ദേ പുതിയ ബിഎസ്-VI S1000R സൂപ്പർ ബൈക്ക് ഇങ്ങെത്തി, അരങ്ങേറ്റം ജൂൺ 15-ന്
S1000R സൂപ്പർ ബൈക്കിന്റെ പുതിയ ബിഎസ്-VI മോഡലിനെ ജൂൺ 15-ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ജർമൻ പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ്.

സൂപ്പർസ്‌പോർട്ട് S 1000 RR അടിസ്ഥാനമാക്കിയുള്ള കമ്പനിയുടെ സ്‌പോർട്‌സ് നേക്കഡ് ലിറ്റർ ക്ലാസ് മോഡലാണ് S 1000 R. കഴിഞ്ഞ വർഷം നവംബറിൽ ജർമൻ കമ്പനി ബൈക്കിന്റെ പരിഷ്ക്കരിച്ച മോഡലിനെയും അന്താരാഷ്ട്ര വിപണിയിൽ പരിചയപ്പെടുത്തിയിരുന്നു.

2014-ൽ അരങ്ങേറ്റം കുറിച്ചതിന് ശേഷമുള്ള ആദ്യത്തെ സുപ്രധാന നവീകരണമായിരുന്നു ഇതെന്ന രീതിയിൽ ഏറെ ശ്രദ്ധപിടിച്ചിപറ്റിയിരുന്നു. ഈ പതിപ്പ് തന്നെയാകും ഇന്ത്യയിലേക്ക് ബിഎസ്-VI മോഡലായി എത്തുക.

പുനർരൂപകൽപ്പന ചെയ്‌ത ഹെഡ്‌ലാമ്പ്, ഫ്യുവൽ ടാങ്ക്, റേഡിയേറ്റർ ഷ്രൗഡുകൾ, ബെല്ലി പാൻ എന്നിവ ബൈക്കിന്റെ സ്റ്റൈലിംഗിന് ഒരു ഷാർപ്പ് രൂപമാണ് സമ്മാനിക്കുന്നു. അതേസമയം, പിൻഭാഗം അതിന്റെ സൂപ്പർസ്‌പോർട്ട് മോഡലിൽ നിന്ന് കടമെടുക്കുകയും ചെയ്‌തിട്ടുണ്ട്.

അതുപോലെ തന്നെ S 1000 R-ന്റെ എഞ്ചിൻ ഏറ്റവും പുതിയ യൂറോ 5-കംപ്ലയിന്റ് S 1000 RR യൂണിറ്റിൽ നിന്ന് നേരിട്ട് ഉരുത്തിരിഞ്ഞതാണ്. ഈ 999 സിസി, ഇൻലൈൻ-നാല് സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിൻ 11,000 rpm-ൽ 165 bhp കരുത്തും 9,250 rpm-ൽ 115 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

സമഗ്രമായ ഒരു ഇലക്ട്രോണിക് പാക്കേജും പുതിയ S 1000 R അണിനിരക്കും. അതിൽ 6.5 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേ, മൂന്ന് റൈഡിംഗ് മോഡുകൾ, വീലി കൺട്രോൾ, കോർണറിംഗ് എബിഎസ്, എഞ്ചിൻ ബ്രേക്ക് കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ എന്നിവയാണ് ബവേറിയൻ ബ്രാൻഡ് വാഗ്‌ദാനം ചെയ്യുക.

ഏറ്റവും പുതിയ S 1000 RR മോഡലിൽ നിന്നുള്ള പുതിയ ബീം ഫ്രെയിമും S 1000 R ഉൾക്കൊള്ളുന്നുണ്ട്. ഇത് പഴയതിനേക്കാൾ ഭാരം കുറഞ്ഞ രീതിയിൽ രൂപകൽപ്പന ചെയ്തിട്ടുള്ളതുമാണ്. കൂടാതെ കർക്കശതയും വഴക്കവും മെച്ചപ്പെടുത്തുന്ന ഒരു ബാലൻസ് വാഗ്ദാനം ചെയ്യുന്നു.

പുതിയ എഞ്ചിൻ പഴയതിനേക്കാൾ 5 കിലോഗ്രാം ഭാരം കുറഞ്ഞതാണ് എന്നതും ശ്രദ്ധേയമാണ്. ഇതിന്റെ ഫലമായി മുൻഗാമിയേക്കാൾ S 1000 R 6.5 കിലോഗ്രാം ഭാരം മൊത്തത്തിൽ കുറഞ്ഞു. അങ്ങനെ 199 കിലോ ഭാരത്തിലാണ് സൂപ്പർ നേക്കഡ് ബൈക്കിനെ നിർമിച്ചിരിക്കുന്നത്.

പുതുക്കിയ S 1000 R മോഡൽ ഇന്ത്യയിൽ എത്തുമ്പോൾ 17 ലക്ഷത്തിനും 18 ലക്ഷം രൂപയ്ക്കിടയിലായിരിക്കും എക്സ്ഷോറൂം വില നിശ്ചയിക്കുക. ട്രയംഫ് സ്പീഡ് ട്രിപ്പിൾ, ഡ്യുക്കാട്ടി സ്ട്രീറ്റ്ഫൈറ്റർ V4 തുടങ്ങിയ മോട്ടോർസൈക്കിളുകളുമായാണ് ബിഎംഡബ്ല്യു വിപണിയിൽ മത്സരിക്കുക.


Click it and Unblock the Notifications








