മാരുതി 800 എന്ന ജാപ്പനീസ് ഹൈക്കു

Posted By:
Maruti 800
ചില ബ്രാന്‍ഡ് നാമങ്ങള്‍ക്ക് ഒരു കാലത്തും നശിക്കാത്ത മൂല്യമുണ്ടായിരിക്കും. അണ്ണാ ഹസാരെയില്‍ ജനങ്ങള്‍ കാണുന്നത് ഗാന്ധിയന്‍ മൂല്യമെന്ന നശിക്കാത്ത ഒരു ബ്രാന്‍ഡിനെയാണ്. മാരുതി 800 എന്ന ബ്രാന്‍ഡിന്‍റെ കാര്യത്തിലും ഇതുതന്നെ നമുക്ക് ചൂണ്ടിക്കാണിക്കാനാവും.

ഒരു മിഡില്‍ക്ലാസ് തീവ്രവാദിയായിരുന്ന സ‍ഞ്ജയ് ഗാന്ധിയാണ് ഇതിന്‍റെയെല്ലാം തുടക്കക്കാരന്‍ എന്നത് നമുക്കറിയാം. രാജ്യത്ത് മിഡില്‍ക്ലാസ് വല്‍ക്കരണത്തെ കടുത്ത നടപടികളിലൂടെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ഖിലാഫത്ത് കാലത്ത് ബ്രിട്ടിഷ് പട്ടാളത്തെ പേടിച്ച് മാപ്പിളയുവാക്കള്‍ പുറത്തിറങ്ങാതെ കഴിച്ചു കൂട്ടിയിരുന്നതുപോലെ സ‍‍ഞ്ജയ്‍ഗാന്ധിയുടെ കാലത്ത് കുടുംബാസൂത്രണം പേടിച്ച് യുവാക്കള്‍ ആരോഗ്യകേന്ദ്രങ്ങളുടെ പരിസരത്തേക്കൊന്നും ചെല്ലാതായി.

ഏതൊരു നല്ല കാര്യം ചെയ്യുമ്പോഴും അതിലല്‍പം കുംഭകോണത്തിന്‍റെ എരിവും പുളിയും ചേര്‍ക്കുന്ന രീതി മാരുതിയുടെ കാര്യത്തിലും രാഷ്ട്രീയ കുടുംബം പിന്തുടര്‍ന്നു. സഞ്ജയ് ഗാന്ധി നടത്തിയ മാരുതി കുംഭകോണം കോണ്‍ഗ്രസ്സിന്‍റെ സല്‍പേര് വളരെയധികം ഉയര്‍ത്തുകയുണ്ടായി.

രാജ്യം അന്നുവരെ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ കുംഭകോണമാണ് സഞ്ജയ് ഗാന്ധി മാരുതിയുടെ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തിരുന്ന് ചെയുകൂട്ടിയത്. അക്കാലങ്ങളില്‍ ജയപ്രകാശിന്‍റെ നേതൃത്വത്തില്‍ നടന്ന റാഡിക്കല്‍ മുന്നേറ്റത്തിന്‍റെ അല്‍പം സാത്വികമായ പതിപ്പാണ് രാംലീല മൈതാനത്ത് നടക്കുന്നതെന്ന് വ്യഖ്യാനിക്കാമോ?

സഞ്ജയ്‍ഗാന്ധിയെ ഇങ്ങനെയെല്ലാം കുറ്റപ്പെടുത്താം നമുക്ക്. എങ്കിലും, ഇന്ത്യന്‍ ഇടത്തരക്കാരനു വേണ്ടി അദ്ദേഹം എന്തെല്ലാം ചെയ്തില്ല? കുടുംബാസൂത്രണം നടത്തിയ ഇന്ത്യന്‍ ശരാശരിക്കാരന് ബക്കറ്റും എഴുപത്തഞ്ചു രൂപയും മാത്രമല്ല അദ്ദേഹം നല്‍കിയത്. കാശുണ്ടെങ്കില്‍ ഒരു കാറും അദ്ദേഹം വാഗ്ദാനം ചെയ്തു. അതെന്താ ആരും കാണാതിരിക്കുന്നത് എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല!

എന്തൊക്കെ പറഞ്ഞാലും കാറിന്‍റെ ഗുണനിലവാരം കൊണ്ടും ശരാശരിക്കാരന്‍റെ പ്രാരാബ്ധ സഞ്ചികള്‍ പേറാന്‍ അതിനുള്ള പ്രത്യേക ശേഷികൊണ്ടും മാരുതി 800 രാജ്യത്തിന്‍റെ നിരത്തുകളിലെ അവിഭാജ്യ ഘടകമായി മാറി. 1980-കളില്‍ നിരത്തുകള്‍ മാരുതി രചിച്ച ചെറുകാവ്യങ്ങളാല്‍ നിറ‍ഞ്ഞു.

