അപരാജിതമാകുമോ മാരുതി ഇന്‍വിക്‌റ്റോ? റിവ്യൂ വിശേഷങ്ങള്‍ വായിക്കാം
ജാപ്പനീസ് വാഹന ഭീമന്‍മാരായ ടൊയോട്ടയും സുസുക്കിയും തമ്മില്‍ സഖ്യത്തിലേര്‍പ്പെട്ട് വാഹനങ്ങള്‍ പരസ്പരം കൈമാറ്റം ചെയ്യാന്‍ തുടങ്ങിയിട്ട് ഒത്തിരി നാളായി. മാരുതി സുസുക്കിയില്‍ നിന്ന് ബ്രെസയെയും ബലേനോയെയും തങ്ങളുടെ കുപ്പായമണിയിച്ച് ടൊയോട്ടയാണ് പങ്കാളിത്തത്തില്‍ നിന്ന് ആദ്യം പ്രയോജനം നേടിയത്. ആരാധകരില്‍ പലര്‍ക്കും ഈ പ്രവണതയോട് താല്‍പര്യമില്ലെങ്കിലും ഇന്ത്യയിലെ തങ്ങളുടെ മോഡല്‍ നിര വിപുലീകരിക്കാന്‍ ഇതുകൊണ്ട് ടൊയോട്ടക്ക് സാധിച്ചു.
ഇരുബ്രാന്‍ഡുകളും സംയുക്തമായി വികസിപ്പിച്ച പുതിയ ഹൈബ്രിഡ് എസ്‌യുവി ടൊയോട്ട ഹൈറൈഡര്‍, മാരുതി ഗ്രാന്‍ഡ് വിറ്റാര എന്നീ പേരുകളില്‍ അടുത്ത കാലത്തായി വിപണിയില്‍ എത്തി. മള്‍ട്ടി പര്‍പ്പസ് വാഹന വിപണിയിലെ രാജാക്കന്‍മാരായ ഇന്നോവയുടെ മൂന്നാം തലമുറ പതിപ്പായ ഇന്നോവ ഹൈക്രോസിനെ അടുത്ത കാലത്താണ് ടൊയോട്ട പുറത്തിറക്കിയത്.

മാരുതി റീബാഡ്ജ് ചെയ്യുന്ന ഏറ്റവും പുതിയ ടൊയോട്ട ഉല്‍പ്പന്നമായി ഹൈക്രോസ് മാറി. ഡിസൈനിംഗില്‍ ചില്ലറ മാറ്റങ്ങളും ചെറിയ വീലുമെല്ലാം ഘടിപ്പിച്ച് 'ഇന്‍വിക്‌റ്റോ' എന്ന പേരില്‍ മാരുതി ബാഡ്ജിംഗുമായി ഹൈക്രോസ് വിപണിയില്‍ എത്തിയിരിക്കുകയാണ്. വില പിടിച്ചുനിര്‍ത്താനായി ADAS അടക്കമുള്ള ഫീച്ചറുകള്‍ ഒഴിവാക്കിയിട്ടുണ്ടെങ്കിലും 20 ലക്ഷത്തിന് മുകളില്‍ വില വരുന്ന മാരുതിയുടെ പ്രീമിയം ഓഫറിംഗായി ഇന്‍വിക്‌റ്റോ മാറി.
കൂടുതല്‍ പ്രീമിയം കസ്റ്റമേഴ്‌സിനെ തങ്ങളിലേക്ക് ആകര്‍ഷിക്കാനായി കളംമാറ്റി ചവിട്ടുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളുടെ നീക്കം ഫലം കാണുമോ?. ഇന്‍വിക്‌റ്റോ എന്ന വാക്കിന്റെ അര്‍ത്ഥം 'അപരാജിതം' എന്നാണ്. അതിനൊത്ത പ്രകടനം നടത്താന്‍ എംപിവിക്ക് സാധിക്കുമോ എന്നറിയാന്‍ റിവ്യു വിശേഷങ്ങള്‍ തുടര്‍ന്ന് വായിക്കാം.

ഡിസൈനും ഫീച്ചറുകളും: അര്‍ബന്‍ ക്രൂയിസറിലും ഗ്ലാന്‍സയിലും കണ്ട പോലെ ഡിസൈനിംഗില്‍ വരുത്തിയ മാറ്റങ്ങള്‍ ഇന്‍വിക്റ്റോ പ്രീമിയം എംപിവിക്ക് വ്യതിരിക്തമായ രൂപം നല്‍കുന്നു. മാരുതിയുടെ പ്രീമിയം നെക്സ ലൈനപ്പിന്റെ ട്രേഡ്മാര്‍ക്ക് ലുക്കിലാണ് ഇന്‍വിക്‌റ്റോയുടെ ഫ്രണ്ട് ഫാസിയ വരുന്നത്. വ്യത്യസ്തമായ ഗ്രില്ലും എന്നാല്‍ അല്‍പ്പം നവീകരിച്ച മെഷ് പാറ്റേണും പുതുമയേകുന്നുണ്ട്. ഹെഡ്ലൈറ്റുകളിലേക്ക് നീളുന്ന രണ്ട് കട്ടിയുള്ളതും തിരശ്ചീനവുമായ ക്രോം സ്ലാറ്റുകളും നെക്സ കാറുകള്‍ക്ക് സമാനമാണ്.
നെക്സയുടെ 3 ബ്ലോക്ക് സിഗ്‌നേച്ചര്‍ ഡേടൈം റണ്ണിംഗ് ലാമ്പുകളാണ് ഹെഡ്ലൈറ്റുകളുടെ സവിശേഷതയായി എടുത്തു പറയേണ്ടത്. വ്യത്യസ്തമായി രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ബമ്പറും ഫോക്‌സ് സ്‌കിഡ് പ്ലേറ്റുകളും ഉണ്ടെന്നതും ഹൈക്രോസില്‍ നിന്നും വാഹനത്തിനെ വേറിട്ടു നിര്‍ത്താന്‍ സഹായിച്ചേക്കും. എംപിവിയുടെ വശങ്ങളിലേക്ക് നീങ്ങുമ്പോള്‍ 17 ഇഞ്ച് അലോയ് വീലുകളുടെ ഡിസൈനും ടൊയോട്ട ഹൈക്രോസില്‍ നിന്നും ഏറെ പുതുമയോടെ നിലനിര്‍ത്താന്‍ മാരുതിക്ക് സാധിക്കുന്നുണ്ട്.

വലിപ്പത്തിന്റെ കാര്യത്തിലേക്ക് വന്നാല്‍ മാരുതി ഇന്‍വിക്‌റ്റോയ്ക്ക് 4,755 മില്ലീമീറ്റര്‍ നീളവും 1,850 മില്ലീമീറ്റര്‍ വീതിയും 1,795 മില്ലീമീറ്റര്‍ ഉയരവും 2,850 മില്ലീമീറ്റര്‍ വീല്‍ബേസുമാണുള്ളത്. മാരുതി സുസുക്കി ഇന്‍വിക്‌റ്റോയുടെ അകത്തളങ്ങള്‍ ഇന്നോവയുടെ കാര്‍ബണ്‍ കോപ്പിയാണ്. എന്നിരുന്നാലും, മാരുതി സുസുക്കി പുതിയ എംപിവിയുടെ ക്യാബിനില്‍ കുറച്ച് ഷാംപെയ്ന്‍ ഗോള്‍ഡ് ഹൈലൈറ്റുകള്‍ ചേര്‍ത്തതിനാല്‍ പ്രീമിയം ലുക്ക് ഉയരുന്നു. ഹൈക്രോസില്‍ കാണുന്ന സില്‍വര്‍ ആക്‌സന്റുകളോട് കൂടിയ ഡ്യുവല്‍ ടോണ്‍ ബ്ലാക്ക് ആന്‍ഡ് ബ്രൗണ്‍ തീം ഒഴിവാക്കിയിട്ടുണ്ട്.
എന്നിരുന്നാലും ഓള്‍ ബ്ലാക്ക് ഇന്റീരിയറിനും സ്റ്റിയറിംഗ് വീലിലെയും ഡാഷിലെയും സില്‍വര്‍ ട്രിമ്മിന് അത്ര പ്രീമിയം ഫീലില്ല. സീറ്റുകളും ഏതാണ്ട് സമാനമാണ്. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളും അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റുമുണ്ടെങ്കിലും പുതിയ ഇന്‍വിക്‌റ്റോ 7 സീറ്റര്‍ പതിപ്പിലെ ക്യാപ്റ്റന്‍ സീറ്റുകള്‍ ഇന്നോവയിലെ യൂണിറ്റുകളുടെ അത്ര മികച്ചതായി തോന്നുന്നില്ല.

ഫീച്ചറുകളുടെ കാര്യത്തില്‍ വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റിയുള്ള 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍, 50-ലധികം കണക്റ്റഡ് ഫീച്ചറുകള്‍, 360 ഡിഗ്രി ക്യാമറ, റൂഫ് ആംബിയന്റ് ലൈറ്റിംഗുള്ള പനോരമിക് സണ്‍റൂഫ്, പവര്‍ഡ് ഡ്രൈവര്‍ സീറ്റ്, പവര്‍ഡ് ടെയില്‍ ഗേറ്റ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളും കപ്പ് ഹോള്‍ഡറുകളും, 7 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയെല്ലാമാണ് മാരുതി ഒരുക്കിയിരിക്കുന്നത്.
ഇന്‍വിക്‌റ്റോക്ക് കമ്പനിയുടെ കണക്റ്റഡ് കാര്‍ ഫീച്ചറുകളുടെ സുസുക്കി കണക്ട് സ്യൂട്ടും ലഭിക്കുന്നു. ജിയോഫെന്‍സിംഗ്, ഡോര്‍ ലോക്ക്/അണ്‍ലോക്ക് എന്നിവ പോലുള്ള നിരവധി ഫംഗ്ഷനുകള്‍ ഇത് ഓഫര്‍ ചെയ്യുന്നു. ഒപ്പം നിങ്ങളുടെ കാര്‍ മോഷ്ടിക്കപ്പെടുകയോ ടൗ ചെയ്യുകയോ ചെയ്താല്‍ കണക്ടഡ് സ്മാര്‍ട്‌വാച്ചിലൂടെ ഇത് അറിയാനും സാധിക്കും.

ആറ് എയര്‍ബാഗുകള്‍, ഇബിഡി വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോളോട്് കൂടിയ എബിഎസ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഡൈനാമിക് ഗൈഡ്‌ലൈന്‍സോട് കൂടിയ 360 ഡിഗ്രി ക്യാമറ, ഫ്രണ്ട് ആന്‍ഡ് റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഓള്‍-വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവയുള്‍പ്പെടെയുള്ള സുരക്ഷ സവിശേഷതകളും ഇന്‍വിക്‌റ്റോയില്‍ ഉള്‍ക്കൊള്ളുന്നു. എന്നിരുന്നാലും ഹൈക്രോസില്‍ ലഭ്യമാകുന്ന ADAS ഫീച്ചര്‍ ഉപേക്ഷിക്കാന്‍ മാരുതി തയാറായി. സുരക്ഷ ഡബിള്‍ സ്‌ട്രോംഗ് ആക്കുമായിരുന്ന ഈ ഫീച്ചര്‍ മാരുതി ഒഴിവാക്കരുതായിരുന്നുവെന്നാണ് ഞങ്ങളുടെ ചിന്ത.
ഡ്രൈവിംഗ് ഇംപ്രഷനുകള്‍: ഹൈക്രോസിനൊപ്പം വാഗ്ദാനം ചെയ്യുന്ന എല്ലാ പവര്‍ട്രെയിനുകളും കടമെടുക്കുന്നതിനു് പകരം ഇന്‍വിക്റ്റോയില്‍ സ്‌ട്രോംഗ് ഹൈബ്രിഡ് സംവിധാനം മാത്രം മതിയെന്ന തീരുമാനത്തിലെത്തുകയായിരുന്നു ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍. ഹൈബ്രിഡ് സജ്ജീകരണം e-CVT ഗിയര്‍ബോക്‌സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. 150 bhp പവറും 187 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്ന 2.0 ലിറ്റര്‍ അറ്റ്കിന്‍സണ്‍ സൈക്കിള്‍ 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ഹൈബ്രിഡ് സജ്ജീകരണത്തില്‍ അടങ്ങിയിരിക്കുന്നത്.

ഇലക്ട്രിക് മോട്ടോറുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് ഇത് പരമാവധി 184 bhp വരെ പവര്‍ നല്‍കാന്‍ പ്രാപ്തമാണ്. 1.7kWh NIMH ബാറ്ററി പായ്ക്കുമായി ഇവ ജോടിയാക്കിയിരിക്കുന്നു. വെറും 9.5 സെക്കന്‍ഡിനുള്ളില്‍ ഇന്‍വിക്‌റ്റോ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. പ്രീമിയം എംപിവി ലിറ്ററിന് 23.24 കി.മീ മൈലേജ് നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഇന്‍വിക്ടോ ഇലക്ട്രിക് പവറില്‍ സ്റ്റാര്‍ട്ട് ചെയ്യുന്നു. ബാറ്ററി റീചാര്‍ജ് ചെയ്യുന്നതിനോ ആവശ്യമുള്ളപ്പോള്‍ കുറച്ച് അധിക ബൂസ്റ്റ് നല്‍കുന്നതിനോ മാത്രം എഞ്ചിന്‍ വരുന്നതോടെ ഇതില്‍ എളുപ്പത്തില്‍ നഗരം ചുറ്റാം. എന്നിരുന്നാലും വേഗത കൂടുമ്പോള്‍ കാര്യങ്ങള്‍ മാറുന്നു. എഞ്ചിന്‍ ചാര്‍ജ്ജ് ചെയ്യുമ്പോള്‍ മോട്ടോര്‍ ഇലക്ട്രിക്കല്‍ അസിസ്റ്റന്‍സ് നല്‍കുന്നു.

ഇത് സ്പീഡോമീറ്ററില്‍ ദൃശ്യമാകും. e-CVT ഉപയോഗിച്ച് ഉയര്‍ന്ന വേഗതയില്‍ സഞ്ചരിക്കുമ്പോള്‍ അല്‍പ്പം ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിലും കുറഞ്ഞ വേഗതയില്‍ ഗിയര്‍ബോക്‌സ് കൂടുതല്‍ അയാസകരമായി അനുഭവപ്പെടുന്നു. മോണോകോക്ക് ഷാസി സജ്ജീകരണത്തിന്റെ ബലത്തില്‍ ഇന്‍വിക്‌റ്റോ ഹൈവേകളിലൂടെ അനായാസം ഓടിക്കാന്‍ സാധിക്കും. 17 ഇഞ്ച് വീലുകള്‍ 215/60 ടയറുകളില്‍ പൊതിഞ്ഞിരിക്കുന്നു.
യാത്രസുഖത്തിന്റെ കാര്യത്തില്‍ ഇന്‍വിക്‌റ്റോ ഇന്നോവയേക്കാള്‍ മികച്ച് നില്‍ക്കുന്നതായി തോന്നുന്നു. നല്ല സൈസുള്ള വാഹനമാണെങ്കില്‍ കൂടി റൗണ്ട് ബെന്‍ഡുകള്‍ വളക്കുന്നതും എളുപ്പമായി തോന്നി. പവര്‍സ്റ്റിയറിംഗ് ഈസിയാണെങ്കിലും കോര്‍ണറുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ അത്ഭുതങ്ങള്‍ പ്രതീക്ഷിക്കരുത്. ഹൈബ്രിഡ് സജ്ജീകരണമുള്ളതിനാല്‍ റീജനറേറ്റീവ് ബ്രേക്കുകള്‍ ആണിതിന് ലഭിക്കുന്നത്. ഡിസ്‌ക് ബ്രേക്കുകള്‍ കൂടി ചേരുന്നത് ബ്രേക്കിംഗ് ഈസിയായി മാറുന്നു.
ഏകദേശം ഒരു ലക്ഷം രൂപ കുറച്ച് മുടക്കിയാല്‍ റീബാഡ്ജ് ചെയ്ത ഇന്നോവ ലഭിക്കുന്നത് മാരുതി ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന കാര്യമാണ്. ADAS സ്യൂട്ടിന്റെ അഭാവം ചിലരെയെങ്കിലും നിരാശപ്പെടുത്തുമെങ്കിലും മാരുതി ഉപഭോക്താക്കള്‍ക്ക് അപ്പോഴും അത് വളരെ മികച്ച ഒരു ഡീലാണ്. പ്രതിവര്‍ഷം ലഭിക്കുന്ന യൂണിറ്റുകള്‍ പരിമിതമാണെങ്കിലും ഇന്‍വിക്‌റ്റോയുടെ വരവ് കൂടുതല്‍ പ്രീമിയം കസ്റ്റമേഴ്‌സിലോക്ക് പടര്‍ന്ന് കയറാന്‍ മാരുതിയെ സഹായിക്കും.


Click it and Unblock the Notifications








