ഇന്ന് കാറുകളുടെ ശിവരാത്രി

Posted By:
Bicycle
ഇന്ന് വേള്‍ഡ് കാര്‍ ഫ്രീ ഡേയാണ്. കാറുകള്‍ക്ക് ഒരു ദിവസം വിശ്രമം നല്‍കാന്‍ ശ്രമിക്കേണ്ടുന്ന ദിനം. റോഡുകളിലെ ട്രാഫിക് ജാം ഒരു ദിവസത്തേക്കെങ്കിലും ഇല്ലാതാക്കുക, എണ്ണ ഉപഭോഗം കുറയ്ക്കുക, കാര്‍ബണ്‍ ബഹിര്‍ഗ്ഗമനം കുറയ്ക്കുക എന്നിങ്ങനെ നിരവധി ലക്ഷ്യങ്ങള്‍ ഈ ആഘോഷത്തിനു പിന്നിലുണ്ട്.

വര്‍ഷം മുഴുവന്‍ ജോലി ചെയ്തു തളര്‍ന്ന ശിവന്‍ മൂന്നു കണ്ണുമടച്ചുറങ്ങുന്ന ശിവരാത്രി പോലെ ശാന്തമായിരിക്കണം റോഡുകള്‍ എന്നാണ് വെപ്പ്. പക്ഷെ റോഡിലിറങ്ങി നോക്കിയാല്‍ ആളുകള്‍ ഗാരേജിലെ പഴയ വിന്‍റേജ് കാറുകള്‍ പോലും പൊടിതട്ടിയെടുത്ത് നിരത്തിലിറക്കിയ കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ഏത് ദിനവും ആഘോഷിക്കാന്‍ നമുക്ക് നമ്മുടേതായ വഴികളുണ്ട്.

കാറുകള്‍ തുപ്പുന്ന കരിമ്പുക മൂലം നമ്മുടെ ഹരിതഗൃഹത്തിന് സാരമായ പരുക്കുകളേല്‍ക്കുന്നതായി പഠനങ്ങള്‍ പറയുന്നു. ഇത്തരം പ്രശ്നങ്ങളെ നേരിടാന്‍ ഹൈബ്രിഡ് കാറുകള്‍ക്ക് സാധിക്കും എന്നത് നമുക്കറിയാം. ഇലക്ട്രിക് കാറുകളും ഹൈഡ്ഗജന്‍ കാറുകളുമെല്ലാം നമ്മുടെ നിരത്തുകളിലേക്ക് ധൈര്യത്തോടെ കടന്നു വരണമെങ്കില്‍ വര്‍ഷം പത്തിരുപത് ഇനിയുമെടുക്കും. പുകതുപ്പുന്ന നാനോയും കൊണ്ട് നിരത്തിലിറങ്ങുന്ന നമുക്ക് ഇത്തരം ചില ആഘോഷങ്ങല്‍ കൊണ്ടെങ്കിലും പ്രകൃതിക്കല്‍പം സമാധാനം നല്‍കാവുന്നതാണ്.

ലോകത്ത് കാറുകളുടെ സംഖ്യ അനുനിമിഷം വളരുകയാണ്. ഈ വര്‍ഷത്തെ കാറുകളുടെ വളരുന്ന എണ്ണം കാണണമെങ്കില്‍ ദാ ദിവിടൊന്ന് പിടിച്ച് ഞെക്കിയാല്‍ മതി. ഞാന്‍ നോക്കുന്ന സമയത്ത് സംഖ്യ ഇപ്രകാരമായിരുന്നു-441,52,524. ലോകത്ത് മൊത്തം എത്ര കാറുകളുണ്ട് എന്നത് ഒരു മത്തായിച്ചോദ്യമാണ്. എങ്കിലും ചില ഗണിതശാസ്ത്രജ്ഞര്‍ അതും കണ്ടു പിടിച്ചിട്ടുണ്ട്. 100 ഖോടിയാണുപോലും!

കാറുകളെ വീട്ടില്‍വിട്ട് പബ്ലിക് ട്രാന്‍സ്പോര്‍ട്ടിനെ ആശ്രയിക്കുക എന്നതാണ് കരിമ്പുക പ്രശ്നം കുറയ്ക്കാനുള്ള മികച്ച വഴി. സൈക്കിള്‍ ഉപയോഗിക്കുക എന്ന മറ്റൊരു വഴി കൂടിയുണ്ട്. പ്രശ്നം, നമ്മുടെ റോഡുകള്‍ നിര്‍മിച്ചു വെച്ചിരിക്കുന്നത് പാണ്ടിലോറികള്‍ക്ക് സൈക്കിള്‍ യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച് പോകാന്‍ സൗകര്യപ്പെടുന്ന വിധത്തിലാണ് എന്നതത്രെ.

വിദേശങ്ങളില്‍ പരിസ്ഥിതിയെ ബാധിക്കുന്ന ഇത്തരം പ്രശ്നങ്ങളില്‍ ഏറ്റവുമധികം ആശങ്ക പുലര്‍ത്തുന്നത് യുവാക്കളാണ്. പ്രായം ചെന്നവര്‍ പലപ്പോഴും 'ഇനിയെന്തു പരിസ്ഥിതി!' എന്ന സായാഹ്ന ചിന്തയില്‍ എത്തിച്ചേരുന്നതായാണ് കണ്ടു വരുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനും യുവാക്കള്‍ക്കാണ് സൗകര്യം. പ്രായം ചെന്നയാളുകളോട് സൈക്കിളില്‍ പൊയ്ക്കൂടെ എന്ന് ചോദിക്കുന്നതില്‍ ചെറിയ അപാകതയുണ്ട്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ നാട്ടില്‍ യുവാക്കള്‍ പലപ്പോഴും വയസ്സന്മാരെപ്പോലെ പെരുമാറുന്നു. വയസ്സു ചെന്നവര്‍ സൈക്കിളില്‍ യാത്ര ചെയ്യാന്‍ ഉത്സാഹിക്കുമ്പോള്‍ യുവാക്കള്‍ കാറില്‍ നിന്നിറങ്ങാന്‍ കൂട്ടാക്കാതിരിക്കുന്നു.

English summary
September 22nd is the World Car Free Day. Leave your car in the garage because it is World Car Free Day and take the public transport to work.
Story first published: Thursday, September 22, 2011, 11:18 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark