സ്‌പെയര്‍ പാര്‍ട്‌സുകള്‍ അമിതനിരക്കില്‍; കൊച്ചിയിലെ പ്രമുഖ ഡീലര്‍മാര്‍ക്ക് എതിരെ നടപടി

Written By:

പുതിയ വാഹനങ്ങളെ പോലും തിരികെ ഷോറൂമുകളിലും ഔദ്യോഗിക സര്‍വീസ് സെന്ററുകളിലും കൊണ്ട് പോകാന്‍ ഇന്ന് മിക്കവരും മടിക്കുകയാണ്. കാരണം എന്തെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?

'തൊട്ടാല്‍ പൊള്ളുന്ന വിലയാണ് കമ്പനി പാര്‍ട്‌സുകള്‍ക്ക്', 'സര്‍വീസ് സെന്ററിലെ സര്‍വീസ് ചാര്‍ജ് കീശ കാലിയാക്കും' - ഇത്തരം പ്രതികരണങ്ങള്‍ തന്നെ പറയുന്നു ഒരായിരം അനുഭവങ്ങള്‍.

ഷോറൂമുകളിലെയും, ഔദ്യോഗിക സര്‍വീസ് സെന്ററുകളിലെയും സര്‍വീസ് ചാര്‍ജ്ജ് എന്ന അമിത നിരക്കിനെ കുറിച്ച് പരാതിപ്പെടാത്ത വാഹന ഉപഭോക്താക്കള്‍ ഇന്ന് ഇന്ത്യയില്‍ ചുരുക്കമായിരിക്കും.

ശരിക്കും ഷോറൂമുകളും, സര്‍വീസ് സെന്ററുകളും ഈടാക്കുന്ന നിരക്ക് ന്യായമാണോ? ഇന്നും ഈ വിഷയം ചൂടേറിയ ചര്‍ച്ചാവിഷയങ്ങളില്‍ ഒന്നാണ്.

ഇതിനിടയിലേക്കാണ് കഴിഞ്ഞ ദിവസം കേരളത്തിലെ ഷോറൂം-സര്‍വീസ് സെന്ററുകളില്‍ ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ റെയ്ഡുകളും കണ്ടെത്തലുകളും ശ്രദ്ധ നേടുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച കൊച്ചിയിലും തൃശ്ശൂരിലും ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ പുറത്ത് വന്നത് സ്‌പെയര്‍ പാര്‍ട്‌സുകള്‍ക്ക് അമിത നിരക്ക് ഈടാക്കുന്ന ഷോറൂം-സര്‍വീസ് സെന്റര്‍ യാഥാര്‍ത്ഥ്യങ്ങളാണ്.

സ്‌പെയര്‍ പാര്‍ട്‌സുകളില്‍ അമിത നിരക്ക് ഈടാക്കുന്നതിന് പുറമെ, എംആര്‍പി ടാഗിലാതെയാണ് ഇവര്‍ കാര്‍ ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് എന്നും പരിശോധനയില്‍ കണ്ടെത്തി.

കൊച്ചിയിലെ രാജശ്രീ മോട്ടോര്‍സ്, പെനിന്‍സുലര്‍ ഹോണ്ട, തൃശ്ശൂരിലെ പിന്നക്കിള്‍ ഹ്യുണ്ടായ് എന്നിവര്‍ക്ക് എതിരെയാണ് ലീഗല്‍ മെട്രോളജി വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സ്‌പെയര്‍ പാര്‍ട്‌സുകള്‍ക്ക് മേല്‍ അമിത നിരക്ക് ഷോറൂമുകള്‍ ഈടാക്കുന്നൂവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ലീഗല്‍ മെട്രോളജി വകുപ്പ് മിന്നല്‍ പരിശോധന നടത്തിയത്.

കൊച്ചിയില്‍ മെര്‍സിഡീസ് ബെന്‍സിന്റെ ഡീലറായ രാജശ്രീ മോട്ടോര്‍സ് ഉത്പന്നങ്ങള്‍ക്ക് മേല്‍ അമിത നിരക്കാണ് ഈടാക്കിയിരുന്നതെന്ന് ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ ആര്‍ രാംമോഹന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

17996 രൂപ നിരക്കിലുള്ള ഫ്യൂവല്‍ ഫില്‍ട്ടറുകള്‍ക്ക് ഇവര്‍ ഈടാക്കിയിരുന്നത് 19524 രൂപയാണ്.

