i30 യുടെ വരവ് അറിയിച്ച് ഹ്യുണ്ടായ്; വീഡിയോ വൈറല്‍
ദുര്‍ഘടമായ വളവുകള്‍ക്കും, ക്രമഗതമായ ചരിവുകള്‍ക്കും കുപ്രസിദ്ധി നേടിയ ബ്രിട്ടീഷ് ബി റോഡിലാണ് പെര്‍ഫോര്‍മന്‍സ് ഹാച്ച്ബാക്കിനെ ഹ്യുണ്ടായി പരീക്ഷിക്കുന്നത്.
ഹ്യുണ്ടായ് i30 N ലേക്കാണ് ഇപ്പോള്‍ ഓട്ടോപ്രേമികള്‍ എല്ലാം ഉറ്റുനോക്കുന്നത്. ഹ്യുണ്ടായിയുടെ സ്‌പോര്‍ട്‌സ് ബ്രാന്‍ഡായ N ല്‍ നിന്നുമുള്ള ആദ്യ പെര്‍ഫോര്‍മന്‍സ് കാര്‍ - അതാണ് i30 N. N ബ്രാന്‍ഡിംഗില്‍ ഒരുങ്ങുന്ന i30 N ഹാച്ച്ബാക്ക്, വിപണിയില്‍ തരംഗം ഒരുക്കി കഴിഞ്ഞു.

ഇതിനിടയിലേക്കാണ് i30 N ന്റെ പുതിയ വീഡിയോ ടീസറുമായി ഹ്യുണ്ടായ് വന്നെത്തിയിരിക്കുന്നത്. ബ്രിട്ടീഷ് ബി റോഡില്‍ പരീക്ഷണം നടത്തുന്ന i30 N സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്.

ദുര്‍ഘടമായ വളവുകള്‍ക്കും, ക്രമഗതമായ ചരിവുകള്‍ക്കും കുപ്രസിദ്ധി നേടിയ ബ്രിട്ടീഷ് ബി റോഡിലാണ് പെര്‍ഫോര്‍മന്‍സ് ഹാച്ച്ബാക്കിനെ ഹ്യുണ്ടായി പരീക്ഷിക്കുന്നത് എന്നതും ശ്രദ്ധേയം.

2.0 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനിലാണ് ഹ്യുണ്ടായ് i30 N ഒരുങ്ങുന്നതെന്നാണ് സൂചന. ഹ്യുണ്ടായ് i30 N ന്റെ സാങ്കേതിക എഞ്ചിന്‍ ഫീച്ചറുകളെ കുറിച്ച് വീഡിയോ എറെ വെളിപ്പെടുത്തില്ല.

അതേസമയം, വീഡിയോയില്‍ ഉള്‍പ്പെട്ട കമ്പ്യൂട്ടര്‍ സ്‌ക്രീന്‍, i30 N ന്റെ കരുത്തിലേക്ക് വെളിച്ചം വീശുന്നു. 271 bhp കരുത്തും, 6000 rpm ല്‍ 302 Nm torque ഉം മോഡലില്‍ ഉത്പാദിപ്പിക്കപ്പെടുന്നതായി വീഡിയോ വ്യക്തമാക്കുന്നു.

6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിലാണ് i30 N നെ ഹ്യുണ്ടായ് N ബ്രാന്‍ഡ് ഒരുക്കുന്നതെന്നും വീഡിയോ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. എന്നാൽ, വിപണിയില്‍ വന്നെത്തുന്ന വേളയില്‍ 8 സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും i30 N ല്‍ ഇടംപിടിക്കാനുള്ള സാധ്യത നിലകൊള്ളുന്നു.

പിറെല്ലി പി-സീറോ ടയറുകളില്‍ ഒരുങ്ങിയ 19 ഇഞ്ച് അലോയ് വീലുകളിലാകും പുതിയ ഹ്യുണ്ടായ് i30 N വന്നെത്തുക എന്നും പ്രതീക്ഷിക്കപ്പെടുന്നു.
ടഫ് ആന്‍ഡ് സ്‌പോര്‍ടി കട്ടില്‍ ഒരുങ്ങുന്ന i30 N ല്‍ വാല്‍വ് എക്‌സ്‌ഹോസ്റ്റ് സിസ്റ്റം സാന്നിധ്യമറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്.

പ്രീ-പ്രൊഡക്ഷന്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി നൂബര്‍ഗ്രെയിംഗ് 24 അവര്‍സ് (N24) എന്ന ട്രാക്ക് മത്സരത്തില്‍ i30 N പങ്കെടുക്കും. 2013 മുതലാണ് പെര്‍ഫോര്‍മന്‍സ് കാറുകളിലേക്ക് ഹ്യുണ്ടായ് ശ്രദ്ധ ചെലുത്തുന്നത്.

2012 വേള്‍ഡ് റാലി ചാമ്പ്യന്‍ഷിപ്പിലാണ് ഹ്യുണ്ടായി ആദ്യമായി N ബ്രാന്‍ഡിനെ അവതരിപ്പിച്ചത്. N ബ്രാന്‍ഡിലൂടെ പെര്‍ഫോര്‍മന്‍സ് കാര്‍ ശ്രേണിയില്‍ വ്യക്തിമുദ്ര പതിപ്പിക്കാനാണ് ഹ്യുണ്ടായ് ശ്രമിക്കുന്നത്.


Click it and Unblock the Notifications








