ഒരു ലോഗോയുടെ കഥ

Posted By:
സ്‌കോഡയുടെ പ്രശസ്തമായ ലോഗോ 85 വയസ്സ് പൂര്‍ത്തിയാക്കി. 1895-ല്‍ പ്രവര്‍ത്തനമാരംഭിച്ചുവെങ്കിലും ഇന്ന് നാം കാണുന്ന ലോഗോ രൂപപ്പെടാന്‍ മൂന്ന് ദശകത്തോളം എടുത്തു.

നിരവധി പരിണാമങ്ങള്‍ക്ക് ശേഷമാണ് സ്‌കോഡ തങ്ങളുടെ സ്ഥിരം ലോഗോ കണ്ടെത്തിയത്. 1895-ല്‍, അതായത് കമ്പനിയുടെ ബാല്യത്തില്‍, നാരക ഇലകള്‍ പിണഞ്ഞുകയറിയ ഒരു ചക്രമായിരുന്നു ലോഗോയില്‍ ചിത്രീകരിച്ചത്. മോട്ടോര്‍സൈക്കിളുകള്‍ മാത്രമാണ് അക്കാലത്ത് ലൂറിന്‍ ആന്റ് ക്ലമന്റ് നിര്‍മ്മിച്ചിരുന്നത്. സ്ലാവ് ദേശീയതയെ പ്രതീകവല്‍ക്കരിച്ച ഈ ലോഗോ 'സ്ലാവിയ ലോഗോ' എന്നാണ് അറിയപ്പെട്ടത്. ലോഗോയില്‍ പിന്നീടൊരു മാറ്റം വരുന്നത് 1905-ലാണ്. എല്‍ ആന്റ് കെ കമ്പനി കാര്‍ നിര്‍മ്മാണം തുടങ്ങിയ വര്‍ഷമായിരുന്നു അത്.

മധ്യ-കിഴക്കന്‍ യൂറോപ്പുകളില്‍ ചിത്രശില്‍പ കലകളിലെ നവീനതാ പ്രസ്ഥാനത്തിന്റെ കാലമായിരുന്നു 1890 മുതല്‍ 1905 വരെയുള്ള കാലം. ഇക്കാലത്തെ കലാപ്രസ്ഥാനത്തെ 'ആര്‍ട്ട് നൗവ്യൂ' എന്ന് ഫ്രഞ്ച് ഭാഷയില്‍ വിളിച്ചു. അതായത് 'നവീനകല'. നവീനകലാ പ്രസ്ഥാനത്തിന്റെ സ്വാധീനം പുതിയ ലോഗോയില്‍ പ്രകടമായിരുന്നു. കാര്‍ നിര്‍മ്മാതാക്കളായ ലൂറിന്‍ ആന്റ് ക്ലമന്റ് എന്നതിന്റെ ചുരുക്കരൂപം ലോഗോയില്‍ പ്രധാന സ്ഥാനം വഹിച്ചു.

സ്‌കോഡ എന്ന ബ്രാന്‍ഡ് നാമത്തില്‍ കാറുകള്‍ പുറത്തിറക്കാന്‍ തുടങ്ങുന്നത് 1926 മുതലാണ്. ഇവിടെ ലോഗോയ്ക്ക് വീണ്ടും മാറ്റമുണ്ടായി. ഒരു ദീര്‍ഘവൃത്തത്തിനകത്ത് സ്‌കോഡ എന്ന നാമം എഴുതിച്ചേര്‍ത്തു. ചുറ്റുമുള്ളത് നാരകത്തിന്റെ ഇലകളോ ഒലീവിലകളോ ആവാം.

'ചിറകുള്ള അമ്പ്'. അതായിരുന്നു 1926-ല്‍ സ്‌കോഡ ചിഹ്നത്തിനായി സ്വീകരിച്ച ആശയം. 1990-കള്‍ വരെ അത് മാറ്റങ്ങള്‍ ഒന്നുമില്ലാതെ തുടര്‍ന്നു. 99-ലും 2011-ലും വീണ്ടും ചെറിയ ചില മാറ്റങ്ങള്‍ക്ക് അത് വിധേയമായി. എങ്കിലും അടിസ്ഥാനപരമായ ആശയം പഴയതു തന്നെ. ചിറകുള്ള അമ്പ്.

ചിറകുള്ള അമ്പ് എന്ന മനോഹരമായ ആശയം ആരില്‍ നിന്നാണ് വന്നതെന്നത് ഇപ്പോഴും അജ്ഞാതമായി തുടരുന്നു. അന്നത്തെ കമേഴ്‌സ്യല്‍ ഡയറക്ടറായിരുന്ന ടി മാഗ്‌ലിക്കില്‍ നിന്നായിരിക്കും എന്ന് ചിലര്‍ ഊഹിക്കുന്നു. റെഡ് ഇന്ത്യന്‍ ഗോത്രവര്‍ഗ്ഗക്കാര്‍ തലയില്‍ അണിഞ്ഞിരുന്ന പോലത്തെ തൂവലുകള്‍ ചുമലില്‍ വളര്‍ന്ന ഒരമ്പ് പാഞ്ഞുപോകുന്നതാണ് കണ്‍സെപ്റ്റ്.

സ്‌കോഡയുടെ നൂറു വര്‍ഷം പിന്നിട്ട പാരമ്പര്യത്തെ സൂചിപ്പിക്കുന്ന തരത്തില്‍ ലോഗോയിലും മാറ്റം വേണമെന്ന ചിന്തയാണ് 99-ലെ പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് വഴി വെച്ചത്. നിലവിലെ ലോഗോയുടെ ചുറ്റും കറുപ്പ് നിറത്തിലുള്ള ഒരു വളയം(പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്നത്) പ്രത്യക്ഷപ്പെട്ടു. ആ വളയത്തില്‍ കമ്പനിയുടെ പേരും ഉള്‍പ്പെടുത്തി.

2011-ലെ ജനീവ മോട്ടോര്‍ഷോയിലാണ് സ്‌കോഡ ഏറ്റവും പുതിയ മാറ്റം അവതരിപ്പിച്ചത്. ചുറ്റുമുള്ള കറുപ്പ് പ്രതലം ഒഴിമാക്കി. ബാക്കിയുള്ള ഭാഗങ്ങള്‍ക്ക് ഒരു മെറ്റാലിക് സൗന്ദര്യം പകര്‍ന്നു. ചിറകുള്ള അമ്പിന് കുറെക്കൂടി വലിപ്പവും വ്യക്തതയും ലഭിച്ചു. മുകളിലായി കറുപ്പില്‍ ചാലിച്ച സ്‌കോഡ എന്ന നാമം സ്ഥാനം പിടിച്ചു. ഒരല്‍പം ആധുനിക സ്വരൂപം കൈവന്നു എന്നും വേണമെങ്കില്‍ പറയാം.

പാരമ്പര്യം നല്‍കുന്ന കുലീനതയ്‌ക്കൊപ്പം ആധുനികതയുടെ ചടുലസൗന്ദര്യത്തെക്കൂടി സ്വായത്തമാക്കിയാണ് സ്‌കോഡ പുതിയ നൂറ്റാണ്ടിലും തങ്ങളുടെ പ്രതാപം നിലനിര്‍ത്തുന്നത്. ലോകത്തിന്റെ ഗതിവിഗതികളെ മാറ്റിമറിച്ച 20-ാം നൂറ്റാണ്ടിന്റെ ചരിത്രത്തിനൊപ്പം സഞ്ചരിക്കുകയായിരുന്നു സ്‌കോഡ. പുതിയ നൂറ്റാണ്ടിന്റെ നിര്‍ണായക ചരിത്രസന്ധികളിലും നിശ്ശബ്ദ സാക്ഷിയായി സ്‌കോഡ നിലകൊള്ളുന്നു.

English summary
may 10 marked 85 years since the skoda company's famous winged arrow was first used on a car
Story first published: Monday, June 13, 2011, 14:37 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark