ഹാച്ച്ബാക്ക് വിപണി ലിവയെ കാത്തിരിക്കുന്നു

etios
വില തന്നെയാണ് ഏത് മത്സരത്തിന്റെയും ഒന്നാമത്തെ നിര്‍ണായക ഘടകം. ഇന്ത്യന്‍ കാര്‍ വിപണിയില്‍ മുമ്പെങ്ങുമില്ലാത്ത വിധം വിപണിമത്സരത്തിന്റെ പൊതു ശ്രദ്ധ വിലയില്‍ കേന്ദ്രികരിച്ചിരിക്കുന്നു. ഏറ്റവുമൊടുവിലത്തെ ഉദാഹരണമായി ഹോണ്ട സിറ്റിയെ ചൂണ്ടിക്കാണിക്കാവുന്നതാണ്. ഒറ്റയടിക്ക് 66,000 രൂപയാണ് സിറ്റിക്ക് കുറച്ചത്.

ടാറ്റയും മാരുതിയുമെല്ലാം വിലയിലൂന്നിയ വിപണി മാത്സര്യത്തില്‍ തങ്ങളുടേതായ പങ്ക് ചേര്‍ക്കുന്നുണ്ട്. വില കുറയ്ക്കലിന് കാരണങ്ങള്‍ പലത് കണ്ടെത്താനാവും. പെട്രോള്‍ വില വര്‍ധന മുതല്‍ റിസര്‍വ് ബാങ്കിന്റെ സാമ്പത്തിക നയങ്ങള്‍ വരെ. എങ്കിലും കാര്‍ വിപണിയിലെ മത്സരമാണ് ഇതിന്റെയെല്ലാം അടിസ്ഥാനം എന്ന് ചൂണ്ടിക്കാട്ടി തല്‍ക്കാലം അതില്‍ നിന്ന് വിരമിക്കാം.

ഇത്രയെല്ലാം മുഖവുര നല്‍കിയത് ഒരു വിശേഷവ്യക്തിയുടെ വരവ് അവതരിപ്പിക്കാനാണ്. ടൊയോട്ട എന്ന ആഗോളഭീമന്റെ ഏറ്റവും വിലകുറഞ്ഞ കാര്‍ ഇറങ്ങാന്‍ പോകുന്നു. എവിടെ എന്ന് ചോദിക്കരുത്. വെള്ളത്തിലേ തോണിയിറക്കാനാവൂ. ഇന്ത്യയിലല്ലാതെ മറ്റെവിടെയാണ് അതിനുമാത്രം വെള്ളമുള്ളത്?

'ടൊയോട്ട ലിവ' എന്നാണ് ആ തോണി അറിയപ്പെടുക. ജൂണ്‍ 27-നാണ് നീറ്റിലിറക്കുക.

2.5 ദശലക്ഷം വരുന്ന ഇന്ത്യന്‍ പാസഞ്ചചര്‍ കാര്‍ മാര്‍ക്കറ്റില്‍ തറവാട്ടുമഹിമയും പറഞ്ഞ് നിന്നാല്‍ ആ നില്‍പ് മാത്രമേ ബാക്കിയുണ്ടാവൂ എന്ന് ടൊയോട്ടയ്ക്കറിയാം. മാരുതി മുതല്‍ ഫോക്‌സ്‌വാഗണ്‍ വരെ തട്ടേലിറങ്ങിക്കളിക്കുന്നു. അങ്ങനെ ടൊയോട്ടയും തീരുമാനിച്ചു. ഒരു ഹാച്ച്ബാക്ക് ഇറക്കിക്കളയാം. വില ആദ്യമേ നിശ്ചയിച്ചു. നാല് ലക്ഷം. ടോപ് എന്‍ഡ് പതിപ്പിന് അഞ്ച് ലക്ഷം. ഏറിയാല്‍ ആറ് ലക്ഷം!

ഇക്കളി എന്തിനുള്ളതാണെന്ന് ആര്‍ക്കും മനസ്സിലാവും. ഇന്ത്യന്‍ അങ്ങാടികളിലെ നേതാവ് മാരുതി ഇറക്കുന്ന സ്വിഫ്റ്റ്, ഹ്യൂണ്ടായ് ഐ20, ഫോക്‌സ്‌വാഗണ്‍ പോളോ, നിസ്സാന്‍ മൈക്ര, സ്‌കോഡ ഫാബിയ, ഫിയറ്റ് പൂന്തോ എന്നീ മഹത്തുക്കളുടെ വീലുകള്‍ക്ക് ആണി പണിയുകയാണ് ടൊയോട്ട. ഹാച്ച്ബാക്ക് സെഗ്മെന്റില്‍ തന്നെയാണ് അങ്ങോര്‍ക്ക് നോട്ടം.

ഇങ്ങനെ വിലകുറയ്ക്കുന്നത് മറ്റൊരുവിധത്തില്‍ കാര്‍ നിര്‍മ്മാതാക്കള്‍ക്ക് ഗുണം ചെയ്യുമെന്ന് കാര്യങ്ങള്‍ നിരീക്ഷിച്ചുവരുന്ന ചിലര്‍ പറയുന്നു. ഏറ്റവും ചെറിയത് വാങ്ങാമെന്ന് മോഹിച്ചു നടക്കുന്ന വാഹനപ്രേമികള്‍, വലിയ വാഹനത്തിന്റെ വില കുറഞ്ഞു വരുന്നത് കാണുന്ന മാത്രയില്‍ തന്റെ രാജ്യം അടുത്തുവന്നതായി കിനാവ് കാണുകയും ലോണ്‍ ഇത്തിരി കൂടുതല്‍ വാങ്ങി വലിയ കാര്‍ വാങ്ങിക്കുകയും ചെയ്യും. നാനോയെ മാത്രം ഇതൊന്നും ബാധിക്കുകയില്ലെന്ന് ആശ്വസിക്കാം.

1.2 ലിറ്റര്‍ എന്‍ജിനുള്ള ലിവ തന്നെയായിരിക്കും ഹാച്ച്ബാക്ക് സെഗ്മെന്റില്‍ കുറഞ്ഞ വിലയുള്ള വാഹനം എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവില്‍ 4.3 ലക്ഷം മുതല്‍ എട്ട് ലക്ഷം വരെയാണ് ഹാച്ച്ബാക്കുകളുടെ വിപണി വില.

ഹോണ്ടയും പുതിയൊരു ചെറുകാര്‍ വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്. ഹോണ്ട ബ്രയോ എന്നു പേര്. ലിവയുടെ വരവ് കണ്ട് ഒന്നു പകച്ചു നില്‍ക്കുകയാണ് പാവം. എന്ത് വിലയും കൊണ്ടാണ് പഹയത്തി വരുന്നതെന്ന് തിരിഞ്ഞു കിട്ടിയിട്ടുവേണം നിരത്തിലിറങ്ങുവാന്‍ എന്നാണ് ബ്രയോയുടെ പ്ലാന്‍.

Most Read Articles

Malayalam
English summary
toyota may trigger a price war in the hatchback segment when it launches its first small car, liva in india on june 27
Story first published: Friday, June 17, 2011, 16:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X