ബോലേറോയ്ക്ക് ചെക്ക് വയ്ക്കാൻ ആരുണ്ടിവിടെ! 2025 മഹീന്ദ്ര ബോലേറോ നിയോയുടെ റിവ്യു വായിക്കാം
സിറ്റിയിലും ഗ്രാമപ്രദേശങ്ങളിലും കേരളത്തിൽ പ്രത്യേകിച്ച് ഹൈറേഞ്ച് മേഖലകളിൽ മഹീന്ദ്രയുടെ ആധിപത്യമാണ്. ഏത് മലമുകളിലും കയറാനുള്ള കരുത്തും ആത്മവിശ്വാസവും ഡ്രൈവർക്ക് ലഭിക്കുന്നു. അതോടൊപ്പം തന്നെ യാത്രക്കാർക്കും. അതാണ് ബോലേറോ. കർഷകൻ്റെ സുഹൃത്തും, ക്രമസമാധാനപാലകരായ പൊലീസുകാരുടെ സാരഥിയായും നിരവധി വേഷങ്ങൾ കെട്ടിയാടുന്ന ബോലേറോയ്ക്ക് മഹീന്ദ്ര ഒരു പുതിയ മുഖം നൽകിയിരിക്കുകയാണ്. കുടുതൽ സ്പേസും റിലയബിളിറ്റിയും നൽകുന്ന ഒരു 7 സീറ്റർ ആയത് കൊണ്ട് തന്നെ കുടുംബങ്ങൾക്ക് പറ്റിയ ഓപ്ഷനായിരിക്കും ഇത്. വാഹനത്തിൻ്റെ വിശദമായ റിവ്യു അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
വിലയിൽ നിന്ന് ആരംഭിക്കുകയാണെങ്കിൽ 8.49 ലക്ഷം ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. ഈ പുതിയ മോഡലിൽ ക്രോം, പിയാനോ ബ്ലാക്ക് ആക്സന്റുകളോടുകൂടിയ മുൻവശത്തെ ഗ്രിൽ, മെച്ചപ്പെട്ട ക്യാബിൻ മെറ്റീരിയൽ, പുതിയ ഇൻഫോടൈൻമെൻ്റ് സിസ്റ്റം എന്നിവയെല്ലാം ലഭിക്കുന്നുണ്ട്. കരുത്തുറ്റ ലാഡർ-ഫ്രെയിം ഷാസി നിലനിർത്തുന്നതിനോടൊപ്പം, 1.5-ലിറ്റർ mHawk ഡീസൽ എഞ്ചിനും ഈ മോഡലിൽ നിലനിർത്തിയിട്ടുണ്ട്.

എക്സ്റ്റീരിയറിൽ ക്രോം ഇൻസേർട്ടുകളും, പിയാനോ ബ്ലാക്ക് ഡീറ്റെയിലുകളുമുള്ള ആകർഷകമായ മുൻവശത്തെ ഗ്രിൽ ലഭിക്കുന്നു. താഴെയുള്ള ഗ്രില്ലിൽ പുതിയ ക്രോം ആക്സന്റുകളും നൽകിയിട്ടുണ്ട്. ഹെഡ്‌ലൈറ്റ് യൂണിറ്റുകളിൽ മാറ്റമില്ലെങ്കിലും, ഡേടൈം റണ്ണിംഗ് ലൈറ്റുകൾ (DRL) ഉൾപ്പെടുത്തിയിട്ടുണ്ട്. ഫ്രണ്ട് ഫോഗ് ലാമ്പുകളിലും, ഇൻഡിക്കേറ്ററുകളിലും ഹാലൊജൻ യൂണിറ്റാണ് കമ്പനി നൽകിയിരിക്കുന്നത്.
വശങ്ങളിലേക്ക് വരുമ്പോൾ, കറുപ്പും, ചാര നിറവും ചേർന്ന 16-ഇഞ്ച് അലോയ് വീലുകൾ വാഹനത്തിൻ്റെ ലുക്ക് വർധിപ്പിക്കുന്നു. ബോഡിയുടെ ഇരുവശങ്ങളിലും ക്ലാഡിംഗ് നൽകിയിട്ടുണ്ട്. അതുപോലെ, മാറ്റ് ബ്ലാക്ക് ഡോർ ഹാൻഡിലുകളും, ബോഡി കളർ ORVM-ഉം വാഹനത്തിന് കൂടുതൽ ആകർഷണം നൽകുന്നുണ്ട്. കീലെസ് എൻട്രി സംവിധാനം മാത്രം ലഭിക്കുന്നില്ല.

പിന്നിലേക്ക് നോക്കിയാൽ അധിക എയർ വെന്റിലേഷനായി ചെറിയ ക്വാർട്ടർ ഗ്ലാസ് നൽകിയിട്ടുണ്ട്. ടെയിൽ ലൈറ്റ് ഡിസൈനിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ല. സ്പെയർ വീലിന് ബോലേറോ ലോഗോ പതിച്ച കവർ നൽകിയിട്ടുണ്ട്. പാർക്കിംഗിനായി, പിൻവശത്ത് പാർക്കിംഗ് സെൻസറുകളും, ക്യാമറയും ഉണ്ട്. കൂടാതെ, റിയർ സ്റ്റെപ്പ്, വൈപ്പർ, വാഷർ, ഡീഫോഗർ എന്നിവയെല്ലാം ലഭിക്കുന്നുണ്ട്. ഹൈ-മൗണ്ടഡ് സ്റ്റോപ് ലാമ്പ് എന്നിവയും ഈ ഭാഗത്ത് ഉൾപ്പെടുത്തിയിട്ടുണ്ട്.
1.5 ലിറ്റര്‍ 3-സിലിണ്ടര്‍ ഡീസല്‍ എഞ്ചിനുകളാണ് ഉപയോഗിക്കുന്നത്. ബൊലേറോയ്ക്ക് 75 bhp പവറും 210 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എംഹോക് 75 എഞ്ചിനാണ് ലഭിക്കുന്നത്. എന്നാല്‍ ബൊലേറോ നിയോയില്‍ 98 മുതല്‍ 100 bhp വരെ പവറും 240 മുതല്‍ 260 Nm വരെ ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എംഹോക് 100 എഞ്ചിന്‍ ലഭിക്കും. എഞ്ചിന്റെ മെക്കാനിക്കൽ ഭാഗങ്ങളിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

കൂടുതൽ സുഗമമായ യാത്രയ്ക്കായി സസ്പെൻഷൻ ട്യൂൺ ചെയ്തിട്ടുണ്ട്. അതുപോലെ, റോഡുകളിലെ മികച്ച പ്രതികരണത്തിനായി സ്റ്റിയറിംഗും, ബ്രേക്കിംഗും മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇന്ധനക്ഷമതയുടെ കാര്യത്തിൽ, പഴയ മോഡലിന് സമാനമായ രീതിയിലാണ് നിയോ ഫെയ്സ്‌ലിഫ്റ്റിൻ്റേയും പ്രകടനം. ഇത് ദീർഘദൂര യാത്രകൾക്കും, നഗരയാത്രകൾക്കും ഒരുപോലെ ഉപയോഗപ്രദമാണ് എന്നതാണ് പ്രത്യേകത.
നിയോ ഫെയ്സ്‌ലിഫ്റ്റിൽ 9-ഇഞ്ചുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടൈൻമെൻ്റ് സിസ്റ്റം, വയർലെസ് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, റിവേഴ്സ് പാർക്കിംഗ് ക്യാമറ എന്നിവയുണ്ട്. മാനുവൽ എയർ കണ്ടീഷനിംഗ്, ക്രൂയിസ് കൺട്രോൾ ഉൾപ്പെടെയുള്ള സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, എന്നിവ ഇതിന്റെ പ്രധാന ഫീച്ചറുകളാണ്. USB Type-C, USB Type-A, 12V സോക്കറ്റ് എന്നിവയും ചാർജിംഗ് ഓപ്ഷനുകളായി നൽകിയിരിക്കുന്നു.

സുരക്ഷാ ഫീച്ചറുകളായി, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ABS നൊപ്പം EBD, പിൻ പാർക്കിംഗ് സെൻസറുകൾ, റിയർ ക്യാമറ, ചൈൽഡ് സേഫ്റ്റി ലോക്കുകൾ എന്നിവയുണ്ട്. രണ്ടാമത്തെയും, മൂന്നാമത്തെയും നിരകളിൽ എസി വെന്റുകൾ ഇല്ലെങ്കിലും, പിൻസീറ്റ് യാത്രക്കാർക്ക് നല്ല വെന്റിലേഷനായി വിശാലമായ ക്വാർട്ടർ ഗ്ലാസ് നൽകിയിട്ടുണ്ട്.
മഹീന്ദ്ര ബോലേറോ നിയോ ഫെയ്സ്‌ലിഫ്റ്റ് ഇപ്പോൾ ഇന്ത്യയിലുടനീളമുള്ള മഹീന്ദ്ര ഡീലർഷിപ്പുകളിൽ ലഭ്യമാണ്. ഉടൻതന്നെ വിതരണം ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.ടാറ്റ നെക്സോൺ, മാരുതി സുസുക്കി എർട്ടിഗ, ഹ്യുണ്ടായി വെന്യു തുടങ്ങിയവയാണ് പ്രധാന എതിരാളികൾ. എത്രയും പെട്ടെന്ന് തന്നെ ഷോറൂമുകളിൽ പോയി വാഹനം ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ മറക്കരുതേ എന്ന് പ്രത്യേകം ഓർമിപ്പിക്കുകയാണ്.


Click it and Unblock the Notifications








