കൊറിയൻ ടെക്കിനെ തൂക്കുമോ ജാപ്പനീസ് മികവ്? ഗ്രാൻഡ് i10 നിയോസിന് ഒത്ത എതിരാളിയോ 2024 സ്വിഫ്റ്റ്?
മാരുതി സുസുക്കി ഇന്ത്യൻ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നാലാം തലമുറ സ്വിഫ്റ്റ് അവതരിപ്പിച്ചു. 6.49 ലക്ഷം രൂപ പ്രാരംഭ വിലയ്ക്കാണ് ഈ ജനപ്രിയ മോഡലിനെ നിർമ്മാക്കൾ എത്തിച്ചിരിക്കുന്നത്. ബജറ്റ് വിഭാഗത്തിൽ രാജ്യത്തെ ഏറ്റവും ജനപ്രിയമായ ഹാച്ച്ബാക്കുകളിൽ ഒന്നാണ് സ്വിഫ്റ്റ് എന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നിരുന്നാലും, ഈ ജനറേഷൻ അപ്പ്ഡേറ്റിന് ശേഷം പ്രധാന എതിരാളിയായ ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസിനെതിരെ ഇത് എങ്ങനെ നിലകൊള്ളുന്നു എന്ന് നോക്കാം.
എക്സ്റ്റീരിയർ ഡിസൈൻ: പുതിയ സ്വിഫ്റ്റിന്റെ ഡിസൈൻ വിശദാംശങ്ങൾ നോക്കുമ്പോൾ 2024 സ്വിഫ്റ്റിന് ഇപ്പോൾ 'L' ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളോട് കൂടിയ എൽഇഡി ഹെഡ്‌ലൈറ്റ് സജ്ജീകരണം ലഭിക്കുന്നു. ഇതിന് എൽഇഡി ഫോഗ് ലൈറ്റുകളും ഗ്ലോസ് ബ്ലാക്ക് നിറത്തിലുള്ള ഹണികോംബ് പാറ്റേണിലുള്ള ഗ്രില്ലും ലഭിക്കുന്നു.
സൈഡ് പ്രൊഫൈൽ, ഔട്ട്‌ഗോയിംഗ് മോഡലിന്റെ അതേ സിലൗട്ടിന് വളരെ സാമ്യമുള്ളതായി തോന്നുന്നു. എന്നിരുന്നാലും, ഒരു പുതിയ ഷോൾഡർ ലൈൻ, പരമ്പരാഗത തരത്തിലുള്ള റിയർ ഡോർ ഹാൻഡിലുകൾ, 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലുകൾ എന്നിങ്ങനെ സൂക്ഷ്മമായ ചില മാറ്റങ്ങൾ ഇതിലുണ്ട്.
പുതിയ C -ആകൃതിയിലുള്ള എൽഇഡി ടെയിൽലൈറ്റുകളുടെ സഹായത്തോടെ കാറിന്റെ റിയർ പ്രൊഫൈൽ കൂടുതൽ പ്രീമിയം ആക്കിയിട്ടുണ്ട്. ഇതിന് പിന്നിൽ വൈപ്പർ, വാഷർ, ഡീഫോഗർ എന്നിവയും ലഭിക്കുന്നു. ഇപ്പോൾ മൊത്തത്തിലുള്ള രൂപകൽപ്പനയുടെ കാര്യത്തിൽ, ഔട്ട്‌ഗോയിംഗ് മോഡലിൽ നിന്ന് അപ്പ്ഡേറ്റഡ് മോഡൽ വളരെയധികം എക്സ്പാൻഡ് ആയിട്ടുണ്ട്. കൂടാതെ പുതിയ സ്വിഫ്റ്റ് കൂടുതൽ പ്രീമിയമായും കാണപ്പെടുന്നു.

