ടൂറിംഗ് കഴിവുകളും കിടിലൻ പാരമ്പര്യവും, Bajaj-Triumph കൂട്ടുകെട്ടിൽ പിറവിയെടുക്കുന്നത് ഉഗ്രമൂർത്തി

റോയൽ എൻഫീൽഡ് അരങ്ങുവാഴുന്ന സെഗ്മെന്റിൽ ഒന്നു പയറ്റാനിറങ്ങുകയാണ് ബജാജ്. എന്നാൽ ഇത്തവണ ഒരു സൂപ്പർ ബൈക്ക് ബ്രാൻഡുമായി കൈകോർത്താണ് കമ്പനി വെല്ലുവിളിക്ക് ഒരുങ്ങുന്നത്. അതേ ബ്രിട്ടീഷ് ബ്രാൻഡായ ട്രയംഫ് തന്നെയാണ് ബജാജിന് കൈകൊടുത്തിരിക്കുന്നത്. ഇതിനോടകം മോഡലിന്റെ പണികഴിഞ്ഞെങ്കിലും അവസാനഘട്ട ഒരുക്കത്തിലാണ് ഇപ്പോൾ.

ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ ബജാജും ബ്രിട്ടീഷ് സൂപ്പര്‍ബൈക്ക് നിര്‍മാതാക്കളായ ട്രയംഫും തമ്മിലുള്ള കൂട്ടുകെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിക്കപ്പെട്ടതാണെന്ന് കടുത്ത മോട്ടോർസൈക്കിൾ പ്രേമികൾക്കെല്ലാം ഇതിനോടകം തന്നെ അറിയാവുന്ന കാര്യമാണ്. ട്രയംഫ് ബ്രാന്റിന്റെ കീഴില്‍ ആഗോള വിപണിയില്‍ മിഡ്-കപ്പാസിറ്റി മോട്ടോര്‍ ബൈക്കുകള്‍ നിര്‍മിക്കുന്നതിനാണ് ഇരു കമ്പനികളും സഹകരണം പ്രഖ്യാപിച്ചത്. സ്‌ക്രാംബ്ലര്‍ ഡിസൈനിലുള്ള ബൈക്കാണ് ബജാജും ട്രയംഫും ചേർന്ന് മെനഞ്ഞെടുത്തിരിക്കുന്നത്. പരീക്ഷണയോട്ട ഘട്ടത്തിലുള്ള മോഡലിന്റെ ഏറ്റവും പുതിയ സ്പൈ ചിത്രങ്ങളും ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.

ടൂറിംഗ് കഴിവുകളും കിടിലൻ പാരമ്പര്യവും, Bajaj-Triumph കൂട്ടുകെട്ടിൽ പിറവിയെടുക്കുന്നത് ഉഗ്രമൂർത്തി

റോയൽ എൻഫീൽഡ് ബൈക്കുകൾക്കുള്ള ടൂറിംഗ് കഴിവുകളുമായാണ് ബജാജ്-ട്രയംഫ് സ്ക്രാംബ്ലർ വരുന്നതെന്ന് ഈ ചിത്രങ്ങൾ സൂചന നൽകിയിട്ടുണ്ട്. 200 സിസി മുതൽ 500 സിസി മോട്ടോർസൈക്കിൾ സെഗ്‌മെന്റിൽ തങ്ങളുടെ വിഹിതം വർധിപ്പിക്കാൻ ബജാജ് എപ്പോഴും ആഗ്രഹിച്ചിരുന്നു. നിലവിൽ ഈ വിഭാഗത്തിൽ ഡൊമിനാർ 400 മാത്രമാണ് കമ്പനിക്കുള്ളത്. കെടിഎമ്മിനെ ഇന്ത്യയിലെത്തിച്ച് ഒരു വിഭാഗം പിടിച്ചെടുക്കാനുള്ള ശ്രമം കാര്യമായ പുരോഗതിയിലെത്തിയില്ല താനും. ബുള്ളറ്റ്, ക്ലാസിക്, മീറ്റിയോർ, ഹിമാലയൻ, സ്‌ക്രാം 411 തുടങ്ങിയ 350 സിസി ബൈക്കുകളുള്ള റോയൽ എൻഫീൽഡ് ഈ സെഗ്‌മെന്റിൽ ഇപ്പോഴും ആധിപത്യം പുലർത്തുകയാണ്.

ഡൊമിനാർ പുറത്തിറക്കിയപ്പോൾ പരസ്യത്തിലൂടെ നേരിട്ട് റോയൽ എൻഫീൽഡിനെ കളിയാക്കികൊണ്ടാണ് ബജാജ് രംഗത്തിറങ്ങിയത്. എന്നാൽ ആളുകൾ അതൊന്നും ചെവികൊള്ളാതെ പോയതോടെ ഡൊമിനാറിനെ അങ്ങനെ അധികം ആളുകൾ വാങ്ങാനെത്തിയില്ല. അതിനിടയിൽ ഇപ്പോൾ ഹണ്ടർ 350 കുറഞ്ഞ വിലയിലും പുറത്തിറക്കി എൻഫീൽഡ് വീണ്ടും ഉയരങ്ങളിലേക്ക് പറന്നു. ഈ ചരിത്രമാണ് ട്രയംഫിന്റെ കൂട്ടിലൂടെ പൊളിച്ചെഴുതാൻ ഒരുങ്ങുന്നത്. അതേസമയം, ടിവിഎസിനൊപ്പം എൻട്രി ലെവൽ ബൈക്കുകളിലേക്കും കടക്കാൻ ബിഎംഡബ്ല്യു മോട്ടോറാഡ് സ്വീകരിച്ച അതേ വഴിയാണ് ട്രയംഫും പിന്തുടരുന്നത്.

