പകുതി വിലയിട്ടാലും എതിരാളികൾക്ക് ഇത്ര കാര്‍ വില്‍ക്കാനാകുമെന്ന് തോന്നുന്നില്ല! ഒറ്റപ്പേര് മാരുതി
പകുതി വിലയ്ക്ക് കാര്‍ വിറ്റഴിച്ചാൽ പോലും മറ്റ് ബ്രാന്‍ഡുകള്‍ക്ക് സ്വപ്നം കാണാന്‍ കഴിയാത്ത അത്രയും ഉയർന്ന വില്‍പ്പന കണക്കുകളുമായി മാരുതി സുസുക്കി വീണ്ടും വാഹന ലോകത്തെ ഞെട്ടിച്ചു. 2026 ഫെബ്രുവരിയില്‍ മാത്രം 2,13,995 വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് വില്‍പനയില്‍ വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള വിപണിയില്‍ മാരുതി കാറുകള്‍ക്കുള്ള സ്വീകാര്യതയാണ് ഈ കുതിപ്പിന് കരുത്തേകുന്നത്.കഴിഞ്ഞ മാസം മൊത്തം മാരുതി സുസുക്കിയുടെ വില്‍പ്പന 213995 യൂണിറ്റായിരുന്നു. 2025 ഫെബ്രുവരിയില്‍ വിറ്റ 1,99,400 യൂണിറ്റുകളേക്കാള്‍ വലിയ വര്‍ദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.
കയറ്റുമതിയിലുണ്ടായ വന്‍ കുതിച്ചുചാട്ടമാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന ഘടകം.കമ്പനിയുടെ ആഭ്യന്തര പാസഞ്ചര്‍ വാഹന വില്‍പന പരിശോധിക്കുമ്പോള്‍ വലിയ മാറ്റങ്ങള്‍ പ്രകടമല്ല. 2026 ഫെബ്രുവരിയില്‍ 1,61,000 യൂണിറ്റുകളാണ് ഇന്ത്യയില്‍ വിറ്റഴിച്ചത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,60,791 യൂണിറ്റുകളായിരുന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ വെറും 0.13 ശതമാനം വളര്‍ച്ച മാത്രമാണ് ആഭ്യന്തര വിപണിയിലെ വളര്‍ച്ച.

ലൈറ്റ് കൊമേഴ്ഷ്യല്‍ വാഹനമായ സൂപ്പര്‍ ക്യാരിയുടെയും (3130 യൂണിറ്റ്) ടൊയോട്ട പോലെ മറ്റ് ബ്രാന്‍ഡുകള്‍ക്ക് നല്‍കുന്ന വാഹനങ്ങളും (10710 യൂണിറ്റ്) ഉള്‍പ്പെടെ ആകെ ആഭ്യന്തര വില്‍പ്പന 1,74,840 യൂണിറ്റുകളാണ്. 12 മാസം മുമ്പ് 2025 ഫെബ്രുവരിയില്‍ ഇത് 174379 യൂണിറ്റ് ആയിരുന്നു. നേരിയ വളര്‍ച്ച മാത്രമാണ് രേഖപ്പെടുത്താനായത്. കയറ്റുമതി വിപണിയിലാണ് മാരുതി സുസുക്കി കഴിഞ്ഞ മാസം വിസ്മയിപ്പിക്കുന്ന നേട്ടം കൈവരിച്ചത്.
2026 ഫെബ്രുവരിയില്‍ 39,155 കാറുകള്‍ കമ്പനി വിദേശ രാജ്യങ്ങളിലേക്ക് അയച്ചു. 2025 ഫെബ്രുവരിയിലെ 25,021 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കയറ്റുമതിയില്‍ 56.49 ശതമാനം വളര്‍ച്ചയുണ്ടായി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 14,134 യൂണിറ്റില്‍ കൂടുതല്‍ മാരുതി ഫെബ്രുവരിയില്‍ കപ്പല്‍ കയറ്റി അയച്ചു. ആഗോള വിപണിയില്‍ മാരുതി സുസുക്കിയുടെ മെയിഡ് ഇന്‍ ഇന്ത്യ മോഡലുകള്‍ക്ക് ഡിമാന്‍ഡ് വര്‍ദ്ധിച്ചുവരുന്നതായാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. വരും മാസങ്ങളിലും ഈ ട്രെന്‍ഡ് തുടരുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

സെഗ്‌മെന്റ് തിരിച്ചുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ വ്യത്യസ്തമായ ചിത്രമാണ് തെളിയുന്നത്. ആള്‍ട്ടോ, സ്വിഫ്റ്റ്, വാഗണ്‍ ആര്‍, ബലേനോ തുടങ്ങിയ ചെറുകാറുകളുടെ വില്‍പ്പന 7.87 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ മാസം മിനി+കോംപാക്ട് വിഭാഗത്തിലെ വില്‍പ്പന. 76,624 യൂണിറ്റുകളായിരുന്നു. അതേസമയം 2025 ഫെബ്രുവരിയില്‍ ഈ വിഭാഗങ്ങളില്‍ മൊത്തം 83168 യൂണിറ്റ് ആയിരുന്നു വില്‍പ്പന.
ഉപഭോക്തൃ മുന്‍ഗണന ചെറുകാറുകളില്‍ നിന്ന് എസ്‌യുവികളിലേക്ക് മാറുന്നതിന്റെ സൂചനയാണിത്. മിനി കാര്‍ വിപണിയില്‍ വില്‍പ്പന മന്ദഗതിയിലാകുന്നത് കമ്പനിയെ സംബന്ധിച്ച് ഗൗരവത്തില്‍ പരിഗണിക്കേണ്ട വിഷയമാണ്. അതേസമയം, യൂട്ടിലിറ്റി വാഹന (UV) വിഭാഗത്തില്‍ മാരുതി സുസുക്കി ശക്തമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബ്രെസ, എര്‍ട്ടിഗ, ഗ്രാന്‍ഡ് വിറ്റാര, ഫ്രോങ്ക്‌സ്, ഇന്‍വിക്‌റ്റോ, വിക്‌ടോറിസ്, ജിംനി, XL6, ഇ വിറ്റാര തുടങ്ങിയ മോഡലുകള്‍ ഉള്‍പ്പെടുന്ന ഈ വിഭാഗത്തില്‍ 72,756 യൂണിറ്റുകളായിരുന്നു വില്‍പ്പന.
| വിഭാഗം | ഫെബ്രുവരി 2026 | ഫെബ്രുവരി 2025 |
|---|---|---|
| മിനി (Alto, S-Presso) | 10,238 | 10,226 |
| കോംപാക്ട് (Swift, Baleno, etc.) | 66,386 | 72,942 |
| ആകെ പാസഞ്ചർ കാറുകൾ | 76,624 | 83,168 |
| യൂട്ടിലിറ്റി വാഹനങ്ങൾ (SUV) | 72,756 | 65,033 |
| വാനുകൾ (Eeco) | 11,620 | 11,493 |
| ആകെ ആഭ്യന്തര വിൽപന | 1,61,000 | 1,60,791 |
| വാണിജ്യ വാഹനങ്ങൾ (LCV) | 3,130 | 2,710 |
മുന്‍വര്‍ഷം ഇതേ കാലയളവില്‍ വിറ്റ 65,033 യൂണിറ്റുകളില്‍ നിന്നാണ് 11.87 ശതമാനം വാര്‍ഷിക വളര്‍ച്ച നേടാന്‍ യുവി വിഭാഗത്തിനായി. ആധുനിക സവിശേഷതകളും ഹൈബ്രിഡ്, സിഎന്‍ജി അടക്കം മികച്ച ഇന്ധനക്ഷമതയുമുള്ള പവര്‍ട്രെയിനുകളുമായി വരുന്ന മാരുതി സുസുക്കിയുടെ യൂടിലിറ്റി വാഹനങ്ങള്‍ക്ക് വിപണിയില്‍ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.
മാരുതി സുസുക്കി പുറത്തിറക്കുന്ന ഏക വാന്‍ മോഡല്‍ ആയ ഈക്കോയും വില്‍പ്പനയിലും നേരിയ പുരോഗതി കൈവരിച്ചു. 2026 ഫെബ്രുവരിയില്‍ 11,620 ഇക്കോ വാനുകളാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷത്തെ വില്‍പ്പന 11,493 യൂണിറ്റ് ആയിരുന്നു. വാണിജ്യ വാഹന വിഭാഗത്തില്‍ സൂപ്പര്‍ ക്യാരി 3,130 യൂണിറ്റുകള്‍ വിറ്റഴിച്ചുകൊണ്ട് 15.49 ശതമാനം വളര്‍ച്ച നേടി.
വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാവുന്ന വാനുകള്‍ക്കും ലോഡ് വാഹനങ്ങള്‍ക്കും ഇപ്പോഴും വലിയ ഡിമാന്‍ഡ് നിലനില്‍ക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2025-26 സാമ്പത്തിക വര്‍ഷത്തിന്റെ ഏപ്രില്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവില്‍ മാരുതി സുസുക്കിയുടെ മൊത്തം വില്‍പ്പന 21,97,462 യൂണിറ്റുകളായി ഉയര്‍ന്നു. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 20,41,282 യൂണിറ്റുകളായിരുന്നു. മൊത്തം വില്‍പ്പനയില്‍ സ്ഥിരതയാര്‍ന്ന വളര്‍ച്ച നിലനിര്‍ത്താന്‍ മാരുതിക്ക് സാധിച്ചിട്ടുണ്ട്.
പുതിയ സാങ്കേതികവിദ്യകളും ഇന്ധനക്ഷമതയുള്ള എഞ്ചിനുകളുമായി വരുന്ന വാഹനങ്ങള്‍ കൃത്യമായ സമയത്ത് അവതരിപ്പിക്കുന്നതിലൂടെ വിപണിയില്‍ മേധാവിത്തത്തോടെ തുടരാന്‍ കമ്പനിയെ സഹായിക്കുന്നു. ഈ സാമ്പത്തിക വര്‍ഷം മികച്ച നേട്ടത്തോടെ പൂര്‍ത്തിയാക്കാമെന്ന ആത്മവിശ്വാസത്തിലാണ് കമ്പനി.നിലവിലെ സാഹചര്യം വിലയിരുത്തുമ്പോള്‍ ആഭ്യന്തര വിപണിയില്‍ ടാറ്റ മോട്ടോര്‍സ്, മഹീന്ദ്ര തുടങ്ങിയ കമ്പനികള്‍ മാരുതിക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

ആഭ്യന്തര ബ്രാന്‍ഡുകള്‍ പുറത്തിറക്കിയ മോഡേണ്‍ എസ്‌യുവികള്‍ മാരുതിയുടെ വിപണി വിഹിതം കവരുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വില്‍പ്പന വളര്‍ച്ച നേടുമ്പോഴും എതിരാളികള്‍ വന്‍ വളര്‍ച്ച നേടുന്നത് തിരിച്ചടിയാകുന്നുണ്ടെങ്കിലും കയറ്റുമതിയിലെ വന്‍ വളര്‍ച്ചയാണ് മാരുതിക്ക് ആശ്വാസമാകുന്നത്. വരും മാസങ്ങളില്‍ കൂടുതല്‍ ഹൈബ്രിഡ്, ഇലക്ട്രിക് മോഡലുകള്‍ അവതരിപ്പിച്ച് നഷ്ടപ്പെട്ട വിപണി വിഹിതം തിരിച്ചുപിടിക്കാനാണ് കമ്പനിയുടെ നീക്കം.


Click it and Unblock the Notifications








