ദിവസവും വാങ്ങുന്നത് 450+ ഇന്ത്യക്കാര്‍! 28 KM മൈലേജുള്ള വലിയ SUV വിലകുറച്ച് വിറ്റ് പണം വാരി മാരുതി
മാരുതി സുസുക്കി ഏറ്റവും ഒടുവിലായി വിപണിയിലെത്തിച്ച വിക്ടോറിസ് എസ്‌യുവി ഉപഭോക്താക്കളുടെ വിശ്വാസം ആര്‍ജ്ജിച്ച് മികച്ച മുന്നേറ്റം തുടരുന്നു. ആകര്‍ഷകമായ ഡിസൈനും ആധുനിക ഫീച്ചറുകളും ഒത്തുചേരുന്ന ഈ മോഡലിന് വിപണിയില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. യൂത്തിനെയും ഫാമിലി കാര്‍ ഉപഭോക്താക്കളെയും ഒരുപോലെ ആകര്‍ഷിക്കുന്ന വിക്‌ടോറിസിന്റെ വരവില്‍ എസ്‌യുവി സെഗ്മെന്റില്‍ തങ്ങളുടെ കരുത്ത് കൂട്ടിയിരിക്കുകയാണ് മാരുതി. ഓട്ടോപണ്ഡിറ്റ്‌സ് പുറത്തുവിട്ട വില്‍പ്പന റിപ്പോര്‍ട്ട് പ്രകാരം 2026 ഫെബ്രുവരിയില്‍ മാരുതി സുസുക്കി 13,021 യൂണിറ്റ് വിക്ടോറിസ് എസ്‌യുവി കളാണ് ഉപഭോക്താക്കളിലേക്ക് എത്തിച്ചത്. ഇത് അനുസരിച്ച് ഓരോ ദിവസവും ശരാശരി 465 വിക്‌ടോറിസ് വീതം മാരുതി വിറ്റഴിക്കുന്നതായാണ് റിപ്പോര്‍ട്ട്.
ചുരുങ്ങിയ കാലയളവിനുള്ളില്‍ ഇത്ര ഗംഭീര സ്വീകാര്യത നേടാനായത് വിക്‌ടോറിസിന്റെ പെര്‍ഫോമന്‍സിനും വിശ്വാസ്യതയ്ക്കുമുള്ള അംഗീകാരമായി വിപണി നിരീക്ഷകര്‍ വിലയിരുത്തുന്നു. ജനുവരി മാസത്തെ അപേക്ഷിച്ച് ഫെബ്രുവരിയില്‍ 15 ശതമാനം ഇടിവ് നേരിട്ടെങ്കിലും വിക്ടോറിസിന് വിപണി വിഹിതം നിലനിര്‍ത്താനാകുന്നുണ്ട്. കുറഞ്ഞ പ്രവര്‍ത്തന ചിലവും ഉയര്‍ന്ന മൈലേജുമാണ് അരീന ഡീലര്‍ഷിപ്പ് വഴി വിറ്റഴിക്കപ്പെടുന്ന കോംപാക്ട് എസ്‌യുവിയുടെ പ്രധാന ആകര്‍ഷണം.

2025 സെപ്റ്റംബര്‍ 16-നാണ് മാരുതി സുസുക്കി വിക്ടോറിസ് എസ്‌യുവി ഇന്ത്യന്‍ വിപണിയിലെത്തിച്ചത്. വില്‍പ്പനക്കെത്തിയ ആദ്യ മാസം തന്നെ 4,261 യൂണിറ്റ് വിറ്റഴിക്കാന്‍ കമ്പനിക്ക് സാധിച്ചു. ഒക്ടോബറില്‍ 13,496 യൂണിറ്റുകളായും നവംബറില്‍ 12,300 യൂണിറ്റുകളായും വില്‍പ്പന ഉയര്‍ത്താന്‍ സാധിച്ചെങ്കിലും ഡിസംബറില്‍ വില്‍പ്പന 6,210 യൂണിറ്റായി ഇടഞ്ഞു. എന്നാല്‍, ജനുവരിയില്‍ ശക്തമായ തിരിച്ചുവരവ് നടത്താന്‍ കാറിനായി.
2026 ജനുവരിയില്‍ 15,240 യൂണിറ്റുകള്‍ വിറ്റഴിച്ച് വലിയ കുതിച്ചുചാട്ടമായിരുന്നു എസ്‌യുവി കാഴ്ചവെച്ചത്. വര്‍ഷാരംഭത്തില്‍ ലഭിച്ച ഈ ഉണര്‍വ് വരും മാസങ്ങളിലും തുടരുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തില്‍ കൂടെപ്പിറപ്പായ ഗ്രാന്‍ഡ് വിറ്റാരയുടെ കൂടെയാണ് മാറ്റുരയ്ക്കുന്നതെങ്കിലും അരീന ചാനല്‍ വഴി വിപണനം ചെയ്യുന്ന വിക്‌ടോറിസ് താരതമ്യേന കൂടുതല്‍ താങ്ങാനാകുന്ന വിലയിലാണ് ലഭ്യമാകുന്നത്.

