ക്യൂബ കാര്‍വാങ്ങല്‍ നിയന്ത്രണം പൂര്‍ണമായും നീക്കുന്നു

Posted By:

അമ്പതു വര്‍ഷത്തോളമായി ക്യൂബയില്‍ നിലനില്‍ക്കുന്ന കാര്‍ ഇറക്കുമതി നിയന്ത്രണങ്ങള്‍ പൂര്‍ണമായും എടുത്തുമാറ്റി. കഴിഞ്ഞ വര്‍ഷം മുതല്‍ നടപ്പാക്കിത്തുടങ്ങിയ ചില 'ഉദാര' നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം വരുന്നത്. നേരത്തെ കാറുടമകള്‍ തമ്മിലുള്ള വില്‍പന ഇടപാടുകള്‍ ക്യൂബ ഉദാരീകരിച്ചിരുന്നു.

1959ല്‍ ക്യൂബയില്‍ തൊഴിലാളിവര്‍ഗ സര്‍വ്വാധിപത്യം സ്ഥാപിക്കപ്പെട്ടതിനു ശേഷം അമേരിക്ക നിരവധി ഉപരോധങ്ങള്‍ കൊണ്ടുവന്നു. അവയിലൊന്ന് 1962ല്‍ രണ്ട് രാജ്യങ്ങളും തമ്മിലുള്ള വ്യാപാരങ്ങള്‍ അവസാനിപ്പിക്കുന്നതായിരുന്നു. അമേരിക്കയില്‍ നിന്നുള്ള കാറുകളുടെ ഇറക്കുമതിയും ഇതോടൊപ്പം അവസാനിച്ചു. പിന്നീട് ക്യൂബന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കൂടി വന്നതോടെ ക്യൂബയില്‍ പുതിയ കാര്‍ എന്നൊരു സങ്കല്‍പം തന്നെ ഇല്ലാതായി. വളരെക്കുറച്ച് കാറുകള്‍ മാത്രമാണ് സര്‍ക്കാര്‍ നേരിട്ട് ഇറക്കുമതി ചെയ്തിരുന്നത്. ചില കാര്‍ കമ്പനികള്‍ക്ക് ക്യൂബയില്‍ ഡീലര്‍ഷിപ്പുകളുണ്ടെങ്കിലും സര്‍ക്കാരിന് മാത്രമേ കാര്‍ വില്‍ക്കാവൂ എന്നതിനാല്‍ കച്ചവടവും ലാഭവുമെല്ലാം നിയന്ത്രിതമാണ്.

ക്യൂബയുടെ നിരത്തുകളില്‍ കഴിഞ്ഞ അമ്പതു വര്‍ഷക്കാലമായി യാങ്ക് ടാങ്കുകള്‍ എന്നറിയപ്പെടുന്ന പഴയ അമേരിക്കന്‍ ക്ലാസിക് കാറുകള്‍ മാത്രമാണുള്ളത്. 60കള്‍ക്കു മുമ്പ് സാമ്പത്തികമായി വളരെ മികച്ച നിലയിലായിരുന്ന ക്യൂബന്‍ ഇടത്തരക്കാര്‍ ഇറക്കുമതി ചെയ്തവയാണ് ഈ കാറുകളില്‍ അധികവും.

സോവിയറ്റ് യൂണിയന്‍

സോവിയറ്റ് യൂണിയനില്‍ നിലനിന്നിരുന്നതിന് സമാനമായ നിയമങ്ങളാണ് ക്യൂബ കാറുകളുടെ കാര്യത്തില്‍ കൊണ്ടുവന്നത്. കാര്‍ സ്വന്തമാക്കുന്നതിന് ഗതാഗതവകുപ്പില്‍ നിന്ന് പ്രത്യേക അനുമതി ആവശ്യമായിരുന്നു. എല്ലാവര്‍ക്കും ഈ അനുമതി നേടാന്‍ കഴിഞ്ഞിരുന്നില്ല. കാര്‍ സ്വന്തമാക്കാന്‍ ആവശ്യമായ സാമ്പത്തികശേഷി തനിക്കുണ്ടെന്ന് അപേക്ഷകന്‍ തെളിയിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ സര്‍വീസിലുള്ള ഡോക്ടര്‍മാക്കും കലാകരന്മാര്‍ക്കുമെല്ലാമാണ് ക്യൂബയില്‍ കാര്‍ സ്വന്തമാക്കാന്‍ സാധിച്ചിരുന്നത്. വിദേശത്തു നിന്ന് ബന്ധുക്കളയയ്ക്കുന്ന പണമുപയോഗിച്ചും കാര്‍ വാങ്ങാന്‍ സാധിക്കില്ലായിരുന്നു.

കരിഞ്ചന്ത

ഈ നിയന്ത്രണങ്ങള്‍ വലിയ അഴിമതിക്കും കരിഞ്ചന്തയ്ക്കും വഴിവെക്കുകയും ചെയ്തു. ഘടകഭാഗങ്ങളുടെ കരിഞ്ചന്ത വളരെ വിപുലമാണ് ക്യൂബയില്‍.

കാറുടമകളായ വ്യക്തികള്‍ക്ക് സര്‍ക്കാരിന്റെ അനുമതിയില്ലാതെ തന്നെ വാഹനങ്ങള്‍ കൈമാറാന്‍ കഴിയുന്ന വിധത്തില്‍ കഴിഞ്ഞവര്‍ഷം നിയമങ്ങള്‍ പുതുക്കിയിരുന്നു. എന്നാല്‍ കൈമാറാന്‍ മാത്രം കാറുകളില്ലാത്തത് വന്‍ വിലക്കയറ്റം വിപണിയില്‍ സൃഷ്ടിച്ചു.

