'മറ്റാരുണ്ട് മാരുതിയല്ലാതെ'! രണ്ടാം റാങ്കില്‍ ട്വിസ്റ്റ്, 2026 സാമ്പത്തിക വര്‍ഷത്തെ ടോപ് 5 കാര്‍ ബ്രാന്‍ഡുകള്‍
ഏപ്രില്‍ മാസത്തോടൊപ്പം പുതിയ സാമ്പത്തിക വര്‍ വര്‍ഷവും ആരംഭിച്ചതോടെ 2025-2026 സാമ്പത്തിക വര്‍ഷത്തെ വില്‍പ്പന കണക്കുകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ വാഹന വിപണിയില്‍ അടിമുടി മാറ്റങ്ങള്‍ പ്രകടമായ ഒരു സാമ്പത്തിക വര്‍ഷമാണ് കടന്ന് പോയത്. ഇന്ത്യന്‍ വിപണിയില്‍ പതിറ്റാണ്ടുകളായി രണ്ടാം സ്ഥാനം നിലനിര്‍ത്തിപ്പോന്നിരുന്ന കൊറിയന്‍ കരുത്തരായ ഹ്യുണ്ടായിയെ പിന്നിലാക്കി ആഭ്യന്തര ബ്രാന്‍ഡുകളായ മഹീന്ദ്രയും ടാറ്റയും വന്‍ കുതിപ്പ് നടത്തി. വിപണിയില്‍ മാരുതി സുസുക്കി തങ്ങളുടെ ഒന്നാം സ്ഥാനം സുരക്ഷിതമായി നിലനിര്‍ത്തിയപ്പോള്‍ ഹ്യുണ്ടായി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയിലെ ടോപ് 5 കാര്‍ ബ്രാന്‍ഡുകള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
ഇന്ത്യന്‍ കാര്‍ വിപണിയിലെ രാജാവെന്ന പട്ടം 2026 സാമ്പത്തിക വര്‍ഷത്തിലും മാരുതി സുസുക്കി നിലനിര്‍ത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 24,22,713 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. 2025 സാമ്പത്തിക വര്‍ഷത്തെ 22,34,266 യൂണിറ്റുകളെ അപേക്ഷിച്ച് എട്ട് ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് മാരുതി സ്വന്തമാക്കിയത്. ചെറുകാറുകള്‍ക്കൊപ്പം ബ്രെസ, ഗ്രാന്‍ഡ് വിറ്റാര, ഫ്രോങ്ക്‌സ് തുടങ്ങിയ യൂടിലിറ്റി വാഹനങ്ങള്‍ക്ക് ലഭിച്ച മികച്ച വില്‍പ്പനയും ജിഎസ്ടി 2.0 പരിഷ്‌കാരങ്ങളും മാരുതിക്ക് ഗുണകരമായി.

എസ്‌യുവി വിപണിയിലെ കരുത്തരായ മഹീന്ദ്ര 6,60,276 യൂണിറ്റുകള്‍ വിറ്റഴിച്ച് രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനം എന്ന വമ്പന്‍ വളര്‍ച്ചയാണ് മഹീന്ദ്ര രേഖപ്പെടുത്തിയത്. അടുത്തിടെ പുറത്തിറക്കിയ BE 6, XEV 9e, XEV 9S എന്നീ ഇലക്ട്രിക് എസ്‌യുവികളും സ്‌കോര്‍പിയോ N, സ്‌കോര്‍പിയോ ക്ലാസിക്, XUV 7XO എന്നീ ഐസിഇ എസ്‌യുവികളും വിപണിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.
ആഭ്യന്തര നിര്‍മ്മാതാക്കളായ ടാറ്റ 6,41,587 യൂണിറ്റ് വില്‍പ്പനയുമായി മൂന്നാം സ്ഥാനം ഉറപ്പിച്ചു. പഞ്ച്, നെക്‌സോണ്‍ എന്നീ മോഡലുകളുടെ മികച്ച വില്‍പ്പന ടാറ്റക്ക് കരുത്തേകി. 2025 സാമ്പത്തിക വര്‍ഷം 5,51487 യൂണിറ്റായിരുന്നു വില്‍പ്പന. 12 മാസം കൊണ്ട് 85324 യൂണിറ്റ് അധികം വിറ്റ് 14 ശതമാനം വാര്‍ഷിക വളര്‍ച്ച നേടാന്‍ ടാറ്റക്ക് സാധിച്ചു. ഇലക്ട്രിക് വാഹന വിഭാഗത്തിലും ടാറ്റ തങ്ങളുടെ സാന്നിധ്യം ശക്തമായി നിലനിര്‍ത്തുന്നുണ്ടെങ്കിലും മഹീന്ദ്രയുടെ കുതിപ്പ് ടാറ്റയ്ക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.
നാലാം സ്ഥാനത്തേക്ക് വീണ് ഹ്യുണ്ടായിക്ക് 2026 സാമ്പത്തിക വര്‍ഷം തിരിച്ചടിയുടേതായിരുന്നു. 2025 സാമ്പത്തിക വര്‍ഷം 598666 യൂണിറ്റ് വില്‍പ്പനയുണ്ടായിരുന്ന കൊറിയന്‍ ഭീമന് കഴിഞ്ഞ സാമ്പത്തി വര്‍ഷം 584906 യൂണിറ്റാണ് വില്‍ക്കാന്‍ കഴിഞ്ഞത്. 13760 യൂണിറ്റ് കുറഞ്ഞ് വാര്‍ഷികാടിസ്ഥാനത്തില്‍ 2.3 ശതമാനം ഇടിവ് രേഖപ്പെടുത്തി. ക്രെറ്റ, എക്സ്റ്റര്‍, വെന്യൂ എന്നീ മോഡലുകള്‍ മികച്ച രീതിയില്‍ വിറ്റഴിക്കപ്പെടുന്നുണ്ടെങ്കിലും മൊത്തം വില്‍പ്പനയില്‍ ഇടിവ് പ്രകടമാണ്.
ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട 4,06,081 യൂണിറ്റ് വില്‍പ്പനയുമായി അഞ്ചാം സ്ഥാനത്തുണ്ട്. മഹീന്ദ്രയെ പോലെ തന്നെ വമ്പന്‍ നേട്ടമുണ്ടാക്കിയ ഒരു കമ്പനി ടൊയോട്ടയാണ്. 12 മാസം കൊണ്ട് മുന്‍ വര്‍ഷത്തേക്കാള്‍ 68933 യൂണിറ്റുകള്‍ അധികം വിറ്റ് 20 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ടൊയോട്ട കൈവരിച്ചത്. മാരുതിയുമായുള്ള സഖ്യത്തിലൂടെ പുറത്തിറങ്ങിയ ഗ്ലാന്‍സ, ഹൈറൈഡര്‍ എന്നീ മോഡലുകളും സ്വന്തം മോഡലുകളായ ഇന്നോവ ഹൈക്രോസ്, ഫോര്‍ച്യൂണര്‍ എന്നിവയും വില്‍പ്പന വര്‍ദ്ധിപ്പിക്കാന്‍ ജാപ്പനീസ് ബ്രാന്‍ഡിനെ സഹായിച്ചു.

