ബെനലി BN125 -ന്റെ സ്പൈ ചിത്രങ്ങൾ പുറത്ത്
കൂടുതൽ വിശാലമായ നിലയിൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിന് ഇറ്റാലിയൻ വാഹന നിർമ്മാതാക്കളായ ബെനലി തങ്ങളുടെ ഇന്ത്യൻ വാഹന നിരയെ ശക്തമായ രീതിയിൽ പരിഷ്കരിക്കുകയാണ്.

വിപണിയിലെ കൂടുതൽ ശ്രേണികളിൽ വിവിധ മോഡലുകളെ അവതരിപ്പിച്ച് വിൽപ്പന മെച്ചപ്പെടുത്താനുള്ള ഒരുക്കത്തിലാണ് കമ്പനി. കഴിഞ്ഞ വർഷം, തങ്ങളുടെ ഏറ്റവും താങ്ങാനാവുന്ന മോഡലായ ഇംപെരിയാലെ 400 പുറത്തിറക്കിയിരുന്നു.

302S എന്ന മോഡലിനേയും നിർമ്മാതാക്കൾ ഈ വർഷം രാജ്യത്ത് എത്തിക്കും എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നിലവിൽ വിപണിയിൽ വിൽപ്പനയിലുള്ള TNT 300 -ന്റെ പകരക്കാരനായിട്ടാവും 302S എത്തുക.

അതിനു ശേഷം ഇപ്പോൾ 2020 -ൽ ബെനലി BN125 വിപണയിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് നിർമ്മാതാക്കൾ. ഇന്ത്യൻ തീരത്ത് ഇറങ്ങിയ ഈ നേക്കഡ് സ്ട്രീറ്റിന്റെ ആദ്യ ചിത്രങ്ങളാണ് ഇപ്പോൾ 91വീൽസ് വഴി പുറത്തു വന്നിരിക്കുന്നത്.

ഇന്ത്യയിലെ സൂപ്പർ ബൈക്കുകൾ ഇറക്കുമതി ചെയ്യുന്നതിനും വിൽക്കുന്നതിനും സേവനങ്ങൾ നൽകുന്നതിനും മുൻനിരക്കാരിലൊരാളായ കൗൾസൺ റേസിംഗ് ആണ് ബെനലി BN125 ന്റെ ചിത്രങ്ങൾ അപ്ലോഡ് ചെയ്തത്.

ഇത് കമ്പനിയെ പ്രതിനിധീകരിച്ചുള്ള ഔദ്യോഗിക ഇറക്കുമതിയാണോയെന്ന് വ്യക്തമായി അറിയില്ല, പക്ഷേ ഈ ചിത്രങ്ങൾ 2020 ൽ സാധ്യമായ ഒരു ലോഞ്ചിനുള്ള പ്രതീക്ഷകളെ ഉയർത്തിപ്പിടിക്കുന്നു. വിപണിയിൽ എത്തിയാൽ കെടിഎം ഡ്യൂക്ക് 125 ആയിരിക്കും ബെനലി BN125 -ന്റെ പ്രധാന എതിരാളി.

124 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് കെടിഎം ഡ്യൂക്ക് 125-ന് കരുത്തേകുന്നത്. ഇത് 9,250 rpm-ൽ 14.5 bhp കരുത്തും 8,000 rpm-ൽ 12 Nm torque ഉം ഉത്പാദിപ്പിക്കും. ആറ് സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്.

എന്നാൽ BN125 -ന് എയർ-കൂൾഡ് 125 സിസി എഞ്ചിനാണ് ലഭിക്കുന്നത്, ഇത് 11.1 bhp കരുത്തും 10 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

ഈ കണക്കുകൾ ഡ്യൂക്ക് 125 -യുമായി താരതമ്യപ്പെടുത്തുമ്പോൾ കുറവാണെങ്കിലും, എഞ്ചിൻ ശേഷിക്ക് BN125 മികച്ചതായി കാണപ്പെടുന്നു. 142 കിലോഗ്രാമാണ് മോട്ടോർ സൈക്കിളിന്റെ ആകെ ഭാരം.

മൂത്ത സഹോദരങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊള്ളുന്ന ഡിസൈനാണ് വാഹനത്തിന്, ഒപ്പം വെള്ളയും ചുവപ്പും നിറം മികച്ചതായി കാണപ്പെടുന്നു.

ഡിജിറ്റൽ കൺസോൾ, CBS അല്ലെങ്കിൽ സംയോജിത ബ്രേക്കിംഗ് സിസ്റ്റം, മുന്നിൽ 110 mm വൈഡ് ടയറും, പിന്നിൽ 130 mm ടയറും വാഹനത്തിന്റെ സവിശേഷതകളിൽ ഉൾപ്പെടുന്നു.

ചുവപ്പ് നിറത്തിൽ പൂർത്തിയാക്കിയിരിക്കുന്ന എക്‌സ്‌പോസ്ഡ് ഫ്രെയിം, സ്‌പോർടി എക്‌സ്‌ഹോസ്റ്റ്, ഇറ്റാലിയൻ മെഷീനിൽ നിന്ന് പുറത്തേക്ക് കാണുന്ന ഷാർപ്പ് ഡിസൈനിലുള്ള പിൻവശം എന്നിവ മോട്ടോർസൈക്കിളിന് മികച്ച രൂപഭാവം നൽകുന്നു. ഏകദേശം 1.3 ലക്ഷം രൂപയായിരിക്കും ബെനലിയുടെ എക്സ്-ഷോറൂം വില.


Click it and Unblock the Notifications








