ഫിയറ്റ് ഉണരുന്നു, സെഡിസിയുമായി

Posted By:
sedici
ഇറ്റാലിയന്‍ രൂപസൗകുമാര്യവും യൂറോപ്യന്‍ ആര്‍ജ്ജവവും ഒരുമിച്ചു ചേര്‍ന്നാല്‍ അതിന് എന്ത് പേരു വിളിക്കും. ഏതൊരു വാഹന പ്രേമിയും പറയും ഒരേ ഉത്തരം. ഫിയറ്റ് സെഡിസി. നിരത്തിലും ട്രാക്കിലും ഒരു പോലെ എന്നാണ് സെഡിസിയുടെ അവതാരവാക്യം. അതായത്, ഉദ്യാനത്തില്‍ മാമംഗലം പൊന്നിയും അങ്കക്കളത്തട്ടില്‍ ആരോമലുണ്ണിയും എന്ന്.

ഫിയറ്റിന്‍റെ പ്രശസ്തമായ എസ് യു വി, സെഡിസി, ഇന്ത്യന്‍ നിരത്തില്‍ ഇറങ്ങുന്നു. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് ഇണങ്ങുന്ന വിധം ചില മാറ്റങ്ങള്‍ വരുത്തിയാണ് സെഡിസി വിപണിയില്‍ എത്തുക. നിലവില്‍ സസുക്കി മോട്ടോഴ്സ് അവരുടെ എസ് എക്സ് ഫോര്‍ പ്ലാറ്റ്ഫോമില്‍ സെഡിസി ഇറക്കുന്നുണ്ട്. ഹംഗറിയില്‍. യൂറോപ്യന്‍ മാര്‍ക്കറ്റിനെ ലക്ഷ്യം വെച്ച് നിര്‍മ്മിച്ചതാണ് നിലവിലെ സെഡിസി.

ഇന്ധനക്ഷമതയുള്ള ഒരു വാഹനം എസ് യു വി സെഗ്മെന്‍റില്‍ ഇന്ത്യന്‍ വിപണിയില്‍ കൊണ്ടുവരണം എന്നത് ഫിയറ്റിന്‍റെ ചിന്താമണ്ഡലത്തെ അത്യന്തം അലട്ടിയിരുന്ന വിഷയമായിരുന്നു പോലും. ഇന്ന് ഇന്ത്യയുടെ പാസ്സഞ്ചര്‍ കാര്‍ സെഗ്മെന്‍രില്‍ ഫിയറ്റിന്‍റെ നില അത്ര ഭദ്രമല്ല. ഇന്ത്യന്‍ വിപണിയില്‍ ഇങ്ങനെ മുന്നോട്ടു പോകുന്നത് അത്ര നന്നാവില്ലെന്ന് രത്തന്‍ ടാറ്റയുടെ മുന്നറിയിപ്പ് ലഭിച്ചത് ഈയിടെയാണ്. ടാറ്റയുടെ അടി കിട്ടിയതോടെയാണ് ഫിയറ്റിന് ബോധം തെളിഞ്ഞതെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

ഡീലര്‍മാര്‍ ആഗ്രഹിക്കുന്ന വാഹനങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ കഴിയണം എന്ന ടാറ്റാ മന്ത്രണം ഉരുവിട്ടാണ് ഫിയറ്റ് സെഡിസിയുമായി വരുന്നത്. സെഡിസിയുടെ കാര്യത്തില്‍ ഫിയറ്റ് കൊണ്ടുപിടിച്ച ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നാണ് അറിയുന്നത്.

2006-ലെ ജനീവ മോട്ടോര്‍ ഷോയിലാണ് സെഡിസിയുടെ അവതാരം സംഭവിച്ചത്. ബി സെഗ്മെന്‍റില്‍ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ കഴിയുന്ന വാഹനമാണ് സെഡിസി. അതേസമയം പുതിയ വാര്‍ത്തകള്‍ സംബന്ധിച്ച് എന്തെങ്കിലും പറയാന്‍ ഫിയറ്റ് ഇന്ത്യയോ സുസുക്കിയോ തയ്യാറായില്ല.

ഫിയറ്റുമായുള്ള പങ്കാളിത്തം പുനപ്പരിശോധിക്കേണ്ട ഘട്ടമെത്തിയെന്ന് രത്തന്‍ ടാറ്റ മുറവിളി കൂട്ടിയിരുന്നു. ഇതിന്‍റെ പ്രതിഫലനമായി ഫിയറ്റിന്‍റെ നീക്കത്തെ കാണാവുന്നതാണ്. എന്തായാലും കുറച്ചു കാലത്തേക്ക് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ എസ് യു വികളുടെ പ്രളയമായിരിക്കുമെന്ന് മനസ്സിലാക്കാം. എസ് യു വി രാജാവായ മഹീന്ദ്ര രണ്ട് എസ് യു വികള്‍ ഈ വര്‍ഷം തന്നെ കൊണ്ടുവരും. ഇതില്‍ ഒരെണ്ണം സാംഗ് യോംഗിന്‍റേതാണ്. മാരുതി സുസുക്കിയും എസ് യു വി ആസൂത്രണം ചെയ്യുന്നുണ്ട്.

രാജ്യത്ത് കോംപാക്ട് എസ് യു വികള്‍ ശക്തമായ നിലയിലേക്ക് ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കുറഞ്ഞ മെയിന്‍റനന്‍സും ഇന്ധനക്ഷമതയുമെല്ലാം അനുകൂലഘടകങ്ങളാണ്.

English summary
fiat to introduce sedici in indian market. among the options that the company is considering is to introduce certain modifications to the car
Story first published: Thursday, June 23, 2011, 13:20 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark