ഓഡി എ3 സെഡാന്‍ ടെസ്റ്റ് ഡ്രൈവ്

By ജോബോ കുരുവിള

'നവമധ്യവര്‍ഗം' എന്നു പേരിട്ടുവിളിക്കുന്ന പുതുപ്പണക്കാര്‍ക്കിടയിലെ വിലപ്പിടിപ്പുള്ള സ്വപ്‌നങ്ങളില്‍ ഓഡി മുതലായ ജര്‍മന്‍ ആഡംബര കാര്‍ കമ്പനികളിറക്കുന്ന മോഡലുകള്‍ക്ക് പ്രമുഖ സ്ഥാനമുണ്ട്. പ്രീമിയം ബ്രാന്‍ഡുകളുടെ കാര്‍ മോഡലുകള്‍ സ്വന്തമാക്കാനുള്ള പുതിയ മധ്യവര്‍ഗത്തിന്റെ ആഗ്രഹങ്ങള്‍ക്ക് വില ഒരു തടസ്സം തന്നെയായിരുന്നു. രാജ്യത്തിന്റെ നിലവിലുള്ള സാമ്പത്തികസ്ഥിതിയില്‍ വലിയ വിലമുടക്കി തങ്ങളുടെ 'ഹൈ-എന്‍ഡ്' മോഡലുകള്‍ വാങ്ങാന്‍ ആളെത്തുകയില്ല എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് കമ്പനികള്‍ കോംപാക്ട് മോഡലുകള്‍ വിപണിയിലെത്തിക്കാന്‍ തുടങ്ങിയത്. ഉപരിവര്‍ഗക്കാര്‍ക്കിടയിലെ 'സാധാരണക്കാരെ' ഈ കാറുകള്‍ ലക്ഷ്യമിട്ടു. സംഗതി പിഴച്ചില്ല. ജര്‍മന്‍ ആഡംബരക്കാര്‍ കമ്പനികളുടെ വോള്യം വില്‍പന നിര്‍ണായകമാം വിധം വളര്‍ന്നു.

ഈ ചെറു ആഡംബരക്കാര്‍ നിരയിലേക്ക് ഓഡി കൊണ്ടുവരുന്ന പുതിയ മോഡലാണ് എ3 സെഡാന്‍. ഓഗസ്റ്റ് മാസത്തില്‍ ലോഞ്ച് ചെയ്യാനിരിക്കുന്ന ഈ മോഡല്‍ '2014 വേള്‍ഡ് കാര്‍ ഓഫ് ദി ഇയര്‍' അവാര്‍ഡിന്റെ തിളക്കവുമായാണ് എത്തിയിട്ടുള്ളത്.

ഓദ്യോഗികമായി അവതരിപ്പിക്കപ്പെടുന്നതിനു കുറച്ചാഴ്ചകള്‍ക്കു മുമ്പുതന്നെ ഓഡി എ3 ടെസ്റ്റ് ചെയ്യുവാനുള്ള അവസരം ഞങ്ങള്‍ക്കു ലഭിക്കുകയുണ്ടായി. രാജസ്ഥാനിലെ ഉദയ്പൂര്‍ നഗരത്തിലൂടെ ഏതാണ്ട് ഇരുന്നൂറോളം കിലോമീറ്ററോളം ടെസ്റ്റ് ചെയ്തതിന്റെ ഫലമാണ് ഈ ലേഖനം. വിലയിലും നിലവാരത്തിലും ഇന്നത്തെ ചെറു ആഡംബര സെഡാന്‍ വിപണിയില്‍ ഒരു പുതിയ ഇടംതന്നെ വെട്ടിയെടുത്തിരിക്കുകയാണ് ഓഡി എ3 എന്നു പറയാം. തികച്ചും പുതിയൊരു സാമ്പത്തികവിഭാഗത്തെയാണ് ഈ വാഹനം അഭിസംബോധന ചെയ്യുന്നത്. ഇതേ ഇടത്തില്‍ മെഴ്‌സിഡിസ് ബെന്‍സിനും ബിമ്മറിനും കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ ഓഡിക്ക് സാധിച്ചേക്കും, എ3 സെഡാന്റെ സഹായത്താല്‍.

-ലോഞ്ച് തിയ്യതി: ഓഗസ്റ്റ് 7, 2014.
-പ്രതീക്ഷിക്കുന്ന വില: 30 ലക്ഷത്തിന്റെ പരിസരത്ത്.

റിവ്യൂ വായിക്കാന്‍ താഴെ ചിത്രത്താളുകളിലേക്കു നീങ്ങുക.

ഓഡി എ3 സെഡാന്‍ ടെസ്റ്റ് ഡ്രൈവ്

ടെസ്റ്റ്‌ഡ്രൈവ് റിവ്യൂ വായിക്കാന്‍ ചിത്രങ്ങളിലൂടെ നീങ്ങുക.

ഓഡിയെ 'ശ്രദ്ധിക്കൂ'

ഓഡിയെ 'ശ്രദ്ധിക്കൂ'

1909 ജൂലൈ 16നാണ് ഓഡി എന്ന ജര്‍മന്‍ ഓട്ടോമൊബൈല്‍ കമ്പനി സ്ഥാപിക്കപ്പെടുന്നത്. 'ഓഡി' എന്ന പേര് കണ്ടെത്തുന്നത് കമ്പനിയുടെ സ്ഥാപകനായ ഓഗസ്റ്റ് ഹോര്‍ച്ചിന്റെ പേരില്‍നിന്നു തന്നെയാണ്. 'ഹോര്‍ച്ച്' എന്ന വാക്കിനര്‍ത്ഥം 'കേള്‍ക്കുക' അല്ലെങ്കില്‍ 'ശ്രദ്ധിക്കുക' എന്നൊക്കെയാണ്. ഈ വാക്കിന് ലാറ്റിനിലുള്ള തത്തുല്യപദമാണ് 'ഓഡി' എന്നത്.

ഓഡി എ3 എക്‌സ്റ്റീരിയര്‍

ഓഡി എ3 എക്‌സ്റ്റീരിയര്‍

ഓഡി എ3 സെഡാന്റെ പ്രധാന ഡിസൈനര്‍ ഡാനി ഗരാന്‍ഡാണ്. ആത്മവിശ്വാസം പ്രതിഫലിക്കുന്ന മുഖഭാവം ഓഡിയുടെ തനത് ശില്‍പശൈലിയിലേക്കു പകരാന്‍ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഷഡ്ഭുജാകൃതിയിലുള്ള ഓഡിയുടെ തനത് ഗ്രില്ല്, ക്രൂദ്ധഭാവം പകര്‍ന്ന ചെറിയ കണ്ണുകള്‍ പോലെ തോന്നിക്കുന്ന എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ തുടങ്ങിയവ മറ്റു വാഹനങ്ങള്‍ക്കിടയില്‍ വാഹനത്തിന്റെ വ്യതിരിക്തത വര്‍ധിപ്പിക്കാന്‍ ശേഷിയുള്ളവയാണ്.

ഓഡി എ3 സെഡാന്‍ ടെസ്റ്റ് ഡ്രൈവ്

ഹെഡ്‌ലാമ്പില്‍ നിന്ന് ടെയ്ല്‍ ലാമ്പ് വരെ നീളുന്ന കാരക്ടര്‍ ലൈനാണ് ഓഡി എ3 സെഡാന്റെ വശങ്ങളുടെ എടുപ്പ് വര്‍ധിപ്പിക്കുന്നത്. ഓഡി ഈ കാരക്ടര്‍ ലൈനിനെ വിളിക്കുന്നത് 'ടൊര്‍നാഡോ ലൈന്‍' എന്നാണ്.

ഓഡി എ3 സെഡാന്‍ ടെസ്റ്റ് ഡ്രൈവ്

പിന്‍വശത്ത് ട്രങ്ക് ലിഡിനോട് ചേര്‍ന്നുള്ള സ്‌പോയ്‌ലര്‍ വാഹനത്തിന്റെ സ്‌പോര്‍ടി സൗന്ദര്യം കൂട്ടുന്ന ഘടകമാണ്. എല്‍ഇഡി ടെയ്ല്‍ലാമ്പിന്റെ ഡിസൈന്‍ കാറിന്റെ കുലീനസൗന്ദര്യത്തിന് മാറ്റേകുന്നു.

ഇന്റീരിയര്‍

ഇന്റീരിയര്‍

ഡ്രൈവര്‍ കാബിന്‍ ഡിസൈന്‍ വളരെ ലളിതമാണ്. സീറ്റിംങ് ഏറെ സുഖകരമായി അനുഭവപ്പെട്ടു. ആവശ്യമായ രീതിയില്‍ ക്രമീകരിക്കാവുന്നതാണ് ഡ്രൈവര്‍ സീറ്റ്. ഡാഷ്‌ബോഡിനു മുകളിലായി സ്ഥാപിക്കപ്പെട്ടിട്ടുള്ള മള്‍ടിമീഡിയ ഇന്റര്‍ഫേസും ലാളിത്യം പിന്തുടരുന്നു. കൂളിങ്/ഹീറ്റിങ് സംവിധാനം അടക്കമുള്ളവ ഉുപയോഗിക്കുന്നതിന് സൗകര്യപ്രദമായി ക്രമീകരിച്ചിരിക്കുന്നു. കപ്പുകളും ബോട്ടിലുകളുമെല്ലാം സൂക്ഷിക്കുന്നതിനും വാലറ്റ്, ഐഫോണ്‍ എന്നവയ്ക്കുമെല്ലാം ആവശ്യമായ ഇടം നല്‍കിയിരിക്കുന്നു. മുമ്പിലെയും പിന്നിലെയും കാബിന്‍ വളരെയേറെ സ്ഥലസൗകര്യം പ്രദാനം ചെയ്യുന്നു.

പിന്‍കാബിന്‍

പിന്‍കാബിന്‍

പിന്‍കാബിനിലെ സ്ഥലസൗകര്യം ഏതൊരു ഇന്ത്യന്‍ ഉപഭോക്താവിനെയും ആകര്‍ഷിക്കുന്നതാണ്. കുറച്ച് ഉയരക്കൂടുതലുള്ളവര്‍ക്ക് ഹെഡ്‌റൂം പോരെന്നു തോന്നിയേക്കാം. ഇതിനുകാരണം കാരിന്റെ ഡിസൈന്‍ സവിശേഷതയാണ്. കൂപെയുടെ ശൈലിയിലുള്ള ഡിസൈനാണ് റൂഫിന് നല്‍കിയിരിക്കുന്നത്. ഇതില്‍ ഓഡിക്ക് പരിഹാരമായി യാതൊന്നും ചെയ്യാനില്ലായിരുന്നു എന്നുവേണം പറയാന്‍.

ലഗ്ഗേജ് കംപാര്‍ട്‌മെന്റ്

ലഗ്ഗേജ് കംപാര്‍ട്‌മെന്റ്

425 ലിറ്ററാണ് ബൂട്ടിലെ ലഗ്ഗേജ് സ്‌പേസ്. പിന്‍സീറ്റുകള്‍ മടക്കിവെക്കുകയാണെങ്കില്‍ ഇത് 880 ലിറ്ററായി ഉയര്‍ത്താവുന്നതാണ്. ബൂട്ടിന്റെ ഉള്‍വശം ചതുരാകൃതിയില്‍ ക്രമീകരിക്കാന്‍ ഓഡിക്ക് സാധിച്ചിട്ടുണ്ട്. ഇത് സാധനങ്ങള്‍ വെക്കാന്‍ വളരെ സൗകര്യപ്രദമാണ്.

എന്‍ജിന്‍

എന്‍ജിന്‍

കരുത്ത് ഇഷ്ടപ്പെടുന്നയാളാണ് നിങ്ങളെങ്കില്‍ ഓഡി എ3യുടെ പെട്രോള്‍ എന്‍ജിനിലേക്കു പോകുകയായിരിക്കും ഉത്തമം. എന്നാല്‍ മൈലേജ്, എണ്ണവില എന്നിങ്ങനെയുള്ള ആശങ്കകള്‍ പുലര്‍ത്തുന്നുവെങ്കില്‍ ഡീസല്‍ഡ എന്‍ജിന്‍ തെരഞ്ഞെടുക്കാം. എനിക്ക് ടെസ്റ്റ് ചെയ്യാന്‍ ലഭിച്ചത് ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ച എ3 സെഡാനായിരുന്നു.

1968സിസി ശേഷിയുള്ളതാണ് ഈ ഡീസല്‍ എന്‍ജിന്‍. ടര്‍ബോചാര്‍ജറിന്റെ സഹായത്തോടെ 3500-4000 ആര്‍പിഎമ്മില്‍ 143 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ഈ എന്‍ജിനു സാധിക്കും. 1750-3000 ആര്‍പിഎമ്മില്‍ 320 എന്‍എം ചക്രവീര്യം ഉല്‍പാദിപ്പിക്കുന്നു എ3 ഡീസല്‍ എന്‍ജിന്‍.

ഓഡി എ3 പെട്രോള്‍ എന്‍ജിന്‍ 1798സിസി ശേഷിയുള്ളതാണ്. ഈ ഫോര്‍ സിലിണ്ടര്‍ എന്‍ജിന്‍ 5100-6200 ആര്‍പിഎമ്മില്‍ പരമാവധി 180 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു. 1250-5000 ആര്‍പിഎമ്മില്‍ 250 എന്‍എം എന്ന നിരക്കിലാണ് എന്‍ജിന്റെ ചക്രവീര്യം.

ഗിയര്‍ബോക്‌സ്

ഗിയര്‍ബോക്‌സ്

എ3യിലെ ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ മികച്ച രീതിയില്‍ പ്രതികരിക്കുന്നുണ്ട്. തിരക്കേറിയ സിറ്റി ട്രാഫിക്കില്‍ വളരെ സ്മൂത്തായ ആക്‌സിലറേഷന്‍ പ്രദാനം ചെയ്യാന്‍ ഈ ട്രാന്‍സ്മിഷന്‍ സംവിധാനത്തിന് സാധിക്കുന്നു. ഹൈവേകളിലും ട്രാന്‍സ്മിഷന്‍ വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്‌പോര്‍ട് മോഡില്‍ ഓഡിക്കുകയാണെങ്കില്‍ മാന്വല്‍ ആയി ഗിയര്‍ മാറ്റം നടത്താന്‍ ഡ്രൈവര്‍ക്ക് സാധിക്കും. എങ്കിലും ഈ വാഹനത്തിന്റെ ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ സംവിധാനത്തിന്റെ പ്രത്യേകത, ഡ്രൈവര്‍ക്ക് ക്ലച്ചില്‍ നിയന്ത്രണമില്ല എന്നതാകുന്നു. സ്‌പോര്‍ട് മോഡിലിട്ടാലും ഗിയര്‍സ്റ്റിക്ക് നിയന്ത്രിക്കാമെന്നല്ലാതെ ക്ലച്ച് ഓട്ടോമാറ്റിക് ആയിത്തന്നെ തുടരും.

പ്രകടനം

പ്രകടനം

എ3 സെഡാന്റെ പ്രകടനശേഷിയെ മികച്ചതെന്നു വിളിക്കാന്‍ ഒട്ടും സന്ദേഹിക്കേണ്ടതില്ല. വളരെ ഷാര്‍പ്പാണ് ബ്രേക്കിങ് സിസ്റ്റം. മികച്ച റോഡ് ഗ്രിപ്പുള്ളതായി എനിക്കനുഭവപ്പെട്ടു. ഞങ്ങളുടെ ടസ്റ്റില്‍ മണിക്കൂറില്‍ 100 സെക്കന്‍ഡ് വേഗതയില്‍ പിടിക്കാന്‍ 9 സെക്കന്‍ഡ് എടുക്കുന്നുണ്ട് എന്‍ജിന്‍. ഓഡി അവകാശപ്പെടുന്നത് 8.6 സെക്കന്‍ഡാണ്. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെ ഞങ്ങള്‍ ടെസ്റ്റു ചെയ്തു. വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 224 കിലോമീറ്റായി നിജപ്പെടുത്തിയിരിക്കുകയാണ്.

ഓഡി എ3 സെഡാന്‍ ടെസ്റ്റ് ഡ്രൈവ്

ഉയര്‍ന്ന വേഗതയില്‍ വളവുകള്‍ ഒടിച്ചെടുക്കുമ്പോള്‍ സ്റ്റീയറിങ് വേണ്ടപോലെ പ്രതികരിക്കുന്നില്ല എന്നെനിക്കു തോന്നി. റോഡിന്റെ ശരിയായ ഫീല്‍ കൊണ്ടുവരാന്‍ ഓഡി എ3യുടെ ഇലക്ടിക്കലി-അസിസ്റ്റഡ് പവര്‍ സ്റ്റീയറിങ്ങിന് കഴിയുന്നില്ല. ഇക്കാരണത്താല്‍ ഒടിക്കലുകള്‍ എത്രമാത്രം ഷാര്‍പ്പാണെന്ന ബോധ്യം വരാന്‍ സമയമെടുക്കുന്നു.

വാഹനത്തിന്റെ ഇന്ധനടാങ്ക് ശേഷി 50 ലിറ്ററാണ്. എആര്‍എഐ സാക്ഷ്യപ്പെടുത്തുന്നതു പ്രകാരം ടെസ്റ്റ് കണ്ടീഷനില്‍ ലിറ്ററിന് 20.38 കിലോമീറ്ററാണ് ഇന്ധനക്ഷമത. ഞങ്ങളുടെ ടെസ്റ്റില്‍ ബോധ്യപ്പെട്ട നിരക്ക്: ലിറ്ററിന് 16 കിലോമീറ്റര്‍.

തനത് സവിശേഷതകള്‍

തനത് സവിശേഷതകള്‍

കാര്‍ പ്രവര്‍ത്തിക്കുന്നതോടെ സജീവമാകുന്ന മള്‍ടിമീഡിയ ഇന്റര്‍ഫേസാണ് ഈ വാഹനത്തിന്റെ പ്രധാനപ്പെട്ട പ്രത്യേകതകളിലൊന്ന്. ഡാഷ്‌ബോഡില്‍ മധ്യത്തിലായി ഇത് ഘടിപ്പിച്ചിരിക്കുന്നു. വോയ് കണ്‍ട്രോള്‍, മീഡിയ നാവിഗേഷന്‍, ടെലിഫോണ്‍ സംവിധാനങ്ങള്‍ തുടങ്ങിയ നിരവധി സൗകര്യങ്ങള്‍ മള്‍ടിമീഡിയ ഇന്റര്‍ഫേസ് വഴി ആസ്വദിക്കാം.

ഗിയര്‍ സ്റ്റിക്കിനു താഴെയായി കാണുന്ന ഒരു നോബ് വഴി ഓഡി എ3യിലെ മള്‍ടിമീഡിയ ഇന്റര്‍ഫേസ് നിയന്ത്രിക്കാവുന്നതാണ്. ടച്ച് സ്‌ക്രീന്‍ നിയന്ത്രണമായിരിക്കും ഡ്രൈവ് ചെയ്യുന്നയാളെ സംബന്ധിച്ച് കൂടുതല്‍ സൗകര്യപ്രദം.

എന്‍വിഡിയയുടെ ടെഗ്രാ 2 പ്രോസസ്സറാണ് എ3യിലെ മള്‍ടിമീഡിയ ഇന്റര്‍ഫേസിലുപയോഗിച്ചിരിക്കുന്നത്. ഇതിന്റെ ഹാര്‍ഡ്‌വെയറിന്റെ മൊഡ്യൂലാര്‍ ഡിസൈന്‍ സാങ്കേതികമായ അപ്‌ഡേഷനുകള്‍ എളുപ്പമാക്കിത്തീര്‍ക്കുമെന്നാണ് ഓഡിയുടെ വാദം.

HVAC Vent

HVAC Vent

മികച്ച ഗുണനിലവാരമുള്ള ഹീറ്റിങ് വെന്റിലേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ് വെന്റികളാണ് എ3 സെഡാനില്‍ ഉപയോഗിച്ചിരിക്കുന്നത്. വൃത്താകൃതിയിലുള്ള ഈ വെന്റിന്റെ ഡിസൈന്‍ ഫലപ്രദമായ രീതിയില്‍ കാബിനുകളിലെ അന്തരീക്ഷം നിയന്ത്രിക്കാനുള്ള കഴിവുറ്റതാണ്.

ഇന്‍സ്ട്രൂമെന്റെ ക്ലസ്റ്റര്‍

ഇന്‍സ്ട്രൂമെന്റെ ക്ലസ്റ്റര്‍

ഇന്‍സ്ട്രുമെന്റെ ക്ലസ്റ്ററിലും ലാളിത്യം സൂക്ഷിക്കുന്നു ഓഡി എ3. നാല് അനലോഗ് ഗേജുകളെ ഉള്‍ക്കൊള്ളുന്നതാണ് ക്ലസ്റ്റര്‍. ആര്‍പിഎം, സ്പീഡോമീറ്റര്‍, എന്‍ജിന്‍ ടെമ്പറേച്ചര്‍, ഇന്ധനനില എന്നിവ ഇവയിലൂടെ അറിയാം. ഇതോടൊപ്പം ഒരു ഡിജിറ്റര്‍ സ്പീഡോമീറ്ററും ട്രിപ് കമ്പ്യൂട്ടറും കാണാം.

സണ്‍റൂഫ്

സണ്‍റൂഫ്

ആകാശം കണ്ട് യാത്ര ചെയ്യാന്‍ എ3 സെഡാന്‍ സണ്‍റൂഫ് സൗകര്യം നല്‍കുന്നുണ്ട്. വാഹനത്തിലെ തനത് സവിശേഷതകളിലൊന്നായി ഇതിനെയും കൂട്ടണം.

അലോയ് വീലുകള്‍

അലോയ് വീലുകള്‍

ഓഡിയുടെ തനത് ശൈലിയില്‍ നിര്‍മിക്കപ്പെട്ട മനോഹരമായ അലോയ് വീലുകളാണ് എടുത്തു പറയേണ്ട മറ്റൊരു സംഗതി. 16 ഇഞ്ച് അളവില്‍ സില്‍വര്‍ മെറ്റാലിക് നിറത്തിലുള്ള ഈ അലോയ് വീല്‍ എ3 സെഡാന്റെ പൗഢി കൂട്ടുന്നു.

വിധിന്യായം

വിധിന്യായം

ഗുണങ്ങള്‍

-മികച്ച ഡിസൈന്‍

-ശേഷിയുള്ള എന്‍ജിന്‍

-ദൈനംദിന ആവശ്യങ്ങള്‍ക്ക് യോജിച്ചത്

ദോഷങ്ങള്‍

-മാന്വല്‍ ട്രാന്‍സ്മിഷന്‍ ഇല്ല

-ബാക്ക് സീറ്റില്‍ ഹെഡ് റൂം കുറവ്

-സ്റ്റീയറിങ് പ്രതികരണം തൃപ്തിപ്പെടുത്തുന്നില്ല

-കാഴ്ചയിലും ഡ്രൈവിങ് അനുഭവത്തിലും ഉയര്‍ന്ന നിലവാരം അനുഭവപ്പെടുമെന്നത് എടുത്തുപറയാവുന്ന കാര്യമാണ്.

കാശ് മുതലാകുമോ?

ഇക്കാര്യത്തില്‍ അഞ്ചില്‍ നാല് എന്നാണ് ഡ്രൈവ്‌സ്പാര്‍ക് ഈ വാഹനത്തിനു നല്‍കുന്ന റേറ്റിങ്.

Article Published On: Friday, August 1, 2014, 14:21 [IST]
English summary
We review the elegant and dynamic 2015 Audi A3 — a four-door, premium, compact-sedan. Here are the verdicts.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X