ഇത്തരം കടുത്ത നിയന്ത്രണങ്ങള്‍ വാഹനപ്രേമികളായ ക്യൂബക്കാരെ കരിഞ്ചന്തയിലേക്കാണ് നയിച്ചത്. കാറുകളുടെ ഘടകഭാഗങ്ങള്‍ റിപ്പയര്‍ ചെയ്യുന്നതിന് തനതായ മാര്‍ഗങ്ങള്‍ അവര്‍ക്ക് കണ്ടെത്തേണ്ടി വന്നു. കാര്‍ സ്വന്തമാക്കാന്‍ യോഗ്യതയുള്ളവര്‍ക്കു പോലും വര്‍ഷങ്ങള്‍ കാത്തിരുന്നാലാണ് അനുമതി ലഭിക്കാറുള്ളത്. സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ അവിടെനിന്നുള്ള എന്‍ജിന്‍ ഇറക്കുമതി അവസാനിച്ചു. ഇപ്പോഴും സോവിയറ്റ് നാടുകളില്‍ നിന്നു കൊണ്ടുവന്ന ഡീസല്‍ എന്‍ജിനുകളാണ് വലിയ വിഭാഗം കാറുകളുടെയും ബോണറ്റിനടിയിലുള്ളത്.

Cuba Car Import Restrictions To Be Lifed Soon

നിയന്ത്രിതമുതലാളിത്തത്തിലേക്ക്?

തൊഴിലാളിവര്‍ഗ സര്‍വാധിപത്യം നടപ്പായതിനു ശേഷം ധൃതിപിടിച്ചുള്ള സോഷ്യലിസ്റ്റുവല്‍ക്കരണ നീക്കങ്ങള്‍ നടപ്പാക്കിയതിന്റെ ഭാഗമായി ക്യൂബ നിരവധി സാമ്പത്തിക നിയന്ത്രണങ്ങള്‍ ഏര്‍പ്പാടുത്തിയിരുന്നു. സോവിയറ്റ് യൂണിയനായിരുന്നു മാതൃക. ഇതിനിടയില്‍ സോഷ്യലിസം നടപ്പാവുന്നതിന് സാമ്പത്തികമിച്ചം ആവശ്യമാണെന്ന തിരിച്ചറിവില്‍ സോവിയറ്റ് യൂണിയന്‍ സ്വയം ഉദാരവല്‍ക്കരിക്കുകയും അതിന്റെ പാളിച്ചകള്‍ രാഷ്ട്രത്തെ തകര്‍ക്കുകയും ചെയ്തു. ക്യൂബയും ചൈനയുമടക്കമുള്ള തൊഴിലാളി സര്‍വ്വാധിപത്യം നിലനില്‍ക്കുന്ന രാഷ്ട്രങ്ങള്‍ ഇതോടെ ജാഗ്രതയിലായി. എന്നാല്‍ ചൈന 'നിയന്ത്രിതമുതലാളിത്തം' എന്ന തന്ത്രപരമായ വഴിയിലേക്ക് നീങ്ങുന്നതാണ് പിന്നീടു കണ്ടത്. ഈ മാതൃക തെറ്റല്ലെന്ന് ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ടിയിലെ ഒരു പ്രബലവിഭാഗം വാദിച്ചു തുടങ്ങി. ഇതിന്റെ പ്രതിഫലനങ്ങളാണ് ഇപ്പോള്‍ കാണുന്നത്.

മാറിയ ലോകസാമ്പത്തികക്രമത്തില്‍ പിടിച്ചു നില്‍ക്കാനാവശ്യമായ നയങ്ങളാണ് റൗള്‍ കാസ്‌ട്രോയുടെ നേതൃത്വത്തിലുള്ള ക്യൂബന്‍ സര്‍ക്കാര്‍ കൊണ്ടുവരുന്നത്. ഈയടുത്ത കാലത്തായി ക്യൂബ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാന്‍ ഇത്തരം നയങ്ങള്‍ക്ക് കഴിഞ്ഞേക്കും. വിദേശത്തു ജോലി ചെയ്യുന്ന ബന്ധുക്കളുള്ള നിരവധി ക്യൂബക്കാര്‍ക്ക് ആഹ്ലാദം പകരുന്നതാണ് പുതിയ നീക്കം.

വ്യക്തികള്‍ തമ്മിലുള്ള കാര്‍വില്‍പനകള്‍ സര്‍ക്കാര്‍ നല്‍കുന്ന കര്‍ശനമായ അനുമതികളെ ആശ്രയിച്ച് നടക്കുന്നത് ഉദ്യോഗസ്ഥര്‍ ചൂഷണം ചെയ്യുന്നതായി ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ മുഖപത്രമായ ഗ്രാന്‍മ ചൂണ്ടിക്കാട്ടുന്നു.

ക്യൂബയിലെ ക്ലാസിക് കാറുകള്‍: ഒരു ഡോക്യുമെന്ററി

<center><iframe width="100%" height="450" src="//www.youtube.com/embed/R-aALD7XVls" frameborder="0" allowfullscreen></iframe></center>

English summary
The communist island country of Cuba is a paradise for classic car lovers from outside the country.
Story first published: Saturday, December 21, 2013, 12:31 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more