മാരുതിയുടെ രാജകുമാരനായി ഫ്രോങ്ക്സ്; ഫസ്റ്റ് ഡ്രൈവ് റിവ്യൂ വായിക്കാം
2023 ഓട്ടോ എക്‌സ്‌പോയിൽ മാരുതി സുസുക്കിയുടെ ഈ വർഷത്തെ ഏറ്റവും വലിയ പ്രദർശനമായിരുന്നു പുതിയ എസ്‌യുവി, രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാവ് തങ്ങളുടെ എസ്‌യുവികളിലെ ഭാവി കാണിക്കാനുളള അവസരം ശരിക്കും വിനിയോഗിച്ചിട്ടുണ്ട്. EVX കൺസെപ്റ്റിനും പുതിയ 5-ഡോർ ജിംനിക്കും ഒപ്പം വ്യത്യസ്തനായി നിൽക്കുന്നത് ബലേനോയെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ ക്രോസ്ഓവർ എസ്‌യുവിയാണ്.
മാരുതി സുസുക്കിക്ക് ഒടുവിൽ ക്രോസ്ഓവർ എസ്‌യുവി എന്ന തീരുമാനം ശരിയായിരുന്നോ അതോ എല്ലാ ബ്രാൻഡുകളുടേയും രാജാവാകാൻ മാരുതി സുസുക്കിക്ക് കഴിയുമോ എന്നതാണ് കാര്യം. പുതിയ മാരുതി സുസുക്കി ഫ്രോങ്ക്സിൽ ഗോവയിലെ തിരക്കേറിയ റോഡുകളിൽ കൂടെ ഒരു ദിവസം കറങ്ങാൻ അവസരം കിട്ടി. പുത്തൻ ഫ്രോങ്ക്സിൻ്റെ കൂടുതൽ റിവ്യൂ വിശേഷങ്ങൾ അറിയാൻ തുടർന്നു വായിക്കുക

ഓട്ടോ എക്‌സ്‌പോയിൽ മാരുതി സുസുക്കി ആദ്യമായി ഫ്രോങ്ക്സിൻ്റെ മറ മാറ്റിയപ്പോൾ കമ്പനിയുടെ പ്രീമിയം നെക്‌സ ഡിപ്പാർട്ട്‌മെൻ്റിൽ നിന്നുള്ള ഏറ്റവും പുതിയ ഹിറ്റ് മേക്കർ ആയിരിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ലായിരുന്നു.മുൻവശത്ത് നോക്കിയാൽ, മാരുതിയുടെ മുൻനിര ഗ്രാൻഡ് വിറ്റാര എസ്‌യുവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ ഫ്രോങ്ക്സ് എന്ന് പറഞ്ഞല്ലോ. ക്രോസ്ഓവർ ഹാച്ച്ബാക്കിന് സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ഡിസൈനോടുകൂടിയ മുൻഭാഗമാണ് ലഭിക്കുന്നത്
ട്രിപ്പിൾ എൽഇഡി DRL-കൾ ക്രോം സ്ട്രിപ്പുകൾ ഉപയോഗിച്ച് ഗ്രില്ലിന്റെ മുകൾ ഭാഗം സുസുക്കി ലോഗോയുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. ഈ ക്രോം സ്ട്രിപ്പുകൾ സുസുക്കി ലോഗോയുമായി ചേർന്ന് നേർത്ത ഒരു ലൈനായി മാറുകയാണ്. ഗ്രാൻഡ് വിറ്റാര പോലെ, പുതിയ ഫ്രോങ്ക്സ് ക്രോസ്ഓവർ ഹാച്ച്ബാക്കിന്റെ ഹെഡ്‌ലാമ്പുകൾ ഫ്രണ്ട് ബമ്പറിന്റെ വശങ്ങളിൽ എൻക്ലോസറുകളിലാണ് കാണുന്നത്. ഗ്രില്ലിന് താഴെയായി ചാരനിറത്തിലുള്ള, ഫോക്‌സ് ബാഷ് പ്ലേറ്റുള്ള, കോണീയ എയർ ഡാം ഭാഗവും ഫ്രോങ്ക്സിൽ കാണാൻ സാധിക്കും.