പുതിയ ഗ്രാൻഡ് i10 നിയോസിന്റെ എക്സ്റ്റീരിയർ രൂപകൽപ്പനയിലേക്ക് വരുമ്പോൾ, ഈ ഹാച്ച്ബാക്കിന് കൂടുതൽ വ്യത്യസ്തമായ യൂറോപ്യൻ ഡിസൈൻ ശൈലിയുണ്ട്. മുൻവശത്ത്, ഇതിന് ഗ്ലോസ് ബ്ലാക്ക് ഗ്രില്ല്, സിംഗിൾ പ്രൊജക്ടർ എൽഇഡി ഹെഡ്‌ലൈറ്റുകൾ, താഴത്തെ ബമ്പറിൽ Y -ഷെയിപ്പിലുള്ള എൽഇഡി DRL എന്നിവയും ലഭിക്കുന്നു.
ഇത് കൂടുതൽ ടാൾബോയ് ഡിസൈനും ഇത് അവതരിപ്പിക്കുന്നു, നിയോസിന്റെ അരങ്ങേറ്റ മോഡലിനെപ്പോലെ തന്നെ ഫെയ്‌സ്‌ലിഫ്റ്റഡ് മോഡലും അതേ സിലൗട്ടിൽ തന്നെ തുടരുന്നു. പുതുതായി പുറത്തിറക്കിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൽ വാഹനത്തിന്റെ പിൻഭാഗം പരിഷ്‌ക്കരിച്ചിരിക്കുന്നു, അതിനാൽ ഇപ്പോൾ കണക്റ്റഡും കൂടുതൽ മോഡേൺ ശൈലിയിലുമുള്ള എൽഇഡി ടെയിൽലൈറ്റ് സജ്ജീകരണം ഇതിന് ലഭിക്കുന്നതായി കാണാം.

ഇന്റീരിയർ: 2024 മോഡലിൽ, മാരുതി സുസുക്കി സ്വിഫ്റ്റിന്റെ ഇന്റീരിയർ പൂർണ്ണമായും നവീകരിച്ചിരിക്കുന്നു. ഹാച്ചിന് ഇപ്പോൾ ധാരാളം പുതിയ ഘടകങ്ങളുള്ള ഒരു മൾട്ടി ലേയേർഡ് ഡാഷ്ബോർഡ് ഡിസൈൻ ലഭിക്കുന്നു. ഔട്ട്‌ഗോയിംഗ് മോഡലിനേക്കാൾ കൂടുതൽ ഫീച്ചറുകളും ഇതിൽ നിർമ്മാതാക്ക നൽകിയിട്ടുണ്ട്. ടോപ്പ്-സ്പെക്ക് സ്വിഫ്റ്റ് ഇപ്പോൾ 9.0 ഇഞ്ച് സ്മാർട്ട്പ്ലേ പ്രോ ഇൻഫോടെയിൻമെൻ്റ് സ്ക്രീൻ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, പുഷ് ബട്ടൺ സ്റ്റാർട്ട് ആൻ്റ് സ്റ്റോപ്പ് തുടങ്ങിയ ഫീച്ചറുകളുമായാണ് വരുന്നത്.
അതേസമയം ഗ്രാൻഡ് i10 നിയോസിന് വളരെ എലഗന്റായ ഇന്റീരിയർ ലഭിക്കുന്നു. ഒരു ബീജ് & ബ്ലാക്ക് ഡ്യുവൽ ടോൺ ഇന്റീരിയറാണ് ഇതിന് ലഭിക്കുന്നത്. ഗ്രാൻഡ് i10-ന്റെ സെന്റർ കൺസോൾ കൈയ്യടക്കുന്നത് ഒരു 8,0 ഇഞ്ച് സ്ക്രീനാണ്. റിയർ എസി വെന്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജർ, യുഎസ്ബി ടൈപ്പ് C പോർട്ടുകൾ തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്. ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ക്രൂയിസ് കൺട്രോൾ സിസ്റ്റവും വാഹനത്തിന് ലഭിക്കുന്നു.

