ജിഎസ്ടി; 350 സിസി മോട്ടോര്‍സൈക്കിളുകള്‍ക്ക് വില കൂടും
ടൂവീലറുകളിന്മേലുള്ള 28 ശതമാനം ജിഎസ്ടി നിരക്ക് നിലവിലുള്ള നികുതി നിരക്കിന് തുല്യമാണ്.
ജൂലായ് ഒന്ന് മുതല്‍ നടപ്പിലാകുന്ന ചരക്ക് സേവന നികുതി നിയമത്തിന്റെ പശ്ചാത്തലത്തില്‍ മോട്ടോര്‍സൈക്കിളുകള്‍ക്ക് മേല്‍ 28 ശതമാനം നികുതി ഈടാക്കും. ടൂവീലറുകള്‍ക്കുള്ള ജിഎസ്ടി സ്ലാബില്‍ 350 സിസിയ്ക്ക് മുകളില്‍ എഞ്ചിന്‍ ശേഷിയുള്ള മോട്ടോര്‍സൈക്കിളുകളിൽ 31 ശതമാനം നികുതിയാണ് ഈടാക്കുക.

ശ്രീനഗറില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ പ്രകാരം 28 ശതമാനം നികുതിയാണ് മോപഡ് (50 സിസിയില്‍ താഴെയുള്ള മോട്ടോര്‍സൈക്കിള്‍) ഉള്‍പ്പെടെയുള്ള മോട്ടോര്‍സൈക്കിളുകള്‍ക്ക് മേല്‍ നിശ്ചയിച്ചിരിക്കുന്നത്.

350 സിസി യ്ക്ക് മുകളില്‍ എഞ്ചിന്‍ ശേഷിയുള്ള മോട്ടോര്‍സൈക്കിളില്‍ 28 ശതമാനം നികുതിക്ക് പുറമെ 3 ശതമാനം അധിക സെസും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തത്ഫലമായി ജൂലായ് ഒന്ന് മുതല്‍ 350 സിസി യ്ക്ക് മുകളിലുള്ള മോട്ടോര്‍സൈക്കിളുകള്‍ക്ക് 31 ശതമാനമായാണ് നികുതി നിജപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, ടൂവീലറുകളിന്മേലുള്ള 28 ശതമാനം ജിഎസ്ടി നിരക്ക് നിലവിലുള്ള നികുതി നിരക്കിന് തുല്യമായാണ് നിശ്ചയിച്ചിരിക്കുന്നത്.

350 സിസി മോട്ടോര്‍സൈക്കിളുകള്‍ക്ക് പുറമെ സ്വകാര്യവിമാനം, ആഢംബര നൗക, സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങള്‍ എന്നിവയ്ക്കും 28 ശതമാനം നികുതിയും മൂന്ന് ശതമാനം അധിക സെസും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നാല്മീറ്റര്‍ നീളത്തില്‍ കുറഞ്ഞ 1200 സിസി വരെയുള്ള കാറുകള്‍ക്ക് ഒരുശതമാനം അധിക സെസും, 1500 സിസി യില്‍ താഴെയുള്ള ചെറിയ ഡീസല്‍ കാറുകള്‍ക്ക് മൂന്ന് ശതമാനം സെസും പുതിയ സംവിധാനത്തില്‍ നിശ്ചയിച്ചിരിക്കുകയാണ്.

ഇടത്തരം വലിപ്പമേറിയ കാറുകള്‍, എസ്‌യുവികള്‍, ആഢംബര കാറുകള്‍, പത്തിലധികം ആളുകളെ ഉള്‍ക്കൊള്ളുന്ന ബസുകള്‍, വാനുകള്‍, 1500 സിസി യ്ക്ക് മുകളിലുള്ള ഹൈബ്രിഡ് കാറുകള്‍ എന്നിവയ്ക്ക് 15 ശതമാനം സെസാണ് ചുമത്തുക.


Click it and Unblock the Notifications








