മൈലേജും പെര്‍ഫോമന്‍സും ഒരുമിച്ച് കിട്ടുന്ന 'റെയർ പീസ്'! 2026 ഫോക്‌സ്‌വാഗൺ ടൈഗൂണ്‍ ഫെയ്‌സ്‌ലിഫ്റ്റ് റിവ്യൂ
ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ എന്ന ജര്‍മന്‍ കരുത്തന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയിട്ട് അഞ്ച് വര്‍ഷമാകുന്നു. 2020-ലെ ഓട്ടോ എക്സ്പോയില്‍ ഒരു പ്രോട്ടോടൈപ്പ് ആയി പ്രത്യക്ഷപ്പെട്ട ടൈഗൂണ്‍, ഇന്ന് ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി വിപണിയിലെ വിശ്വസ്തമായ നാമങ്ങളില്‍ ഒന്നാണ്. തങ്ങളുടെ ഐക്കോണിക് എസ്‌യുവിക്ക് ഒരു മിഡ്‌സൈക്കിള്‍ അപ്‌ഡേറ്റ് നല്‍കിയിരിക്കുകയാണ് കമ്പനി ഇപ്പോള്‍. 2026 ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ എങ്ങിനെയുണ്ടെന്നറിയാന്‍ ജയ്പൂരില്‍ നിന്നും ചണ്ഡീഗഡ് വരെ ഓടിച്ച് നോക്കാന്‍ ഞങ്ങള്‍ക്ക് അവസരം കിട്ടി. 400 കിലോമീറ്ററിലധികം നീണ്ട ഡ്രൈവിലൂടെ പുതിയ ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ ഫെയ്‌സ്‌ലിഫ്റ്റ് എത്രത്തോളം മെച്ചപ്പെട്ടുവെന്ന് നമുക്ക് പരിശോധിക്കാം.
മാറ്റങ്ങളും മാറ്റമില്ലാത്തതും
പുതിയ ടൈഗൂണിന്റെ മുന്‍ഭാഗം ഫോക്‌സ്‌വാഗണിന്റെ ഫ്‌ലാഗ്ഷിപ്പ് മോഡലായ ടെയ്‌റോണ്‍ R-ലൈനില്‍ (Volkswagen Tayron R-Line) നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണ്. ഇല്യുമിനേറ്റഡ് ഫോക്‌സ്‌വാഗണ്‍ ബാഡ്ജ്, സ്ലിം ഗ്രില്ല്, വീതിയുള്ള എല്‍ഇഡി ലൈറ്റ് ബാര്‍ എന്നിവ എസ്‌യുവിയുടെ പ്രീമിയം ലുക്ക് ഉയര്‍ത്തുന്നു. റീഡിസൈന്‍ ചെയ്ത ബമ്പറിലെ ഹൊറിസോണ്ടല്‍ സ്ലാറ്റുകള്‍ വാഹനത്തിന് മികച്ച റോഡ് പ്രസന്‍സ് ഉറപ്പാക്കുന്നുണ്ട്. ജിടി (GT) വേരിയന്റുകളില്‍ ബ്ലാക്ക്ഡ്ഔട്ട് ഗ്രില്‍ ആക്‌സന്റുകളും ഡാര്‍ക്കന്‍ഡ് അലോയ് വീലുകളും നല്‍കി കൂടുതല്‍ സ്‌പോര്‍ട്ടിയാക്കിയിട്ടുണ്ട്.

വശങ്ങളില്‍ വലിയ മാറ്റങ്ങളില്ലെങ്കിലും പുതിയ 17 ഇഞ്ച് അലോയ് വീലുകള്‍ ശ്രദ്ധേയമാണ്. പിന്നില്‍ സെക്വന്‍ഷ്യല്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകളോടു കൂടിയ എല്‍ഇഡി ടെയില്‍ ലാമ്പുകളും ഇല്യുമിനേറ്റഡ് VW ലോഗോയും നല്‍കിയിരിക്കുന്നു. പുറംമോടിയിലെ ഈ മാറ്റങ്ങള്‍ ടൈഗൂണിനെ മുമ്പത്തേക്കാള്‍ കൂടുതല്‍ സ്‌റ്റൈലിഷ് ആക്കുന്നു. മൊത്തത്തില്‍, പഴയ ടൈഗൂണിന്റെ ആത്മാവ് നിലനിര്‍ത്തിക്കൊണ്ടുതന്നെ കൂടുതല്‍ മോഡേണ്‍ ആയ ഒരു രൂപം നല്‍കാന്‍ ഫോക്‌സ്‌വാഗണിന് സാധിച്ചിട്ടുണ്ട്.
ഉള്ളിലേക്ക് കയറിയാല്‍ പരിചിതമായ ഡാഷ്ബോര്‍ഡ് ആണെങ്കിലും ഡ്യുവല്‍ ടോണ്‍ ഫിനിഷും ആറ് വ്യത്യസ്ത അപ്ഹോള്‍സ്റ്ററി ഓപ്ഷനുകളും ക്യാബിന് പുതുമ നല്‍കുന്നു. 10.25 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിതമായ 10.1 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റുമാണ് ക്യാബിനിലെ പ്രധാന ആകര്‍ഷണങ്ങള്‍.

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, മികച്ച വോയ്സ് കണ്‍ട്രോള്‍, തത്സമയ വിവരങ്ങള്‍ നല്‍കാനുള്ള ശേഷി എന്നിവ ഈ സിസ്റ്റത്തിനുണ്ട്. ക്യാബിന്‍ ഇപ്പോള്‍ കൂടുതല്‍ ഹൈ-ടെക് ആയതായി അനുഭവപ്പെടും. പലരും കാത്തിരുന്ന പനോരമിക് സണ്‍റൂഫ് 2026 മോഡലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നതാണ് മറ്റൊരു വമ്പന്‍ മാറ്റം.
വെന്റിലേറ്റഡ് സീറ്റുകള്‍, വയര്‍ലെസ് ചാര്‍ജിംഗ്, ആംബിയന്റ് ലൈറ്റിംഗ് എന്നിവയാല്‍ സമ്പന്നമാണ് ഇന്റീരിയര്‍. കൂടാതെ, ക്യാബിന്‍ വേഗത്തില്‍ തണുപ്പിക്കാന്‍ സഹായിക്കുന്ന പരിഷ്‌കരിച്ച എയര്‍ കണ്ടീഷനിംഗ് കംപ്രസറും ഇതിലുണ്ട്. ചുട്ടുപൊള്ളുന്ന വേനല്‍ക്കാല യാത്രകളില്‍ ഇത് വലിയ ആശ്വാസമായിരിക്കും. സൗകര്യങ്ങളുടെ കാര്യത്തില്‍ ടൈഗൂണ്‍ ഇപ്പോള്‍ കൂടുതല്‍ പൂര്‍ണത കൈവരിച്ചിരിക്കുന്നതായി വേണമെങ്കില്‍ പറയാം.

സേഫ്റ്റി
സുരക്ഷയുടെ കാര്യത്തില്‍ ടൈഗൂണ്‍ ഇപ്പോഴും 5 സ്റ്റാര്‍ റേറ്റിംഗ് നിലനിര്‍ത്തുന്നു. 6 എയര്‍ബാഗുകള്‍, ഇബിഡിയോടു കൂടിയ എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍-ഹോള്‍ഡ് അസിസ്റ്റ് തുടങ്ങിയവ ഇതില്‍ സ്റ്റാന്‍ഡേര്‍ഡ് ആണ്. മുമ്പിലും പിന്നിലും പാര്‍ക്കിംഗ് സെന്‍സറുകള്‍ നല്‍കിയിരിക്കുന്നത് ഇടുങ്ങിയ സ്ഥലങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത് എളുപ്പമാക്കുന്നു.
ഓടിക്കാന്‍ എങ്ങിനെയുണ്ട്
സാങ്കേതികമായി ഏറ്റവും വലിയ മാറ്റം 1.0 ലിറ്റര്‍ TSI എഞ്ചിനിന്റെ കൂടെ വരുന്ന പുതിയ 8-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ്. പഴയ 6-സ്പീഡ് യൂണിറ്റിന് പകരമാണ് ഇത് എത്തിയിരിക്കുന്നത്. 1.5 ലിറ്റര്‍ TSI എഞ്ചിന്‍ 150hp കരുത്തുമായി 7-സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്‌സിനൊപ്പം ഇപ്പോഴും ലഭ്യമാണ്. ഇപ്പോള്‍ പുതിയ 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് സജ്ജീകരിച്ചിരിക്കുന്ന ടൈഗൂണ്‍ 10.20 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നു.

ഹൈവേയില്‍, ഇത് ആയാസമില്ലാതെ വേഗത നിലനിര്‍ത്തുകയും ദിവസം മുഴുവന്‍ മൂന്നക്ക വേഗതയില്‍ ഓടുകയും ചെയ്യുന്നു. ഹൈവേയില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ പോകുമ്പോള്‍ എഞ്ചിന്‍ വെറും 2000 ആര്‍പിഎമ്മില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. 400 കിലോമീറ്ററിലധികം മിക്‌സഡ് ഡ്രൈവിംഗിന് ശേഷം, ടൈഗൂണ്‍ 1.0 TSI AT സിറ്റിയില്‍ 60-70 kmph വേഗതയില്‍ ലിറ്ററിന് 21 കിലോമീറ്ററും 100 kmph വേഗതയില്‍ സഞ്ചരിക്കുമ്പോള്‍ ഹൈവേയില്‍ ലിറ്ററിന് 19 കിലോമീറ്ററുമാണ് മൈലേജ് നല്‍കിയത്.
സസ്പെന്‍ഷന്‍ ട്യൂണിംഗില്‍ മാറ്റമില്ലെങ്കിലും മോശം റോഡുകളെ ഇത് മികച്ച രീതിയില്‍ നേരിടുന്നുണ്ട്. ടൈഗൂണിന്റെ സ്റ്റിയറിംഗ് ഇപ്പോഴും ക്വിക്ക് ആന്‍ഡ് ലൈറ്റ് ആണ്. അത് ഫ്‌ലിക്ക് ചെയ്താല്‍ കാര്‍ ഉടനടി പ്രതികരിക്കും, ഇത് ഹൈവേയിലെ ലെയ്ന്‍ മാറ്റങ്ങള്‍ എളുപ്പമാക്കുന്നു. വേഗത കൂടുന്നതിന് അനുസരിച്ച് ഭാരം കുറച്ചുകൂടി വര്‍ദ്ധിക്കുന്നതായി തോന്നുമെങ്കിലും അത് എടുത്ത് പറയത്തക്ക കുറവല്ല. ചുരുക്കത്തില്‍ ഇന്ധനക്ഷമതയും പെര്‍ഫോമന്‍സും ഒത്തുപോകുന്ന അപൂര്‍വ്വം എസ്‌യുവികളില്‍ ഒന്നാണിത്.

ഡ്രൈവ്‌സ്പാര്‍ക്ക് കമന്റ്
ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ അടിമുടി പുതുക്കിപ്പണിഞ്ഞിട്ടില്ലെങ്കിലും മുന്‍ഗാമിയേക്കാള്‍ മികച്ച ഒരു കാര്‍ ആയാണ് ഫെയ്‌സ്‌ലിഫ്റ്റ് ഞങ്ങള്‍ക്ക് അനുഭവപ്പെട്ടത്. കൂടുതല്‍ ഷാര്‍പ്പായ പുതിയ സ്‌റ്റൈലിംഗും കൂടുതല്‍ പ്രീമിയമായി മാറിയ ക്യാബിനും പ്രീ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന്റെ കുറവായി ഉയര്‍ത്തിക്കാണിച്ചിരുന്ന പനോരമിക് സണ്‍റൂഫിന്റെ വരവുമെല്ലാം 2026 ടൈഗൂണിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. 2026 ഫോക്‌സ്‌വാഗണ്‍ ടൈഗൂണിന്റെ 1.0 TSI AT ഷോര്‍ട്ട്ലിസ്റ്റ് ചെയ്യാന്‍ ഞങ്ങള്‍ ഉപഭോക്താക്കളോട് ശുപാര്‍ശ ചെയ്യുന്നു.
1.5 TSI യുടെയും അതിന്റെ DSG ഗിയര്‍ബോക്സിന്റെയും അധിക പവര്‍ വേണമെങ്കില്‍ നിങ്ങള്‍ക്ക് ആ ഓപ്ഷനും പരിഗണിക്കാം. എന്നിരുന്നാലും, നിങ്ങള്‍ക്ക് ശക്തമായ ഒരു ഓള്‍-എറൗണ്ട് എസ്‌യുവി വേണമെങ്കില്‍, പുതിയ 2026 VW ടൈഗൂണിന്റെ 1.0 TSI AT പതിപ്പ് പരിഗണിക്കമെന്നാണ് ഞങ്ങളുടെ അഭിപ്രായം. ഒരു മികച്ച പാക്കേജായ 2026 ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ മിഡ്-സൈസ് എസ്‌യുവി തേടുന്നവര്‍ തീര്‍ച്ചയായും പരിഗണിക്കേണ്ട ഒന്നാണ്.


Click it and Unblock the Notifications