വശത്ത് നിന്ന് നോക്കുകയാണെങ്കിൽ മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് ഉടമകൾക്ക് പരിചിതമായ സൈറ്റായ സി-പില്ലറിനടുത്തുള്ള ഭാഗത്തിലൂടെ ഫ്രോങ്ക്സിന് ബലേനോ പൈതൃകം അത് പോലെ തന്നെ നിലനിർത്തുന്നുണ്ട്. ഫ്ലോട്ടിംഗ് റൂഫിൻ്റെ മിഥ്യാധാരണ നൽകുന്ന കറുത്ത പ്ലാസ്റ്റിക് ഇൻസെർട്ടും സി-പില്ലറിൻ്റെ മറ്റൊരു സവിശേഷതയാണ്.
16 ഇഞ്ച് അലോയ് വീലുകൾ പോലെ തന്നെ ഫ്രോങ്ക്സ് ക്രോസ്ഓവർ ഹാച്ച്ബാക്കിന്റെ പിൻഭാഗവും പുതിയതാണ്. ഫ്രോങ്‌ക്‌സിന്റെ പിൻഭാഗത്ത് കുത്തനെയുള്ള വിൻഡ്‌സ്‌ക്രീനും അതിനെ കണക്റ്റുചെയ്‌ത എൽഇഡി ടെയിൽലൈറ്റുകളും എടുത്തു കാണിക്കുന്നുണ്ട്, അത് കൊണ്ട് തന്നെ ആരെങ്കിലും പുറകിൽ നിന്ന് നോക്കുമ്പോൾ ഫ്രോങ്ക്സിന് തികച്ചും വ്യത്യസ്തമായ ഒരു ഡിസൈനാണ് ലഭിക്കുന്നത്.

അത് പോലെ തന്നെ ഡോർ തുറന്ന് പുതിയ ഫ്രോങ്ക്സിൻ്റെ ക്യാബിനിലേക്ക് കയറുമ്പോഴാണ് ബലേനോയുടെ ഓർമ്മകൾ നമ്മെ പെട്ടെന്ന് പിന്നോട്ട് വലിക്കുന്നത്. കാരണം പുതിയ ഫ്രോങ്ക്സിൻ്റെ ക്യാബിൻ ബലേനോയിൽ നിന്ന് നേരിയ വ്യത്യാസം മാത്രമാണുളളത്. ഒരു പുതുമ നിറഞ്ഞ ക്യാബിൻ എന്ന് വിശേഷിപ്പിക്കാൻ കഴിയില്ല എങ്കിലും ഒരു പരിധി വരെ കുറച്ച് വ്യത്യാസങ്ങൾ മാരുതി വരുത്തിയിട്ടുണ്ട്.
സോഫ്റ്റ് ടച്ച് മെറ്റീരിയലുകളുടെ അഭാവം മാരുതി ഫ്രോങ്ക്സിൽ കാണാനുണ്ട്. ഫ്രോങ്ക്സിന് കൂടുതൽ പ്രീമിയം ഫീൽ നൽകാൻ മാരുതിക്ക് പിന്നിൽ ഒരു ആംറെസ്റ്റ് ചേർക്കാമായിരുന്നു എന്ന് തോന്നി പോയി എന്നിരുന്നാലും സീറ്റുകൾ വളരെ സൗകര്യപ്രദവും, സുഖപ്രദവുമാണ് എന്നതാണ് സത്യം. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ സപ്പോർട്ട് ചെയ്യുന്ന വലിയ 9 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനിലേക്ക് ലേയേർഡ് ഡാഷ് പ്ലേയിംഗ് ഹോസ്റ്റ് ഉള്ള ഡ്യുവൽ-ടോൺ തീമാണ് പുതിയ ഫ്രോങ്ക്സിൻ്റെ ക്യാബിനിൽ നൽകിയിരിക്കുന്നത്. 40+ കണക്റ്റുചെയ്‌ത കാർ ഫീച്ചറുകളുടെ സുസുക്കി കണക്‌റ്റ് സ്യൂട്ടുമായി 360-ഡിഗ്രി ക്യാമറയിൽ നിന്നുള്ള ഔട്ട്പുട്ടും സെൻട്രൽ ഡിസ്പ്ലേ വഴി കൈമാറുന്നുണ്ട്.

ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, വയർലെസ് ഫോൺ ചാർജിംഗ് പാഡ്, ഓട്ടോമാറ്റിക് വേരിയന്റിനായുള്ള പാഡിൽ ഷിഫ്റ്ററുകൾ എന്നിവയാണ് ഫ്രോങ്‌ക്‌സിലെ മറ്റ് സവിശേഷതകൾ. പുതിയ മാരുതി സുസുക്കി നെക്‌സയിൽ 6 എയർബാഗുകൾ, EBD, ESP, ഹിൽ-ഹോൾഡ് അസിസ്റ്റ്, റിയർ പാർക്കിംഗ് സെൻസറുകൾ, മേൽപ്പറഞ്ഞ 360-ഡിഗ്രി ക്യാമറ, ഡേ/നൈറ്റ് IRVM, ISOFIX എന്നിവയുമുണ്ട്. കുട്ടികളുടെ സീറ്റുകൾക്കുള്ള ആങ്കർ പോയിൻ്റുകളും പുത്തൻ മാരുതി ഫ്രോങ്ക്സിൽ ലഭിക്കുന്നുണ്ട്.
നെക്‌സ ബ്ലൂ, ആർട്ടിക് വൈറ്റ്, ഗ്രാൻഡിയർ ഗ്രേ, എർത്ത് ബ്രൗൺ, ഒപ്പുലൻ്റ് റെഡ്, സ്‌പ്ലെൻഡിഡ് സിൽവർ എന്നിങ്ങനെ 6 സിംഗിൾ-ടോൺ കളർ ഓപ്ഷനുകളോടെയാണ് പുതിയ ഫ്രോങ്ക്സ് വാഗ്ദാനം ചെയ്യുന്നത്. മൂന്ന് ഡ്യുവൽ-ടോൺ നിറങ്ങളും ഓഫറിലുണ്ട് - എർത്ത് ബ്രൗൺ, ഒപ്യുലൻ്റ് റെഡ്, ബ്ലൂഷ്-ബ്ലാക്ക് റൂഫുകളുള്ള സ്‌പ്ലെൻഡിഡ് സിൽവർ.

മാരുതി സുസുക്കി ഫ്രോങ്ക്സിന് രണ്ട് എഞ്ചിൻ ഓപ്ഷനുകളുണ്ട് - 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് K12C എഞ്ചിനും ബലേനോ RS-ൽ അവസാനം കണ്ട 998cc ടർബോചാർജ്ഡ് ത്രീ-സിലിണ്ടർ എഞ്ചിന്റെ പുതുക്കിയ പതിപ്പും. രണ്ട് എഞ്ചിനുകളും മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയോട് കൂടി വരുന്നതാണ്. 1.2 ലിറ്റർ എഞ്ചിൻ ബലേനോയിൽ നിന്ന് നേരിട്ട് എടുത്തിരിക്കുന്നതും 6,000 ആർപിഎമ്മിൽ 88.5 bhp -യും 4,400 ആർപിഎമ്മിൽ 113 nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കും. K12C എഞ്ചിൻ 5-സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് (AMT) ഗിയർബോക്‌സ് ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്.
മൂന്ന് സിലിണ്ടർ ബൂസ്റ്റർജെറ്റ് എഞ്ചിൻ 5,500 ആർപിഎമ്മിൽ 98.7 bhp -യും 2,000 മുതൽ 4,500 ആർപിഎമ്മിൽ 147.6 nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്നു. ഫ്രോങ്ക്സിൻ്റെ Boosterjet പതിപ്പ് 5-സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉപയോഗിച്ച് വാഗ്ദാനം ചെയ്യുന്നു.

മാരുതി സുസുക്കി ഫ്രോങ്‌ക്‌സിന് 3,995 എംഎം നീളവും 1,765 എംഎം വീതിയും 1,550 എംഎം ഉയരവുമുണ്ട്, കൂടാതെ 2,520 എംഎം നീളമുള്ള വീൽബേസുമുണ്ട്. 190 എംഎം ഗ്രൗണ്ട് ക്ലിയറൻസും 37 ലീറ്റർ പെട്രോൾ ടാങ്കും 308 ലീറ്റർ ബൂട്ടും ഫ്രോങ്ക്സ് വാഗ്ദാനം ചെയ്യുന്നു. 1.2 ലിറ്റർ എഞ്ചിൻ ഘടിപ്പിച്ച മോഡലിന് 965 മുതൽ 975 കിലോഗ്രാം വരെയാണ് ഫ്രോങ്ക്സിൻ്റെ ഭാരം, ക്രോസ്ഓവർ ഹാച്ച്‌ബാക്കിന്റെ ടർബോചാർജ്ഡ് പതിപ്പുകൾക്ക് 1,015 മുതൽ 1,060 കിലോഗ്രാം വരെയാണ് ഭാരം വരുന്നത്.
ഡ്രൈവിങ്ങ് ഇംപ്രഷൻ
ബൂസ്റ്റർ ജെറ്റ് എഞ്ചിനും 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സും ലഭിക്കുന്ന വേരിയൻ്റാണ് ഞങ്ങൾക്ക് ലഭിച്ചത്. ബൂസ്റ്റ് ചെയ്ത ത്രീ-പോട്ട് സ്പൂൾ അപ്പ് ചെയ്യാൻ കുറച്ച് സമയമെടുക്കുമെങ്കിലും മികച്ച മിഡ് റേഞ്ചും ടോപ്പ് എൻഡ് ഗ്രാൻ്റും വാഗ്ദാനം ചെയ്യുന്നുണ്ട്. ടർബോചാർജ്ഡ് എഞ്ചിൻ ഡ്രൈവ് ചെയ്യാൻ മികച്ച ഒരു ഓപ്ഷനാണ്, എന്നിരുന്നാലും അൽപ്പം ശബ്ദമുണ്ടാക്കുന്നുണ്ട്.

