ഇന്നോവയോട് ബൈ പറയാം; മഹീന്ദ്ര XEV 9S 7-സീറ്റര്‍ ഫാമിലി എസ്‌യുവിയുടെ റിവ്യൂ വിശേഷങ്ങള്‍
ആഭ്യന്തര വാഹന നിര്‍മാതാക്കളായ മഹീന്ദ്ര പുതിയ XEV 9S എന്ന പുത്തന്‍ മോഡല്‍ അവതരിപ്പിച്ച് തങ്ങളുടെ ഇലക്ട്രിക് വാഹന നിര വിപുലീകരിച്ചിരിക്കുകയാണ്. ബ്രാന്‍ഡിന്റെ സ്വന്തം INGLO പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച പുതിയ 7 സീറ്റര്‍ മോഡല്‍ പ്രീമിയം അനുഭവം വാഗ്ദാനം ചെയ്യുന്നു. അത്യാധുനിക സാങ്കേതികവിദ്യ, വിശാലമായ ഇന്റീരിയറുകള്‍, മികച്ച പ്രകടനം എന്നിവ ആഗ്രഹിക്കുന്ന കുടുംബങ്ങളെ ആകര്‍ഷിക്കാനാണ് ഇത് ലക്ഷ്യമിടുന്നത്. പുതിയ ഇലക്ട്രിക് എസ്‌യുവി എങ്ങിനെയുണ്ടെന്ന് അറിയാന്‍ ഏവര്‍ക്കും താല്‍പര്യമുണ്ടാകും. പുത്തന്‍ മഹീന്ദ്ര XEV 9S ഓടിക്കാന്‍ ഞങ്ങള്‍ക്ക് അവസരം ലഭിച്ചു. പുത്തന്‍ ഇവിയുടെ റിവ്യൂ വിശേഷങ്ങള്‍ ചുവടെ വിശദമായി വായിക്കാം.
എക്സ്റ്റീരിയര്‍
സമകാലിക സ്‌റ്റൈലിംഗാണ് മഹീന്ദ്ര XEV 9S ഇവിയുടെ എക്‌സ്റ്റീരിയറില്‍ കമ്പനി നല്‍കിയിരിക്കുന്നത്. മുന്‍വശത്ത് എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും ബൈ-എല്‍ഇഡി ഹെഡ്ലാമ്പുകളും ഉണ്ട്. ക്ലോസ്ഡ് ഗ്രില്ലില്‍ മഹീന്ദ്ര ഇവി ലോഗോ സ്ഥാനം പിടിക്കുന്നു. XUV.e9, XUV700 മോഡലുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വശങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. 235/60 R18 ടയറുകളുള്ള 18-ഇഞ്ച് വീലുകളാണ് ഇതിന് നല്‍കിയിരിക്കുന്നത്.

ഡ്യുവല്‍ ടോണ്‍ ഫിനിഷിലുള്ള ഒആര്‍വിഎമ്മുകളും ഇന്റഗ്രേറ്റഡ് ടേണ്‍ ഇന്‍ഡിക്കേറ്ററുകളും ഇതിന് ലഭിക്കുന്നു. ഫ്‌ലഷ് ഡോര്‍ ഹാന്‍ഡിലുകള്‍ രൂപഭംഗി കൂട്ടുന്നതോടൊപ്പം കൂടുതല്‍ ആകര്‍ഷണം നല്‍കുന്നു. പനോരമിക് സണ്‍റൂഫ് ക്യാബിനിന്റെ വിശാലത വര്‍ധിപ്പിക്കുന്നു. വളരെ ലളിതവും, ആകര്‍ഷകവുമായ റിയര്‍ എന്‍ഡില്‍ റാപ്എറൗണ്ട് ടെയില്‍ ലാമ്പുകള്‍ നല്‍കിയിരിക്കുന്നു.
ഇന്റീരിയര്‍
ആഡംബരത്തികവുറ്റ മഹീന്ദ്ര XEV 9S-ന്റെ ഉള്‍വശം ഫീച്ചര്‍ സമ്പന്നമാണ്. ഡാഷ്ബോര്‍ഡില്‍ മൂന്ന് സ്‌ക്രീനുകളുണ്ട്. ഇതില്‍ 12.3-ഇഞ്ച് ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഒരു പ്രത്യേക പാസഞ്ചര്‍ സ്‌ക്രീന്‍ എന്നിവ ഉള്‍പ്പെടുന്നു. ഈ പാസഞ്ചര്‍ സ്‌ക്രീന്‍ ഡ്രൈവര്‍ക്ക് ശല്യമില്ലാതെ ഫ്രണ്ട് പാസഞ്ചര്‍ സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്ക് വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ അനുവദിക്കുന്നു. ഫ്‌ലാറ്റ്-ബോട്ടം ഡിസൈനിലുള്ള സ്റ്റിയറിംഗ് വീലില്‍ കണ്‍ട്രോളുകള്‍ നല്‍കിയിട്ടുണ്ട്.

കൂടാതെ, റീജനറേറ്റീവ് ബ്രേക്കിംഗിനായുള്ള ബട്ടണുകളും ഉണ്ട്. ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍, കോ-പാസഞ്ചര്‍ സീറ്റുകളാണ് ഇതിലുള്ളത്. ഫ്രണ്ട്, രണ്ടാം നിര സീറ്റുകള്‍ക്ക് വെന്റിലേഷന്‍ ഫംഗ്ഷനുകളുമുണ്ട്. രണ്ടാമത്തെ നിരയില്‍ മടക്കാവുന്ന ആംറെസ്റ്റും, മൂന്ന് ഹെഡ്റെസ്റ്റുകളും ഉണ്ട്. കൂടുതല്‍ ലെഗ്റൂമിനായി ഫ്രണ്ട് പാസഞ്ചര്‍ സീറ്റ് ക്രമീകരിക്കുന്നതിന് 'ബോസ് മോഡ്' ബട്ടണ്‍ സഹായിക്കുന്നു.
രണ്ട് വയര്‍ലെസ് ചാര്‍ജിംഗ് പാഡുകളും, 12V സോക്കറ്റുകളും ഇതില്‍ നല്‍കിയിട്ടുണ്ട്.മികച്ച ശ്രവ്യാനുഭവത്തിനായി 16-സ്പീക്കറുകളുള്ള ഹര്‍മന്‍ കാര്‍ഡണ്‍ സൗണ്ട് സിസ്റ്റവും ഡോള്‍ബി ആറ്റ്മോസ് സാങ്കേതികവിദ്യയും സജ്ജീകരിച്ചിട്ടുണ്ട്. ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം മഹീന്ദ്രയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (Maaya) സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത് വളരെ മികച്ച ഉപയോക്തൃ അനുഭവം സമ്മാനിക്കുന്നു.

മാത്രമല്ല, എസ്‌യുവിയില്‍ ലെവല്‍ 2+ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസും (ADAS) ഉണ്ട്. അഞ്ച് റഡാറുകള്‍, 12 അള്‍ട്രാസോണിക് സെന്‍സറുകള്‍, നാല് ക്യാമറകള്‍ എന്നിവ ഈ സിസ്റ്റത്തില്‍ ഉള്‍പ്പെടുന്നു. ഡ്രൈവറുടെ മയക്കം കണ്ടെത്താനും, 360-ഡിഗ്രി കാഴ്ച നല്‍കാനും ഇതിന് കഴിയും. 540-ഡിഗ്രി ക്യാമറ ഒരു നിരീക്ഷണ സംവിധാനമായും പ്രവര്‍ത്തിക്കും.
വലിപ്പം
മഹീന്ദ്ര XEV 9S ഇവിക്ക് 4789 mm നീളവും 1907 mm വീതിയും 1694 mm ഉയരവുമുണ്ട്. 2775 mm വീല്‍ബേസും 207 mm ഗ്രൗണ്ട് ക്ലിയറന്‍സും ലഭിക്കുന്നു. ബൂട്ട് സ്‌പേസ് 663 ലിറ്ററാണ്. രണ്ടും മൂന്നും നിരയിലെ സീറ്റുകള്‍ മടക്കുമ്പോള്‍ ഇത് ഏകദേശം 1200 ലിറ്റര്‍ ആയി വര്‍ധിപ്പിക്കാന്‍ കഴിയും. 10 മീറ്റര്‍ ആണ് ടേണിംഗ് സര്‍ക്കിള്‍ ഡയമീറ്റര്‍.

ഡ്രൈവിംഗ് ഇംപ്രഷന്‍
മഹീന്ദ്ര XEV 9S ഇലക്ട്രിക് എസ്‌യുവി മികച്ച ഡ്രൈവിംഗ് അനുഭവമാണ് സമ്മാനിക്കുന്നത്. കരുത്തുറ്റ ഒരു ഇലക്ട്രിക് മോട്ടോറാണ് ഇതിന് കരുത്ത് പകരുന്നത്. ഈ മോട്ടോര്‍ 380 Nm ടോര്‍ക്ക് നല്‍കുന്നു. ബാറ്ററി പായ്ക്കിനെ ആശ്രയിച്ച് പവര്‍ ഔട്ട്പുട്ടില്‍ വ്യത്യാസമുണ്ടാകും. 59 kWh ബാറ്ററി പായ്ക്ക് പതിപ്പിന് 231 hp പവറും 79 kWh ബാറ്ററി ഘടിപ്പിച്ചെത്തുന്ന മോഡലിന് 286 hp പവറുമാണുള്ളത്.
ഇവി ഏകദേശം 7.7 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.മണിക്കൂറില്‍ 202 കിലോമീറ്ററാണ് പരമാവധി വേഗത. സ്‌നോ, എവരിഡേ, സ്‌പോര്‍ട്, റേസ് എന്നിങ്ങനെ നാല് ഡ്രൈവിംഗ് മോഡുകള്‍ ലഭ്യമാണ്. ഇതിലെ സസ്‌പെന്‍ഷന്‍ സിസ്റ്റം റൈഡ് സുഖകരമാക്കുന്നു.

മുന്‍വശത്തെ ഇന്റലിജന്റ് സെമി-ആക്ടീവ് ഡാംപറുകള്‍ 15 മില്ലിസെക്കന്‍ഡിനുള്ളില്‍ കുഴികളോട് പ്രതികരിക്കുന്നു. പിന്നില്‍ ഫൈവ്-ലിങ്ക് ഇന്‍ഡിപെന്‍ഡന്റ് സസ്‌പെന്‍ഷനാണ് ഉപയോഗിച്ചിരിക്കുന്നത്.ലൈറ്റ് സ്റ്റിയറിംഗ് സിസ്റ്റം, മികച്ച ഹാന്‍ഡിലിംഗ് നല്‍കുന്നു. 10 മീറ്റര്‍ ടേണിംഗ് റേഡിയസ് നഗരങ്ങളില്‍ എളുപ്പത്തില്‍ വാഹനം തിരിക്കാന്‍ സഹായിക്കുന്നു. ഇവിയുടെ എല്‍എഫ്പി ബാറ്ററി ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു.
180 kW ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 20 മിനിറ്റിനുള്ളില്‍ ബാറ്ററി 0-80% വരെ ചാര്‍ജ് ചെയ്യാം. 59 kWh ബാറ്ററി പായ്ക്കിന്റെ MIDC റേഞ്ച് 521 കിലോമീറ്റര്‍ വരെയാണ്. അതേസമയം വലിയ 79 kWh ബാറ്ററി പായ്ക്ക് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 679 കിലോമീറ്റര്‍ ഓടുമെന്നാണ് അവകാശപ്പെടുന്നത്. സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്ന സവിശേഷതയും ഇതിലുണ്ട്.

ഡ്രൈവ്‌സ്പാര്‍ക്ക് കമന്റ്
ഫീച്ചറുകള്‍ നിറഞ്ഞ 7 സീറ്റര്‍ ഇലക്ട്രിക് എസ്‌യുവി തേടുന്നവര്‍ക്ക് പറ്റിയ ഓപ്ഷനാണ് XEV 9S. മികച്ച സുരക്ഷയും, സുഖസൗകര്യങ്ങളും, മികച്ച പെര്‍ഫോമന്‍സും ഇതില്‍ സംയോജിപ്പിച്ചിരിക്കുന്നു. XEV 9S-ന് മികച്ച ഡ്രൈവിംഗ് റേഞ്ചും, ഫാസ്റ്റ് ചാര്‍ജിംഗ് ശേഷിയുമുണ്ട്. വിശാലവും, എല്ലാ സൗകര്യങ്ങളുമുള്ള ഇലക്ട്രിക് വാഹനം ആഗ്രഹിക്കുന്ന കുടുംബങ്ങള്‍ക്കും, ടെക് റിച്ച് കാറുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കും XEV 9S മികച്ച ഓപ്ഷനാണ്. മത്സരാധിഷ്ഠിത വിലയും, മോഡേണ്‍ ഫീച്ചറുകളും സെഗ്‌മെന്റില്‍ ഇതിനെ ശ്രദ്ധേയമാക്കുന്നു.


Click it and Unblock the Notifications








