മാരുതിയും ടൊയോട്ടയും വിചാരിച്ചിട്ട് ഒതുക്കാനിയില്ല! കഴിഞ്ഞ 28 ദിവസത്തിൽ ക്രെറ്റ വാങ്ങിപ്പോയത് 17,938 ആളുകൾ
ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെൻ്റിലെ വില്ലാളിവീരനാണ് ഹ്യുണ്ടായി ക്രെറ്റ (Hyundai Creta). വന്നകാലം മുതൽ ഇന്നുവരെ ചൂടപ്പം പോലെ വിറ്റഴിയുന്ന മോഡൽ രാജ്യത്തെ ടോപ്പ് സെല്ലിംഗ് കാറുകളുടെ പട്ടികയിൽ എന്നും മുൻനിരയിൽ തന്നെയുണ്ടാവും. വില 10 ലക്ഷത്തിന് മുകളിലാണെങ്കിലും വാങ്ങിക്കുവാനായി ആളുകൾ എത്തുന്നതിൽ യാതൊരു വിധ കുറവും സംഭവിച്ചിട്ടില്ല. മാരുതി, ടൊയോട്ട, ടാറ്റ തുടങ്ങിയ വമ്പൻമാരെല്ലാം ഒത്തുപിടിച്ചിട്ടും ക്രെറ്റയുടെ വിൽപ്പനയ്ക്ക് ക്ഷതം വരുത്താനായിട്ടില്ല. ഒടുവിൽ മാരുതി വിക്ടോറിസും ടാറ്റ സിയറയും വരെ കളത്തിലിറങ്ങിയിട്ടും ക്രെറ്റയുടെ വിൽപ്പന കൂടിവരികയാണ്.
2026 ഫെബ്രുവരി മാസത്തിൽ ഹ്യുണ്ടായി ക്രെറ്റ വാങ്ങിപ്പോയത് 17,938 പേരാണ്. അതായത് കഴിഞ്ഞ മാസത്തെ വിൽപ്പനയിൽ ടോപ്പ് 10 കാറുകളുടെ പട്ടികയിൽ ദക്ഷിണ കൊറിയൻ സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് നാലാം സ്ഥാനം കൈവരിക്കാനായെന്ന് സാരം. ടാറ്റ നെക്സോൺ, മാരുതി സുസുക്കി ഡിസയർ, ടാറ്റ പഞ്ച് എന്നീ മോഡലുകൾ മാത്രമാണ് ക്രെറ്റയേക്കാൾ വിൽപ്പന നേടുന്ന മോഡലുകൾ. ടാറ്റ സിയറ, മാരുതി വിക്ടോറിസ്, ന്യൂജെൻ കിയ സെൽറ്റോസ് തുടങ്ങിയ പുതിയ എതിരാളികളേക്കാൾ ഏറെ മുന്നിലാണ് താനെന്ന് ക്രെറ്റ വീണ്ടും തെളിയിച്ചു.

കൃത്യമായ ഇടവേളകളിൽ ക്രെറ്റയെ പരിഷ്ക്കരിച്ച് വിപണിയിൽ അവതരിപ്പിക്കുന്നത് ഹ്യുണ്ടായിയുടെ വിനോദങ്ങളിൽ ഒന്നാണ്. അതിനാൽ തന്നെ എപ്പോൾ ക്രെറ്റ കണ്ടാലും ഒരു പുതുമ തോന്നാറുണ്ട്. ഡിസൈൻ, ടെക്നോളജി, പെർഫോമൻസ് എന്നിവയെല്ലാം കുറഞ്ഞ വിലയിൽ സ്വന്തമാക്കാമെന്നതാണ് ക്രെറ്റയെ ജനപ്രിയമാക്കിയത്. ഒപ്പം നിരവധി എഞ്ചിൻ, ഗിയർബോക്‌സ് കോമ്പിനേഷനുകൾ കൂടിയാവുമ്പോൾ എല്ലാത്തരം ആളുകളേയും തൃപ്ത്തിപ്പെടുത്താനും സാധിക്കുന്നുണ്ട്.
നിലവിൽ E, EX, S, S(O), SX, SX ടെക്, SX(O) എന്നിങ്ങനെ 7 വേരിയൻ്റുകളിൽ വിപണിയിൽ എത്തുന്ന ഹ്യുണ്ടായി ക്രെറ്റയ്ക്ക് 10.79 ലക്ഷം രൂപ മുതൽ 20.20 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. പെട്രോൾ, ഡീസൽ, ടർബോ പെട്രോൾ തുടങ്ങിയ എഞ്ചിൻ ഓപ്ഷനുകളിലും എസ്‌യുവി തെരഞ്ഞെടുക്കാൻ സാധിക്കുന്നതാണ്. 6 സ്പീഡ് മാനുവൽ, ഇന്റലിജന്റ് വേരിയബിൾ ട്രാൻസ്മിഷൻ (IVT), 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ (DCT), 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിങ്ങനെ നിരവധി ഗിയർബോക്‌സ് ഓപ്ഷനുകളും വാഹനത്തിലുണ്ട്.

എല്ലാ ഹ്യുണ്ടായി കാറുകളേയും പോലെ തന്നെ ഫീച്ചറുകളുടെ കാര്യത്തിലും മികച്ചവനാണ് ക്രെറ്റയും. ഇൻഫോടെയ്ൻമെൻ്റിനും ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററിനുമായുള്ള ഡ്യുവൽ ഡിസ്‌പ്ലേ, വയർലെസ് ഫോൺ ചാർജിംഗ്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ 8-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, ആംബിയൻ്റ് ലൈറ്റിംഗ്, ഫ്രണ്ട് വെൻ്റിലേറ്റഡ് സീറ്റുകൾ, 360-ഡിഗ്രി ക്യാമറ പോലുള്ള സന്നാഹങ്ങളെല്ലാം വേരിയൻ്റുകൾക്ക് അനുസരിച്ച് ലഭിക്കുന്നതായിരിക്കും
സുരക്ഷക്കായി ലെവൽ 2 ADAS ടെക്കിനൊപ്പം 6 എയർബാഗുകൾ, ഒരു ബ്ലൈൻഡ് വ്യൂ മോണിറ്റർ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഓട്ടോ ഹോൾഡോടുകൂടിയ ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഹിൽ ഹോൾഡ് കൺട്രോൾ, സ്റ്റെബിലിറ്റി കൺട്രോൾ, എമർജൻസി സ്റ്റോപ്പ് സിഗ്നൽ പോലുള്ള സേഫ്റ്റി ഫീച്ചറുകളും ഹ്യുണ്ടായി ക്രെറ്റയുടെ ടോപ്പ് വേരിയൻ്റുകളിൽ ഒരുക്കിയിട്ടുണ്ടെന്നതും ശ്രദ്ധേയമായിട്ടുള്ള കാര്യമാണ്.

പെട്രോൾ, ഡീസൽ എന്നിവയ്ക്ക് പുറമെ ക്രെറ്റയുടെ ഇലക്ട്രിക് പതിപ്പും ഇപ്പോൾ വിപണിയിലുണ്ട്. 42kWh, 51.4kWh എന്നീ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനോടെയാണ് ഇവി വിപണത്തിന് എത്തുന്നത്. സിംഗിൾ ചാർജിൽ ക്രെറ്റ ഇവി യഥാക്രമം 390 കിലോമീറ്ററും 473 കിലോമീറ്ററും റേഞ്ചാണ് വാഗ്ദാനം ചെയ്യുക. ചെറിയ ബാറ്ററി മോഡലുകൾക്ക് 135 bhp കരുത്തോളം ഉത്പാദിപ്പിക്കാനാവുമ്പോൾ വലുത് 171 bhp പവർ വരെ നിർമിക്കാൻ ശേഷിയുള്ള സിംഗിൾ-മോട്ടോർ സജ്ജീകരണവുമായിട്ടാണ് വരുന്നത്.
അങ്ങനെ മൊത്തത്തിൽ പെട്രോൾ, ഡീസൽ, ഇവി എന്നിങ്ങനെ പല രൂപങ്ങളിലും ഹ്യുണ്ടായിയുടെ ക്രെറ്റ എസ്‌യുവി വാങ്ങിക്കാനാവും. 11 കിലോവാട്ട് എസി ഹോം ചാർജറാണ് ഉപയോഗിക്കുന്നതെങ്കിൽ ബാറ്ററി 10-100 ശതമാനം വരെ ചാർജ് ചെയ്യാൻ 4 മണിക്കൂർ വരെ സമയം വേണ്ടിവരും. ക്രെറ്റ ഇലക്ട്രിക് ഇപ്പോൾ 100 kW വരെ വേഗമുള്ള ഡിസി ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതുവഴി 39 മിനിറ്റിൽ ഇവി 10-80 ശതമാനം ചാർജ് ചെയ്യാൻ കഴിയുന്നതാണ്.


Click it and Unblock the Notifications








