ബോഡി റോൾ വണ്ടിയുടെ ഏഴയലത്ത് വരില്ല; DAVINCI SUSPENSION-മായി XUV 7XO, റിവ്യു വായിക്കാം
ഇന്ത്യൻ എസ്‌യുവി വിപണിയിൽ തങ്ങളുടേതായ ഇടം നേടിയ XUV700-ൻ്റെ പുതിയ പതിപ്പായ മഹീന്ദ്ര XUV 7XO കമ്പനി വിപണിയിലെത്തിച്ചിരിക്കുകയാണ്. 2021-ൽ പുറത്തിറങ്ങിയ XUV700, 300,000-ൽ അധികം ഉപഭോക്താക്കൾ സ്വന്തമാക്കിയതോടെ വലിയ വിജയം നേടിയിരുന്നു. മഹീന്ദ്രയുടെ പുതിയ മോഡൽ XUV 7XO എന്ന് പുത്തൻ പേര് നൽകി അവതരിപ്പിച്ചത് ഫീച്ചറുകളുടെ കാര്യത്തിലും അത് പോലെ തന്നെ പെർഫോമൻസിൻ്റെ കാര്യത്തിലും മുന്നിൽ തന്നെയുണ്ട്. 2026 ജനുവരി 5-നാണ് XUV 7XO പുറത്തിറക്കിയത്. ലോകത്തിലെ ആദ്യത്തെ "ഡാവിഞ്ചി സസ്പെൻഷൻ" (Davinci suspension) സംവിധാനം, എല്ലാ വേരിയന്റുകളിലും ലഭ്യമായ ഇന്ത്യയിലെ ആദ്യത്തെ ട്രിപ്പിൾ-സ്‌ക്രീൻ (triple-screen) സംവിധാനം എന്നിവൊക്കെയാണ് ഈ വാഹനത്തിന്റെ പ്രത്യേകതകൾ.
അതോടൊപ്പം തന്നെ ഇന്ത്യയിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് ഡോൾബി അറ്റ്‌മോസ്, ഡോൾബി വിഷൻ അനുഭവം, മെച്ചപ്പെടുത്തിയ ലെവൽ 2 ADAS (Advanced Driver-Assistance Systems) എന്നിവയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മഹീന്ദ്ര XUV 7XO-യെക്കുറിച്ചുള്ള കൂടുതൽ വിശേഷങ്ങളും എക്സ്റ്റീരിയർ ഡിസൈൻ പ്രത്യേകതകളും ഡ്രൈവിങ്ങ് ഇംപ്രഷനും എല്ലാം ഈ ലേഖനത്തിലൂടെ നിങ്ങളുമായി പങ്കുവയ്ക്കുകയാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കണേ.

മഹീന്ദ്ര XUV 7XO-യുടെ ഡിസൈനിലേക്ക് നോക്കിയാൽ, മുൻ മോഡലിനെക്കാൾ ആകർഷകമാണ്. മുൻവശത്ത്, ഇരുണ്ട ക്രോം ഫിനിഷുള്ള ഗ്രില്ലും, പാർക്കിംഗ് ക്യാമറയും നൽകിയിട്ടുണ്ട്. പുതിയ ബൈ-എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും, ഇൻഡിക്കേറ്ററുകളോടുകൂടിയ ഡിആർഎല്ലുകളും (DRL) ഉണ്ട്. വശങ്ങളിലേക്ക് വന്നാൽ ഗ്ലോസ് ബ്ലാക്ക് ബോഡി ക്ലാഡിംഗും, 19-ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും, ഡ്യുവൽ-ടോൺ ഫിനിഷും വാഹനത്തിൻ്റെ ലുക്ക് വർധിപ്പിക്കുന്നു.
ORVM-കളിൽ ഇൻഡിക്കേറ്ററുകളും, 360-ഡിഗ്രി വ്യൂ സിസ്റ്റത്തിനായുള്ള ക്യാമറകളും നൽകിയിരിക്കുന്നത് കാണാം. ഗ്ലോസ് ബ്ലാക്ക് പില്ലറുകൾ, റൂഫ് റെയിലുകൾ, പനോരമിക് സൺറൂഫ്, ഷാർക്ക് ഫിൻ ആന്റീന എന്നിവയും എക്സ്റ്റീരിയർ ഡിസൈനിന്റെ ഭാഗമാണ്. ഫ്ല്ഷ് ഡോർ ഹാൻഡിലുകളാണ് നൽകിയരിക്കുന്നതിനൊപ്പം തന്നെ പിന്നിലെ ഡിസൈനിൽ XUV 7XO ബാഡ്ജിംഗും, എൽഇഡി ടെയിൽലൈറ്റുകളും ഉണ്ട്.