ഇങ്ങനെ പലമാതിരിപ്പെട്ട യോഗ്യതകള്‍ മാരുതി 800 എന്ന ജാപ്പനീസ് ഹൈക്കുവിനുണ്ട്. ഇതൊന്നും ശ്രദ്ധിക്കാത്ത ചിലര്‍ ചില ചോദ്യങ്ങളുമായി വന്ന് ബുദ്ധിമുട്ടിക്കുന്നു.

മാരുതി സുസുക്കി, 800-നെ തിരികെ കൊണ്ടു വരാന്‍ പോകുന്നു എന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ പലരും ഉന്നയിക്കുന്ന രണ്ട് ചോദ്യമുണ്ട്. ആള്‍ട്ടോയുള്ളപ്പോള്‍ മാരുതിക്കെന്ത് പ്രസക്തി? ഒരു ഇന്‍റേണല്‍ കോംപറ്റീഷന് വഴി വെക്കുന്നതാവില്ലേ മാരുതി 800 പ്രവേശം?

ഇവയില്‍ ആദ്യത്തെ ചോദ്യത്തിന്‍റെ ഉത്തരമാണ് ഇക്കണ്ട നേരം മുഴുവനും ഇരുന്ന് ഞാന്‍ പറഞ്ഞത്. മാരുതി 800 എന്ന നാമത്തിന് പകരമാകാന്‍ ഒരു ആള്‍ട്ടോയ്ക്കും കഴിയില്ല. ആ ബ്രാന്‍ഡ് മൂല്യത്തെ ചൂഷണം ചെയ്യുക എന്നതാണ് മാരുതിയുടെ രണ്ടാം വരവിന്‍റെ ലക്ഷ്യമെന്ന് പറഞ്ഞാലും ആര്‍ക്കും പരാതി കാണില്ല.

പിന്നെ ഇന്‍റേണല്‍ കോംപറ്റീഷന്‍റെ കാര്യം. മാരുതി സ്വിഫ്റ്റിന്‍റെ ബങ്കളുരു ലോംഞ്ചിംഗ് കഴിഞ്ഞ 18-ന് നടന്നിരുന്നു. അന്ന് മാരുതി സുസുക്കി സര്‍വീസസ് ഡയറക്ടര്‍ പങ്കജ് നെരൂളയോട് ഇക്കാര്യം ഉന്നയിച്ചപ്പോള്‍ അദ്ദേഹം മറ്റൊരു വസ്തുത ചൂണ്ടിക്കാട്ടി. സ്വിഫ്റ്റ് ഹാച്ച്ബാക്കും റിറ്റ്സും ഏതാണ്ട് സമാനമായ ഇടങ്ങളില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. ഇവയ്ക്ക് രണ്ടിനും വിപണിയില്‍ അതാതിന്‍റെ ഇടം വിപണിയിലുണ്ട്. അവ ഒരിക്കലും പരസ്പരം മത്സരിക്കുന്നില്ല. ഇതു തന്നെയാണ് ആള്‍ട്ടോ-മാരുതി 800 വിഷയത്തിലും സംഭവിക്കുക!

മറ്റൊരു വസ്തുതയുള്ളത് ചെറുകാറുകളെ എത്ര വേണമെങ്കിലും ഉള്‍ക്കൊള്ളാന്‍ വിപണി തയ്യാറാണ് എന്നതാണ്. നിരവധി ചെറുകാറുകള്‍ ഇപ്പോള്‍ തന്നെ വിപണിയിലുണ്ട്. ഇവയെക്കൂടാതെ വിപണിയിലിറങ്ങാന്‍ തയ്യാറെടുത്ത് നില്‍ക്കുന്നവര്‍ വേറെ. ഹ്യൂണ്ടായ്, ഹോണ്ട, ഫോക്സ്‍വാഗന്‍ തുടങ്ങിയ കാര്‍ കമ്പനികളെല്ലാം പുതിയ ചെറുകാറിനെക്കുറിച്ച് വാചാലരാണിപ്പോള്‍.

English summary
Maruti Suzuki, India's largest car company, is launching a sub Rs 2.5 lakh car in the next 18 months. This is the first time Maruti is looking at launching an entry-level car since the debut of Maruti 800 in the 1980s.
Story first published: Monday, August 22, 2011, 12:57 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark