ഡസ്റ്ററും ടെറാനോയും: ഒരു താരതമ്യം
നിസ്സാന്‍-റിനോ ബന്ധത്തില്‍ നിന്ന് പുതിയൊരു താരം കൂടി ഉയര്‍ന്നുവരുന്ന ദിവസത്തെ കൗതുകത്തോടെ കാത്തിരിക്കുകയാണ് ഓട്ടോമൊബൈല്‍ ഉലകം. കുറച്ചു ദിവസങ്ങള്‍ കൂടിയേ നമ്മള്‍ കാത്തിരിക്കേണ്ടതുള്ളൂ ഈ വാഹനത്തെ നേരിട്ട് കാണാന്‍. നിസ്സാന്‍ ടെറാനോ എന്ന പേരില്‍ അറിയപ്പെടുന്ന ഈ ചെറു എസ്‌യുവി സെഗ്മെന്റില്‍ എന്തു മാറ്റം വരുത്തുമെന്നത് കൃത്യമായി പറയാന്‍ സമയമായിട്ടില്ല. എങ്കിലും ലഭ്യമായ വിവരങ്ങളുടെയും ചിത്രങ്ങളുടെയുമെല്ലാം അടിസ്ഥാനത്തില്‍ ചില നിഗമനങ്ങളിലെത്തിച്ചേരാന്‍ ഒരുപക്ഷെ നമുക്ക് കഴിഞ്ഞേക്കും.
ഒക്ടോബര്‍ ആദ്യവാരത്തില്‍ തന്നെ വിപണിയിലെത്തുന്ന ഈ വാഹനത്തിന്റെ ഉള്ളിലും പുറത്തുമെല്ലാം എന്തെല്ലാമിരിക്കുന്നു എന്നതാണ് ഇവിടെ വിശകലനം ചെയ്യാനൊരുങ്ങുന്നത്. കൂടെ അടിസ്ഥാന വാഹമായ ഡസ്റ്ററില്‍ നിന്ന് ടെറാനോ എങ്ങനെ വ്യതിരിക്തത പാലിക്കുന്നു എന്നുകൂടി ഇവിടെ പരിശോധിക്കുന്നുണ്ട്. നേരത്തെ പറഞ്ഞതുപോലെ വളരെ കുറച്ച് വിവരങ്ങള്‍ മാത്രമേ നമ്മുടെ പക്കലുള്ളൂ എന്നത് ഒന്നുകൂടി ഓര്‍മിപ്പിക്കുന്നു.

ഡാസിയ ബ്രാന്‍ഡിനു കീഴില്‍ നിര്‍മിക്കപ്പെട്ടതാണ് ഡസ്റ്റര്‍ എന്ന കാര്യം നമുക്കറിയാം. യൂറോപ്യന്‍ വിപണിയില്‍ ഈ വാഹനം നേരത്തെ തന്നെ ഇടംപിടിച്ചിരുന്നു. പിന്നീട് വളരുന്ന വിപണികളില്‍ ഈ വാഹനത്തിന് ചിലതെല്ലാം ചെയ്യാനാകുമെന്ന തിരിച്ചറിവില്‍ റിനോ ഇന്ത്യയിലേക്കും ഡസ്റ്ററിനെ എത്തിക്കുകയായിരുന്നു.

റിനോ ഡസ്റ്റര്‍ എക്‌സ്റ്റീരിയര്‍
റിനോ ഡസ്റ്റര്‍ കോപാക്ട് എസ്‌യുവിയുടെ എക്സ്റ്റീരിയര്‍ ശില്‍പശൈലി തന്നെയാണ് വാഹനത്തെ മികച്ചതാക്കുന്നത്. നാല് മീറ്ററിന് മുകളില്‍ വലിപ്പം വരുന്നതാണ് ഡസ്റ്ററിന്റെ വലിപ്പം. നാല് മീറ്ററിന് താഴെ എന്ന അളവ് പാലിക്കാന്‍ വാഹനത്തിന് സാധിച്ചിരുന്നെങ്കില്‍ വിലയുടെ കാര്യത്തില്‍ കൂടുതല്‍ മത്സരക്ഷമത പാലിക്കാന്‍ കഴിയുമായിരുന്നിട്ടും റിനോ അതിനായി ശ്രമിച്ചിട്ടില്ല. ഇതിന് കാരണം സ്‌റ്റൈലില്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവരും എന്ന ബോധ്യമായിരുന്നു. കപറുകെ മൂന്ന് ക്രോമിയം പൂശിയ ആരങ്ങളുള്ള ഡസ്റ്റര്‍ ഗ്രില്‍ രോഷാകുലതയുടെ സൗന്ദര്യം പകരുന്നു. ഗ്രില്ലിന്റെ അതേ വീതിയില്‍ വരുന്നു ഹെഡ്‌ലാമ്പുകള്‍. മാരുസി സുസൂക്കി സ്റ്റിംഗ്രേയില്‍ വരെ കാണാവുന്ന പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, പത്തുപതിന്നാലു ലക്ഷം രൂപ വിലവരുന്ന ഡസ്റ്ററില്‍ കാണാന്‍ കഴിയുന്നില്ല എന്നത് ഒരു ചെറിയ കുറവായി ചൂണ്ടിക്കാട്ടാവുന്നതാണ്. മുന്‍വശത്ത് അടിയിലായി സ്റ്റോണ്‍ ഗാര്‍ഡിനു മുകളിലായി ഒരു പ്ലാസ്റ്റിക് ബംപര്‍ വലയത്തിനുള്ളിയി എയര്‍ഡാം നിലകൊള്ളുന്നു.

നിസ്സാന്‍ ടെറാനോ എക്‌സ്റ്റീരിയര്‍
എക്സ്റ്റീരിയര്‍ സ്റ്റൈലിംഗില്‍ ഡസ്റ്ററില്‍ നിന്ന് മൗലികമായ വ്യതിയാനം പ്രകടമാക്കുന്നു നിസ്സാന്‍ ടെറാനോ. നിസ്സാനിന്റെ എസ്‌യുവികളുടെ പൊതു പാറ്റേണിലുള്ള ഗ്രില്‍ ഡിസൈനാണ് ടെറാനോയ്ക്ക് നല്‍കിയിരിക്കുന്നത്. എക്‌സ് ട്രെയില്‍, നിസ്‌മോ തുടങ്ങിയ വാഹനങ്ങലിലെല്ലാം ഈ ഡിസൈന്‍ കാമാവുന്നതാണ്. തേനീച്ചക്കൂടിന്റെ ശൈലിയില്‍ നിര്‍മിച്ച പ്ലാസ്റ്റിക് വലയുടെ മീതെയായി നിസ്സാന്‍ ബാഡ്ജ് വരുന്നു. ഡസ്റ്ററില്‍ നിന്ന് വ്യത്യസ്തമായി സ്റ്റോണ്‍ ഗാര്‍ഡും ബംപറിന്റെ താഴത്തെ ഭാഗവുമെല്ലാം ബോഡി കളറില്‍ വരുന്നു. ഫോഗ് ലാമ്പ് കൂടിന്റെ ശില്‍പശൈലിയും ഡസ്റ്ററില്‍ നിന്ന് വ്യത്യസ്തമായി ബോഡി കളറില്‍ തന്നെയാണ് വരുന്നത്.

ഡസ്റ്റര്‍ പിന്‍വശം
വാഹനത്തിന്റെ 'ബി', 'സി' പില്ലാറുകള്‍ക്ക് ബോഡി കളര്‍ നല്‍കിയിരിക്കുന്നത് ശ്രദ്ധിക്കുക. റൂഫ് റെയില്‍ സില്‍വറില്‍ വരുമ്പോള്‍ അവയുടെ സപ്പോര്‍ട്ടറുകള്‍ കറുപ്പ് പ്ലാസ്റ്റിക്കില്‍ നിര്‍മിച്ചിരിക്കുന്നു. ബ്രേക്ക് ലൈറ്റുകള്‍ വളരെ ലളിതമായ ഒറ്റ യൂണിറ്റാണ്. 16 ഇഞ്ച് വീലുകളാണ് ഡസ്റ്ററില്‍ ഘടിപ്പിച്ചിട്ടുള്ളത്.

ടെറാനോ പിന്‍വശം
ഡസ്റ്ററിന്റെ 'സിംപ്ലിസിറ്റി'യെ പൊളിക്കാനാണ് നിസ്സാന്‍ ഡിസൈനര്‍മാര്‍ ശ്രമിച്ചിട്ടുള്ളതെന്ന് വ്യക്തം. ബി, സി പില്ലാറുകള്‍ ഇവിടെ കറുപ്പ് നിറത്തില്‍ വരുന്നത് ശ്രദ്ധിക്കുക. റൂഫ് റെയില്‍ പൂര്‍ണമായും ബോഡി കളറില്‍ നിര്‍മിച്ചിരിക്കുന്നു. പിന്‍വശത്ത്, ഡസ്റ്ററിന്റെ ലാളിത്യം നിറഞ്ഞ റിയര്‍ ലൈറ്റിന്റെ സ്ഥാനത്ത്, ഇവിടെ ഒരു ഇരട്ട ലൈറ്റ് സംവിധാനം ഇടം പിടിച്ചിരിക്കുന്നു. ലൈറ്റിന്റെ ഒരു ഭാഗം പിന്‍ ഡോറിലാണ് വരുന്നത്. 16 ഇഞ്ച് വീലുകള്‍ തന്നെയാണ് ടെറാനോയ്ക്കുമുള്ളത്. വീല്‍ ഡിസൈന്‍ വ്യത്യസ്തമാണെന്നത് ശ്രദ്ധിക്കുക.

ഡസ്റ്റര്‍ ഇന്റീരിയര്‍
ഡസ്റ്റര്‍ അതിന്റെ ലാളിത്യം ഇന്റീരിയറിലും തുടരുന്നു. ഗോളാകൃതിയിലുള്ള എയര്‍വെന്റുകളും വലിയ സങ്കീര്‍ണതകളില്ലാത്ത സെന്റര്‍ കണ്‍സോളുമെല്ലാം ഇതില്‍ പെടുന്നു. രണ്ട് നിറങ്ങളുടെ സംയോജനമാണ് ഇന്റീരിയറില്‍ കാണാവുന്നത്. മൂന്ന് ആരങ്ങളുള്ള സാധാരണ സ്റ്റീയറിംഗ് വീലാണ് വാഹനത്തിന്റേത്.

ടെറാനോ ഇന്റീരിയർ
ഇന്റീരിയര്‍ ശൈലിയില്‍ വലിയ തോതില്‍ വ്യത്യസ്തത പുലര്‍ത്തുന്നു ടെറാനോ. എയര്‍ വെന്‍രുകല്‍ ചതുരാകൃതിയിലാണ് ഇവിടെ. ഇതിന് ചുറ്റുമായി ക്രോമിയം പട്ടയുടെ സാന്നിധ്യം കാണാം. സ്റ്റീയറിംഗ് വീല്‍ ശില്‍പശൈലിയില്‍ മാറ്റം വന്നിരിക്കുന്നു. ഇടയില്‍ ഒരല്‍പം വെള്ളി നിറത്തിന്റെ സാന്നിധ്യവും കാണാം. ഡസ്റ്ററില്‍ നിന്ന് അസൗകര്യം പ്രമാണിച്ച് എടുത്തു മാറ്റിയ പിന്‍ എയര്‍ വെന്റ് സംവിധാനം ടെറാനോയുടെ ഉയര്‍ന്ന വേരിയന്റില്‍ നിലനിര്‍ത്തിയിട്ടുണ്ട്.

എന്‍ജിന്‍
നിസ്സാന്‍ ടെറാനോയുടെ എന്‍ജിന്‍ സവിശേഷതകളെല്ലാം ഡസ്റ്ററിനെ പിന്‍പറ്റുന്നവയാണ്. 104 പിഎസ് കരുത്തുള്ളതാണ് പെട്രോള്‍ എന്‍ജിന്‍. രണ്ട് ഡീസല്‍ വേരിയന്റുകളുണ്ട് വാഹനത്തിന്. ഇവയിലൊന്ന് (1.5 ലിറ്റര്‍) 85 പിഎസ് കരുത്ത് പകരുമ്പോള്‍ മറ്റൊന്ന് (1.5 ലിറ്റര്‍) 110 പിഎസ് കരുത്ത് പകരുന്നു.


Click it and Unblock the Notifications








