ഹീറോ തൊഴിലാളികള്‍ നിശ്ശബ്ദസമരത്തില്‍

By: സന്ദീപ് കരിയന്‍

ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇന്ത്യയിലെ എല്ലാ ഓട്ടോമൊബൈല്‍ കമ്പനികളും തൊഴില്‍പരമായ ചൂഷണങ്ങള്‍ തുടര്‍ന്നുവരികയാണ്. ദീര്‍ഘകാലമായി നടന്നുവരുന്ന ഈ ചൂഷണങ്ങള്‍, കമ്പനികളില്‍ നിന്നുള്ള പരസ്യം കൊണ്ട് നിലനിന്നുപോകുന്ന മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത് വളരെ അപൂര്‍വ്വമാണ്. പുറത്തുവരുന്ന വാര്‍ത്തകള്‍ മിക്കപ്പോഴും തൊഴിലാളികളെ അക്രമികളായി ചിത്രീകരിക്കുന്നതായിരിക്കും. 4500 രൂപ മുതല്‍ 6500 രൂപ വരെയുള്ള ശമ്പളത്തിന് ഒഴിവുസമയങ്ങളില്ലാതെയും ഒരു തൊഴിലാളിക്ക് ലഭിക്കേണ്ടുന്ന നിയമപരമായ ആനുകൂല്യങ്ങള്‍ ലഭിക്കാതെയും കടുത്ത ഷെഡ്യൂളില്‍ കരാര്‍ പണിയെടുക്കുന്നവരെ കൊടും പാതകികളായാണ് ന്യൂസ്റൂമുകളില്‍ കീഴ്‍ശ്വാസം വിട്ടിരിക്കുന്നവര്‍ കാണുന്നത്.

മാരുതി സുസൂക്കിയുടെ മനെസര്‍ പ്ലാന്‍റില്‍ ദീര്‍ഘകാലം നീണ്ടുനിന്ന തൊഴില്‍സമരത്തിന്‍റെ കാര്യത്തിലും മാധ്യമങ്ങളും സര്‍ക്കാരും ഇതേ നിലപാട് തന്നെയാണ് പിന്തുടര്‍ന്നുവന്നത്. സമ്മര്‍ദ്ദ തന്ത്രങ്ങള്‍ പയറ്റി തൊഴില്‍ സമരത്തെ പരാജയപ്പെടുത്താനാണ് എപ്പോഴും കമ്പനികള്‍ ശ്രമിച്ചുവന്നു.

To Follow DriveSpark On Facebook, Click The Like Button
Strike

(Image Source)

ഈ സാഹചര്യത്തിലാണ് ഹരിയാണയിലെ ഗുഡ്ഗാവില്‍ സ്ഥിതി ചെയ്യുന്ന ഹീറോ മോട്ടോകോര്‍പ് പ്ലാന്‍റിലെ 1500ളം വരുന്ന തൊഴിലാളികളുടെ സമരം ശ്രദ്ധേയമാകുന്നത്. പണിമുടക്ക് പ്രഖ്യാപിക്കാതെ 'നിശ്ശബ്ദസമരം' നടത്തുകയാണ് തൊഴിലാളികള്‍. സമരത്തിലാണെന്ന് സൂചിപ്പിക്കുന്ന ബാഡ്ജ് ധരിച്ച് തൊഴില്‍ശാലയിലെത്തുകയാണ് തൊഴിലാളികള്‍ ഇപ്പോള്‍. കമ്പനി നല്‍കുന്ന ചായയും കടിയും തൊഴിലാളികള്‍ നിഷേധിക്കുന്നു. തൊഴിലുടമയെക്കൊണ്ട് വേഗത്തില്‍ തീരുമാനമെടുപ്പിക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ക്ക് തൊഴിലാളി സംഘടനകള്‍ ധൈര്യപ്പെടാത്ത സ്ഥിതിവിശേഷത്തിലേക്ക് കാര്യങ്ങളെത്തിയിരിക്കുന്നു.

തൊഴിലാളികളുടെ ആവശ്യങ്ങളോട് കഴിഞ്ഞ മൂന്നു വര്‍ഷമായി ഹീറോ പുറം തിരിഞ്ഞുനില്‍ക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വാഹനത്തിന്‍റെ വില ഓരോരോ ന്യായങ്ങള്‍ പറഞ്ഞ് കൂട്ടുന്നതില്‍ വാഹന നിര്‍മാതാക്കള്‍ മത്സരിക്കുമ്പോഴും അവ നിര്‍മിക്കുന്നവര്‍ക്ക് കഞ്ഞികുടിച്ചുപോകാനുള്ള വകപോലും ശമ്പളമായി ലഭിക്കാത്ത അവസ്ഥയാണുള്ളത്.

ഇത്രമാത്രം സമാധാനപരമായി സമരം നടത്തിയിട്ടും മാധ്യമങ്ങള്‍ തൊഴിലാളികള്‍ക്ക് എതിരായ രീതിയിലാണ് വാര്‍ത്തകള്‍ കൊടുക്കുന്നത്. ശമ്പളത്തില്‍ വന്‍ വര്‍ധന ആവശ്യപ്പെടുന്നു, മൂന്നുമടങ്ങ് വര്‍ധന ആവശ്യപ്പെടുന്നു എന്നെല്ലാമാണ് തലക്കെട്ടുകള്‍.

6500 രൂപ വരെ ശമ്പളം വര്‍ധിപ്പിക്കാമെന്നാണ് കമ്പനിയുടെ നിലപാട്. എന്നാല്‍ തലസ്ഥാനപ്രദേശത്തെ കൂടിയ ജീവിതച്ചെലവുകളെക്കുറിച്ച് യാതൊരു വെളിവുമില്ലാതെയാണ് ഇത്തരമൊരു വാഗ്ദാനം കമ്പനി മുമ്പോട്ടു വെക്കുന്നതെന്ന് ഹീറോ മോട്ടോകോര്‍പ് വര്‍ക്കേഴ്സ് യൂണിയന്‍ നേതാവ് കവല്‍പ്രീത് സിംങ് പറയുന്നു.

2012 ഓഗസ്റ്റ് മുതല്‍ കമ്പനിയുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. കമ്പനിയുടെ ചായകുടിക്കാതിരുന്നതുകൊണ്ടുമാത്രം വലിയ പുരോഗതിയൊന്നും സമരത്തിനുണ്ടായിട്ടില്ലെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

English summary
Hero MotoCorp's workers at its plants in Gurgaon, Haryana are demanding increased wages by up to Rs.18,000.
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark