സമരം: മാരുതി റോബോട്ടുകളെ ആശ്രയിക്കും

Automation
റോബോട്ടുകള്‍ സമരമുണ്ടാക്കില്ല എന്നത് മാരുതിക്ക് ജപ്പാനില്‍ നിന്ന് കിട്ടിയ വെളിപാടാണ്. ജപ്പാനില്‍ തൊഴിലെടുക്കുന്ന മനുഷ്യരെ ഏതാണ്ട് റോബോട്ടുകളായാണ് കണക്കാക്കുന്നത്. ഇന്ത്യയില്‍ പക്ഷെ കാര്യങ്ങള്‍ അത്രകണ്ട് വഷളായിട്ടില്ല എന്നത് മാരുതിക്ക് തിരിഞ്ഞത് ഈയിടെയാണ്. അസഹ്യമായ തൊഴില്‍ സാഹചര്യങ്ങള്‍ തൊഴിലാളികള്‍ക്കുള്ളില്‍ വളര്‍ത്തിയ വിദ്വേഷം ഈയിടെയാണ് ആളിക്കത്തി തുടങ്ങിയത്. ജൂലൈ മാസത്തില്‍ ഇതിന്‍റെ ഏറ്റവും കടുത്ത മുഖം മാരുതിക്ക് കാണേണ്ടിയും വന്നു. തൊഴിലാളികള്‍ക്ക്, ന്യായമായ, മെച്ചപ്പെട്ട സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുത്താല്‍ തീരാവുന്ന പ്രശ്നത്തെ മറ്റൊരു രീതിയിലാണ് മാരുതി സമീപിക്കുന്നത്.

കൂടുതല്‍ ഓട്ടോമേഷന്‍ നടപ്പാക്കി തൊഴിലാളികളുടെ എണ്ണം കുറയ്ക്കുക എന്നതാണ് സുസുക്കിയുടെ അടുത്ത പരിപാടി. പ്രശ്നം നടക്കുന്ന മനെസര്‍ പ്ലാന്‍റില്‍ 99 ശതമാനം റോബോട്ടുകളെ ഉപയോഗിക്കാം എന്ന് തീരുമാനം വന്നിട്ടുള്ളതായി മാരുതി വൃത്തങ്ങളില്‍ നിന്നുതന്നെ അറിയാന്‍ കഴിഞ്ഞു. ഈയിടെ മാരുതി സുസുക്കി ചെയര്‍മാന്‍ ഒസാമു സുസുക്കി ഇന്ത്യയില്‍ എത്തിച്ചേര്‍ന്നത് ഈ സുപ്രധാന തീരുമാനം കൂടി കൈക്കൊള്ളാനായിരുന്നുവെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്.

മനെസറില്‍ തന്നെ ആരംഭിച്ചിട്ടുള്ള മാരുതിയുടെ മൂന്നാമത്തെ പ്ലാന്‍റിലും ഓട്ടോമേഷന്‍ നടപ്പാക്കും. കഴിഞ്ഞ ഒരു ദശകത്തോളമായി ഓട്ടോമേഷന്‍ വര്‍ധിപ്പിച്ചുവരികയാണ് കമ്പനി. ഇത് ചെറിയ തോതില്‍ മാത്രമാണ് നടപ്പാക്കിയിരുന്നത്. ചുരുങ്ങിയ വിലയ്ക്ക് തൊഴില്‍ശക്തി ലഭിക്കുന്നതിനാലാണ് ഇതുവരെ കമ്പനി ഓട്ടോമേഷന്‍ പരിപാടികള്‍ ശക്തിപ്പെടുത്താതിരുന്നത്. ഇപ്പോള്‍ സാഹചര്യം മാറിയിരിക്കുകയാണ്. തൊഴിലാളികള്‍ മാന്യമായ വേതനം ചോദിച്ചുതുടങ്ങിയിരിക്കുന്നു.

എത്ര സമയത്തിനുള്ളില്‍ ഓട്ടോമേഷന്‍ പരിപാടികള്‍ പൂര്‍ത്തീകരിക്കുമെന്ന് വെളിപ്പെടുത്താന്‍ കമ്പനി തയ്യാറായിട്ടില്ല. വളരെ വേഗത്തില്‍ തന്നെ പരിപാടികള്‍ നടക്കുമെന്നാണ് സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ മനസ്സിലാക്കാനാവുന്നത്.

Most Read Articles

Malayalam
English summary
Maruti Suzuki has decided to depend more on automation in the strike affected Manesar plant.
Story first published: Monday, September 3, 2012, 12:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X