അത് പോലെ തന്നെ 14501 രൂപ നിരക്കിലുള്ള ബ്രേക്ക് പാഡുകളെ 17710 രൂപ വിലയിലാണ് രാജശ്രീ മോട്ടോര്‍സ് വില്‍പന നടത്തിയിരുന്നത്.

അതേസമയം, പഴയ സ്‌പെയര്‍ പാര്‍ട്‌സ് സ്റ്റോക്കുകള്‍ക്ക് മേല്‍ പുതിയ എംആര്‍പി ടാഗുകള്‍ നല്‍കിയാണ് പെനിന്‍സുലാര്‍ ഹോണ്ട അമിത നിരക്ക് ഈടാക്കിയത്.

8200 രൂപ നിരക്കിലുള്ള ഹെഡ്‌ലാമ്പ് അസംബിളിന് പുതുക്കിയ നിരക്കില്‍ ഇവര്‍ ഈടാക്കിയത് 9100 രൂപയാണ്.

പിന്നക്കിള്‍ ഹ്യുണ്ടായിയില്‍, സ്‌പെയര്‍ പാര്‍ട്‌സുകള്‍ക്ക് എംആര്‍പി പ്രൈസ് ടാഗ് പോലും നല്‍കാതെയാണ് വില്‍പന നടത്തിയതെന്നും ആര്‍ രാംമോഹന്‍ കൂട്ടിച്ചേര്‍ത്തു.

ആഢംബര കാര്‍ ഡീലര്‍മാരായ ഇവര്‍ക്ക് എതിരെ തുടര്‍ച്ചയായി പരാതികള്‍ ലഭിച്ചിരുന്നൂവെന്ന് ലീഗല്‍ മെട്രോളജി വകുപ്പ് പറയുന്നു.

വരുംദിവസങ്ങളില്‍ കേരളത്തില്‍ ഉടനീളമുള്ള ഡീലര്‍ഷിപ്പുകളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് ലീഗല്‍ മെട്രോളജി വകുപ്പ് സൂചിപ്പിച്ചു.

എന്നാല്‍, രാജ്യത്തുടനീളമുള്ള സ്‌പെയര്‍ പാര്‍ട്‌സുകളുടെയും വില കമ്പനിയാണ് നിശ്ചയിക്കുന്നതെന്ന് രാജശ്രീ മോട്ടോര്‍സിന്റെ സര്‍വീസ് സംഘം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു.

കഴിഞ്ഞ വര്‍ഷത്തെ സ്റ്റോക്കാണ് ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധിച്ചതെന്നും, 2017 ജനുവരി മുതല്‍ വിലവര്‍ധനവ് പ്രാബല്യത്തില്‍ വന്നൂവെന്നും രാജശ്രീ മോട്ടോര്‍സ് വ്യക്തമാക്കി.

തങ്ങള്‍ 40 ശതമാനം ഡിസ്‌കൗണ്ട് നിരക്കിന്മേലാണ് പഴയ സ്റ്റോക്ക് വില്‍ക്കുന്നതെന്നും യഥാര്‍ത്ഥത്തില്‍ എംആര്‍പിയിലും കുറഞ്ഞ നിരക്കിലാണ് സ്‌പെയര്‍ പാര്‍ട്‌സുകളുടെ വില്‍പന നടത്തുന്നതെന്നും കമ്പനി എക്‌സിക്യൂട്ടീവ് വിഷയത്തില്‍ പ്രതികരിച്ചു.

നിര്‍മ്മാതാക്കളില്‍ നിന്നും ലഭിച്ച പുതുക്കിയ വിലകളുടെ അടിസ്ഥാനത്തിലാണ് തങ്ങള്‍ സ്‌പെയര്‍ പാര്‍ട്‌സുകളുടെ വില്‍പന നടത്തിയതെന്നും നിയമലംഘനമുണ്ടായിട്ടില്ലെന്നും പെനിന്‍സുലാര്‍ ഹോണ്ട വ്യക്തമാക്കി.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

English summary
Spare parts sold in overcharged price. Metrology Department raided three dealers in Kerala. Read in Malayalam.
Please Wait while comments are loading...

Latest Photos