വിദേശത്ത് കൂടുതൽ വിറ്റുപോകുന്ന 'ഇന്ത്യൻ കാർ' സ്വിഫ്റ്റും വെർണയുമൊന്നുമല്ല; ഈ പുതുമുഖത്തെ ചിന്തിച്ച് കാണില്ല
ഇന്ത്യന്‍ നിരത്തുകളില്‍ വിസ്മയം തീര്‍ത്ത മെയിഡ് ഇന്‍ ഇന്ത്യ കാറുകളില്‍ പലതും ഇന്ന് ആഗോള വിപണികളിലെയും താരങ്ങളാണ്. കടല്‍ കടന്ന് വിദേശ രാജ്യങ്ങളിലെ റോഡുകളില്‍ കുതിച്ചുപായുന്ന ഇന്ത്യന്‍ നിര്‍മ്മിത വാഹനങ്ങളുടെ കയറ്റുമതിയില്‍ റെക്കോഡ് നേട്ടവുമായാണ് 2025-2026 സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ പോകുന്നത്. 2025 ഏപ്രില്‍ 2025 മുതല്‍ 2026 ഫെബ്രുവരി 2026 വരെയുള്ള 11 മാസ കാലയളവില്‍ ആകെ 8,13,919 പാസഞ്ചര്‍ വാഹനങ്ങളാണ് ഇന്ത്യയില്‍ നിന്ന് വിദേശ വിപണികളിലേക്ക് കയറ്റി അയച്ചതെന്ന് ഓട്ടോപണ്ഡിറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 19 ശതമാനത്തിന്റെ മികച്ച വളര്‍ച്ചയാണ് ഈ മേഖലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
കയറ്റുമതി വിപണിയിലെ രാജാവായി മാരുതി സുസുക്കി തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 3,88,591 യൂണിറ്റുകള്‍ കയറ്റുമതി ചെയ്ത മാരുതി 34.4 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്. ഇതോടെ ഇന്ത്യയുടെ മൊത്തം വാഹന കയറ്റുമതിയുടെ 47.7 ശതമാനം വിഹിതവും മാരുതിയുടെ കൈകളിലായി. ഹ്യുണ്ടായി 1,76,185 യൂണിറ്റുകളുമായി രണ്ടാം സ്ഥാനത്തുണ്ട്.

മോഡല്‍ തിരിച്ചുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മാരുതി സുസുക്കി ഫ്രോങ്ക്‌സ് (Fronx) ആണ് ഒന്നാമത്. ഏകദേശം 82,384 യൂണിറ്റ് വില്‍പ്പനയുമായി 33.8 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ഈ കോംപാക്ട് എസ്യുവി നേടിയത്. ജപ്പാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഫ്രോങ്ക്‌സിന് ലഭിക്കുന്ന വന്‍ സ്വീകാര്യതയാണ് ഈ നേട്ടത്തിന് പ്രധാന കാരണം. ഇന്ത്യക്കാര്‍ വേണ്ടവിധം ഗൗനിക്കാത്ത മാരുതി സുസുക്കി ജിംനിയാണ് രണ്ടാമത്.
65471 യൂണിറ്റ് വില്‍പ്പനയുമായി മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 49.3 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ജിംനി നേടിയത്. അഞ്ചാം സ്ഥാനത്തുള്ള സ്വിഫ്റ്റും (49319 യൂണിറ്റ്) എട്ടാമതുള്ള ബലേനോയും (37409 യൂണിറ്റ്) ഒമ്പതാമതുള്ള ഡിസയറുമാണ് (37285 യൂണിറ്റ്) ടോപ് 10 പട്ടികയിലുള്ള മറ്റ് മൂന്ന് മാരുതി മോഡലുകള്‍.

സെഡാന്‍ വിഭാഗത്തില്‍ ഹ്യുണ്ടായി വെര്‍ണ ആഗോളതലത്തില്‍ തരംഗമായി തുടരുകയാണ്. പട്ടികയില്‍ മൂന്നാമതാണ് വെര്‍ണ. മാത്രമല്ല, ഹ്യുണ്ടായി ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ മൂന്നിലൊന്നും വെര്‍ണയാണ്. 59872 യൂണിറ്റ് വെര്‍ണയാണ് കഴിഞ്ഞ ഏപ്രില്‍ മുതല്‍ കഴിഞ്ഞ മാസം വരെ വിറ്റത്. മിഡില്‍ ഈസ്റ്റ്, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വെര്‍ണയ്ക്കുള്ള ജനപ്രീതിയാണ് ഈ നേട്ടത്തിന് പിന്നില്‍.
ഹ്യുണ്ടായിയുടെ തന്നെ ഗ്രാന്‍ഡ് i10 നിയോസ്, ഓറ എന്നീ മോഡലുകളും വിദേശ വിപണികളില്‍ മികച്ച മുന്നേറ്റം നടത്തുന്നുണ്ട്. 48108 യൂണിറ്റ് വില്‍പ്പനയുമായി ഗ്രാന്‍ഡ് i10 ആറാം സ്ഥാനത്തും. 37840 യൂണിറ്റുമായി ഓറ ഏഴാം സ്ഥാനത്തുമുണ്ട്. നിസാന്‍ മോട്ടോര്‍സിനും ഈ വര്‍ഷം കയറ്റുമതിയില്‍ വലിയ നേട്ടമുണ്ടാക്കാന്‍ സാധിച്ചു. നിസാന്‍ മാഗ്‌നൈറ്റ് (Magnite) കയറ്റുമതിയില്‍ 152 ശതമാനം എന്ന വളര്‍ച്ച രേഖപ്പെടുത്തി വിസ്മയമായി.

