പേരുമാറ്റം മാത്രമല്ല അതിലേറെയുണ്ട്! മഹീന്ദ്ര XUV 3XO റിവ്യൂ വിശേഷങ്ങള്‍ വായിക്കാം
എസ്‌യുവി സ്‌പെഷ്യലിസ്റ്റായ മഹീന്ദ്രക്ക് വൈദ്യുതീകരണ പാതയില്‍ മുന്നേറുന്നതിന് മുന്നോടിയായി ആവനാഴിയിലെ ചില അസ്ത്രങ്ങള്‍ നവീകരിക്കേണ്ടതായുണ്ടായിരുന്നു. മഹീന്ദ്രയുടെ യൂട്ടിലിറ്റി വാഹനങ്ങളില്‍ നവീകരണം ഏറ്റവും കൂടുതല്‍ ആവശ്യമായി വന്ന മോഡല്‍ XUV300 (Mahindra XUV300) ആയിരുന്നു. ചെറിയ രീതിയില്‍ റീഫ്രഷ് ചെയ്യുന്നതിനോട് കമ്പനിക്ക് താല്‍പര്യമില്ലായിരുന്നു.
ഇപ്പോൾ സബ് 4-മീറ്റര്‍ എസ്‌യുവി പുനര്‍നിര്‍മ്മിക്കുകയും മഹീന്ദ്ര XUV 3XO എന്ന് പുനര്‍നാമകരണം ചെയ്‌ത് വിപണിയിൽ എത്തിച്ചിരിക്കുകയാണ് . പുതിയ മഹീന്ദ്ര XUV 3XO എന്നത് ശരിക്കും പുനര്‍നിര്‍മാണത്തിന് വിധേയമായിട്ടുണ്ടോ അതോ പേരുമാറ്റി ചില്ലറ അപ്‌ഡേറ്റുകള്‍ മാത്രമാണോ നടപ്പാക്കിയതെന്നറിയാന്‍ ഞങ്ങള്‍ വാഹനം ഓടിച്ച് നോക്കി. അതറിയാന്‍ സബ് കോംപാക്ട് എസ്‌യുവിയുടെ റിവ്യൂ വിശേഷങ്ങള്‍ ചുവടെ വായിക്കാം.

ഡിസൈന്‍: മുന്‍ഗാമിയായ XUV 3OO-യുമായി താരതമ്യപ്പെടുത്തുമ്പോള്‍ XUV 3X0-ക്ക് വേറിട്ടുനില്‍ക്കുന്ന എക്സ്റ്റീരിയര്‍ ഡിസൈന്‍ ആണ് ലഭിക്കുന്നത്. ശ്രദ്ധേയമായ ലുക്കാണെങ്കിലും ഇത് എല്ലാവര്‍ക്കും ഇഷ്ടമായിക്കൊള്ളണമെന്നില്ല. ഫ്‌ലാഗ്ഷിപ്പ് എസ്‌യുവിയായ XUV7OO-യുടെ മുന്‍വശത്തിന്റെ ചെറിയ പകര്‍പ്പാണ് XUV 3X0-ക്ക് നല്‍കിയിരിക്കുന്നതെന്ന് പറഞ്ഞാല്‍ കുറ്റംപറയാനൊക്കില്ല. എന്നാല്‍ ചിത്രങ്ങളില്‍ കണ്ട ഫ്രണ്ട് ഫാസിയയും നേരിട്ടുളള രൂപവും തമ്മില്‍ ഒത്തിരി മാറ്റമുള്ളതായി ഞങ്ങള്‍ക്ക് അനുഭവപ്പെട്ടു.
എല്‍ഇഡി ഹെഡ്ലൈറ്റുകളുടെയും ഡിആര്‍എല്ലുകളുടെയും സംയോജനവും XUV 7OO-യുടെ ഗ്രില്ലും XUV 3XO-യുടെ മുന്‍ഭാഗത്തിന്റെ പരിമിതമായ വീതിക്ക് നന്നായി യോജിക്കുന്നില്ല. വശങ്ങളിലേക്ക് വന്നാല്‍ ഏവരുടെയും ശ്രദ്ധ ആകര്‍ഷിക്കുക പുതിയ 17 ഇഞ്ച് അലോയ് വീലുകളായിരിക്കും. ഈ എസ്‌യുവിയുടെ എക്‌സ്റ്റീരിയറിലെ ഏറ്റവും ആകര്‍ഷകമായ സംഗതികളില്‍ ഒന്നാണിത്. ഫ്യൂച്ചറിസ്റ്റിക് ആണ് XUV 3XO യുടെ പിന്‍ഭാഗം. ബ്ലാക്ക്-ഔട്ട് റൂഫും സ്പോയിലറും റിയര്‍ വിന്‍ഡ്സ്‌ക്രീനും 'ഇന്‍ഫിനിറ്റി' എല്‍ഇഡി ടെയില്‍ലൈറ്റുകളെ ബന്ധിപ്പിക്കുന്ന ലൈറ്റ്ബാറുമായി നന്നായി ഇഴുകിുച്ചരുന്നുണ്ട്.

