ഫൈറ്റര്‍ ജെറ്റ് പറത്തുന്ന ഫീല്‍ തരുന്ന ഇലക്ട്രിക് എസ്‌യുവി! ! മഹീന്ദ്ര BE 6e റിവ്യൂ വായിക്കാം
2022 ഓഗസ്റ്റ് 15-നാണ് മഹീന്ദ്ര ഇംഗ്ലണ്ടിലെ ഡിസൈന്‍ സ്റ്റുഡിയോയില്‍ വെച്ച് തങ്ങളുടെ ഭാവി ഇലക്ട്രിക് വാഹനങ്ങള്‍ മറനീക്കി വെളിപ്പെടുത്തിയത്. BE 05 കണ്‍സെപ്റ്റ് പതിപ്പ് ഉള്‍പ്പെടെ ഒന്നിലേറെ ഇവികള്‍ അന്ന് പ്രദര്‍ശിപ്പിച്ചിരുന്നു. BE.05 ആയി അരങ്ങേറ്റം കുറിച്ചിട്ട് രണ്ട് വര്‍ഷത്തിന് ശേഷം ഡിസൈനര്‍ പ്രതാപ് ബോസിന്റെ മനസ്സില്‍ വിരിഞ്ഞ ആശയം ഇപ്പോള്‍ പ്രൊഡക്ഷന്‍ രൂപം കൈവരിച്ചിരിക്കുകയാണ്. BE 6e എന്ന പുത്തന്‍ നാമം സ്വീകരിച്ച ഇലക്ട്രിക് കാര്‍ എങ്ങനെ ഉണ്ടെന്ന് പരിശോധിക്കാന്‍ ഞങ്ങള്‍ക്ക് അവസരം ലഭിച്ചു. ചെന്നൈയില്‍ വെച്ച് ഞങ്ങള്‍ നടത്തിയ ഡ്രൈവില്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ ചുവടെ വിശദമായി വായിക്കാം.
എക്സ്റ്റീരിയര്‍ ഡിസൈന്‍: നിര്‍മാണത്തിലേക്ക് കടക്കാന്‍ പോകുന്ന BE 6e BE 05 കണ്‍സെപ്റ്റ് പതിപ്പില്‍ നിന്ന് കാര്യമായ മാറ്റമില്ലാതെയാണ് കാണപ്പെടുന്നത്. ഇവിയുടെ ഡിസൈന്‍ പരിശോധിക്കുമ്പോള്‍ മുന്‍വശത്ത് C- ആകൃതിയിലുള്ള എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളാണ് ആദ്യം ശ്രദ്ധയാകര്‍ഷിക്കുക. ഷോര്‍ട്ട് ഫ്രണ്ട് എന്‍ഡ്, മസ്‌കുലാര്‍ & ഫ്‌ലെയര്‍ഡ് വീലര്‍ച്ചുകള്‍, കൂപ്പെ ടൈപ്പ് റൂഫ് സ്‌റ്റൈല്‍, 18 ഇഞ്ച് അലോയി വീലുകള്‍ എന്നിവയാണ് ഇലക്ട്രിക് എസ്യുവിയുടെ മറ്റ് പ്രധാന എക്സ്റ്റീരിയര്‍ സവിശേഷതകള്‍.

20 ഇഞ്ച് വീലുകള്‍ ഓപ്ഷനലായി തെരഞ്ഞെടുക്കാം. പിന്‍വശത്തെ ഡോറിന് അടുത്തായി വീല്‍ ആര്‍ച്ചില്‍ കൂപ്പെ എസ്‌യുവിയുടെ ചാര്‍ജിംഗ് പോയിന്റ് വെളിപ്പെടുത്തുന്ന പാനലുണ്ട്. കൂപ്പെ ശൈലിയിലുള്ള റൂഫ് പൂര്‍ണ്ണമായും ഒരു ലാമിനേറ്റഡ് ഗ്ലാസ് യൂണിറ്റാണ് എന്നത് ശ്രദ്ധേയമാണ്. പിന്നില്‍ അത് വളയുന്നിടത്ത് ട്വിന്‍ സ്പോയിലറുകളും കാണാം.
ബൂട്ട് ലിപ്പിലും മറ്റൊരു സ്പോയിലര്‍ നിര്‍മ്മാതാക്കള്‍ നല്‍കിയിരിക്കുന്നു. ഫ്രണ്ട് എന്‍ഡില്‍ വരുന്ന ഡിആര്‍എല്ലുകള്‍ക്ക് സമാനമായ C ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ലൈറ്റുകളും ഇതില്‍ വരുന്നു. ബൂട്ട് ലിഡില്‍ മഹീന്ദ്രയുടെ പുതിയ ഇന്‍ഫിനിറ്റി ലോഗോ ഫീച്ചര്‍ ചെയ്യുന്നു. മഹീന്ദ്ര BE 6e-യുടെ ബൂട്ട്‌ലിഡ് ഇലക്ട്രിക്കലി തുറക്കുകയും അടക്കുകയും ചെയ്യാം. 455 ലിറ്ററാണ് ബൂട്ട് ശേഷി.

ഇന്റീരിയറും ഫീച്ചറുകളും: ഈ കാറിന്റെ അകത്തേക്ക് കയറിയാല്‍ ഫൈറ്റര്‍ പൈലറ്റിന്റെ കോക്പിറ്റില്‍ ഇരിക്കുന്ന അനുഭവമാണ്. BE 6e-യുടെ വിവിധ ഫംഗ്ഷനുകള്‍ നിയന്ത്രിക്കുന്നതിന് ഓവര്‍ഹെഡില്‍ സ്വിച്ചുകള്‍ ഉണ്ട്. പിന്നെ ഒരു എയര്‍ക്രാഫ്റ്റ് ത്രസ്റ്റ് കണ്‍ട്രോളര്‍ പോലെ രൂപകല്‍പ്പന ചെയ്ത ഗിയര്‍ ലിവര്‍ കാണാം. ഒരു ജെറ്റ് ഫൈറ്ററിന്റെ ട്രിഗര്‍ സ്വിച്ചിനെ അനുസ്മരിപ്പിക്കുന്ന പാര്‍ക്കിംഗ് ബ്രേക്ക് ബട്ടണ്‍ വശങ്ങളില്‍ നല്‍കിയിരിക്കുന്നു.
ഡ്രൈവര്‍ സീറ്റ് ഒരു പേഴ്‌സണല്‍ കോക്ക്പിറ്റ് പോലെ അനുഭവപ്പെടുന്നു. ആംബിയന്റ് ലൈറ്റിംഗാല്‍ ഇത് ചുറ്റപ്പെട്ടിരിക്കുന്നു. ഇന്‍ഫോടെയിന്‍മെന്റിനും ഇന്‍സ്ട്രുമെന്‍േറഷനുമുള്ള 12.3 ഇഞ്ച് സ്‌ക്രീനുകള്‍ ക്യാബിനിലേക്ക് ഒരു ഹൈടെക് വൈബ് കൊണ്ടുവരുന്നു. അകത്തെ നിഗള്‍ എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ബട്ടണ്‍ പരമ്പരാഗത പുഷ് ബട്ടണിനേക്കാള്‍ കപ്പാസിറ്റീവ് ടച്ച് ഉപയോഗിക്കുന്നു. ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്സ്‌ക്രീന്‍ യൂണിറ്റ് 5G കണക്റ്റിവിറ്റിയും ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയ്ക്കുള്ള വയര്‍ലെസ് പിന്തുണ ഉള്‍പ്പെടെയുള്ള ആധുനിക സവിശേഷതകളാല്‍ നിറഞ്ഞിരിക്കുന്നു.

ഡോള്‍ബി അറ്റ്മോസ് ഫീച്ചര്‍ ചെയ്യുന്ന പ്രീമിയം 16-സ്പീക്കര്‍ ഹര്‍മന്‍ കാര്‍ഡണ്‍ സൗണ്ട് സിസ്റ്റവുമായി ഇത് മനോഹരമായി ജോടിയാക്കുന്നു.XEV 9e പോലെ കൂടുതല്‍ ഫിസിക്കല്‍ കണ്‍ട്രോളുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ എന്ന് നമ്മള്‍ ആഗ്രഹിച്ചേക്കാം. പഴയ ഐ-ഡ്രൈവ്-പ്രചോദിത നോബ് കണ്‍ട്രോളര്‍ മാത്രമാണ് ഏക ഫിസിക്കല്‍ ബട്ടണ്‍. പൂര്‍ണമായി ടച് സ്‌ക്രീനിനെ ആശ്രയിച്ച് എയര്‍ കണ്ടീഷനിംഗ് അല്ലെങ്കില്‍ ഡ്രൈവ് മോഡുകള്‍ പോലുള്ള കാര്യങ്ങള്‍ ക്രമീകരിക്കുന്നത് ചിലര്‍ക്ക് ഇഷ്ടപ്പെട്ടേക്കില്ല.
മഹീന്ദ്ര BE 6e-യുടെ സീറ്റുകള്‍ ഫാബ്രിക്, ലെതറെറ്റ് അപ്ഹോള്‍സ്റ്ററി മിശ്രിതമാണ്. ഡാര്‍ക്ക് കാബിന്‍ തീമിന് ഡ്യുവല്‍-ടോണ്‍ ലുക്ക് നല്‍കാന്‍ സീറ്റ് സഹായിക്കുന്നു. ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന മുന്‍വശത്തെ സീറ്റുകള്‍ നിങ്ങളെ സ്പോര്‍ട്ടി ഡ്രൈവിംഗ് പൊസിഷനിലേക്ക് എത്തിക്കും. ക്രമീകരിക്കാവുന്ന ഹെഡ്റെസ്റ്റുകള്‍ നിങ്ങളുടെ തലയ്ക്കും കഴുത്തിനും മികച്ച സൗകര്യം നല്‍കുന്നു.എന്നിരുന്നാലും, പിന്നിലെ സീറ്റുകള്‍ അല്‍പ്പം ഇടുങ്ങിയതായി അനുഭവപ്പെടുന്നു. പ്രത്യേകിച്ച് അല്‍പ്പം ഉയരമുള്ള ഒരു ഡ്രൈവറാണ് മുന്നിലെങ്കില്‍.

കാല്‍മുട്ടിനുള്ള സപ്പോര്‍ട്ടും ഹഡ്റൂമും മാന്യമാണെങ്കിലും പിന്‍സീറ്റ് യാത്ര കൂടുതല്‍ സുഖകരമാക്കാന്‍ മികച്ച തൈ സപ്പോര്‍ അല്‍പ്പം കൂടി മികച്ചതാക്കാമായിരുന്നു. കൂപ്പെ ഡിസൈന്‍ ആയതിനാല്‍ കാറിന്റെ പിന്‍ സീറ്റിലേക്ക് കയറുമ്പോള്‍ തല ഇടിക്കാതിരിക്കാന്‍ ശ്രദ്ധ വേണം. BE 06 നിരവധി സ്‌റ്റോറേജ് സ്‌പെയ്‌സ് ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു.
BE 6e-യുടെ ക്യാബിന്‍ 2-സ്പോക്ക് സ്റ്റിയറിംഗ് വീലില്‍ തുടങ്ങി ചില മികച്ച ഫീച്ചറുകള്‍ ഉള്‍ക്കൊള്ളുന്നു. റീജന്‍ ലെവലുകള്‍, ഒരു പെഡല്‍ ഡ്രൈവിംഗ്, ബൂസ്റ്റ് മോഡ് എന്നിവയ്ക്കുള്ള കണ്‍ട്രോളുകള്‍ ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, 360-ഡിഗ്രി ക്യാമറ എന്നിവയും നിങ്ങള്‍ക്ക് കാണാനാകും.
ഡ്രൈവറുടെ കാല്‍മുട്ടുകള്‍ക്കുള്ള ഒന്ന് അടക്കം 7 എയര്‍ബാഗുകള്‍, ഡ്രൈവര്‍ അലേര്‍ട്ട്നെസ് സിസ്റ്റം, റഡാറും ക്യാമറകളും ഉള്ള ലെവല്‍ 2+ ADAS , ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്ററിംഗ്, ഓട്ടോ പാര്‍ക്കിംഗ്, ഇബിഡിയുള്ള എബിഎസ്, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവ ഇവിയുടെ സേഫ്റ്റി ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. നിങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ വളര്‍ത്തുമൃഗങ്ങളെ കംഫര്‍ട്ടാക്കി വെക്കാന്‍ വേണ്ടി രൂപകല്‍പ്പന ചെയ്തിരിക്കുന്ന പാവ്പാല്‍ എന്ന സവിശേഷ ഫീച്ചറും ഇത് വാഗ്ദാനം ചെയ്യുന്നു.
വലിപ്പവും സ്‌പെസിഫിക്കേഷനുകളും: BE 6e ഇവികള്‍ക്കായുള്ള INGLO സ്‌കേറ്റ്ബോര്‍ഡ് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇവിക്ക് 2,775mm വീല്‍ബേസുണ്ട്. 4,371mm നീളവും 1,907mm വീതിയും 1,627mm ഉയരവുമുള്ള 6e 207mm ഗ്രൗണ്ട് ക്ലിയറന്‍സും 10 മീറ്റര്‍ ടേണിംഗ് സര്‍ക്കിളും വാഗ്ദാനം ചെയ്യുന്നു. 59kWh അല്ലെങ്കില്‍ 79kWh ഓപ്ഷന്‍ ബാറ്റി പായ്ക്ക് ഓപ്ഷനില്‍ മഹീന്ദ്ര BE 6e തെരഞ്ഞെടുക്കാം.

59kWh ബാറ്ററി ഒറ്റ ചാര്‍ജില്‍ 535 കിലോമീറ്റര്‍ (MIDC) റേഞ്ച് നല്‍കുന്നു. 140kW ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 20 മിനിറ്റിനുള്ളില്‍ 20% മുതല്‍ 80% വരെ ചാര്‍ജ് ചെയ്യാം. എസി ചാര്‍ജര്‍ ഉപയോഗിച്ച് 8.7 മണിക്കൂറില്‍ ബാറ്ററി മുഴുവനായി ചാര്‍ജ് ചെയ്യാം. 7.2kW ഓപ്ഷനോ 6 മണിക്കൂറിനുള്ളില്‍ ചാര്‍ജാകുന്ന 11kW ചാര്‍ജറോ നിങ്ങള്‍ക്ക് ലഭിക്കും.
വലിയ 79kWh ബാറ്ററി പായ്ക്ക് ഒറ്റ ചാര്‍ജില്‍ 682 കിലോമീറ്റര്‍ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. 175kW ഡിസി ഫാസ്റ്റ് ചാര്‍ജര്‍ കണക്റ്റ് ചെയ്താല്‍ 20 മിനിറ്റില്‍ 20-80% വരെ ചാര്‍ജ് ചെയ്യാം. 7.2kW ചാര്‍ജര്‍ ഫുള്‍ചാര്‍ജിന് 11.7 മണിക്കൂര്‍ എടുക്കും. 11kW ചാര്‍ജര്‍ അത് എട്ട് മണിക്കൂറായി കുറയ്ക്കും. രണ്ട് ബാറ്ററി പാക്കുകളും BYD യുടെ ബ്ലേഡ് ടെക്കും LFP കെമിസ്ട്രിയും ഉപയോഗിക്കുന്നു.

ബാറ്ററികള്‍ റിയര്‍ ആക്സിലില്‍ ഘടിപ്പിച്ചിരിക്കുന്ന സിംഗിള്‍ ഇലക്ട്രിക് മോട്ടോറുമായി ബന്ധിപ്പിച്ചിരിക്കുന്നു. 79kWh ബാറ്ററി പായ്ക്ക് വേരിയന്റിനോടൊപ്പം മോട്ടോര്‍ 281.6 bhp പവര്‍ നല്‍കുന്നു. 59kWh പായ്ക്കിലേക്ക് കണക്റ്റ് ചെയ്യുമ്പോള്‍ ഇലക്ട്രിക് മോട്ടോര്‍ 228bhp പവറും 380Nm ടോര്‍ക്കും പുറപ്പെടുവിക്കുന്നു. 6.7 സെക്കന്‍ഡില്‍ ഇവി 0-100km/h വേഗത കൈവരിക്കുന്നു.
പുതിയ മഹീന്ദ്ര BE 6e-യില്‍ മക്‌ഫേഴ്‌സണ്‍ സ്ട്രറ്റ് ഐലിങ്ക് ഇന്‍ഡിപെന്‍ഡന്റ് സസ്പെന്‍ഷനോടുകൂടിയ സെമി-ആക്ടീവ് ഡാംപറുകളും മുന്‍വശത്ത് സ്റ്റെബിലൈസര്‍ ബാറും ലഭിക്കുന്നു. 5-ലിങ്ക് ഇന്‍ഡിപെന്‍ഡെന്റ് സസ്പെന്‍ഷനും സ്റ്റെബിലൈസര്‍ ബാറും റോഡിലെ കുണ്ടും കുഴികളും എളുപ്പം താണ്ടാന്‍ അനുവദിക്കുന്നു. എല്ലാ വീലുകളിലും ഡിസ്‌ക് ബ്രേക്കുകളാണ് ഡ്യൂട്ടി ചെയ്യുന്നത്. റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റവും ഇതില്‍ വരുന്നു.
ഡ്രൈവിംഗ് ഇംപ്രഷന്‍: രൂപം പോലെ തന്നെ ഈ കാര്‍ ഓടിച്ച് കഴിഞ്ഞാല്‍ നിങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെടും. ഭാവിയില്‍ നിന്നുള്ള ഒരു ഡ്യൂണ്‍ റേസറിനെപ്പോലെയാണ് ഇതിനെ തോന്നുക. മഹീന്ദ്ര BE 6e-യുടെ ഡ്രൈവര്‍ സീറ്റ് തികച്ചും മികച്ച അനുഭവം സമ്മാനിക്കും. പാര്‍ക്കിംഗ് ബ്രേക്ക് വിച്ഛേദിച്ച് ഏറ്റവും സ്പോര്‍ടിസ് റേസ് മോഡില്‍ കാല്‍ വെച്ചാല്‍ നിമിഷ നേരം കൊണ്ട് മൂന്നക്ക സ്പീഡിലെത്തുന്നത് കാണാം.
ഇവി 6.7 സെക്കന്‍ 0-100km/h താണ്ടുമെന്ന് കമ്പനി അവകാശപ്പെടുന്നു. മഹീന്ദ്രയുടെ ചെന്നൈ ഫെസിലിറ്റിയിലെ ഡ്രൈവിനിടെ സ്ഥിരമായി ആ മാര്‍ക്കില്‍ തെടാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. BE 6e യുടെ സസ്പെന്‍ഷന്‍ സ്പോര്‍ട്ടിയര്‍ സൈഡില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. XUV 9e-യുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് വളരെ സ്റ്റിഫ് ആയി തോന്നുന്നു. പ്രത്യേകിച്ച് റേസ് മോഡില്‍ കോര്‍ണര്‍ ചെയ്യുമ്പോള്‍.

സെമി-ആക്റ്റീവ് അഡ്ജസ്റ്റബിള്‍ ഡാംപിംഗ് നഗരത്തിലെ കുണ്ടും കുഴികളും അനായാസം കൈകാര്യം ചെയ്യുമെന്ന് ഉറപ്പാക്കുന്നു. സ്‌ക്വയര്‍ഡ് ഓഫ് ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍ ആദ്യം അപരിചിതമായി തോന്നാമെങ്കിലും ഉപയോഗത്തില്‍ അവിശ്വസനീയമാംവിധം ഭാരം കുറഞ്ഞതും എളുപ്പവുമാണ്. വേഗത കൂട്ടുമ്പോള്‍ ഹൈവേയിലെ എസ്യുവി കൂപ്പെയുടെ സ്റ്റിയറിംഗില്‍ ശരിയായ അളവിലുള്ള ഭാരം അനുഭവപ്പെടുന്നു.
ബ്രേക്കിംഗ് ഡ്യൂട്ടി നിയന്ത്രിക്കുന്നത് ഡിസ്‌ക് ബ്രേക്കുകളുമായി ജോടിയാക്കിയ ഒരു ബ്രേക്ക്-ബൈ-വയര്‍ സിസ്റ്റമാണ്. ശക്തമായ ഇനീഷ്യല്‍ ബൈറ്റ് വാഗ്ദാനം ചെയ്യുന്നതോടൊപ്പം ദ്രുതഗതിയില്‍ നിര്‍ത്തുകയും ചെയ്യുന്നു. റീജെന്‍ മോഡുകള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു. എന്നിരുന്നാലും ലെവല്‍ 3 ചിലര്‍ക്ക് അല്‍പ്പം അഗ്രസീവായി തോന്നിയേക്കാം. ഇത് വണ്‍-പെഡല്‍ ഡ്രൈവിംഗും പിന്തുണയ്ക്കുന്നു. എന്നാല്‍ ആ ഫീച്ചര്‍ ശരിയായ പരിശോധിക്കാനുള്ള അവസരം ഞങ്ങള്‍ക്ക് ലഭിച്ചില്ല.

ഡ്രൈവ്‌സ്പാര്‍ക്ക് കമന്റ്: BE 6e ഇവിയിലൂടെ മഹീന്ദ്രയുടെ 'ബോണ്‍ ഇലക്ട്രിക്' സബ് ബ്രാന്‍ഡ് അരങ്ങേറ്റം കുറിക്കുകയാണ്. ഒറ്റനോട്ടത്തില്‍ നിങ്ങളെ ആകര്‍ഷിക്കുന്ന ഇവി വളയം പിടിക്കുമ്പോള്‍ നിങ്ങളുടെ മുഖത്ത് പുഞ്ചിരി വിരിയിക്കുകയും ചെയ്യും. എസി, ഡ്രൈവ് മോഡുകള്‍ക്കുള്ള ടച്ച് കണ്‍ട്രോളുകളും പരിമിതമായ റിയര്‍ സ്‌പേസുമാണ് പോരായ്മയായി പറയാനുള്ളത്. എന്നാല്‍, ഫൈറ്റര്‍ ജെറ്റ്-പ്രചോദിതമായ കോക്ക്പിറ്റ് മാത്രം മതി മറ്റെല്ലാ കുറവുകളും അംഗീകരിക്കാന്‍. ഇവിയിലെ യാത്രകള്‍ നിങ്ങള്‍ തീര്‍ച്ചയായും ആസ്വദിക്കും.


Click it and Unblock the Notifications








