നിങ്ങളുടെ ആഡംബരക്കാറിനടിയിലെ 'കൊളംബിയന്‍ വിപ്ലവം'!

Posted By:

പശ്ചിമബംഗാള്‍ മുതല്‍ തെലങ്കാന വരെ നീണ്ടു കിടക്കുന്ന കാടുകളില്‍ നടക്കുന്ന ഖനന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ആദിവാസികളെ സംഘടിപ്പിച്ച് മാവോയിസ്റ്റുകള്‍ നടത്തുന്ന പ്രതിരോധങ്ങളോട് ഏറ്റവും വെറുപ്പ് പുലര്‍ത്തുന്നത് രാജ്യത്തെ ഉയര്‍ന്ന ഇടത്തരക്കാര്‍ മുതല്‍ അതിസമ്പന്നര്‍ വരെയുള്ള വിഭാഗങ്ങളാണ്. രസകരമായ ഒരു സംഗതി, ഇക്കൂട്ടരുടെയെല്ലാം ഉടമസ്ഥതയിലുള്ള അത്യാഡംബര കാറുകള്‍ പ്രവര്‍ത്തിക്കുന്നതിന് ലോകത്തിന്റെ മറ്റൊരു അറ്റത്തു പ്രവര്‍ത്തിക്കുന്ന ഒരു ഇടത് ഗറില്ലാ സംഘടനയുടെ കൂടി സഹായമുണ്ട് എന്നതാണ്! കൊളംബിയന്‍ കാടുകളില്‍ നടക്കുന്ന ടങ്സ്റ്റണ്‍ ദ്രവ്യത്തിനു വേണ്ടിയുള്ള ഖനനങ്ങളുടെ ഒരു വലിയ ഭാഗവും നിയന്ത്രിക്കുന്നത് അവിടുത്തെ വിപ്ലവ ഗ്രൂപ്പായ റെവല്യൂഷണറി ആംഡ് ഫോഴ്‌സസ് ഓഫ് കൊളംബിയ (ഫാര്‍ക്) ആണ്.

1964 മുതല്‍ ഗറില്ലാ നീക്കങ്ങള്‍ നടത്തിവരുന്ന ഫാര്‍ക്, ബൊളീവറിയനിസത്തില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് വിപ്ലവ ഗറില്ലാ വിഭാഗമാണ്. കൊളംബിയന്‍ സര്‍ക്കാര്‍ ഇവരെ ഭീകരവാദികള്‍ എന്നു വിളിക്കുന്നു. ഫിലമെന്റ് ബള്‍ബുകളില്‍ ഉപയോഗിക്കുന്ന ടങ്‌സ്റ്റണ്‍ ദ്രവ്യത്തിന്റെ ഖനനം കൊളംബിയന്‍ കാടുകളില്‍ നടക്കുന്നുണ്ട്. അങ്ങേയറ്റം ഉറപ്പുള്ള ഈ ദ്രവ്യത്തിന് താപത്തെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്. എല്‍സിഡി ഡിസ്‌പ്ലേകളിലും ഇലക്ട്രോണിക്‌സ് ഉല്‍പന്നങ്ങളിലും വാഹനങ്ങളിലുമെല്ലാം ടങ്സ്റ്റണ്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.

ഫാര്‍ക്ക് നടത്തിവരുന്ന കൊളംബിയന്‍ സര്‍ക്കാരിനെതിരായ യുദ്ധത്തിന് ആവശ്യമായ പണം സ്വരൂപിക്കുന്നത് ഈ വഴിയിലൂടെയാണ്.

Tungsten Mined By Terrorists Is Used In Luxury Cars

ഉയര്‍ന്ന പ്രകടനശേഷിയുള്ള എന്‍ജിനുകളില്‍ ക്രാങ്ഷാഫ്റ്റിന്റെ പ്രവര്‍ത്തനത്തിനിടെ സംഭവിക്കുന്ന ഭാരപരമായ അസന്തുലനം തടയാനായി ടങ്സ്റ്റണ്‍ ഉപയോഗിച്ചുവരുന്നുണ്ട്. ഫാര്‍ക്ക് ഖനനം ചെയ്‌തെടുക്കുന്ന ടങ്സ്റ്റണ്‍ വ്യാപകമായി കയറ്റി അയയ്ക്കപ്പെടുന്നുണ്ട്. ഇവ നമ്മുടെയെല്ലാം ഉപയോഗത്തിലുള്ള ബിഎംഡബ്ല്യൂകളിലും മെഴ്‌സിഡിസുകളിലും ഫോക്‌സ്‌വാഗണുകളിലുമെല്ലാം ഉപയോഗിക്കുന്നുമുണ്ട്.

നിരോധിക്കപ്പെട്ട ഒരു വിപ്ലവഗ്രൂപ്പ് ഖനനം ചെയ്‌തെടുക്കുന്ന ദ്രവ്യങ്ങള്‍ ഇത്തരത്തില്‍ കയറ്റി അയയ്ക്കുന്നത് തടയാന്‍ കൊളംബിയന്‍ സര്‍ക്കാരിന് കഴിയാത്തതില്‍ പ്രതിഷേധമുണ്ട്. ഇക്കാര്യത്തില്‍ ഉടന്‍ തന്നെ നടപടികളുണ്ടാകുമെന്ന് സര്‍ക്കാര്‍ പറയുന്നുവെങ്കിലും കാര്യമായൊന്നും അവര്‍ക്ക് ചെയ്യാന്‍ കഴിയാത്ത വിധം ചിലയിടങ്ങള്‍ ഫാര്‍ക്കിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലാണ്.

English summary
A report has revealed that some of the tungsten which are used by industries come from mining areas that are controlled by Revolutionary Armed Forces of Colombia ( FARC).
Story first published: Tuesday, August 13, 2013, 10:40 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark