ഇനി പുതിയ ഷോറൂമുകൾ വഴി Chetak ഇലക്‌ട്രിക് വാങ്ങാം, പ്രദർശിപ്പിക്കാനും വിൽക്കാനും പുതുതന്ത്രവുമായി Bajaj

ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന രംഗത്ത് സ്റ്റാർട്ടപ്പ് കമ്പനികളെല്ലാം അരങ്ങിലേക്ക് എത്തുന്ന വേളയിൽ തന്നെ സജീവമായവരാണ് ബജാജ്. ചേതക് ഇവിയുമായി ചെറിയ തോതിൽ വിൽപ്പന ആരംഭിച്ച ബ്രാൻഡ് പയ്യെ പയ്യെ ഈ രംഗത്ത് ചുവടുറപ്പിക്കുകയാണ്. ആദ്യം ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ മാത്രം ചേതക്കിനായുള്ള വിപണം ആരംഭിച്ച ബജാജ് പയ്യെ വിൽപ്പന ശൃഖംല വർധിപ്പിക്കാൻ ഒരുങ്ങുകയാണ്.

അതിന്റെ ഭാഗമായി ബജാജ് ഓട്ടോ അടുത്തിടെ അതിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ചേതക് ടെക്നോളജി ലിമിറ്റഡ് (CTL) സ്ഥാപിക്കുന്നതായി പ്രഖ്യാപിച്ചു. വൈദ്യുത വാഹനങ്ങളുടെ രൂപകല്പന, വികസനം, വിൽപ്പന എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ചേതക് ഇവി വിഭാഗത്തെ ഒരു പ്രത്യേക സ്ഥാപനമായി പ്രവർത്തിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രധാന ഉദ്ദേശ്യം. ഇപ്പോൾ CTL എന്ന ഉപസ്ഥാപനത്തിന് കീഴിലെ അടുത്ത ഘട്ടമായി ഇന്ത്യയിലുടനീളമുള്ള എക്സ്ക്ലൂസീവ് ചേതക് ഷോറൂമുകളുടെ ഒരു ശൃംഖല വഴി മാത്രമേ ഇനി മുതൽ ചേതക് ഇലക്ട്രിക് സ്കൂട്ടർ വിൽക്കുകയുള്ളൂ എന്നതാണ്.

Chetak പ്രദർശിപ്പിക്കാനും വിൽക്കാനും പുതുതന്ത്രവുമായി Bajaj

ഈ എക്സ്ക്ലൂസീവ് ഷോറൂമുകൾ ചേതക് ഇവികൾ പ്രദർശിപ്പിക്കുകയും ടെസ്റ്റ് റൈഡുകൾ സുഗമമാക്കുകയും ബുക്കിംഗ് രജിസ്റ്റർ ചെയ്യുകയും ഡെലിവറി എടുക്കുകയും ചെയ്യും. ചേതക് എക്‌സ്‌ക്ലൂസീവ് ഷോറൂമുകളുടെ ശൃംഖല 2023 മാർച്ചിലോ ഏപ്രിലിലോ എപ്പോഴെങ്കിലും വിപുലീകരിക്കാനാണ് ബജാജ് ഓട്ടോയുടെ തീരുമാനം. കൂടാതെ, ഡീലർഷിപ്പുകൾ ഇവികളുടെ മെയിന്റനെൻസിനും റിപ്പയർ വർക്കുകൾക്കും വേണ്ടി പ്രത്യേക ചേതക് സർവീസ് കേന്ദ്രങ്ങളും സ്ഥാപിക്കും. നിലവിൽ, പൂനെ, താനെ തുടങ്ങിയ സ്ഥലങ്ങളിൽ ചില ചേതക് എക്സ്ക്ലൂസീവ് ഷോറൂമുകൾ പ്രവർത്തിക്കുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.

എന്നിരുന്നാലും മുംബൈ പോലുള്ള ചില പ്രദേശങ്ങളിൽ, കെടിഎം ഷോറൂമുകൾ വഴി ബജാജ് ചേതക് ഇലക്‌ട്രിക് സ്‌കൂട്ടർ പ്രദർശിപ്പിക്കുകയും വിൽക്കുകയും ചെയ്തു. ചേതക് കുടയ്ക്ക് കീഴിലുള്ള ഇവികളുടെ എണ്ണം വിപുലീകരിക്കാനും നിലവിലുള്ള ബജാജ്, കെടിഎം ഷോറൂമുകളിലെ സ്ഥല പ്രതിസന്ധിയും കണക്കിലെടുത്താണ് പ്രത്യേക ഷോറൂമുകൾ സ്ഥാപിക്കേണ്ടതുണ്ട ആവശ്യകത ബ്രാൻഡ് മനസിലാക്കിയെടുത്തത്. ഇതിന്റെയെല്ലാം ആകെതുകയാണ് ചേതക് ടെക്നോളജി ലിമിറ്റഡ് എന്ന ഉപസ്ഥാപനത്തിന്റെ വികസനം. എതിരാളികളുമായി മത്സരിച്ചു നിൽക്കണമെങ്കിൽ ഇത്തരത്തിലുള്ള നീക്കങ്ങൾ ആവശ്യമാണെന്നതും വാസ്‌തവമാണ്.

നിരവധി ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഏഥർ എനർജി, ഹീറോ മോട്ടോകോർപ്പിന്റെ വിഡ അല്ലെങ്കിൽ ഓല ഇലക്ട്രിക് പോലും, ഇന്ത്യയിലുടനീളം എക്സ്ക്ലൂസീവ് ഷോറൂമുകളോ എക്സ്പീരിയൻസ് സെന്ററുകളോ സ്ഥാപിച്ചിട്ടുണ്ട്. അതിനാൽ ചേതക് ഷോറൂമുകളുടെ വിശാലമായ ശൃംഖലയുമായി ബജാജും ഇത് പിന്തുടരുന്നതിൽ അർഥമുണ്ട്. പൂർണമായും വിൽപ്പനയും സർവീസുമെല്ലാം ഓൺലൈനായി തുടരുന്ന ഓല വരെ അടുത്തിടെ എക്സ്പീരിയൻസ് സെന്ററുകൾ ആരംഭിച്ചിരുന്നു. ആളുകൾ നേരിട്ട് വണ്ടി കാണാതെയോ ടെസ്റ്റ് ഡ്രൈവ് ചെയ്യാതയോ വാഹനം വാങ്ങാൻ ഇപ്പോഴും ആഗ്രഹിക്കുന്നില്ല എന്നതിനുള്ള തെളിവാണിത്.

നിലവിൽ 1.54 ലക്ഷം രൂപയോളം എക്സ്ഷോറൂം വിലയാണ് ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറിനുള്ളത്. ഹാസൽനട്ട്, വെല്ലുട്ടോ റുസോ (റെഡ്), ഇൻഡിഗോ മെറ്റാലിക് (ബ്ലൂ), ബ്രൂക്ക്ലിൻ ബ്ലാക്ക് എന്നീ നിറങ്ങളിലും ഇവി തെരഞ്ഞെടുക്കാം. എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ബ്രേക്ക്, ടെയിൽ ലാമ്പുകൾ, പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ടാൻ നിറത്തിലുള്ള സീറ്റിംഗ്, ഡിസ്‌ക് ബ്രേക്ക് എന്നിവയുമായാണ് ഇത് വരുന്നത്. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ആപ്പ് അധിഷ്‌ഠിത നിയന്ത്രണം, ജിപിഎസ് നാവിഗേഷൻ, കീലെസ് ഇഗ്നിഷൻ തുടങ്ങിയ ഫീച്ചറുകളും മോഡലിനുണ്ട്.

1,400 rpm-ൽ 16 Nm torque വികസിപ്പിക്കുന്ന 3.8kW ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ 3 kWh ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന് തുടിപ്പേകുന്നത്. ഇക്കോ, സ്‌പോർട്ട് എന്നീ രണ്ട് റൈഡിംഗ് മോഡുകൾ ലഭിക്കുന്ന ഇതിന് ഇക്കോ മോഡിൽ ഒറ്റ ചാർജിൽ 95 കിലോമീറ്ററും സ്‌പോർട്ട് മോഡിൽ 85 കിലോമീറ്ററും റേഞ്ചും വരെ ലഭിക്കുമെന്നാണ് ബജാജ് ഓട്ടോ അവകാശപ്പെടുന്നത്.

ചേതക് ഇവിയുടെ ബാറ്ററി ഫുൾ ചാർജ് ചെയ്യാൻ 5 മണിക്കൂർ വരെ സമയം എടുക്കും. അതേസമയം ഒരു മണിക്കൂറിൽ 0 മുതൽ 25 ശതമാനം വരെ ചാർജ് ചെയ്യാനും സാധിക്കും. ഇലക്ട്രിക് സ്‌കൂട്ടർ മണിക്കൂറിൽ 0-40 കി.മീ വേഗത കൈവരിക്കുന്നത് 3.9 സെക്കൻഡുകൾക്കുള്ളിലാണ്. അതേസമയം ഉയർന്ന വേഗത മണിക്കൂറിൽ 70 കിലോമീറ്ററാണ്. ബജാജ് ഓട്ടോ ബാറ്ററി പായ്ക്കിന് മൂന്നു വർഷത്തെ അല്ലെങ്കിൽ 50,000 കിലോമീറ്റർ വാറണ്ടിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ബജാജ് ചേതക് ഇ-സ്കൂട്ടർ നിലവിൽ ഏഥർ 450X, ടിവിഎസ് ഐക്യൂബ്, ഓല S1 പ്രോ എന്നിവയോടാണ് ഇന്ത്യയിൽ മത്സരിക്കുന്നത്.

Most Read Articles

Malayalam
English summary
Bajaj to introduce new showrooms to display and sell chetak electric scooter
Story first published: Thursday, December 1, 2022, 12:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X