ഹ്യോസംഗ് 250-400 സിസി വിപണികളിലേക്ക്

Posted By:
hyosung
650 സിസി സെഗ്മെന്‍റ് തികഞ്ഞ ഏകാന്തത അനുഭവിക്കുമ്പോഴാണ് ജി ടി 650 ആര്‍ ബൈക്കുമായി ഹ്യോസംഗ് രാജ്യത്തെ വിപണിയിലേക്ക് പ്രവേശിക്കുന്നത്. ആരുമില്ലാത്തിടത്ത് ആളാവാം എന്നേ കരുതിയുള്ളൂ. അതില്‍ തെറ്റൊന്നും പറയാനുമാവില്ല. താരതമ്യേന കുറഞ്ഞ ബ്രാന്‍ഡ് മൂല്യമുള്ള ഒരു കമ്പനി ചെയ്യേണ്ടുന്നതേ ഹ്യോസംഗും ചെയ്തുള്ളൂ.

എന്നാല്‍ അത് കണ്ടു നില്‍ക്കാന്‍ പക്ഷെ, വിപണിയിലെ താപ്പാനകള്‍ തയ്യാറാകുമോ? ,കാവസാക്കിയും ഇറക്കി ഒരു 630-ന്‍റെ കാര്‍ഡ്. നിഞ്ജ 650 ആര്‍. അതും അവഗണിക്കാനാവാത്ത വിലക്കുറവില്‍. ചുരുക്കത്തില്‍, വാറ്റുചാരായത്തിന്‍റെ വീര്യമളക്കാന്‍ പിടിച്ചിട്ട തവളപ്പൊട്ടലിന്‍റെ അവസ്ഥയായി ഹ്യോസംഗിന്‍റേത്.

ഈ സന്ദര്‍ഭത്തെ തുലാസില്‍ വെച്ചുവേണം ഹ്യോസംഗിന്‍റെ പുതിയ തീരുമാനത്തെ അളക്കുവാന്‍. ഹോണ്ടയും കാവസാക്കിയും അടക്കി ഭരിക്കുന്ന വിപണിയാണ് 250 സിസി എന്നു വേണമെങ്കില്‍ പറയാം. കാവസാക്കി നിഞ്ജ 250 സിസി ഒരു പെര്‍ഫോര്‍മര്‍ എന്ന നിലയില്‍ ഭദ്രമായ അവസ്ഥയില്‍ നില്‍ക്കുന്നു.

ഹോണ്ടയുടെ സിബിആര്‍ 250 കൈയാളുന്നത് പെര്‍ഫോം അടിസ്ഥാനത്തിലുള്ള മാര്‍ക്കറ്റല്ല. ഹോണ്ട മറ്റ് നിരവധി സവിശേഷതകള്‍ കൊണ്ട് സമ്പന്നമാണ്. ഇവിടെ മറ്റൊരു ബൈക്കും കൊണ്ട് കടന്നു കയറുന്നത് സാഹസികമെന്നേ വിശേഷിപ്പിക്കാവൂ.

അതേസമയം 400 സിസി സെഗ്മെന്‍റ് ആരാലും ഗൗനിക്കപ്പെടാതെ കിടക്കുകയാണ് ഇന്ത്യയില്‍. 400 സിസി അത്ര തിരക്കേറിയ തെരുവാണെന്ന് ആര്‍ക്കും ഇതേവരെ തോന്നിയിട്ടില്ല എന്നും വേണമെങ്കില്‍ പറയാം. ഹ്യോസംഗിന്‍റെ കണക്കുകൂട്ടലുകള്‍ പക്ഷെ പിഴയ്ക്കാന്‍ ഇടയില്ല. 650 സിസിയെ തിരക്കേറിയ തെരുവാക്കി മാറ്റാന്‍ ഹ്യോസംഗിന് കഴിഞ്ഞുവല്ലോ. സുസുക്കിയുടെ വി സ്റ്റോം 650 ബൈക്കുകള്‍ അടുത്തുതന്നെ ഇന്ത്യന്‍ വിപണിയില്‍ കടക്കുമെന്ന് വാര്‍ത്തകള്‍ വരുന്നുണ്ട്.

അടുത്ത വര്‍ഷത്തിന്‍റെ അവസാനം മാത്രമേ ഹ്യോസംഗിന്‍റെ പദ്ധതികള്‍ക്ക് മൂര്‍ത്തത കൈവരൂ എന്നും അറിയിപ്പുണ്ട്. ഇതില്‍ നിന്ന് ഒരു കാര്യം കൂടി അനുമാനിക്കേണ്ടിയിരിക്കുന്നു. ഇറക്കുമതി ചെയ്ത് വിപണിയില്‍ വളരാന്‍ ഹ്യോസംഗിനെപ്പോലൊരു കമ്പനിക്ക് സാധിച്ചെന്നു വരില്ല. രാജ്യത്ത് സ്വന്തമായ പ്ലാറ്റ്ഫോം ഉണ്ടാക്കാനുള്ള ശ്രമം വരുന്ന പത്തുപതിനഞ്ച് മാസങ്ങളില്‍ ഉണ്ടാകാനിടയുണ്ട്.

നിലവില്‍ ഹ്യോസംഗിന് പൂനയില്‍ ഗാര്‍വറുമായി ചേര്‍ന്ന് ഒരു പ്ലാന്‍റ് നിലവിലുണ്ട്. 22 കോടി രൂപ മാത്രം നിക്ഷേപമുള്ള പ്ലാന്‍റില്‍ നിന്ന് ദിവസേന എട്ടോ പത്തോ ബൈക്കുകള്‍ മാത്രമാണ് പുറത്തിറങ്ങുന്നത്. ഇന്ത്യന്‍ വിപണി പോലൊരു ആനയ്ക്ക് ഹ്യോസംഗ് ഒരു അമ്പഴങ്ങ പൊലുമല്ല.

ഏതായാലും ഒന്നുറപ്പിക്കാം. സാഹസികത ഹ്യോസംഗിന്‍റെ കൂടെപ്പിറപ്പാണ്. ആരോട് ചെന്നേല്‍ക്കുവാനും ഹ്യോസംഗിന് തടിമിടുക്ക് വേണ്ട. കരളുറപ്പ് മാത്രം മതി.

English summary
hyosung enter the lower cubic capacity market specially the 250cc and the 400cc.this launch will happen next year.
Story first published: Saturday, June 25, 2011, 15:43 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark