ഗ്രാൻഡ് വിറ്റാരയുടെ ഇരട്ട സഹോദരനോ? വിക്ടോറിസിനെ കുറിച്ച് കൂടുതലറിയാം
മാരുതി സുസുക്കി എപ്പോഴും സർപ്രൈസുകൾ ഇഷ്ടപ്പെടുന്ന ബ്രാൻഡാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. നമ്മൾ മനസിൽ പോലും വിചാരിക്കാത്ത മോഡലുകളായിരിക്കും ഉപഭോക്താക്കൾക്ക് വേണ്ടി മാരുതി അവതരിപ്പിക്കുക. അങ്ങനെ ഞെട്ടിച്ചൊരു അവതരണമായിരുന്നു മാരുതി സുസുക്കി വിക്ടോറിസ് എന്ന മിഡ് സൈസ് എസ്‌യുവിയുടേത്. മുംബൈയിൽ വച്ച് നടന്ന ലോഞ്ച് ചടങ്ങിൽ ഞങ്ങളെ അത്ഭുതപ്പെടുത്തി കൊണ്ടാണ് വിക്ടോറിസ് എത്തിയതെന്ന് വേണമെങ്കിൽ പറയാം. അക്ഷരാർത്ഥത്തിൽ ആദ്യ കാഴ്ച്ചയിൽ തന്നെ മനസിൽ ഇടം പിടിച്ചു പോയി മാരുതിയുടെ പുത്തൻ വാഹനം. വാഹനത്തെ കണ്ടതിൻ്റെ സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കില്ല. ഇനി എന്തൊക്കെയാണ് മാരുതി നിങ്ങൾക്കായി ഒരുക്കി വച്ചിരിക്കുന്നതെന്ന് വിശദമായി തന്നെ നോക്കിയാലോ.
എല്ലാവർക്കും ആദ്യം അറിയേണ്ടത് വാഹനത്തിൻ്റെ വിലയാണെന്ന് അറിയാം, പക്ഷേ അതിനായി വീണ്ടു കാത്തിരിക്കണം. സാധാരണ പ്രീമിയം മോഡലുകൾ നെക്സ ഷോറൂമുകളിലൂടെയാണ് മാരുതിൽ വിൽപ്പനയ്ക്കെത്തിക്കുന്നതെങ്കിൽ അതിൽ നിന്ന് മാറി അരീന ഷോറൂമുകളിലൂടെയാണ് എത്തിക്കുന്നത്. പെട്രോൾ, CNG, ഹൈബ്രിഡ് എന്നിങ്ങനെ ഒന്നിലധികം ഇന്ധന ഓപ്ഷനുകളും, ഫോർ വീൽ ഡ്രൈവ് വേരിയന്റും ലഭിക്കുന്നു എന്നതാണ് പ്രത്യേകത.

ഗ്രാൻഡ് വിറ്റാറയുടെ പ്ലാറ്റ്‌ഫോമിലാണ് വിക്ടോറിസും നിർമ്മിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ പുതിയ മോഡലിൽ വിറ്റാര മോഡലുമായിട്ടും അതോടൊപ്പം തന്നെ വരാനിരിക്കുന്ന ഇ വിറ്റാറയുമായിട്ടും നിരവധി ഡിസൈൻ ഘടകങ്ങളും ഫീച്ചറുകളും പങ്കിടുന്നുണ്ട് എന്ന് വ്യക്തമായി കാണാൻ സാധിക്കുന്നുണ്ട്. അതിനൊപ്പം തന്നെ ഇലക്ട്രിക് ബൂട്ട്, വിശാലമായ ഇന്റീരിയർ, മികച്ച സൗകര്യങ്ങൾ, അത്യാധുനിക സാങ്കേതികവിദ്യ എന്നിവയും നിങ്ങൾക്ക് വിക്ടോറിസിലൂടെ മാരുതി സുസുക്കി നൽകുന്നു.
ഇനി വാഹനത്തിൻ്റെ അടുത്തേക്ക് ചെന്ന് ഡിസൈൻ വശങ്ങളിലേക്ക് നോക്കിയാൽ മുൻവശത്ത് ക്രോം സ്ട്രിപ്പുള്ള സ്ലിം ഗ്രിൽ കവർ, കട്ടിയുള്ള പ്ലാസ്റ്റിക് ക്ലാഡിംഗ്, സിൽവർ സ്കിഡ് പ്ലേറ്റ്, എൽഇഡി ഹെഡ്‌ലൈറ്റുകൾ എന്നിവയാണ് എക്സ്റ്റീരിയറിൽ വിക്ടോറിസിനെ വേറിട്ടുനിർത്തുന്ന ഘടകങ്ങളായി എടുത്തു പറയേണ്ടത്. വശക്കാഴ്ച്ചയിലേക്ക് നോക്കിയാൽ എസ്‌യുവിയുടെ 18 ഇഞ്ച് അലോയ് വീലുകളിലേക്ക് തന്നെയാണ് ശ്രദ്ധ ആദ്യം ചെല്ലുന്നത്. അതോടൊപ്പം കറുപ്പിൽ ഒരുക്കിയിരിക്കുന്ന പില്ലറുകൾ, സിൽവർ റൂഫ് റെയിലുകൾ, ചതുരാകൃതിയിലുള്ള ബോഡി ക്ലാഡിംഗ് എന്നിവയും വശങ്ങളെ കൂടുതൽ മനോഹരമാക്കുന്നുണ്ട്.

വിക്ടോറിസിൻ്റെ പിന്നിലേക്ക് വന്നാൽ ഒരു സെഗ്‌മെന്റഡ് എൽഇഡി ലൈറ്റ് ബാറും 'വിക്ടോറിസ്' ലെറ്ററിംഗുമാണ് എസ്‌യുവിയെ കിടിലമാക്കാനായി മാരുതി സുസുക്കി നൽകിയിരിക്കുന്നത്. മൊത്തത്തിൽ 10 കളർ ഓപ്ഷനുകളിൽ മാരുതി സുസുക്കിയുടെ പുതിയ എസ്‌യുവി സ്വന്തമാക്കാം. ആർട്ടിക് വൈറ്റ്, സ്പ്ലെൻഡിഡ് സിൽവർ, എറ്റേണൽ ബ്ലൂ, സിസ്ലിംഗ് റെഡ്, ബ്ലൂയിഷ് ബ്ലാക്ക്, മാഗ്മ ഗ്രേ, മിസ്റ്റിക് ഗ്രീൻ, ബ്ലാക്ക് റൂഫുള്ള സ്പ്ലെൻഡിഡ് സിൽവർ, ബ്ലാക്ക് റൂഫുള്ള സിസ്ലിംഗ് റെഡ്, ബ്ലാക്ക് റൂഫുള്ള എറ്റേണൽ ബ്ലൂ എന്നിവയൊക്കെയാണ് വാഹനത്തിൻ്റെ കളർ ഓപ്ഷനുകൾ.
ഗ്രാൻഡ് വിറ്റാരയെ അടിസ്ഥാനമാക്കിയുള്ള ഈ എസ്‌യുവി ഗ്രാൻഡ് വിറ്റാരയേക്കാൾ വലുപ്പത്തിൽ വലുതാണ്. അതോടൊപ്പം ഗ്രാൻഡ് വിറ്റാരയിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് വിക്ടോറിസിന്റെ ഉൾഭാഗം. അകത്തേക്ക് കയറുമ്പോൾ കൂടുതൽ സാങ്കേതികമായി കേന്ദ്രീകരിച്ചുള്ള ഡാഷ്‌ബോർഡ് ഡിസൈനാണ് മാരുതി വിക്ടോറിസിന്റെ ഏറ്റവും വലിയ സവിശേഷത.

ഡാഷ്‌ബോർഡിന് മുകളിൽ 10.25 ഇഞ്ച് വലിപ്പമുള്ള വലിയ ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ, വലതുവശത്ത് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും ത്രീ സ്‌പോക്ക് സ്റ്റിയറിംഗ് വീലും ഉണ്ട്. വിക്ടോറിസ് ഒരു 5 സീറ്റർ എസ്‌യുവിയായിട്ടാണ് നിർമിച്ചിരിക്കുന്നത്. അന്യായ വലിപ്പമുള്ളതിനാൽ നല്ല സ്പേസും കിട്ടുമെന്നതും പ്ലസ് പോയിൻ്റാണ്.
ഇനി അറിയേണ്ടത് ഫീച്ചറുകളെ കുറിച്ചായിരിക്കുമല്ലോ, അവിടേയും മാരുതി ഒരു പിശുക്കും കാണിച്ചിട്ടില്ല. വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഡോൾബി അറ്റ്‌മോസ്റ്റുള്ള 8-സ്പീക്കർ സൗണ്ട് സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ്, കണക്റ്റഡ് കാർ ടെക്, ലെതറെറ്റ് അപ്ഹോൾസ്റ്ററി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, വയർലെസ് ചാർജർ, 8-വേ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, ക്യാബിൻ എയർ ഫിൽട്ടർ, പവർഡ് ടെയിൽഗേറ്റ് തുടങ്ങി നിരവധി സവിശേഷതകൾ ലഭിക്കുന്നുണ്ട്.

ഇനി സേഫ്റ്റിയുടെ കാര്യമാണെങ്കിൽ ഫൈവ് സ്റ്റാർ സുരക്ഷയാണ് മാരുതി സുസുക്കി ഒരുക്കിയിരിക്കുന്നത്. 6 എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ട്രാക്ഷൻ കൺട്രോൾ, ബ്രേക്ക് അസിസ്റ്റ്, ഹിൽ ഹോൾഡ് കൺട്രോൾ, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ തുടങ്ങിയ സുരക്ഷാ സന്നാഹങ്ങളെല്ലാം സ്റ്റാൻഡേർഡായി തന്നെ കമ്പനി ലഭ്യമാക്കിയിട്ടുണ്ട്.
കഴിഞ്ഞിട്ടില്ല, മിഡ്-സൈസ് എസ്‌യുവിയുടെ ടോപ്പ് എൻഡ് വേരിയന്റുകളിൽ 360-ഡിഗ്രി ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, മാരുതി മോഡലിന് ആദ്യമായി ലെവൽ 2 ADAS എന്നിവയും ലഭിക്കും. ഇനിയാരും സേഫ്റ്റി കുറഞ്ഞു പോയി എന്ന് പരാതി പറയാൻ ഇടവരുത്തില്ലെന്ന് ശപഥം എടുത്ത പോലെയാണ് തോന്നുന്നത്.
പവർട്രെയിനിൻ്റെ വിശദാംശങ്ങളിലേക്ക് നോക്കിയാൽ 1.5 ലിറ്റർ, 4 സിലിണ്ടർ മൈൽഡ് ഹൈബ്രിഡ് പെട്രോൾ, 1.5 ലിറ്റർ, 3 സിലിണ്ടർ സ്ട്രോങ്ങ് ഹൈബ്രിഡ്, 1.5 ലിറ്റർ പെട്രോൾ-സിഎൻജി ഓപ്ഷൻ എന്നിങ്ങനെ മൂന്ന് എഞ്ചിനുകളിൽ വിക്ടോറിസ് വാങ്ങാനാവും.മാരുതി സുസുക്കി സിഎൻജി ടാങ്ക് അണ്ടർബോഡിയിലേക്ക് മാറ്റിയിട്ടുണ്ട്. ആയതിനാൽ ബൂട്ട് സ്പേസ് കൂടുതൽ സ്വതന്ത്രമാക്കാനായിട്ടുണ്ട്. പെട്രോൾ എഞ്ചിന് 5-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോ, സ്ട്രോംഗ് ഹൈബ്രിഡിന് ഇ-സിവിടി, സിഎൻജി വേരിയന്റുകൾക്ക് 5-സ്പീഡ് മാനുവൽ എന്നിവയാണ് ഗിയർബോക്സ് ഓപ്ഷനുകൾ.
2025 ദീപാവലിയോടെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന വിക്ടോറിസിന്റെ ബുക്കിംഗ് ഇപ്പോള്‍ മാരുതി ആരംഭിച്ചു. 11,000 രൂപ നല്‍കി രാജ്യമെമ്പാടുമുള്ള മാരുതി അരീന ഡീലര്‍ഷിപ്പുകളിലൂടെയും വെബ്സൈറ്റിലൂടെയും വാഹനം ബുക്ക് ചെയ്യാം. ഡെലിവറി ടൈംലൈന്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ലോഞ്ചിന് പിന്നാലെ തന്നെ വിതരണവും തുടങ്ങുമെന്ന് പ്രതീക്ഷിക്കാം.
മാരുതി വിക്ടോറിസിന്റെ എക്സ്-ഷോറൂം വില 9.70 ലക്ഷം രൂപയില്‍ നിന്ന് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, ഹോണ്ട എലിവേറ്റ്, എംജി ആസ്റ്റര്‍, ഫോക്സ്‌വാഗണ്‍ ടൈഗൂണ്‍, സ്‌കോഡ കുഷാഖ്, കൂടാതെ മാരുതി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍ തുടങ്ങിയ കോംപാക്ട് എസ്‌യുവികളുമായാണ് വിക്‌ടോറിസ് എതിരിടുന്നത്.


Click it and Unblock the Notifications