ഏറ്റവും കൂടുതല്‍ കയറ്റി അയക്കപ്പെട്ട കാറുകളുടെ പട്ടികയില്‍ മാഗനൈറ്റ് നാലാമതാണ്. മുന്‍ സാമ്പത്തിക വര്‍ഷത്തെ 20434 യൂണിറ്റില്‍ നിന്ന് 51501 യൂണിറ്റിലേക്കാണ് മാഗ്‌നൈറ്റിന്റെ കയറ്റുമതി കുതിച്ചുയര്‍ന്നത്. ആസിയാന്‍ (ASEAN) ആഫ്രിക്കന്‍, വിപണികളില്‍ മാഗ്‌നൈറ്റിന്റെ ഡിമാന്‍ഡ് വര്‍ദ്ധിച്ചതോടെ നിസാന്‍ കയറ്റുമതി പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 76,427 യൂണിറ്റുകളാണ് നിസാന്‍ ഇതുവരെ വിദേശത്തേക്ക് അയച്ചത്.
ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ 42.1 ശതമാനം വളര്‍ച്ചയോടെ കയറ്റുമതിയില്‍ അഞ്ചാം സ്ഥാനത്തെത്തി. ടൊയോട്ട ഹൈറൈഡറാണ് ഇവരുടെ പ്രധാന കയറ്റുമതി മോഡല്‍. 36785 യൂണിറ്റുമായി 41.7 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ജാപ്പനീസ് ഹൈബ്രിഡ് എസ്‌യുവി നേടിയത്. ടോപ് 10 പട്ടികയില്‍ അവസാ സ്ഥാനത്താണ് ഹൈറൈഡര്‍.
| Rank | OEM | Model | Apr'25-Feb'26 | Apr'24-Feb'25 | YOY |
|---|---|---|---|---|---|
| 1 | Maruti Suzuki | Fronx | 82,384 | 61,579 | 33.8% |
| 2 | Maruti Suzuki | Jimny | 65,471 | 43,860 | 49.3% |
| 3 | Hyundai | Verna | 59,872 | 47,342 | 26.5% |
| 4 | Nissan | Magnite | 51,501 | 20,434 | 152.0% |
| 5 | Maruti Suzuki | Swift | 49,319 | 31,290 | 57.6% |
| 6 | Hyundai | Grand i10 | 48,108 | 41,005 | 17.3% |
| 7 | Hyundai | Aura | 37,840 | 28,958 | 30.7% |
| 8 | Maruti Suzuki | Baleno | 37,409 | 39,212 | -4.6% |
| 9 | Maruti Suzuki | Dzire | 37,285 | 26,804 | 39.1% |
| 10 | Toyota | Hyryder | 36,785 | 25,953 | 41.7% |
ഫോക്‌സ്വാഗണ്‍, ഹോണ്ട എന്നീ കമ്പനികള്‍ക്ക് ഈ വര്‍ഷം കയറ്റുമതിയില്‍ ഇടിവ് നേരിട്ടു. ഹോണ്ടയുടെ കയറ്റുമതിയില്‍ 56.8 ശതമാനത്തിന്റെ കുറവുണ്ടായത് വിപണിയിലുണ്ടായ ശ്രദ്ധേയ മാറ്റമാണ്.അതേസമയം കയറ്റുമതിയില്‍ 319 ശതമാനത്തിന്റെ വമ്പന്‍ വളര്‍ച്ചയുമായി ടാറ്റ ഈ വര്‍ഷം മിന്നും പ്രകടനം കാഴ്ചവെച്ചു. കഴിഞ്ഞ വര്‍ഷം 1,806 യൂണിറ്റുകള്‍ മാത്രം കയറ്റുമതി ചെയ്ത ടാറ്റ, ഇത്തവണ 7,575 യൂണിറ്റുകള്‍ വിദേശത്തേക്ക് അയച്ചു. കിയ മോട്ടോര്‍സ് 25,908 യൂണിറ്റുകളുമായി ആറാം സ്ഥാനത്താണ്.
സോനെറ്റ്, സെല്‍റ്റോസ് എന്നിവയാണ് കിയയുടെ പ്രധാന കയറ്റുമതി മോഡലുകള്‍. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഏതാനും മണിക്കൂറുകള്‍ കൂടി ബാക്കിനില്‍ക്കെ ഇന്ത്യയുടെ വാഹന കയറ്റുമതി സര്‍വ്വകാല റെക്കോര്‍ഡായ 9 ലക്ഷം യൂണിറ്റുകള്‍ കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിശ്വാസ്യതയും കുറഞ്ഞ നിര്‍മ്മാണ ചെലവുമാണ് ഇന്ത്യന്‍ കാറുകള്‍ ആഗോള വിപണിയില്‍ ജനപ്രിയമാകുന്നത്. ഇന്ത്യന്‍ കാറുകള്‍ ലോകം കീഴടക്കുന്നതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യൂ.


Click it and Unblock the Notifications