ഇന്റീരിയറുകളും ഫീച്ചറുകളും: എക്‌സ്റ്റീരിറിനെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ എല്ലാം മാറ്റിമറിക്കുന്ന അകത്തളമാണ് എസ്‌യുവിയില്‍ മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്. ഡാഷ്ബോര്‍ഡിന്റെയും ഡോര്‍ കാര്‍ഡുകളുടെയും ഡാര്‍ക്ക് സെക്ഷനുകള്‍ വൈറ്റ് ഷെയ്ഡില്‍ പൂര്‍ത്തിയാക്കിയ ഇന്റീരിയറിന്റെ ബാക്കി ഭാഗങ്ങളുമായി മികച്ച കോണ്‍ട്രാസ്റ്റ് വെളിവാക്കുന്നു. ഡാഷ്ബോര്‍ഡ് ഡിസൈനും ലേഔട്ടും ഇലക്ട്രിക് XUV 4OO-യില്‍ കടംകൊണ്ടിരിക്കുകയാണ്. ഇന്‍ഫോടെയ്ന്‍മെന്റിനും ഇന്‍സ്ട്രുമെന്റേഷനും വേണ്ടി ഡ്യുവല്‍ 10.25 ഇഞ്ച് ഡിസ്പ്ലേകളാണ് നല്‍കിയിരിക്കുന്നത്.
ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനായുള്ള ടച്ച്സ്‌ക്രീന്‍ യൂണിറ്റ് ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയെ പിന്തുണയ്ക്കുന്നതോടൊപ്പം നിങ്ങളുടെ ട്യൂണുകള്‍ മികച്ച രീതിയില്‍ പ്ലേ ചെയ്യുന്ന 7-സ്പീക്കര്‍ ഹര്‍മന്‍ കാര്‍ഡണ്‍ ഓഡിയോ സിസ്റ്റവുമായി ബന്ധിപ്പിച്ചിരിക്കുന്നു. കമാന്‍ഡ് വഴി കണക്റ്റുചെയ്യാനും XUV 3XO കണ്‍ട്രോള്‍ ചെയ്യാനും നിങ്ങളെ അനുവദിക്കുന്ന മഹീന്ദ്രയുടെ അഡ്രിനോക്‌സ് കണക്റ്റഡ് കാര്‍ സജ്ജീകരണവും സ്‌ക്രീന്‍ ഹോസ്റ്റുചെയ്യുന്നു.

ഏറ്റവും വലിയ ഇന്‍-ക്ലാസ് സണ്‍റൂഫ്, റിമോട്ട് ഫംഗ്ഷനാലിറ്റിയുള്ള ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് എന്നിങ്ങനെയുള്ള സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളാണ് മഹീന്ദ്ര XUV 3XO-യുടെ മറ്റ് ഇന്റീരിയര്‍ ഹൈലൈറ്റുകള്‍. വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ഒന്നിലധികം ടൈപ്പ് എ, ടൈപ്പ് സി (65W വരെ) യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടുകള്‍, ആംബിയന്റ് ലൈറ്റിംഗ്, 360-ഡിഗ്രി സറൗണ്ട് ക്യാമറ, സീറ്റുകള്‍ക്കുള്ള ലെതറെറ്റ് അപ്‌ഹോള്‍സ്റ്ററി എന്നിവയാണ് ഇന്റീരിയറില്‍ ഒരുക്കിയിരിക്കുന്ന മറ്റ് പ്രധാന ഫീച്ചറുകള്‍.
ആറ് എയര്‍ബാഗുകള്‍, ഫോര്‍ വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറേജ് പോയിന്റുകള്‍, ഒരു ലെവല്‍ 2 ADAS സെറ്റപ്പ് എന്നിവയുള്‍പ്പെടെ നിരവധി സുരക്ഷ ഫീച്ചറുകളും മഹീന്ദ്ര XUV 3XO എസ്‌യുവിക്ക് ലഭിക്കുന്നു.

പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍: മുന്‍ഗാമിയില്‍ നിന്നുള്ള എഞ്ചിന്‍ ഓപ്ഷനുകള്‍ XUV 3XO നിലനിര്‍ത്തിയിരിക്കുന്നു. 1.2-ലിറ്റര്‍ MPFi പെട്രോള്‍, 1.2-ലിറ്റര്‍ TGDi പെട്രോള്‍, 1.5-ലിറ്റര്‍ mHawk ഡീസല്‍ എന്നിവയാണ് കാറിന് തുടിപ്പേകുന്നത്. 1.2-ലിറ്റര്‍ ടര്‍ബോ പെട്രോള്‍ MPFi എഞ്ചിന്‍ 109 bhp പവറും 200 Nm ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഇത് 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ പുതിയ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമായി ജോടിയാക്കിയിരിക്കുന്നു.
മാനുവല്‍ പതിപ്പ് 18.89 കിലോമീറ്ററും ഓട്ടോമാറ്റിക് 17.06 കിലോമീറ്ററും മൈലേജ് നല്‍കുമെന്നാണ് വാഗ്ദാനം. 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ TGDi എഞ്ചിന്‍ 129 bhp പവറും 230 Nm ടോര്‍ക്കും വികസിപ്പിക്കുന്നു. പെട്രോള്‍ എഞ്ചിന് സമാനമായ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളാണ് ഇതിന് ലഭിക്കുന്നത്. മാനുവല്‍ ഗിയര്‍ബോക്‌സുമായി വരുമ്പോള്‍ ഈ എഞ്ചിന്‍ ലിറ്ററിന് 20.10 കിലോമീറ്ററും ഓട്ടോമാറ്റിക് 18.20 കിലോമീറ്റര്‍ വരെയും മൈലേജ് നല്‍കുന്നു.

6-സ്പീഡ് മാനുവല്‍, എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളുടെ സഹായത്തോടെ മുന്‍ ചക്രങ്ങളിലേക്ക് 115 bhp പവറും 300 Nm ടോര്‍ക്കും നല്‍കുന്ന 1.5 ലിറ്റര്‍ mHawk യൂണിറ്റാണ് ഏക ഡീസല്‍ എഞ്ചിന്‍. എസ്‌യുവിയുടെ ഡീസല്‍ മാനുവല്‍ ലിറ്ററിന് 20.60 കിലോമീറ്ററാണ് മൈലേജ് നല്‍കുക. അതേസമയം AMT പതിപ്പ് 21.20 km/l ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു.
ഡ്രൈവിംഗ് ഇംപ്രഷനുകള്‍: മഹീന്ദ്ര XUV 3XO-യുടെ ടോപ്പ്-സ്‌പെക്ക് AX7 L AT വേരിയന്റ് ഓടിക്കാനാണ് ഞങ്ങള്‍ക്ക് അവസരം ലഭിച്ചത്. 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ച 1.2-ലിറ്റര്‍ TGDi ടര്‍ബോ-പെട്രോനായിരുന്നു ഇതിന് തുടിപ്പേകിയിരുന്നത്. സിപ്, സാപ്, സൂം എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകള്‍ 3XO വാഗ്ദാനം ചെയ്യുന്നു.

ഡ്രൈവിംഗ് മോഡുകള്‍ മാറുന്നത് ത്രോട്ടില്‍ പെഡലില്‍ നിന്നുള്ള റെസ്‌പോണ്‍സും സ്റ്റിയറിംഗ് വീലിന്റെ സ്റ്റിഫ്‌നസും മാറ്റുന്നു. ത്രാട്ടില്‍ നിന്നുള്ള മികച്ച റെസ്‌പോണ്‍സും ശരിയായ സ്റ്റിയറിംഗ് വീല്‍ സജ്ജീകരണവുമുള്ള സൂം ഏറ്റവും ശക്തമായ പതിപ്പാണ്. ഇത് നഗര പാതകളില്‍ എളുപ്പത്തില്‍ ലെയ്ന്‍ മാറാന്‍ പര്യാപ്തമാക്കുന്നു.
TGDi ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ഒരു ഫണ്‍ ടു ഡ്രൈവ് യൂണിറ്റാണ്. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ 3XO വെറും 4.5 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 60 കിുലാമീറ്റര്‍ വേഗത തൊടുന്നു. ഇരട്ടി വേഗത്തില്‍ ഹൈവേകളില്‍ മൂന്നക്ക വേഗത കൈവരിക്കാന്‍ ഇത് സായിക്കുന്നു.

ഉയര്‍ന്ന വേഗതയില്‍ പുതിയ മഹീന്ദ്ര XUV 3XO വളരെ സ്ഥിരതയുള്ളതായി തോന്നുന്നു. മാത്രമല്ല മുന്‍ഗാമിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഉയര്‍ന്ന വേഗതയില്‍ നിര്‍ത്തുന്നതും വളരെ എളുപ്പമാണ്. നാല് വീലുകളിലും ഘടിപ്പിച്ചിരിക്കുന്ന ഡിസ്‌ക് ബ്രേക്കുകള്‍ക്കാണ് ഇതിന് നന്ദി പറയേണ്ടത്. XUV 3X0-യുടെ സസ്പെന്‍ഷന്‍ സജ്ജീകരണവും തരക്കേടില്ല. ബമ്പുകളും റട്ടുകളും എളുപ്പത്തില്‍ അബ്‌സോര്‍ബ് ചെയ്യുന്നു. പരുക്കന്‍ പ്രതലങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അത്ര സോഫ്റ്റ് അല്ലെങ്കിലും വലിയ പ്രശ്‌നങ്ങള്‍ ഒന്നുമില്ല.
ഡ്രൈവ്‌സ്പാര്‍ക്ക് കമന്റ്: ഇന്ത്യന്‍ വിപണിയിലെത്തിയ ഒരു പുത്തന്‍ വാഹനമായി മഹീന്ദ്ര ഈ കാറിനെ പരിചയപ്പെടുത്തുന്നുണ്ടെങ്കിലും ഇത് മുന്‍വശവും പിന്‍വശവും നവീകരിച്ച XUV 300 പോലെയാണ്. ഫ്രണ്ട് ഫാസിയയിലെ ചില പോരായ്മകള്‍ മാറ്റിനിര്‍ത്തിയാല്‍ സബ് 4 മീറ്റര്‍ എസ്‌യുവി വിഭാഗത്തില്‍ നിങ്ങക്ക് തെരഞ്ഞെടുക്കാവുന്ന മികച്ച ഓപ്ഷനുകളില്‍ ഒന്നാണിത്. എന്നിരുന്നാലും എസ്‌യുവി മുഴുവനായി അറിയാന്‍ പക്ഷേ ടോപ്പ്-സ്‌പെക്ക് വേരിയന്റുകള്‍ വാങ്ങേണ്ടി വരുമെന്ന് മാത്രം.


Click it and Unblock the Notifications








