കൂടുതൽ കരുത്തനായി ടോർക്ക് ഇലക്‌ട്രിക് ബൈക്ക്, പുതിയ Kratos X മോഡൽ അവതരിപ്പിച്ചു

ഗ്രേറ്റർ നോയിഡയിൽ നടക്കുന്ന 2023 ഓട്ടോ എക്‌സ്‌പോയുടെ ആദ്യ ദിനം ക്രാറ്റോസ് ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ പുതിയ X വേരിയന്റ് അവതരിപ്പിച്ച് ടോർക്ക് മോട്ടോർസ്. ഈ പുതിയ മോഡലിന്റെ ബുക്കിംഗ് 2023 രണ്ടാം പാദത്തോടെ ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. തുടർന്ന് ഇവിക്കായുള്ള ഡെലിവറി ജൂൺ മാസത്തോടെയും ആരംഭിക്കും.

മാർച്ച്-ഏപ്രിൽ കാലയളവിൽ ഉപഭോക്തൃ ക്രാറ്റോസ് X മോഡലിനായുള്ള ടെസ്റ്റ് റൈഡുകളും കമ്പനി ആരംഭിക്കാനിരിക്കുകയാണ്. ക്രാറ്റോസ് R പതിപ്പിനെ അടിസ്ഥാനമാക്കിയാണ് മോട്ടോർസൈക്കിളിനെ ടോർക്ക് മോട്ടോർസ് നിർമിച്ചിരിക്കുന്നത്. ഫാസ്റ്റ് ചാർജിംഗ്, FF മോഡ്, പുതിയ അലുമിനിയം സ്വിംഗാർം തുടങ്ങിയ ഫീച്ചറുകളോടെയാണ് ഈ പുതിയ ഇ-ബൈക്ക് വിപണിയിലേക്ക് എത്തുന്നത്. മികച്ച പവർ ഡെലിവറിക്കായി കൂടുതൽ ടോർക്ക് നൽകുന്ന പവർട്രെയിനാണ് ക്രാറ്റോസ് X-ൽ ഉപയോഗിച്ചിരിക്കുന്നത്. സുഖപ്രദമായ സവാരിക്കും മികച്ച പെർഫോമൻസിനും വേണ്ടിയാണ് ഇലക്ട്രിക് മോട്ടോർസൈക്കിൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

കൂടുതൽ കരുത്തനായി ടോർക്ക് ഇലക്‌ട്രിക് ബൈക്ക്, പുതിയ Kratos X മോഡൽ അവതരിപ്പിച്ചു

7 ഇഞ്ച് ടച്ച്‌സ്‌ക്രീനും ആൻഡ്രോയിഡ് നാവിഗേഷനും ബൈക്കിന് ലഭിക്കുന്നുവെന്നതാണ് മറ്റൊരു ഹൈലൈറ്റ്. ഡിസ്പ്ലേ ഇൻസ്ട്രുമെന്റേഷൻ കൂടുതൽ പ്രായോഗികമായ രീതിയിൽ ഇത്തവണ ബൈക്കിലേക്ക് കൊണ്ടുവരാൻ ടോർക്ക് മോട്ടോർസിനായിട്ടുണ്ട്. റൈഡറുടെ സൗകര്യാർഥം വിപുലമായ വിവരങ്ങൾ പ്രദർശിപ്പിക്കുന്ന യൂണിറ്റാണിത്. ദൈർഘ്യമേറിയ യാത്രകൾക്ക് സുരക്ഷിതമാക്കുന്ന തരത്തിൽ നിരവധി സുരക്ഷാ ഫീച്ചറുകളും ക്രാറ്റോസ് X ബൈക്കിന് സമ്മാനിച്ചിട്ടുണ്ട്. പുതിയ ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ലോഞ്ചിലൂടെ ഇലക്ട്രിക് ബൈക്ക് രംഗത്തെ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാനാണ് കമ്പനിയുടെ പദ്ധതി.

തങ്ങളുടെ ക്രാറ്റോസ് ശ്രേണിയിൽ വേഗതയേറിയതും മികച്ചതും ടോർക്കിയറുമായ ഒരു അംഗത്തെ അവതരിപ്പിക്കുന്നതിനാൽ ഇന്ന് കമ്പനിയെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന നാഴികക്കല്ലാണെന്ന് ക്രാറ്റോസ് X വേരിയന്റ് പുറത്തിറക്കി കൊണ്ട് ടോർക്ക് മോട്ടോർസിന്റെ സ്ഥാപകനും സിഇഒയുമായ കപിൽ ഷെൽകെ പറഞ്ഞു. പരിചയസമ്പന്നരായ പ്രൊഫഷണലുകളുടെ ടീമാണ് X മോഡലിനെ വികസിപ്പിച്ചെടുത്തത്. ഇലക്ട്രിക് ബൈക്ക് പൂർണമായും ഇന്ത്യയിൽ നിർമിച്ചതാണെന്നും ബ്രാൻഡ് അവകാശപ്പെടുന്നു. തുടർച്ചയായ ഗവേഷണ-വികസനത്തിന്റെ ഫലമാണ് മോട്ടോർസൈക്കിളെന്നും ടോർക്ക് പറയുന്നു.

കൂടുതൽ കരുത്തനായി ടോർക്ക് ഇലക്‌ട്രിക് ബൈക്ക്, പുതിയ Kratos X മോഡൽ അവതരിപ്പിച്ചു

മാത്രമല്ല, ഉപഭോക്തൃ ഫീഡ്‌ബാക്ക് അടിസ്ഥാനമാക്കി വികസിപ്പിച്ചെടുത്തതാണ് ക്രാറ്റോസ് X ഇലക്ട്രിക് മോട്ടോർസൈക്കിൾ എന്നതും ഹൈലൈറ്റാണ്. പുതിയ സ്പോർട്ടിയർ വേരിയന്റ് രസകരമായ റൈഡുകളുടെ ഒരു മികച്ച കൂട്ടാളിയാകുമെന്നും വിപണിയിൽ തന്റേതായ സ്ഥാനം കണ്ടെത്തി മികച്ചു നിൽക്കാനാവുമെന്നുമാണ് വിശ്വാസമെന്നും ഷെൽകെ കൂട്ടിച്ചേർത്തു. സ്റ്റാൻഡേർഡ് ക്രാറ്റോസ് നിർത്തലാക്കുമെന്നും പുതുക്കിയ ക്രാറ്റോസ് R, പുതിയ ക്രാറ്റോസ് X എന്നിവ മാത്രമേ ഇനി ഇന്ത്യൻ വിപണിയിൽ ലഭ്യമാകൂവെന്നും ഓട്ടോ എക്‌സ്‌പോയിൽ കമ്പനി വെളിപ്പെടുത്തി.

എക്‌സ്‌പോ പവലിയനിൽ പുതുക്കിയ ക്രാറ്റോസ് R ഇലക്ട്രിക് ബൈക്കും കമ്പനി പ്രദർശിപ്പിച്ചിട്ടുണ്ട്. ക്രാറ്റോസ് R മോഡലിൽ അവതരിപ്പിച്ച ചില സുപ്രധാന മാറ്റങ്ങളിൽ പരിഷ്ക്കരിച്ച ലൈവ് ഡാഷ്, ഫാസ്റ്റ് ചാർജിംഗ് പോർട്ട്, മെച്ചപ്പെട്ട ഫ്രണ്ട്, റിയർ ബ്ലിങ്കറുകൾ എന്നിവയെല്ലാമാണ് ഉൾപ്പെടുന്നത്. പൂർണമായും കറുപ്പിൽ ഒരുങ്ങിയിരിക്കുന്ന മോട്ടോറും ബാറ്ററി പായ്ക്കും സ്റ്റൈലിഷ് ഡെക്കലുകളും ഈ മോട്ടോർസൈക്കിളിന് പുതുമ നൽകുന്നുണ്ടെന്ന് വേണം പറയാൻ. 2023 ക്രാറ്റോസ് R രണ്ട് ജെറ്റ് ബ്ലാക്ക്, വൈറ്റ് എന്നീ നിറങ്ങളിലാണ് വിപണിയിൽ എത്തുക.

കൂടുതൽ കരുത്തനായി ടോർക്ക് ഇലക്‌ട്രിക് ബൈക്ക്, പുതിയ Kratos X മോഡൽ അവതരിപ്പിച്ചു

നിലവിലുള്ള ഉപഭോക്താക്കൾക്ക് ഡിഫറൻഷ്യൽ തുക നൽകി നിലവിലെ ക്രാറ്റോസ് R മോട്ടോർസൈക്കിൾ നവീകരിക്കാമെന്നും ടോർക്ക് മോട്ടോർസ് അറിയിച്ചു. ഇലക്ട്രിക് ബൈക്കിന് 48V സിസ്റ്റം വോൾട്ടേജുള്ള IP67-റേറ്റഡ് 4 Kwh ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് ലഭിക്കുന്നത്. ഇതിന് 180 കിലോമീറ്റർ IDC റേഞ്ചുമുണ്ട്. അതേസമയം യഥാർഥ റേഞ്ച് 120 കിലോമീറ്ററാണ്. ഇതിന്റെ ശക്തമായ മോട്ടോർ 9.0 kW പീക്ക് പവറും 38 Nm പീക്ക് ടോർക്കും നൽകുന്നു. കൂടാതെ 105 kmph എന്ന ഉയർന്ന വേഗതയും ഇവിക്കുണ്ട്.

ടോർക്ക് മോട്ടോർസ് അടുത്തിടെ പൂനെയിൽ തങ്ങളുടെ ആദ്യ എക്സ്പീരിയൻസ് സെന്ററും (COCO മോഡൽ) ആരംഭിച്ചിരുന്നു. കൂടാതെ ഹൈദരാബാദ്, സൂറത്ത്, പട്‌ന എന്നിവിടങ്ങളിൽ കമ്പനിക്ക് ഡീലർഷിപ്പുകളുമുണ്ട്. ഈ സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ പ്രധാന നഗരങ്ങളിൽ തങ്ങളുടെ വിൽപ്പനയും ഡീലർഷിപ്പുകളും കൂടുതൽ ശക്തമാക്കാനാണ് ഇവി നിർമാതാക്കൾ ശ്രമിക്കുന്നത്. 2023-ഓടെ 11 നഗരങ്ങളിലേക്കും 2024-ഓടെ 72 നഗരങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് പദ്ധതി.

Most Read Articles

Malayalam
English summary
Auto expo 2023 tork motors introduced the kratos x electric motorcycle
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X