അതിനാൽ, രണ്ട് കമ്പനികൾക്കും പ്രയോജനം ചെയ്യുന്ന ഒരു പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നതിന് ബ്രിട്ടീഷ് ബ്രാൻഡായ ട്രയംഫ് ബജാജുമായി സഹകരിച്ചു. ക്ലച്ചുപിടിക്കാൻ പാടാണെങ്കിലും ഹിറ്റായാൽ സംഭവം പൊളിക്കും. വരാനിരിക്കുന്ന ഈ മോട്ടോർസൈക്കിൾ ഒരു സ്ട്രീറ്റ്, സ്‌ക്രാംബ്ലർ എന്നീ രണ്ട് പതിപ്പുകളിലാവും വാഗ്ദാനം ചെയ്യുക. രണ്ടിനും വ്യത്യസ്ത ഡിസൈൻ ഘടകങ്ങളാകും ബ്രാൻഡ് സമ്മാനിക്കുക. കാലാതീതമായ റെട്രോ ക്ലാസിക് ലുക്കിനായി പ്രവർത്തിച്ചിരിക്കുന്നതിനാൽ വാഹനം തികച്ചും ആകർഷകമാണ് എന്ന് പറയാതെ വയ്യ.

ട്രയംഫിന്റെ ബോണവില്ലെ ലൈനപ്പിനെ അനുസ്മരിപ്പിക്കുന്നതാണ് അവരുടെ ഡിസൈൻ. അവർക്ക് സിംഗിൾ പീസ് സീറ്റ്, പിന്നിൽ വൃത്തിയുള്ള ഗ്രാബ് റെയിൽ, വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റുകളും ഇൻഡിക്കേറ്ററുകളും, ബാർ-എൻഡ് മിററുകൾ എന്നിവയും മറ്റും ലഭിക്കുന്നതും രൂപത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നു. മറ്റ് മെക്കാനിക്കൽ ഭാഗങ്ങളിലേക്ക് നോക്കിയാൽ USD ഫ്രണ്ട് ഫോർക്കുകളും പിന്നിൽ മോണോ-ഷോക്കും, മുന്നിലും പിന്നിലും 19", 17" അലോയ് വീലുകൾ, ഇരട്ട-ചാനൽ എബിഎസ് ഉള്ള രണ്ട് അറ്റത്തും സിംഗിൾ ഡിസ്കുകൾ, ചെറുതായി പിൻ-സെറ്റ് ഫൂട്ട്പെഗുകൾ എന്നീ സവിശേഷതകളുമാണ് ട്രയംഫ്-ബജാജ് സഖ്യം ചേർത്തിരിക്കുന്നത്.

എൽഇഡി ലൈറ്റിംഗ്, വൃത്താകൃതിയിലുള്ള സ്പീഡോമീറ്റർ, ഒരേ കൺസോളിൽ ഒരു സ്ക്വാറിഷ് ഡിജിറ്റൽ ഡിസ്പ്ലേ എന്നിവ മറ്റ് പ്രധാന ഹൈലൈറ്റുകളാണ്. ഇപ്പോൾ കൃത്യമായ എഞ്ചിൻ സവിശേഷതകൾ ഒന്നും തന്നെ സഖ്യം പുറത്തുവിട്ടിട്ടില്ല. എങ്കിലും ലിക്വിഡ് കൂളിംഗും സിംഗിൾ എക്‌സ്‌ഹോസ്റ്റ് സെറ്റപ്പും ഉള്ള ഒരു സിലിണ്ടർ യൂണിറ്റ് പോലെയാണ് സ്പൈ ചിത്രങ്ങളിലൂടെ കാണാനാവുന്നത്. ഇതിന്റെ വലിപ്പം നോക്കുമ്പോൾ 300 മുതൽ 400 സിസി യൂണിറ്റ് ആയിരിക്കാനാണ് സാധ്യത.

കൂടാതെ ഏകദേശം 35 bhp പവറിൽ 30 Nm torque വരെയും ഇത് ഉത്പാദിപ്പിച്ചേക്കാം. ഇതിന് 6-സ്പീഡ് ഗിയർബോക്സും ലഭിച്ചേക്കാം. ഏകദേശം 170 മുതൽ 180 കിലോഗ്രാം വരെ ഭാരമായിരിക്കും ബജാജ്-ട്രയംഫ് സ്ക്രാംബ്ലർ ബൈക്കിനുണ്ടാവുക. ഉൽപ്പാദനച്ചെലവ് കുറയ്ക്കുന്നതിനായി രണ്ട് ബൈക്കുകളും ഇന്ത്യയിൽ തന്നെ നിർമിക്കും. ട്രയംഫ് ബ്രാൻഡിന് കീഴിലായിരിക്കും ഈ മോട്ടോർസൈക്കിളുകൾ വിൽക്കുക. ഭാവിയിൽ ബജാജ് സ്വന്തം ബ്രാൻഡിംഗിന്റെ മറ്റൊരു പതിപ്പ് പുറത്തിറക്കിയേക്കും.

Image Source: Zigwheels / Instagram

Most Read Articles

Malayalam
English summary
Upcoming bajaj triumph motorcycle coming with touring capabilities and accessories
Story first published: Tuesday, November 29, 2022, 12:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X