6 പേര്‍ക്ക് കയറാം, 26KM മൈലേജുമുണ്ട്!വാന്‍ സെഗ്‌മെന്റിന്റെ 90% കൈയ്യടക്കി ₹5.21 ലക്ഷത്തിന്റെ ഈ മാരുതി
ഇന്ത്യന്‍ വിപണിയിലെ വാന്‍ സെഗ്മെന്റില്‍ തങ്ങളുടെ അപ്രമാദിത്വം നിലനിര്‍ത്തിക്കൊണ്ട് മാരുതി സുസുക്കി ഈക്കോ (Maruti Suzuki Eeco) 2026 ഫെബ്രുവരിയില്‍ മികച്ച വില്‍പ്പന നേട്ടം സ്വന്തമാക്കി. കഴിഞ്ഞ മാസം മാത്രം ഈക്കോയുടെ 11,620 യൂണിറ്റുകളാണ് കമ്പനി രാജ്യത്തുടനീളം വിറ്റഴിച്ചത്. കുടുംബങ്ങള്‍ക്കും ചെറുകിട സംരംഭകര്‍ക്കും ഒരുപോലെ പ്രിയങ്കരമായ ഈ വാന്‍ മോഡല്‍ വില്‍പ്പനയില്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈക്കോയുടെ ജനപ്രീതി ഉയര്‍ന്നതായാണ് വില്‍പ്പന കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2025 ഫെബ്രുവരിയില്‍ 11,493 യൂണിറ്റുകളായിരുന്നു ഈക്കോയുടെ വില്‍പ്പന.
ഏകദേശം 1.10 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് 12 മാസം കൊണ്ട് ഈ മോഡല്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ നേരിട്ടുള്ള എതിരാളികള്‍ ഇല്ലെന്നതാണ് മാരുതി സുസുക്കി ഓംനി വാനിന്റെ പിന്‍ഗാമി കൂടിയായ ഈക്കോയ്ക്ക് ഗുണം ചെയ്യുന്നത്. മാരുതി സുസുക്കി വാഹന നിരയില്‍ സ്ഥിരമായി മികച്ച പ്രകടനം നടത്തുന്ന മോഡലുകളില്‍ ഒന്നാണ് ഈക്കോ.

2026-2027 സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവില്‍ ഈക്കോ വാനിന്റെ 1,28,436 യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ മാരുതി സുസുക്കിക്ക് സാധിച്ചു. 2024-2025 സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,25,26 യൂണിറ്റുകളായിരുന്നു വില്‍പ്പന. ഇതോടെ നടപ്പ് വര്‍ഷം 3.77 ശതമാനം വളര്‍ച്ചാ നിരക്ക് നിലനിര്‍ത്താന്‍ ഈക്കോയ്ക്കായി.
സാങ്കേതിക വശങ്ങളിലേക്ക് നോക്കുമ്പോള്‍ 1.2 ലിറ്റര്‍ K-സീരീസ് ഡ്യുവല്‍ ജെറ്റ് പെട്രോള്‍ എഞ്ചിനാണ് ഈക്കോയ്ക്ക് കരുത്തേകുന്നത്. ഇത് 80 bhp പവറും 104.4 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. പെട്രോള്‍ പതിപ്പിന് പുറമെ ഈക്കോയുടെ സിഎന്‍ജി (CNG) പതിപ്പും വിപണിയില്‍ ലഭ്യമാണ്. സിഎന്‍ജി മോഡില്‍ 70.67 bhp പവറും 95 Nm ടോര്‍ക്കുമാണ് നല്‍കുക. നിലവില്‍ 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ മാത്രമാണ് ഈക്കോ ഓഫര്‍ ചെയ്യുന്നത്.

സിഎന്‍ജി പതിപ്പിന് പവര്‍ ഔട്ട്പുട്ട് കുറയുമെങ്കിലും മൈലേജ് കൂടും. വാഹനത്തിന്റെ ഇന്ധനക്ഷമതയാണ് ഇടത്തരക്കാരെ ഈക്കോയിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം. പെട്രോള്‍ പതിപ്പില്‍ ലിറ്ററിന് 19.71 കിലോമീറ്ററും സിഎന്‍ജി പതിപ്പില്‍ കിലോയ്ക്ക് 26.78 കിലോമീറ്ററുമാണ് മൈലേജ് വാഗ്ദാനം ചെയ്യുന്നത്. മാരുതി സുസുക്കി വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന മൈലേജ് കണക്കുകളാണ് ഇത്.
സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി അടുത്തിടെ കമ്പനി ഈക്കോയില്‍ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാക്കി മാറ്റിയിരുന്നു. ഇത് കൂടാതെ ഇലക്‌ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷനോട് കൂടിയ എബിഎസ്, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, ഇലക്‌ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം എന്നീ സേഫ്റ്റി ഫീച്ചറുകള്‍ ഇതില്‍ ലഭ്യമാണ്. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും പുതുക്കിയ ഇന്റീരിയറും ഈക്കോ വാനിന്റെ പഴയ ശൈലിയില്‍ നിന്ന് മാറ്റി കൂടുതല്‍ ആകര്‍ഷകമാക്കിയിട്ടുണ്ട്.

5 സീറ്റര്‍, 6 സീറ്റര്‍ എന്നിങ്ങനെ രണ്ട് സീറ്റിംഗ് ഓപ്ഷനുകളില്‍ ഈക്കോ ലഭ്യമാണ്. കൂടാതെ വാണിജ്യ ഉപയോഗത്തിനായി കാര്‍ഗോ വാന്‍ വേരിയന്റും വിപണിയിലുണ്ട്. നിലവിൽ 5.21 ലക്ഷം രൂപ മുതലാണ് ഈക്കോയുടെ വില തുടങ്ങുന്നത്.6.36 ലക്ഷം രൂപയാണ് ടോപ് എന്‍ഡ് വേരിയന്റിന്റെ വില. എക്‌സ്‌ഷോറൂം വിലയാണ് ഇത്.
കുറഞ്ഞ പ്രവര്‍ത്തന ചിലവും മെയിന്റനന്‍സും ഈക്കോയെ ടാക്‌സിക്കാര്‍ക്കും സ്‌കൂള്‍ വാഹനങ്ങള്‍ക്കുമെല്ലാം പറ്റിയ ഓപ്ഷനാക്കി മാറ്റുന്നു. 14 വര്‍ഷത്തിലേറെയായി ഈക്കോ ഇന്ത്യന്‍ നിരത്തുകളില്‍ നിറസാന്നിധ്യമാണ്. മാരുതി ഒംനിയുടെ പകരക്കാരനായി എത്തി വാന്‍ വിപണിയുടെ 90 ശതമാനവും ഈക്കോ കൈയ്യടക്കി വെച്ചിരിക്കുകയാണ്. ഡിമാന്‍ഡ് നിറവേറ്റാന്‍ വരും മാസങ്ങളില്‍ നിര്‍മ്മാണം വര്‍ദ്ധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.


Click it and Unblock the Notifications