പിന്നിലെ ബമ്പറിന്റെ താഴത്തെ ഭാഗത്ത് ഗ്ലോസ് ബ്ലാക്ക് ഫിനിഷും, സിൽവർ സ്കിഡ് പ്ലേറ്റുകളും ഉണ്ട്. വൈപ്പർ, വാഷർ, ഡിഫോഗർ എന്നിവയും, ഹൈഡ്രോളിക് സ്റ്റ്രറ്റുകളോടുകൂടിയ ബൂട്ട് ലിഡും ഇതിന്റെ ഭാഗമായി വരുന്നു. XUV 7XO-യുടെ ഉൾവശം, ബ്രൗൺ, ബീജ് നിറങ്ങൾ ചേർന്ന ഡ്യുവൽ-ടോൺ തീമിലാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ വേരിയന്റുകളിലും 12.3-ഇഞ്ചുള്ള മൂന്ന് ഡിസ്‌പ്ലേകളുള്ള ട്രിപ്പിൾ-സ്‌ക്രീൻ സംവിധാനം ഇൻ്റീരിയറിലെ പ്രധാന ആകർഷണമാണ്.
മുൻസീറ്റുകൾ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്നതാണ്. കൂടാതെ ഡ്രൈവർ സീറ്റിൽ മെമ്മറി ഫംഗ്ഷനും, മാനുവൽ ലംബാർഡ് സപ്പോർട്ടും ഉണ്ട്. പിന്നിലെ യാത്രക്കാർക്കായി, "ബോസ് മോഡ്" നൽകിയിട്ടുണ്ട്. ഇത് മുൻവശത്തെ യാത്രക്കാരൻ്റെ സീറ്റ് അഡ്ജസ്റ്റ് ചെയ്യാൻ സഹായിക്കുന്നു. രണ്ടാമത്തെ നിരയിലെ യാത്രക്കാർക്കായി, വെന്റിലേറ്റഡ് സീറ്റുകളും, ബാക്ക്‌റെസ്റ്റ് അഡ്‌ജസ്റ്റ്‌മെന്റും നൽകിയിട്ടുണ്ട്.

അതോടൊപ്പം തന്നെ പിന്നിലെ യാത്രക്കാർക്കായി, ഫാൻ സ്പീഡ് കൺട്രോളോടുകൂടിയ എസി വെന്റുകളും, 12V ചാർജിംഗ് സോക്കറ്റും, 65W ഫാസ്റ്റ് ചാർജിംഗ് പോർട്ടും ഉണ്ട്. വയർലെസ് ചാർജിംഗ് പാഡും, എന്റർടെയിൻമെൻ്റ് ഹോൾഡറിനായുള്ള അറ്റാച്ച്മെന്റും നൽകിയിട്ടുണ്ട്. മൂന്നാമത്തെ നിരയിലേക്ക് വന്നാൽ രണ്ട് യാത്രക്കാർക്ക് ആവശ്യമായ ഹെഡ്‌റസ്റ്റുകളും, ലെഗ്‌റൂമും ലഭിക്കുന്നു.
16-സ്‌പീക്കർ ഹർമൻ കാർഡൺ സൗണ്ട് സിസ്റ്റം, ഡോൾബി അറ്റ്‌മോസ്, റൂഫിൽ സ്ഥാപിച്ചിട്ടുള്ള സ്പീക്കറുകൾ എന്നിവയുമൊക്കെ നിങ്ങളുടെ യാത്രയെ കൂടുതൽ ആസ്വാദ്യകരമാക്കുന്ന കാര്യങ്ങളാണ്. തിരശ്ചീനമായി നൽകിയിരിക്കുന്ന എസി വെന്റുകൾ, വ്യത്യസ്ത ഡ്രൈവ് മോഡുകൾ (Zip, Zap, Zoom, Custom), 360-ഡിഗ്രി ക്യാമറ സിസ്റ്റം എന്നിവയും ഉണ്ട് കേട്ടോ.

മഹീന്ദ്ര XUV 7XO രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. 2.0-ലിറ്റർ എംസ്റ്റാലിയൻ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ 200 bhp കരുത്തും, 380 Nm ടോർക്കും ഉത്പാദിപ്പിക്കുമ്പോൾ 2.2-ലിറ്റർ എം-ഹോക്ക് ഡീസൽ എഞ്ചിൻ 182 bhp കരുത്തും, മാനുവൽ വേരിയന്റുകളിൽ 420 Nm ടോർക്കും, ഓട്ടോമാറ്റിക് വേരിയന്റുകളിൽ 450 Nm ടോർക്കും നൽകുന്നുണ്ട്.
രണ്ട് എഞ്ചിനുകളും 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്നവയാണ്. തിരഞ്ഞെടുത്ത ഹൈ-എൻഡ് ഡീസൽ ഓട്ടോമാറ്റിക് വേരിയൻ്റുകളിൽ ഓപ്ഷണൽ ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും ലഭ്യമാണ് എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. XUV 7XO-യുടെ നീളം 4695 mm, വീതി 1890 mm, ഉയരം 1755 mm എന്നിങ്ങനെയാണ്.
240 മുതൽ 250 ലിറ്റർ വരെയാണ് ബൂട്ട് സ്പേസ്. ഡീസൽ ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് ലിറ്ററിന് ഏകദേശം 17 കിലോമീറ്റർ മൈലേജും, പെട്രോൾ ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് 13 കിലോമീറ്റർ മൈലേജും ലഭിക്കുമെന്നാണ് കമ്പനിയുട അവകാശവാദം. ശക്തമായ എഞ്ചിൻ ഓപ്ഷനുകളുള്ള XUV 7XO, മികച്ച ഡ്രൈവിംഗ് അനുഭവമാണ് നൽകുന്നത്.
ഡീസൽ എഞ്ചിൻ, പ്രത്യേകിച്ച് ഓട്ടോമാറ്റിക്, വേഗതയുടെ കാര്യത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. സ്റ്റിയറിംഗ് മികച്ച പ്രതികരണം നൽകുന്നുണ്ട്. XUV 7XO-യിലെ പ്രധാന കണ്ടുപിടുത്തം "ഡാവിഞ്ചി സസ്പെൻഷൻ" സംവിധാനമാണ്. ഇത് റോഡിലെ പ്രതലം അനുസരിച്ച് സസ്പെൻഷൻ സ്വയം ക്രമീകരിക്കുന്നത് വഴി സുഖകരമായ യാത്ര ലഭിക്കുന്നു.
മെച്ചപ്പെട്ട ലെവൽ 2 ADAS ഉൾപ്പെടെയുള്ള സുരക്ഷാ ഫീച്ചറുകൾ ഇതിലുണ്ട്. ഈ സിസ്റ്റം വാഹനങ്ങൾ, മൃഗങ്ങൾ, ബൈക്കുകൾ എന്നിവയെ കൃത്യമായി കണ്ടെത്താൻ സഹായിക്കുന്ന റഡാർ സെൻസറുകളാണ് ഉപയോഗിക്കുന്നത്. എല്ലാ വേരിയന്റുകളിലും 6 എയർബാഗുകൾ, എബിഎസ് (ABS) വിത്ത് ഇബിഡി (EBD), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, ഹിൽ ഹോൾഡ്, ഹിൽ ഡിസെൻ്റ് കൺട്രോൾ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ എന്നിവ സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറുകളാണ്.
XUV700-ന് 5-സ്റ്റാർ റേറ്റിംഗ് ലഭിച്ചതുപോലെ, ക്രാഷ് ടെസ്റ്റുകളിലും XUV 7XO മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ശക്തമായ എഞ്ചിനുകളും, കംഫർട്ടും സാങ്കേതികവിദ്യയുമുള്ള ക്യാബിനും ചേർന്ന XUV 7XO, മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. "ഡാവിഞ്ചി സസ്പെൻഷൻ" സംവിധാനവും, മെച്ചപ്പെട്ട ADAS-ഉം സുരക്ഷിതവും, മികച്ചതുമായ ഡ്രൈവിംഗ് അനുഭവം നൽകുന്നത് കൊണ്ട് തന്നെ ഇത് ഇന്ത്യൻ റോഡുകൾക്ക് അനുയോജ്യവുമാണ്.
13.66 ലക്ഷം രൂപ മുതൽ 22.47 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില. വലുപ്പം കൂടിയ വാഹനങ്ങക്ക് എപ്പോഴും കേൾക്കുന്ന പരാതിയായ ബോഡി റോൾ ഒന്നും പുത്തൻ മോഡലിൻ്റെ ഏഴയലത്ത് വരില്ല എന്നത് ഡാവിഞ്ചി സസ്പെൻഷൻ ഉറപ്പ് നൽകുന്നുണ്ട്. XUV 700-യെക്കാൾ അൽപ്പം കൂടി പ്രീമിയം ഫീൽ വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനായിരിക്കും ഇതെന്ന കാര്യം 100 ശതമാനം ഉറപ്പാണ്.


Click it and Unblock the Notifications