ഡ്രൈവ്‌ട്രെയിൻ: ഇന്ത്യയിൽ പരീക്ഷിച്ചു വിജയിച്ച സ്വിഫ്റ്റിന്റെ പഴയ വിശ്വസനീയമായ 1.2 ലിറ്റർ K -സീരീസ് നാച്ചുറലി ആസ്പിരേറ്റഡ് ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനു പകരം മാരുതി സുസുക്കി ഇപ്പോൾ പുതിയ Z -സീരീസ് Z12E 1.2 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് നൽകിയിരിക്കുന്നത്. ഈ എഞ്ചിൻ ഇപ്പോൾ 81 bhp മാക്സ് പവറും 112 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു.
ഇത് അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനും, അഞ്ച് സ്പീഡ് ഓട്ടോമാറ്റിക് ഓപ്ഷനുമായി വരുന്നു. മൈലേജിന്റെ കാര്യത്തിൽ, മാനുവൽ ട്രാൻസ്മിഷനോടുകൂടിയ 2024 മോഡൽ സ്വിഫ്റ്റ് ലിറ്ററിന് 24.8 കിലോമീറ്റർ വാഗ്ദാനം ചെയ്യുന്നു. അതേസമയം, AMT ഗിയർബോക്‌സിനൊപ്പം ലിറ്ററിന് 25.75 കിലോമീറ്റർ മൈലേജ് ലഭിക്കും എന്ന് കമ്പനി അവകാശപ്പെടുന്നു. ഒരു സിലിണ്ടറും കുറച്ച് പവറും 2024 സ്വിഫ്റ്റിന് നഷ്ടപ്പെട്ടിട്ടുണ്ടാകാം, പക്ഷേ ഇന്ധനക്ഷമതയുടെ കാര്യത്തിൽ 15 ശതമാനം നേട്ടമുണ്ടായിട്ടുണ്ട്.

മറുവശത്ത്, ഗ്രാൻഡ് i10 1.2 ലിറ്റർ പെട്രോൾ എഞ്ചിനുമായി വരുന്നു. ഈ എഞ്ചിൻ പരമാവധി 83 bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ, AMT ഗിയർബോക്‌സ് എന്നിവയും ട്രാൻസ്മിഷൻ ചോയിസുകളിൽ ഇത് വാഗ്ദാനം ചെയ്യുന്നു.
മൈലേജിന്റെ കാര്യത്തിൽ, ഗ്രാൻഡ് i10 നിയോസ് മാനുവൽ ട്രാൻസ്മിഷൻ ലിറ്ററിന് 20.7 കിലോമീറ്റർ വാഗ്ദാനം ചെയ്യുന്നു. അതേസമയം, AMT ഗിയർബോക്‌സിനൊപ്പം ലിറ്ററിന് 20.1 കിലോമീറ്റർ മൈലേജാണ് ഈ ഹാച്ച്ബാക്ക് നൽകു്നനത്. പവറും ടോർക്കും അല്പം കൂടുതലാണ് എങ്കിലും മൈലേജിന്റെ കാര്യത്തിൽ അല്പം പിന്നോട്ടാണ്.
വില: 2024 മോഡൽ സ്വിഫ്റ്റ് 6.49 ലക്ഷം രൂപ പ്രാരംഭ വിലയ്ക്കാണ് മാരുതി പുറത്തിറക്കിയിരിക്കുന്നത്, 9.65 ലക്ഷം രൂപ വരെ ഇത് ഉയരുന്നു. മറുവശത്ത്, ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസിന്റെ വില 5.92 ലക്ഷം രൂപയിൽ തുടങ്ങി 8.56 ലക്ഷം രൂപ വരെ പോകുന്നു. അതിനാൽ നിങ്ങൾ കർശനമായ ബജറ്റിലാണെങ്കിൽ, ഗ്രാൻഡ് i10 നിയോസ് നിങ്ങൾക്കുള്ളതാണ്, എന്നിരുന്നാലും, നിങ്ങൾക്ക് ഇന്ധനച്ചെലവിൽ ലാഭിക്കണമെങ്കിൽ, പുതിയ സ്വിഫ്റ്റ് ബെറ്റർ ഓപ്ഷനാണ്.


Click it and Unblock the Notifications








