിലക്കുറവിൽ 7-സീറ്റർ! 27KM മൈലേജുള്ള കാർ വാങ്ങാൻ തിക്കിത്തിരക്കി ഇന്ത്യക്കാർ
മഹീന്ദ്ര സ്‌കോര്‍പ്പിയോയെക്കാള്‍ 4 ലക്ഷം രൂപ കുറവില്‍ ലിറ്ററിന് 26 കിലോമീറ്ററിലധികം മൈലേജ് തരുന്ന ഒരു 7-സീറ്റര്‍ കാര്‍ വാങ്ങാനാകുമെന്ന് കേള്‍ക്കുമ്പോള്‍ പലര്‍ക്കും അതിശയം തോന്നിയേക്കാം. മുകളില്‍ പറഞ്ഞ സവിശേഷതകള്‍ കാരണം വര്‍ഷങ്ങളായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന 7 സീറ്റര്‍ കാറായി നിറഞ്ഞ് നില്‍ക്കുന്ന മാരുതി സുസുക്കി എര്‍ട്ടിഗ (Maruti Suzuki Ertiga) എംപിവിയെ കുറിച്ചാണ് പറഞ്ഞുവന്നത്. 2026 ഫെബ്രുവരിയിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന 7-സീറ്റര്‍ വാഹനമെന്ന കിരീടം ഒരിക്കല്‍ കൂടി എര്‍ട്ടിഗ അരക്കിട്ടുറപ്പിച്ചിരിക്കുകയാണ്.
അവിശ്വസനീയമായ വിലക്കുറവാണ് എര്‍ട്ടിഗയെ സാധാരണക്കാരുടെ പ്രിയപ്പെട്ട ഫാമിലി കാര്‍ ആക്കി മാറ്റുന്നത്. 7-സീറ്റര്‍ കാര്‍ വിഭാഗത്തിലെ കരുത്തനായ മഹീന്ദ്ര സ്‌കോര്‍പ്പിയോ ക്ലാസിക്കിന്റെ പ്രാരംഭ വില ഏകദേശം 13 ലക്ഷം രൂപയാണ്. എന്നാല്‍ ഇതിന് സമാനമായ സൗകര്യങ്ങളുള്ള മാരുതി എര്‍ട്ടിഗയുടെ പ്രാരംഭ വില വെറും 8.80 ലക്ഷം രൂപ മാത്രമാണ്. സ്‌കോര്‍പ്പിയോയുടെ ബേസ് മോഡലിനേക്കാള്‍ 4.20 ലക്ഷം രൂപ കുറഞ്ഞ വിലയില്‍ എര്‍ട്ടിഗ സ്വന്തമാക്കാം എന്നതാണ് ഏറ്റവും വലിയ നേട്ടം.

ആധുനിക സവിശേഷതകളും നിറഞ്ഞ എര്‍ട്ടിഗയുടെ ടോപ്പ് എന്‍ഡ് വേരിയന്റിന് പോലും 12.94 ലക്ഷം രൂപയേ വില വരുന്നുള്ളൂ. അതായത് സ്‌കോര്‍പ്പിയോ ക്ലാസിക്കിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മാത്രം നിറഞ്ഞ എന്‍ട്രി ലെവല്‍ വേരിയന്റ് വാങ്ങുന്ന പൈസക്ക് മാരുതി എംപിവിയുടെ പ്രീമിയം ഫീച്ചറുകള്‍ സജ്ജീകരിച്ച ടോപ് എന്‍ഡ് വേരിയന്റ് സ്വന്തമാക്കാം. താങ്ങാനാകുന്ന വിലയും പ്രായോഗികതയുമാണ് എര്‍ട്ടിഗയെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന 7-സീറ്റര്‍ കാറാക്കി മാറ്റുന്നത്.
റഷ്‌ലെയ്ന് പങ്കുവെച്ച കഴിഞ്ഞ മാസത്തെ വില്‍പ്പന റിപ്പോര്‍ട്ടുകള്‍ പ്രകാരം മാരുതി സുസുക്കി 17,807 എര്‍ട്ടിഗ എംപിവികളാണ് ഇന്ത്യയില്‍ വിറ്റഴിച്ചത്. 2025 ഫെബ്രുവരിയില്‍ ഇത് 14,868 യൂണിറ്റുകളായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ മാസം മാരുതി എര്‍ട്ടിഗയുടെ 2939 യൂണിറ്റുകളാണ് മാരുതി അധികം വിറ്റത്. 12 മാസം കൊണ്ട് വില്‍പ്പനയില്‍ 19.77 ശതമാനത്തിന്റെ വന്‍ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ മാസം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ടോപ് 10 കാറുകളുടെ പട്ടികയില്‍ ആറാം സ്ഥാനത്തെത്താനും എര്‍ട്ടിഗയ്ക്ക് സാധിച്ചു. ഫെബ്രുവരിയിലെ ടോപ് 10 കാറുകളുടെ പട്ടികയില്‍ ടാറ്റ നെക്‌സോണ്‍, മാരുതി ഡിസയര്‍, ടാറ്റ പഞ്ച്, ഹ്യുണ്ടായി ക്രെറ്റ, മാരുതി ബ്രെസ എന്നീ കാറുകളാണ് എര്‍ട്ടിഗയുടെ മുന്നിലുള്ളത്. മുന്നിലുള്ള മറ്റ് 5 മോഡലുകളും 5-സീറ്ററുകള്‍ ആയതിനാല്‍ ഇന്ത്യയിലെ ബെസ്റ്റ് സെല്ലിംഗ് 7-സീറ്റര്‍ കാര്‍ പദവിയില്‍ എര്‍ട്ടിഗ ഏകപക്ഷീയമായി മുന്നേറുകയാണ്.
കടുത്ത മത്സരങ്ങള്‍ക്കിടയിലും മികച്ച വളര്‍ച്ചയോടെ ടോപ് 10 പട്ടികയിലെ സ്ഥാനം നിലനിര്‍ത്താന്‍ കഴിഞ്ഞത് രാജ്യത്തെ ഫാമിലി കാര്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഇന്നും ഫസ്റ്റ് ചോയ്‌സ് എര്‍ട്ടിഗയാണെന്ന് അടിവരയിടുന്നു. 6 എയര്‍ബാഗുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഇബിഡിയുള്ള എബിഎസ്, ഹില്‍ ഹോള്‍ഡ് അസിസ്റ്റ് എന്നിവയടക്കം വിപുലമായ സേഫ്റ്റി ഫീച്ചറുകള്‍ സജ്ജീകരിച്ച് വരുന്ന എര്‍ട്ടിഗയില്‍ വര്‍ഷങ്ങളായി ഇന്ത്യന്‍ കുടുംബങ്ങള്‍ വിശ്വാസമര്‍പ്പിക്കുന്നു.

