ബിഎംഡബ്ല്യു R നയൻ T റോഡ്സ്റ്ററിന് റെട്രോ മേയ്ക്കോവറുമായി എൻമോടോ
2020 ൽ പുറത്തിറക്കിയ ഏറ്റവും ആകർഷകമായ മോട്ടോർസൈക്കിളുകളിൽ ഒന്നാണ് ബിഎംഡബ്ല്യു R18. ഐതിഹാസിക ബിഎംഡബ്ല്യു R5 -ന്റെ സ്റ്റൈലിംഗ് DNA പിടിച്ചെടുക്കാനും അതിന് ഒരു ആധുനിക ട്വിസ്റ്റ് നൽകാനും ബിഎംഡബ്ല്യു ഡിസൈനർമാർക്ക് കഴിഞ്ഞു.

എന്നിരുന്നാലും, ഇനിയും ഇതിൽ മെച്ചപ്പെടുത്തലുകളും കൂടുതൽ റെട്രോ ശൈലിയിൽ എന്തെങ്കിലും വേണമെന്നും നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ, യുഎസ് ആസ്ഥാനമായുള്ള എൻമോടോ ഡിസൈൻ അതിനുള്ള പരിഹാരം നൽകുന്നു.

ഇതിനായി നിങ്ങൾ ആദ്യം ചെയ്യേണ്ടത് ആദ്യം ഒരു ബിഎംഡബ്ല്യു R നയൻ T വാങ്ങുക എന്നതാണ്. കസ്റ്റം ബൈക്ക് നിർമ്മാതാക്കൾ ഈ റോഡ്സറ്ററിനെ അടിമുടി മാറ്റാനായി ഒരു ബോൾട്ട്-ഓൺ കിറ്റ് സൃഷ്ടിച്ചിരിക്കുന്നു.

2018 -ൽ പുറത്തിറക്കിയ അതിശയകരമായ എൻമോടോ നൊസ്റ്റാൾജിയയെ അടിസ്ഥാനമാക്കിയാണ് പുതിയ കിറ്റ് ഒരുക്കിയിരിക്കുന്നത്.

നൊസ്റ്റാൾജിയ അതിമനോഹരമായ ബിഎംഡബ്ല്യു R7 -ന് ആദരവ് നൽകുന്നു. മാത്രമല്ല ഇത് ഞങ്ങളുടെ അഭിപ്രായത്തിൽ മികച്ച കസ്റ്റമൈസ്ഡ് ബിഎംഡബ്ല്യു ബൈക്ക് നിർമ്മിതികളിൽ ഒന്നായി തുടരുന്നു.

നൊസ്റ്റാൾജിയ 49,500 ഡോളർ (36.50 ലക്ഷം രൂപ) വിലയുമായി വന്നപ്പോൾ, ബിഎംഡബ്ല്യു R നയൻ T -യുടെ പുതിയ ബോൾട്ട് ഓൺ കിറ്റിന് 6,950 ഡോളർ (5.12 ലക്ഷം രൂപ) വിലയിൽ വരുന്നു.

കസ്റ്റം കിറ്റ് നേരിട്ട് യോജിക്കുന്നതാണെന്നും ഉടമകൾക്ക് ഇത് ഘടിപ്പിക്കാൻ മോട്ടോർസൈക്കിളിലെ ഏതെങ്കിലും ഘടകങ്ങൾ ഡ്രില്ല് ചെയ്യുകയോ പരിഷ്‌ക്കരിക്കുകയോ വേണ്ട എന്ന് എൻമോട്ടോ ഡിസൈൻ അവകാശപ്പെടുന്നു.

പുതിയ കിറ്റിനായുള്ള വിൽപ്പന 2020 ഒക്ടോബറിൽ ആരംഭിക്കും, കൂടാതെ യൂറോപ്പിലെ തിരഞ്ഞെടുത്ത ബിഎംഡബ്ല്യു മോട്ടോറാഡ് ഡീലർഷിപ്പുകളിലും ഇത് ലഭ്യമാകും.

ഞങ്ങളുടെ അഭിപ്രായത്തിൽ ബിഎംഡബ്ല്യു R നയൻ T നിലവിൽ വിൽപനയ്‌ക്കെത്തുന്ന ഏറ്റവും സവിശേഷമായ മോട്ടോർസൈക്കിളുകളിലൊന്നാണ്, കൂടാതെ നോസ്റ്റാൾജിയ കിറ്റ് അതിന്റെ വിഷ്വൽ അപ്പീലിനെ ഒരു പുതിയ തലത്തിലേക്ക് കൊണ്ടുപോകുന്നു.

110 bhp കരുത്തും 116 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1,170 സിസി ബോക്‌സർ എഞ്ചിനാണ് ബിഎംഡബ്ല്യു R നയൻ T -യുടെ ഹൃദയം.

ബിഎംഡബ്ല്യു റോഡ്‌സ്റ്റർ ബിഎസ് VI എമിഷൻ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ നിലവിൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിയിട്ടില്ല. എന്നിരുന്നാലും, റോഡ്‌സ്റ്റർ 2021 -ൽ തിരിച്ചുവരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