നിലവില്‍ 10.50 ലക്ഷം രൂപ മുതല്‍ 19.99 ലക്ഷം രൂപ വരെയാണ് വിക്‌ടോറിസിന്റെ എക്‌സ്-ഷോറൂം വില പോകുന്നത്. ഇടത്തരക്കാര്‍ക്കും പ്രീമിയം എസ്യുവി തേടുന്നവരെയും ഒരുപോലെ ആകര്‍ഷിക്കുന്ന തരത്തിലാണ് വിക്‌ടോറിസിന്റെ വേരിയന്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇത് കടുത്ത മത്സരത്തിനിടയിലും വിക്ടോറിസിന് എതിരാളികള്‍ക്ക് മേല്‍ മേല്‍ക്കൈ നേടിക്കൊടുക്കുന്നു. സ്‌ട്രോംഗ് ഹൈബ്രിഡ് അടക്കം മൂന്ന് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ വിക്‌ടോറിസ് ലഭ്യമാണ്.
103hp കരുത്തുള്ള 1.5 ലിറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍, 116hp നല്‍കുന്ന 1.5 ലിറ്റര്‍ സ്ട്രോംഗ് ഹൈബ്രിഡ്, 89hp നല്‍കുന്ന 1.5 ലിറ്റര്‍ പെട്രോള്‍-സിഎന്‍ജി എന്നിവയാണവ. മൈല്‍ഡ് ഹൈബ്രിഡ് പതിപ്പുകള്‍ 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സില്‍ ലഭിക്കും. സ്ട്രോംഗ് ഹൈബ്രിഡ് പതിപ്പ് ഇ-സിവിടി (e-CVT) ഗിയര്‍ബോക്‌സിനോടൊപ്പമാണ് എത്തുന്നത്. സിഎന്‍ജി വേരിയന്റ് 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രമാണ് വാങ്ങാനാകുക.
ലിറ്ററിന് 28.56 കിലോമീറ്ററാണ് വിക്‌ടോറിന്റെ സ്‌ട്രോംഗ് ഹൈബ്രിഡ് പതിപ്പിന്റെ ARAI ക്ലെയിംഡ് മൈലേജ്. അതേസമയം മൈല്‍ഡ്-ഹൈബ്രിഡ് വേരിയന്റുകള്‍ 21.18 kmpl (MT), 21.06 kmpl (AT), 19.07 kmpl (AT AWD) ഇന്ധനക്ഷമത നല്‍കുന്നു. അതേസമയം കിലോഗ്രാമിന് 27.02 കിലോമീറ്ററാണ് അണ്ടര്‍ബോഡി സിഎന്‍ജി ടാങ്കുമായി വരുന്ന വിക്‌ടോറിസ് സിഎന്‍ജിയുടെ ക്ലെയിംഡ് മൈലേജ്.
മാരുതി സുസുക്കി വിക്ടോറിസിന്റെ അകത്തളത്തില്‍ ധാരാളം പ്രീമിയം ഫീച്ചറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പനോരമിക് സണ്‍റൂഫ്, ഹെഡ്സ്-അപ്പ് ഡിസ്‌പ്ലേ, ആംബിയന്റ് ലൈറ്റിംഗ്, വെന്റിലേഷന്‍ സൗകര്യമുള്ള ഫ്രണ്ട് സീറ്റുകള്‍, ഡോള്‍ബി അറ്റ്മോസ് മ്യൂസിക് സിസ്റ്റം, യുഎസ്ബി ടൈപ്പ്-സി ചാര്‍ജിംഗ് പോര്‍ട്ടുകള്‍ തുടങ്ങിവയാണ് വിക്‌ടോറിസിലെ ഫീച്ചര്‍ ഹൈലൈറ്റുകള്‍.

മാരുതിയുടെ മറ്റ് മോഡേണ്‍ കാറുകളെ പോലെ സേഫ്റ്റിയുടെ കാര്യത്തില്‍ വിക്‌ടോറിസും മികച്ച നിലവാരം പുലര്‍ത്തുന്നു. ഗ്ലോബല്‍ NCAP, ഭാരത് NCAP ക്രാഷ് ടെസ്റ്റുകളില്‍ വിക്‌ടോറിസ് 5-സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയിട്ടുണ്ട്. ലെവല്‍ 2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസിനൊപ്പം (ADAS) സ്റ്റാന്‍ഡേര്‍ഡ് ആയി 6 എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ബ്രേക്ക് അസിസ്റ്റ്, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറേജ് എന്നീ സവിശേഷതകളും കാറില്‍ നല്‍കിയിരിക്കുന്നു.
പ്രീമിയം ലുക്കും ഹൈബ്രിഡ് സാങ്കേതികവിദ്യയും കുറഞ്ഞ പ്രവര്‍ത്തനച്ചെലവും ഒത്തുചേരുന്നതാണ് ഈ എസ്‌യുവിയുടെ വിജയരഹസ്യം. ടൊയോട്ടയുടെ ഹൈബ്രിഡ് കരുത്തും മാരുതിയുടെ വിപുലമായ സര്‍വീസ് ശൃംഖലയും ഒത്തുചേരുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് സമാനതകളില്ലാത്ത വിശ്വാസ്യതയാണ്. വരും മാസങ്ങളിലും വിക്ടോറിസ് വിപണിയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് 2026 ഫെബ്രുവരിയിലെ വില്‍പ്പന കണക്കുകള്‍ സൂചിപ്പിക്കുന്നത്.


Click it and Unblock the Notifications