ഇന്ത്യന്‍ വിപണിയില്‍ എസ്‌യുവികള്‍ക്ക് ഡിമാന്‍ഡ് കൂടിയതാണ് മഹീന്ദ്രയുടെയും ടാറ്റയുടെയും വളര്‍ച്ചയ്ക്ക് പിന്നിലെ പ്രധാന ഘടകം. ചെറുകാറുകള്‍ വിട്ട് ഉപഭോക്താക്കള്‍ വലിയ വാഹനങ്ങളിലേക്ക് മാറുന്ന ട്രൊന്‍ഡ് മനസ്സിലാക്കി ഹ്യുണ്ടായിയെക്കാള്‍ വേഗത്തില്‍ അത് പ്രയോജനപ്പെടുത്താന്‍ മഹീന്ദ്രക്കും ടാറ്റക്കും സാധിച്ചു. 2026-ല്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഭൂരിഭാഗം വാഹനങ്ങളും മിഡ്-സൈസ്, കോംപാക്റ്റ് എസ്‌യുവി വിഭാഗങ്ങളില്‍ നിന്നുള്ളവയായിരുന്നു.
ഇതിന്റെ കൂടെ ഇലക്ട്രിക് വാഹന വിഭാഗത്തില്‍ മഹീന്ദ്ര പുറത്തിറക്കിയ പുത്തന്‍ മോഡലുകളും റാങ്കിംഗില്‍ വലിയ മാറ്റമുണ്ടാക്കി. ഇലക്ട്രിക് പാസഞ്ചര്‍ കാര്‍ വിഭാഗത്തിലെ ടാറ്റയുടെ സമഗ്രാധിപത്യത്തിന് മഹീന്ദ്ര വെല്ലുവിളി ഉയര്‍ത്തുന്ന കാഴ്ചയാണ് പോയ വര്‍ഷം കണ്ടത്. ഐസിഇ വാഹനങ്ങള്‍ക്കൊപ്പം ജനങ്ങള്‍ ഇവികള്‍ കൂടി പരിഗണിക്കാന്‍ തുടങ്ങിയത് വാഹന വിപണിയിലെ മത്സരസ്വഭാവം തന്നെ മാറ്റിമറിച്ചിരിക്കുകയാണ്.

2026 സാമ്പത്തിക വര്‍ഷത്തെ വില്‍പ്പന കണക്കുകള്‍ ആഭ്യന്തര ബ്രാന്‍ഡുകള്‍ക്ക് ഇന്ത്യന്‍ മാര്‍ക്കറ്റിലുള്ള സ്വാധീനം എടുത്ത് കാണിക്കുന്നു. ഒന്നാം സ്ഥാനം അത്ര വേഗത്തില്‍ കിട്ടാന്‍ സാധ്യതയില്ലാത്തതിനാല്‍ നഷ്ടപ്പെട്ടുപോയ രണ്ടാം സ്ഥാനം തിരിച്ചുപിടിക്കാനുള്ള ഊര്‍ജിത ശ്രമങ്ങള്‍ ഹ്യുണ്ടായിയുടെ ഭാഗത്ത് നിന്നുണ്ടാകും. അതിനായി വരും മാസങ്ങളില്‍ കമ്പനി വാഹന നിര വിപുലീകരിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തിന് 'മറ്റാരുണ്ട് മാരുതിയല്ലാതെ' എന്നാണ് ഈ ഇലക്ഷന്‍ കാലത്ത് ചോദിച്ച് പോകുന്നത്.


Click it and Unblock the Notifications








