ഇന്ത്യയ്ക്ക് സീൽ ഒരു ഡീലോ? തുടക്കക്കാർക്ക് ഉള്ളതല്ല BYD -യുടെ പുത്തൻ ഇവി; കാര്യങ്ങൾ ഇങ്ങനെ
ചൈനീസ് ഇവി ബ്രാൻഡായ ബിൽഡ് യുവർ ഡ്രീംസ് (BYD), 2017 -ലാണ് ഇന്ത്യയിൽ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. ഇലക്ട്രിക് ബസുകളിൽ ആരംഭിച്ച ബ്രാൻഡിന്റെ ഇന്ത്യൻ യാത്ര പിന്നീട് 2021 -ൽ ആദ്യ ഇലക്ട്രിക് കാർ എന്ന നിലയിൽ e6 എംപിവി പുറത്തിറക്കിക്കൊണ്ട് വികസിക്കുകയായിരുന്നു.
തുടക്കത്തിൽ കൊമേർഷ്യൽ വിപണിയിൽ മാത്രം വാഗ്ദാനം ചെയ്ത e6, 2022 -ൽ പൊതുജനങ്ങൾക്കായും ലഭ്യമാക്കി, അതേ വർഷം തന്നെ BYD തങ്ങളുടെ രണ്ടാമത്തെ ഓഫറായി ഇന്ത്യൻ വിപണിയിൽ അറ്റോ 3 ഫാമിലി എസ്‌യുവിയും അവതരിപ്പിച്ചു. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യക്കാരുടെ ഹൃദയം കീഴടക്കാൻ നിർമ്മാതാക്കൾക്ക് കഴിഞ്ഞു എന്ന് നിസംശയം പറയാം.

BYD ഇപ്പോൾ സീൽ സെഡാൻ്റെ രൂപത്തിൽ ഇന്ത്യൻ വിപണിയിൽ തങ്ങളുടെ മൂന്നാമത്തെ ഓഫർ എത്തിച്ചിരിക്കുകയാണ്. ഈ പുതു പുത്തൻ ഇലക്ട്രിക് സെഡാൻ ഓടിച്ചു നോക്കാൻ ഞങ്ങൾക്ക് ഒരു അവസരം ചൈനീസ് നിർമ്മാതാക്കൾ നൽകിയിരുന്നു. ഈ അവസരത്തിൽ വാഹനത്തെക്കുറിച്ച് ഞങ്ങൾ മനസിലാക്കിയ കാര്യങ്ങൾ ഇവിടെ പങ്കുവെയ്ക്കുന്നു.
എക്സ്റ്റീരിയർ ഡിസൈൻ: ബ്രാൻഡിന്റെ ഓഷ്യൻ ഇൻസ്പയർഡ് ഡിസൈൻ ശൈലിയുമായി കഴിയുന്നത്ര സുഗമമായി എയർ കീറി മുറിച്ച് സഞ്ചരിക്കാനാണ് BYD സീൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ലോംഗ് വീൽബേസ് ബിഎംഡബ്ല്യു 3 സീരീസിൻ്റെ അതേ നീളമായ 4,800 mm നീളമുള്ള ഈ സെഡാന് വെറും 0.219 കോഫിഫിഷ്യൻ്റ് ഡ്രാഗാണ് ഉള്ളത് എന്നത് ശ്രദ്ധേയമാണ്, ഇത് നിലവിൽ ലോകത്ത് വിൽക്കുന്ന ഏതൊരു ഇലക്ട്രിക് കാറുമായി താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും മികച്ചതാണ്.