കൂടാതെ 17.78 സെ.മീ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ്, ക്രൂയിസ് കണ്‍ട്രോള്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി തുടങ്ങിയ ആധുനിക സൗകര്യങ്ങള്‍ എര്‍ട്ടിഗയെ ഒരു കംപ്ലീറ്റ് ഫാമിലി കാറാക്കി മാറ്റുന്നു. കുറഞ്ഞ വിലയും മോഡേണ്‍ ഫീച്ചറുകളും മാത്രമല്ല മികച്ച ഇന്ധനക്ഷമതയാണ് എര്‍ട്ടിഗയിലേക്ക് ഇന്ത്യക്കാരെ ആകര്‍ഷിക്കുന്ന മറ്റൊരു പ്രധാന ഘടകം.
7 സീറ്റര്‍ എംപിവിയുടെ സിഎന്‍ജി (CNG) വേരിയന്റുകള്‍ കിലോഗ്രാമിന് 26.11 കിലോമീറ്റര്‍ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. മാരുതി സുസുക്കി വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ARAI സാക്ഷ്യപ്പെടുത്തിയ മൈലേജ് കണക്കുകളാണ് ഇത്. പെട്രോള്‍ പതിപ്പിലും മികച്ച മൈലേജ് ലഭിക്കുന്നത് വലിയ കുടുംബങ്ങളുടെ യാത്രാ ചിലവ് കുറയ്ക്കാന്‍ സഹായിക്കുന്നു. കുറഞ്ഞ പരിപാലന ചിലവും ഉയര്‍ന്ന റീസെയില്‍ വാല്യൂവുമാണ് എര്‍ട്ടിഗയെ ജനപ്രിയമാക്കുന്ന മറ്റ് രണ്ട് സുപ്രധാന ഘടകങ്ങള്‍.

ചുരുക്കത്തില്‍ താങ്ങാവുന്ന വിലയില്‍ മികച്ച സുരക്ഷയും മൈലേജും നല്‍കുന്ന ഒരു കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന സാധാരണ കുടുംബങ്ങള്‍ക്ക് പറ്റിയ ഓപ്ഷനാണ് എര്‍ട്ടിഗ. വരും മാസങ്ങളിലും എര്‍ട്ടിഗ ഇതേ കുതിപ്പ് തുടരുമെന്നാണ് വിപണി വിദഗ്ധര്‍ പ്രവചിക്കുന്നത്. എന്നാല്‍ 6 ലക്ഷത്തില്‍ താഴെ വിലയില്‍ കിടിലന്‍ സ്‌റ്റൈലിംഗും മോഡേണ്‍ ഫീച്ചറുകളുമായി പുറത്തിറങ്ങിയ നിസാന്‍ ഗ്രാവൈറ്റ് എര്‍ട്ടിഗക്ക് വെല്ലുവിളിയാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.
നിസാനിന്റെ ബജറ്റ് എംപിവിയുടെ പാന്‍ ഇന്ത്യ കസ്റ്റമര്‍ ഡെലിവറി കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. എര്‍ട്ടിഗ സ്‌കോര്‍പിയോയേക്കാള്‍ കുറഞ്ഞ വിലയില്‍ വില്‍ക്കുമ്പോള്‍ എര്‍ട്ടിഗയേക്കാള്‍ ലക്ഷങ്ങള്‍ കുറവ് പ്രാരംഭ വിലയിലാണ് ഗ്രാവൈറ്റ് വിപണിയിലെത്തുന്നത്. ഗ്രാവൈറ്റ് എര്‍ട്ടിഗയുടെ വില്‍പ്പന കവരുമോ എന്ന കാര്യം വരും മാസങ്ങളിലെ വില്‍പ്പന കണക്കുകള്‍ പരിശോധിക്കുമ്പോള്‍ നമുക്ക് മനസ്സിലാകും.


Click it and Unblock the Notifications








