തമിഴ്‌നാട്ടില്‍ വന്‍ ഫാക്ടറി തുറന്നു; Ather-നെ ഇനി പിടിച്ചാല്‍ കിട്ടൂലാ...

ബെംഗളൂരു ആസ്ഥാനമായ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജി തങ്ങളുടെ രണ്ടാമത്തെ വാഹന നിര്‍മാണശാല തമിഴ്‌നാട്ടിലെ ഹൊസൂരില്‍ ആരംഭിച്ചു. 3,00,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയിലുള്ള പുതിയ ഫാക്ടറി വരുന്നതോടെ പ്രതിവര്‍ഷം 420,000 യൂണിറ്റ് ഉല്‍പാദനം നടത്താനാകും.

മൊത്തം 320 കോടി രൂപയാണ് നിക്ഷേപം. ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളാണ് ഏഥര്‍. കമ്പനിയുടെ സ്‌കൂട്ടറുകള്‍ ഇന്ത്യയില്‍ മികച്ച വില്‍പ്പനയാണ് നേടുന്നത്. നിരവധി ആളുകളാണ് ഈ കമ്പനിയുടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാങ്ങുന്നുണ്ട്. കമ്പനിക്ക് നേരത്തെ കര്‍ണാടക തലസ്ഥാനമായ ബെംഗളൂരുവില്‍ ഒരു പ്ലാന്റ് ആയിരുന്നു സ്വന്തമായുണ്ടായിരുന്നത്.

ഈ സാഹചര്യത്തില്‍, കമ്പനി ഒരു വലിയ പ്ലാന്റ് നിര്‍മ്മിക്കാനും അതിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കാനും തീരുമാനിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തമിഴ്നാട്ടിലെ ഹൊസൂരില്‍ പുതിയ പ്ലാന്റ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഏകദേശം 3 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ഈ പ്ലാന്റ് ഇവിടെ നിര്‍മ്മിച്ചിരിക്കുന്നത്. ഈ പ്ലാന്റില്‍ നിന്ന് പ്രതിവര്‍ഷം 4.2 ലക്ഷം വാഹനങ്ങള്‍ നിര്‍മ്മിക്കാനും വില്‍ക്കാനുമാണ് ഇവി സ്റ്റാര്‍ട്ടപ്പ് പദ്ധതിയിടുന്നത്. ഹൊസൂരില്‍ കമ്പനി സ്ഥാപിക്കുന്ന പ്ലാന്റില്‍ ആകെ 2 യൂണിറ്റുകള്‍ പ്രവര്‍ത്തിക്കും.

ഒരു യൂണിറ്റ് ബാറ്ററി നിര്‍മ്മാണത്തിനും മറ്റൊരു യൂണിറ്റ് വാഹന നിര്‍മ്മാണത്തിനും പൂര്‍ണ്ണമായും സജ്ജമാണ്. ബാറ്ററി യൂണിറ്റില്‍ ആകെ 5 അസംബ്ലി ലൈനുകളും വാഹന നിര്‍മ്മാണ യൂണിറ്റില്‍ 2 അസംബ്ലി ലൈനുകളും ഉണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിക്ക് കീഴിലാണ് ഏഥര്‍ ഈ പ്ലാന്റ് നിര്‍മ്മിച്ചിരിക്കുന്നത്. അതായത് ഈ പ്ലാന്റിന് ആവശ്യമായ എല്ലാ അസംസ്‌കൃത വസ്തുക്കളും ഇന്ത്യയിലെ കമ്പനികളില്‍ നിന്ന് വാങ്ങാന്‍ അവര്‍ തീരുമാനിച്ചു.

ഇതുമൂലം നിരവധി ചെറുകിട കമ്പനികള്‍ക്ക് ഈ പ്ലാന്റിന്റെ പ്രയോജനം ലഭിക്കും. ഏഥറിന്റെ പുതിയ പ്ലാന്റ് ടെസ്റ്റിംഗ് ആന്‍ഡ് സിമുലേഷന്‍, പ്രോസസ്സ്, ഫീല്‍ഡ് ഡേറ്റ എന്നിവ സമന്വയിപ്പിക്കുന്ന 4.0 സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഇതോടെ ഈ പ്ലാന്റില്‍ പരീക്ഷണ സമയം 10 മടങ്ങും ജോലി സമയം 4 മടങ്ങും കുറയും. നിലവില്‍ ഏഥര്‍ കമ്പനിയുടെ ഓരോ സ്‌കൂട്ടറും 1500 ടെസ്റ്റുകളിലൂടെ കടന്ന് പോയിട്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. കൂടാതെ ഈ പ്ലാന്റ് മലിനീകരണ മാനദണ്ഡങ്ങളെല്ലാം കൃത്യമായി പാലിക്കുന്നു.

അതേസമയം തന്നെ ഒരു തുള്ളി വെള്ളം പോലും പാഴാക്കുന്നില്ല. ഉപയോഗിച്ച വെള്ളം ശുദ്ധീകരിച്ച് പുനരുപയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി പ്ലാന്റിനുള്ളില്‍ ജലശുദ്ധീകരണ, പുനരുപയോഗ യന്ത്രങ്ങള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇനി മുതല്‍ കമ്പനി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. നേരത്തെ ഇന്ത്യയിലെ മറ്റൊരു ഇലക്ട്രിക് വാഹന നിര്‍മാതാക്കളും തമിഴ്‌നാട്ടില്‍ വാഹന നിര്‍മാണ പ്ലാന്റ് സ്ഥാപിച്ചിരുന്നു. ഓലക്കൊപ്പം ഇപ്പോള്‍ ഏഥര്‍ കൂടി എത്തിയത് സംസ്ഥാനത്തിന്റെ വ്യവസായിക മേഖലക്ക് കൂടുതല്‍ കരുത്ത് പകരും.

450, 450X എന്നിങ്ങനെ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഏഥര്‍ ഇപ്പോള്‍ വിപണിയില്‍ എത്തിക്കുന്നത്. ഭാവിയില്‍ ഏഥര്‍ നിരവധി പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിപണിയില്‍ കൊണ്ടുവരുമെന്നാണ് വാഹനപ്രേമികള്‍ പ്രതീക്ഷിക്കുന്നത്. 2023 മാര്‍ച്ചോടെ 100 നഗരങ്ങളിലായി 150 എക്‌സ്പീരിയന്‍സ് സെന്ററുകള്‍ തുറക്കാനാണ് ഏഥര്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം, ഏഥര്‍ തങ്ങളുടെ ചാര്‍ജിംഗ് ശൃംഖലയും കൂടുതല്‍ വിപുലീകരിക്കാനുള്ള ശ്രമത്തിലാണവര്‍ രാജ്യത്തുടനീളം ഇതിനകം 500 ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഏഥര്‍ സ്ഥാപിച്ച് കഴിഞ്ഞിട്ടുണ്ട്.

ഈ എണ്ണം ഉടന്‍ പല മടങ്ങ് വര്‍ദ്ധിപ്പിക്കാനാണ് അവരുടെ പദ്ധതികള്‍. 2023 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ 1,400 ഏഥര്‍ ഗ്രിഡുകള്‍ സ്ഥാപിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. കഴിഞ്ഞ മാസം 8,213 യൂണിറ്റുകള്‍ വിതരണം ചെയ്തുകൊണ്ട് കമ്പനി എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ വില്‍പ്പന രേഖപ്പെടുത്തിയിരുന്നു. കേരളം, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ വിപണികളില്‍ നിന്നാണ് ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് നല്ല ആവശ്യക്കാരുള്ളത്. തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കൂടുതല്‍ താങ്ങാനാവുന്നതും സാധ്യതയുള്ള ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനുമായി ഏഥര്‍ അടുത്തിടെ ഐഡിഎഫ്സി ബാങ്കുമായി കൈകോര്‍ത്തിരുന്നു.

മുഴുവന്‍ തുകയും അടച്ച് ഇലക്ട്രിക് വാഹനം സ്വന്തമാക്കാന്‍ കഴിയാത്ത ഉപയോക്താക്കള്‍ക്കായി വായ്പാ സൗകര്യം ഒരുക്കുകയാണ് പങ്കാളിത്തത്തിലൂടെ കമ്പനി ലക്ഷ്യമാക്കുന്നത്. ഈ പദ്ധതിയിലൂടെ ഉപഭോക്താക്കള്‍ക്ക് അതത് നഗരത്തില്‍ ബാധകമായ ഓണ്‍-റോഡ് വിലയുടെ അഞ്ച് ശതമാനം ഡൗണ്‍ പേയ്മെന്റോടെ ഒരു ഏഥര്‍ 450X അല്ലെങ്കില്‍ 450 പ്ലസ് വാങ്ങാനുള്ള സൗകര്യം ലഭിക്കും. ഇലക്ട്രിക് ടൂവീലര്‍ വിഭാഗത്തിന് ആദ്യമായാണ് ഐഡിഎഫ്‌സി 48 മാസത്തെ വായ്പാ കാലാവധിയില്‍ഈ വാഗ്ദാനം നല്‍കുന്നത്.

സ്‌കൂട്ടറുകള്‍ക്ക് 48 മാസത്തെ കാലാവധി ലഭിക്കുന്ന ആദ്യത്തെ ഒഇഎം ആയി ഏഥര്‍ മാറി. ഉപഭോക്താക്കള്‍ക്ക് 45 മിനിറ്റിനുള്ളില്‍ സീറോ പ്രോസസിംഗ് ഫീ ഉപയോഗിച്ച് അംഗീകാരം നേടാനാകുമെന്നതും ഇതിനൊപ്പമുള്ള മറ്റൊരു മെച്ചമാണ്. സ്വന്തമായുള്ള വാഹനം എക്‌സ്‌ചേഞ്ച് ചെയ്യാൻ ഉദ്ദേശിക്കുന്നവര്‍ക്കും ഈ സ്‌കീം സഹായകമാണ്. സീറോ ഡൗണ്‍ പേയ്മെന്റില്‍ അവരുടെ പഴയ സ്‌കൂട്ടറുകളോ മോട്ടോര്‍സൈക്കിളുകളോ എക്‌സ്‌ചേഞ്ച് ചെയ്ത് പുതു പുത്തന്‍ ഏഥര്‍ സ്‌കൂട്ടര്‍ വീട്ടിലെത്തിക്കാനാണ് അവസരം ഒരുങ്ങുന്നത്. പുതിയ പുതിയ കമ്പനികൾ ഇവി മേഖലയിലേക്ക് രംഗപ്രവേശനം ചെയ്തതോടെ വ്യത്യസ്തമായ വിപണന തന്ത്രങ്ങൾ ആവിഷ്‌കരിക്കുകയാണ് നിർമാതാക്കൾ.

Most Read Articles

Malayalam
English summary
Ather energy open its second production facility in tamil nadu to fulfil rising demand
Story first published: Thursday, November 24, 2022, 15:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X