മുൻവശത്ത്, BYD സീൽ വളരെ ജനപ്രിയമായ സ്പ്ലിറ്റ് ലൈറ്റിംഗ് സജ്ജീകരണമാണ് അവതരിപ്പിക്കുന്നത്. ബോണറ്റിന് അടുത്തായി സ്ഥാപിച്ചിരിക്കുന്ന ഹെഡ്‌ലൈറ്റുകൾ കാണുമ്പോൾ, സമുദ്രത്തിലെ അലകളെ പ്രതിനിധീകരിക്കുന്നതായി തോന്നാം. കൂടാതെ എൽഇഡി DRL -കൾ ഫ്രണ്ട് ബമ്പറിൽ താഴെയായി കാണപ്പെടുന്നു. ചാർജറും ചാർജിംഗ് കേബിളുകളും വളരെ എളുപ്പത്തിൽ സൂക്ഷിക്കാൻ പര്യാപ്തമായ 50 -ലിറ്റർ ഫ്രങ്ക് ഇതിന് ലഭിക്കുന്നു, വാഹനത്തിന്റെ സ്കൾപ്റ്റഡ് ബോണറ്റിന് താഴെയാണിത്.
BYD സീലിൻ്റെ എക്സ്റ്റീരിയറിൻ്റെ മറ്റ് ഡിസൈൻ ഹൈലൈറ്റുകളിൽ കൂപ്പെ പോലെയുള്ള ഗ്ലാസ് റൂഫ് കാണാം, ചൂട് അകറ്റി നിർത്താൻ ഇതിന് വളരെ മികച്ച ടിന്റ് ലഭിക്കുന്നു. കൂടാതെ ഫ്ലഷ് ഡോർ ഹാൻഡിലുകൾ, സീലിന്റെ വശക്കാഴ്ച്ചയെ മനോഹരമാക്കുന്ന 19 ഇഞ്ച് എയ്‌റോ വീലുകൾ എന്നിവ ഉൾപ്പെടുന്നു.

പിൻവശത്ത്, ഇലക്ട്രിക് സെഡാൻ്റെ ബൂട്ടിൻ്റെ വീതി കവർ ചെയ്യുന്ന ഒരു ലൈറ്റ്-ബാർ സ്റ്റൈൽ ടെയിൽലൈറ്റ് സീൽ ഇവിയുടെ സവിശേഷതയാണ്. അതോടൊപ്പം ബൂട്ട് 450 ലിറ്റർ സ്പെയ്സ് വാഗ്ദാനം ചെയ്യുന്നു, സിറ്റിയ്ക്ക് പുറത്തേക്കുള്ള വീക്ക്എൻഡി ട്രിപ്പുകൾക്ക് ഇവ തികച്ചും പര്യാപ്തമാണ്. എന്നിരുന്നാലും, സ്പെയർ വീലിൻ്റെ അഭാവം അൽപ്പം അരോചകമാണ് എന്നത് സൂചിപ്പിക്കാതിരിക്കാൻ വയ്യ.
ഇൻ്റീരിയറും ഫീച്ചറുകളും: സീലിൻ്റെ ക്യാബിനിലേക്ക് ചുവടുവെയ്ക്കുമ്പോൾ, ഒരു ഓൾ ബ്ലാക്ക് തീമിൽ ഒരുക്കിയിരിക്കുന്ന ക്യാബിനാണ് നമ്മളെ സ്വാഗതം ചെയ്യുന്നത്, ഇലക്ട്രിക് സെഡാൻ ലക്ഷ്യമിടുന്ന ഉപഭോക്താക്കളെ വളരെയധികം ആകർഷിക്കുന്ന ഒന്നാണിത് എന്ന് നിസംശയം പറയാം. ഡാഷ്‌ബോർഡ് മുതൽ ഡോർ കാർഡുകൾ വരെ എല്ലായിടത്തും ഉയർന്ന നിലവാരമുള്ള ലെതറെറ്റ് മെറ്റീരിയലും പ്ലാസ്റ്റിക്കുകളും മെറ്റൽ ഫിനിഷുകളും വാഹനത്തിന് മൊത്തത്തിൽ ഒരു ലക്ഷ്വറി ഫീൽ നൽകുന്നു.

സീലിൻ്റെ ഇൻ്റീരിയറിൻ്റെ ഏറ്റവും വലിയ ആകർഷണം എന്നത്, ഡാഷിൻ്റെ മധ്യഭാഗത്ത് ആധിപത്യം പുലർത്തുന്ന കൂറ്റൻ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ് സ്‌ക്രീനാണ്. 15.6 ഇഞ്ച് സ്‌ക്രീനിന് ലാൻഡ്‌സ്‌കേപ്പിൽ നിന്ന് പോർട്രെയിറ്റ് മോഡിലേക്ക് പൊസിഷൻ മാറാൻ കഴിയും എന്നതും ശ്രദ്ധേയമാണ്, ഇത് മൊത്തത്തിൽ ഉപയോഗിക്കാൻ വളരെ എളുപ്പമുള്ളതും വയർലെസ് ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവ സപ്പോർട്ട് ചെയ്യുന്നതുമാണ്.
ഇൻഫോടെയിൻമെൻ്റ് യൂണിറ്റിൻ്റെ വലിപ്പം വളരെ മികച്ചതാണ് എങ്കിലും, എയർ കണ്ടീഷനിംഗ് സിസ്റ്റത്തിനായുള്ള കൺട്രോളുകൾ ഉൾപ്പെടെയുള്ള മിക്ക നിയന്ത്രണങ്ങളും മെനുകളുടെയും ഉപ-മെനുകളുടെയും ഇടയിലായിട്ടാണ് BYD പ്ലേസ് ചെയ്തിരിക്കുന്ന എന്നത് ഒരു ചെറു പോരായ്മയാണ്. വാഹനം ഓടിക്കുന്നതിനിടയിൽ ഇത് ഉപയോഗിക്കാനും അത്ര എളുപ്പമല്ല എന്നതാണ് വാസ്തവം.

മറ്റൊരു 10.25 ഇഞ്ച് ഡിസ്‌പ്ലേ കൂടി വാഹനത്തിലുണ്ട്, സീലിൻ്റെ ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണിത്, യാത്രയിൽ ഒരു ഇവി പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ വിശദാംശങ്ങളും ഈ ഡിസ്പ്ലേ നൽകുന്നു. അതുകൂടാതെ ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, ഒരു 360 -ഡിഗ്രി ക്യാമറ, ഡൈനോഡിയോ ട്യൂൺ ചെയ്‌ത പ്രീമിയം ഓഡിയോ സിസ്റ്റം, രണ്ട് വയർലെസ് ഫോൺ ചാർജിംഗ് പാഡുകൾ, ചാർജ് ചെയ്യുന്നതിനായി ഒന്നിലധികം USB A, C പോർട്ടുകൾ എന്നിവയും വാഹനത്തിനുള്ളിൽ നമുക്ക് കാണാം.
ഇലക്ട്രിക് സെഡാന്റെ ഫ്രണ്ട് സീറ്റുകൾ വെന്റിലേറ്റഡും ഹീറ്റഡുമാണ്, യാത്രയിൽ സുഖകരവും സൗകര്യപ്രദവുമായ ഒരു പ്ലേസ് ഇവ വാഗ്ദാനം ചെയ്യുന്നു. പിന്നിലെ സീറ്റുകളും വളരെ കംഫർട്ടബിളാണ്. ധാരാളം ലെഗ്‌റൂം ഇതിനുണ്ട്, മികച്ച അണ്ടർ തൈ സപ്പോർട്ടും, മാന്യമായ ലെഗ് റൂമും ഇതിനുണ്ട്. വലിയ സീറ്റും അതിൻ്റെ ചരിഞ്ഞ ബാക്ക്‌റെസ്റ്റും ഏത് യാത്രയും ആസ്വാദ്യകരമാക്കുന്നു.

എന്നിരുന്നാലും, പുറകിൽ താഴേക്ക് ചരിഞ്ഞിരിക്കുന്ന കൂപ്പെ ടൈപ്പ് ഗ്ലാസ് റൂഫ് കാരണം ഉയരമുള്ള യാത്രക്കാർക്ക് ഹെഡ്‌റൂമിന്റെ കാര്യത്തിൽ അല്പം പ്രയാസം അനുഭവപ്പെടും. ഇനി അടുത്തതായി, സുരക്ഷയുടെ കാര്യത്തിൽ, ഒമ്പത് എയർബാഗുകൾ, റഡാർ ഗൈഡഡ് ADAS എന്നിവയുൾപ്പെടെയുള്ള സകലമാന ഫീച്ചറുകളും BYD സീലിൽ നിറഞ്ഞിരിക്കുന്നു, ഇത് ഇലക്ട്രിക് ലക്ഷ്വറി സെഡാനെ യൂറോ NCAP ടെസ്റ്റിൽ ഫൈവ് സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടാൻ സഹായിച്ചു.
ഡ്രൈവിംഗ് ഇംപ്രഷൻസ്: ഞങ്ങൾക്ക് ലഭിച്ച BYD സീലിന്റെ വേരിയൻ്റ് സൂപ്പർകാറിനോട് കിടപിടിക്കും പെർഫോമെൻസ് നമ്പറുകളാണ് കാഴ്ച്ചവെച്ചത് എന്ന് നിസംശയം പറയാം. സീലിൻ്റെ എല്ലാ പതിപ്പുകളും ഇക്കോ, നോർമൽ, സ്‌പോർട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളുമായാണ് വരുന്നത്. കൂടാതെ ഇക്കോ ഈ മൂവരിൽ വെച്ചും ഏറ്റവും കുറഞ്ഞ റെസ്പോൺസ് നൽകുന്നതായി തോന്നുമെങ്കിലും, ഏതെങ്കിലും മോഡിൽ ആക്സിലറേറ്റർ കൊടുക്കുന്നത് ഒരു സാധാരണ അനുഭവം ആയിരിക്കില്ല എന്നത് ശ്രദ്ധിക്കണം.

സ്‌പോർട് മോഡിൽ, സീൽ വളരെ ആക്ടീവായി മാറുന്നു, വെറും 3.8 സെക്കൻഡിൽ, 100 കിലോമീറ്റർ വേഗത കൈവരിക്കുന്ന ഞങ്ങൾക്ക് സ്വയം അനുഭവിച്ചറിയാൻ കഴിഞ്ഞു. ഡ്രൈവിംഗ് മോഡ് മാറ്റുന്നത്, വാഹനത്തിന്റെ ഡാംപിംഗ് ലെവലുകൾ, സ്റ്റിയറിംഗ് വീലിൻ്റെ ഫീൽ എന്നിവയ്‌ക്കൊപ്പം റീജൻ ലെവലും മാറ്റുന്നു. സ്റ്റിയറിംഗിനെക്കുറിച്ച് പറയുമ്പോൾ, സീൽ ലോകത്തിലെ ഏറ്റവും വേഗമേറിയ റാക്കിൽ വരുന്നില്ല.
എന്നാൽ ഇത് നമുക്ക് മതിയായ ഫീഡ്‌ബാക്ക് നൽകുകയും ഭാരവും ഉറപ്പും വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. BYD സീലിൻ്റെ ദൃഡമായ ഷാസി അധിക ഉറപ്പിനും കരുത്തിനുമായി ബാറ്ററി പാക്കിനെ സ്വയം ഇന്റഗ്രേറ്റ് ചെയ്യുന്നു, ഇത് മികച്ച റൈഡ് നിലവാരവുമായി കൂടിച്ചേർന്നാൽ, ബമ്പുകളും കുഴികളും എല്ലാം അനായാസമായി തരണം ചെയ്യുന്നു.
ഞങ്ങളുടെ അഭിപ്രായം: വിൽപ്പനയ്ക്കായി നിരത്തി വെയ്ക്കുന്ന ഫീച്ചറുകളോട് നീതി പുലർത്തുന്ന ഒരു ഇലക്ട്രിക് സെഡാൻ ആണ് BYD സീൽ എന്ന കാര്യത്തിൽ തർക്കമില്ല. എയറോഡൈനാമിക് ഡിസൈൻ, പ്രീമിയം ഇൻ്റീരിയറുകൾ, സൂപ്പർകാറിന് തുല്യമായ പെർഫോമൻസ് വേരിയൻ്റ് എന്നിവ ഉപയോഗിച്ച്, ഇലക്ട്രിക് ക്രോസ്ഓവർ മോഡലുകൾ നോക്കുന്നവർക്ക് സീൽ ഒരു ജെനുവിൻ ചോയിസാണ്.


Click it and Unblock the Notifications