6-സ്പീഡ് ഓട്ടോമാറ്റിക്കിന് ഒരു ടോർക്ക് കൺവെർട്ടറിന്റെ എല്ലാ സവിശേഷതകളും ഉണ്ട്, കാരണം അത് ചാർജിലേയ്ക്കെത്താൻ സമയമെടുക്കുമെങ്കിലും, സ്പീഡ് എത്തി കഴിഞ്ഞാൽ, പിന്നെ പായും പുലി തന്നെയാണ്. ഗിയർബോക്‌സ് ഓട്ടോമാറ്റിക് മോഡിൽ മികച്ചതാണ്, എന്നിരുന്നാലും നിങ്ങൾക്ക് അൽപ്പം കൂടെ ഫൺ വേണമെങ്കിൽ, പാഡിൽ ഷിഫ്റ്ററുകൾ ഉപയോഗിച്ച് ഗിയർ മാറ്റുന്നത് നിങ്ങൾക്ക് കൂടുതൽ രസം തരുമെന്ന കാര്യത്തിൽ ഉറപ്പാണ്.
മുൻവശത്ത് ഡിസ്ക് ബ്രേക്കുകളും പിന്നിൽ ഡ്രമ്മുമാണ് വാഹനത്തെ പിടിച്ചു നിർത്തുന്നത്. ഫ്രോങ്ക്സിൻ്റെ സസ്പെൻഷൻ സജ്ജീകരണം ഒരുപക്ഷേ അതിന്റെ ഏറ്റവും മികച്ച പോയിന്റാണ്. കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിലൂടെ പോകുമ്പോൾ ഇത് പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കില്ലെങ്കിലും ഫ്രോങ്ക്സിൻ്റെ സസ്പെൻഷൻ സജ്ജീകരണം അൽപ്പം കട്ടിയേറിയതാണ്. ഉയർന്ന വേഗതയിൽ സഞ്ചരിക്കുമ്പോൾ സ്റ്റിയറിംഗിന് വളരെ ഭാരം കുറവായിട്ടാണ് തോന്നുന്നത്, ഗോവയിലെ തിരക്കേറിയതും ഇടുങ്ങിയതുമായ തെരുവുകളിൽ ഞങ്ങൾ കണ്ടെത്തിയ ലൈറ്റ് സ്റ്റിയറിങ്ങും ഒരു അനുഗ്രഹമായിരിക്കും.

ഞങ്ങളെ സംബന്ധിച്ചിടത്തോളം, ഒരു സ്‌പോർട്‌സ് മോഡിന്റെ അഭാവവും ഉയർന്ന വേഗതയിലുള്ള അൾട്രാ-ലൈറ്റ് സ്റ്റിയറിംഗുമാണ് ഒരു പോരായ്മയായി തോന്നിയതെങ്കിലും ഫ്രോങ്ക്സ് എല്ലാ കളികളുടേയും രാജാവ് എന്ന് വിശേഷിപ്പിക്കാനാവില്ല. പക്ഷേ എസ്‌യുവി വിപണിയിൽ ഒരു മികച്ച ഭാവി ഫ്രോങ്ക്സിന് കാണുന്നുണ്ട്. മാരുതി സുസുക്കി വിലനിർണ്ണയത്തിൽ സാധാരണ കാണിക്കുന്ന തന്ത്രം ഇതിലും കാണിച്ചാൽ ഒരു കാര്യം ഉറപ്പിച്ചോളു, റോഡിൽ ഫ്രോങ്ക്സിനെ തട്ടി മുട്ടി നടക്കാൻ കഴിയില്ല എന്ന് മാത്രമേ പറയാനുളളു. അത്ര മാത്രം വിപണി പിടിക്കാൻ സാധ്യതയുണ്ട്.



Click it and Unblock the Notifications








