കാറിലെ ബ്രേക്ക് മാറ്റാറായോ?; ഡ്രൈവിംഗിനിടെ ലഭിക്കുന്ന 5 മുന്നറിയിപ്പുകൾ
'എന്താണെന്ന് അറിയില്ല, കുറച്ച് ദിവസമായി ബ്രേക്കുകള്‍ക്ക് ഭയങ്കര ശബ്ദമാണ്' - മിക്ക കാര്‍ ഉപഭോക്താക്കള്‍ക്കും ഈ അനുഭവമുണ്ടാകും. ശരിക്കും ബ്രേക്കുകള്‍ക്ക് ചെവികൊടുക്കേണ്ടതുണ്ടോ?

സുരക്ഷ ഉറപ്പ് വരുത്തുന്നതില്‍ ബ്രേക്കുകള്‍ക്ക് നിര്‍ണായക പങ്കാണുള്ളത്. എന്നാല്‍ ബ്രേക്കുകള്‍ നല്‍കുന്ന സൂചന തിരിച്ചറിയാന്‍ പലര്‍ക്കും സാധിച്ചെന്ന് വരില്ല. ബ്രേക്കുകള്‍ മാറ്റാനായെന്ന് സൂചിപ്പിക്കുന്ന അഞ്ച് പൊതു ലക്ഷണങ്ങള്‍ ഇവിടെ പരിശോധിക്കാം-

'കരയുന്ന' ബ്രേക്കുകള്‍
ബ്രേക്ക് ചെയ്യുമ്പോള്‍ അസഹനീയമായ കരച്ചില്‍ കേള്‍ക്കുന്നുണ്ടോ? ബ്രേക്ക് പാഡുകള്‍ മാറ്റണമെന്ന സൂചനയാണ് ഈ കരച്ചില്‍. യഥാര്‍ത്ഥത്തില്‍ ഇത് നിര്‍മ്മാതാക്കള്‍ സ്വീകരിച്ചിരിക്കുന്ന ഒരു സുരക്ഷാ നടപടി കൂടിയാണ്.

ബ്രേക്ക് പാഡുകള്‍ മാറ്റണമെന്ന മുന്നറിയിപ്പാണ് കരച്ചിലിലൂടെ നിര്‍മ്മാതാക്കള്‍ നല്‍കുന്നത്.

'മുരളുന്ന' ബ്രേക്കുകള്‍
ബ്രേക്കുകള്‍ പൂര്‍ണമായും ഉപയോഗിച്ച് തേഞ്ഞാലാണ് മുരള്‍ച്ച കേള്‍ക്കുക. ലോഹത്തിന് മേല്‍ ലോഹം വന്ന് പതിയുന്ന ശബ്ദമാണിത്. ബ്രേക്കിംഗിന് കാലതാമസം നേരിടുന്നതിന് ഒപ്പം റോട്ടര്‍ തകരാറാകുന്നതിലേക്കും ഇത് നയിക്കും.

കാറിന് 'കുലുക്കമുണ്ടോ'?
കുലുക്കം എന്ന് പറയുമ്പോള്‍ രണ്ട് തരത്തില്‍ അനുഭവപ്പെടാം. ആദ്യത്തേത് ലളിതമാണ്. ബ്രേക്ക് ചെയ്യുമ്പോള്‍ ബ്രേക്ക് പെഡലില്‍ വിറയലോ, കുലുക്കമോ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ബ്രേക്കിന്റെ സാഹചര്യം മോശമാണെന്ന് മനസിലാക്കാം.
Recommended Video


ഇനി ബ്രേക്ക് ചെയ്യുമ്പോള്‍ കാര്‍ മുഴുവന്‍ കുലുക്കം അനുഭവപ്പെടുന്നുണ്ട് എങ്കില്‍ സ്ഥിതിഗതികള്‍ ഒരല്‍പം ഗുരുതരമാണ്. ഈ സാഹചര്യത്തില്‍ അടിയന്തരമായി മെക്കാനിക്കിനെ കൊണ്ട് ബ്രേക്ക് പരിശോധിപ്പിക്കുന്നത് അനിവാര്യമാണ്.

'മുങ്ങുന്ന' പെഡല്‍
വിറയല്‍ പോലെ തന്നെ ബ്രേക്ക് പെഡലുകള്‍ താഴ്ന്നിറങ്ങുന്നതും പ്രശ്‌നമാണ്. ബ്രേക്ക് ഫ്‌ളൂയിഡിന്റെ കുറവാണ് ഇത് സൂചിപ്പിക്കുന്നത്. സാധാരണ ഗതിയില്‍ ബ്രേക്ക് ഫ്‌ളൂയിഡുകള്‍ ബാഷ്പീകരിക്കപ്പെടില്ല.

ഇനി പെട്ടെന്ന് ബ്രേക്ക് ഫ്‌ളൂയിഡുകള്‍ കുറയുന്നൂവെങ്കില്‍, ചോര്‍ച്ചയാകും കാരണം. ബ്രേക്കിംഗ് സംവിധാനത്തില്‍ ബ്രേക്ക് ഫ്‌ളൂയിഡുകള്‍ നിര്‍ണായകമാണ്.

ബ്രേക്കുകള്‍ക്കുമുണ്ട് മുന്നറിയിപ്പ് ചിഹ്നങ്ങള്‍
ബ്രേക്കിംഗ് സിസ്റ്റത്തെ കുറിച്ചുള്ള ഒന്നോ രണ്ടോ മുന്നറിയിപ്പുകള്‍, ഡാഷ്‌ബോര്‍ഡ് നോട്ടിഫിക്കേഷനായി മിക്ക കാറുകളിലും ഇടംപിടിക്കാറുണ്ട്.

പ്രശ്‌നങ്ങളെ കുറിച്ചുള്ള ഏകദേശ രൂപം ഈ മുന്നറിയിപ്പ് ചിഹ്നങ്ങള്‍ തന്നെ നല്‍കും. ആന്റി-ലോക്ക് ബ്രേക്ക് കംമ്പ്യൂട്ടറുമായാണ് എബിഎസ് ലൈറ്റ് ബന്ധപ്പെട്ടിരിക്കുന്നത്; ഇതാണ് ആന്റി-ബ്രേക്കിംഗ് സിസ്റ്റത്തിലേക്കുള്ള സൂചികയും.

അപ്രതീക്ഷിത ബ്രേക്കിംഗില്‍ എബിഎസ് പ്രവര്‍ത്തിക്കുന്നു എന്ന സൂചന നല്‍കി ഈ ലൈറ്റുകള്‍ തെളിയും. കാര്‍ സാധാരണ ഗതിയിലേക്ക് തിരികെ എത്തുന്ന പക്ഷം ഈ ലൈറ്റുകള്‍ പിന്‍വാങ്ങുകയും ചെയ്യും.

ഇനി സാധാരണ ഡ്രൈവിംഗിലും എബിഎസ് ലൈറ്റ് തെളിഞ്ഞിരിക്കുന്നുണ്ട് എങ്കില്‍, ബ്രേക്കിംഗ് പ്രശ്‌നമാകാം കാരണം. ഇത്തരം സാഹചര്യത്തിലും മെക്കാനിക്കിനെ കൊണ്ട് കാര്‍ പരിശോധിക്കേണ്ടത് അനിവാര്യമാണ്.


Click it and Unblock the Notifications








