റോഡിലെ മഹാരാജയ്ക്ക് പുതിയ മുഖം

Posted By: Staff
Ambassidor
ഇന്ത്യന്‍ റോഡുകളിലെ ഒരേയൊരു മഹാരാജാവ് എച്ച്എം അംബാസിഡര്‍ ശക്തമായൊരു തിരിച്ചുവരവിനൊരുങ്ങുന്നു. കാര്യമായ അഴിച്ചുപണികളും മുഖം മിനുക്കലുകള്‍ക്കും ശേഷം 2011 പകുതിയോടെ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട അംബി നിരത്തിലിറങ്ങും.

കഴിഞ്ഞ എഴുപത് വര്‍ഷങ്ങളായി ഇന്ത്യന്‍ റോഡുകളിലെ നിത്യസാന്നിധ്യമായ അംബാസിഡറിന് പുതിയ മുഖം നല്‍കാനാണ് ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിന്‍ തീരുമാനം. ടാക്‌സി സെഗ്മെന്റിലുള്ള അംബാസിഡര്‍ മോഡലുകളില്‍ തികച്ചും വ്യത്യസ്തമായിരിക്കും പുതിയ മോഡല്‍. അംബാസിഡര്‍ കാറുകള്‍ ഇനിയും ലാഭമുണ്ടാക്കി കൊടുക്കുമെന്ന പ്രതീക്ഷയിലാണ് എച്ച്എം.

പഴമ നിര്‍ത്തിക്കൊണ്ടു തന്നെ ഒരു സ്‌പോര്‍ടി ലുക്ക് അംബാസിഡര്‍ പുറത്തിറക്കാനാണ് എഞ്ചിനീയര്‍മാര്‍ ശ്രമിയ്ക്കുന്നതെന്ന് എച്ച്എം ചെയര്‍മാന്‍ സികെ ബിര്‍ല പറയുന്നു. മുടക്കുന്ന പണത്തിനൊത്ത മൂല്യം കാറിനുണ്ടാവും. പുതിയ മോഡല്‍ ഡിസൈനിങിന് വിദേശത്തു നിന്നുള്ള എഞ്ചിനീയര്‍മാരുടെ സഹായവും കമ്പനി തേടിയിട്ടുണ്ട്. 2011 ജനുവരി-ഫെബ്രുവരിയോടെ പുതിയ മോഡല്‍ തയാറാവും. മെയ് മാസത്തോടെ ടെസ്റ്റ്-ട്രയല്‍ റണ്ണുകള്‍ പൂര്‍ത്തിയാക്കി ജൂലൈയില്‍ വാണിജ്യ ഉത്പാദനം തുടങ്ങാമെന്നാണ് കന്പനിയുടെ പ്രതീക്ഷ.

അംബാസിഡറിന്റെ അഴിച്ചുപണിയ്ക്ക് യൂറോപ്യന്‍ ഓട്ടോ എക്‌സ്‌പെര്‍ട്‌സും സഹകരിയ്ക്കുന്നുണ്ട്. പഴയ പ്ലാറ്റ്‌ഫോമില്‍ തന്നെ പുതിയ ലുക്ക് സൃഷ്ടിയ്ക്കാനാണ് അവരുടെ ശ്രമം. പഴയ അംബിയുടെ സഹോദരനാണെന്ന് പറയാമെങ്കിലും ഇപ്പോള്‍ വരുത്തുന്ന മാറ്റങ്ങള്‍ കാറിനെ തികച്ചു ഒരു പുതിയ വാഹനമാക്കി മാറ്റുമെന്ന് കമ്പനി എംഡി മനോജ് ഝാ പറയുന്നു.. പുതിയ ലുക്കിനൊപ്പം കാറിന്റെ ഇന്റീരിയറും മാറ്റിമറിയ്ക്കാന്‍ എച്ച്എം തീരുമാനിച്ചിട്ടുണ്ട്.

ബിഎസ് ഐവി-ബിഎസ് വി എഞ്ചിനുകളായിരിക്കും പുതിയ മോഡലിലുണ്ടാവുക. 1.2-2 ലിറ്റര്‍ പെട്രോള്‍ ഡീസല്‍ വാരിയന്റുകള്‍ കൂടുതല്‍ കരുത്തുറ്റതും ഇന്ധനക്ഷമത നല്‍കുന്നതാണെന്ന് കമ്പനി അവകാശപ്പെടുന്നു. നിരത്തിലെ ഈ മഹാരാജയ്ക്ക് പുത്തന്‍ തലമുറയിലെ കാറുകളുമായി പൊരുതി മുന്നേറാനാവുമെന്നാണ് കന്പനിയുടെ പ്രതീക്ഷ.

Story first published: Thursday, August 12, 2010, 13:39 [IST]
Please Wait while comments are loading...

Latest Photos