ഇന്ദ്രജിതന്റെ റോഡ് പ്രസന്‍സ്
സൂപ്പര്‍സ്റ്റാറാവുക എന്ന ലാക്കോടെ പൃഥ്വിരാജ് ഇന്ത്യയിലൊട്ടുക്കും പരക്കം പായുമ്പോള്‍ ഒരു നടനാവുക എന്ന ലക്ഷ്യവുമായി ആരവങ്ങള്‍ അധികമൊന്നും സൃഷ്ടിക്കാതെ മുന്നേറുകയാണ് ഇന്ദ്രജിത്ത്. തെരഞ്ഞെടുത്ത വഴിയുടെ പ്രത്യേകതയാവാം, വന്‍ വീഴ്ചകളോ പൊടുന്നനെയുള്ള ഉയര്‍ച്ചകളോ ഇന്ദ്രജിത്തിനുണ്ടായിട്ടില്ല. എന്നാല്‍ ഒരു നടനെന്ന നിലയില്‍ ക്രമമായി അദ്ദേഹം വളര്‍ന്നുകൊണ്ടിരുന്നു.
സൂപ്പറുകള്‍ക്ക് പൊതുവില്‍ കണ്ടുവരാറുള്ള കാര്‍ഭ്രാന്തും ഇന്ദ്രജിത്തിനില്ല. എന്നുവെച്ച് കാറുകളോട് താല്‍പര്യമില്ലാതെയുമില്ല. ആല്‍ഫൈന്‍ വൈറ്റ് നിറത്തിലുള്ള ഒരു എഫ്10 ബിഎംഡബ്ല്യു 520ഡി സെഡാനാണ് ഇന്ദ്രജിത്ത് സ്വന്തമാക്കയിട്ടുള്ളത്. ഇന്ദ്രജിത്ത് എന്തുകൊണ്ട് 520ഡി വേരിയന്റു തന്നെ തിരഞ്ഞെടുത്തു തുടങ്ങിയ വിഷയങ്ങളിലേക്ക് പോകാം നമുക്കിനി.

ദില്ലി എക്‌സ്‌ഷോറൂം വില പ്രകാരം 5 സീരീസ് സെഡാന്‍ മോഡലുകളുടെ വില തുടങ്ങുന്നത് 39.5 ലക്ഷം രൂപയിലാണ്. വിലകള്‍ അവസാനിക്കുന്നത് 58 ലക്ഷത്തിലും.

ആറ് എന്‍ജിന്‍ വേരിയന്റുകളിലായി ആറ് പതിപ്പുകള്‍ ലഭ്യമാണ് 5 സീരീസിന് ഇന്ത്യയില്‍. മൂന്ന് പെട്രോള്‍ പതിപ്പുകളും മൂന്ന് ഡീസല്‍ പതിപ്പുകളുമാണിവ.

2497 സിസി ശേഷിയുള്ള പെട്രോള്‍ എന്‍ജിന്‍ 11.7 കിലോമീറ്റര്‍ മൈലേജ് പകരുന്നു. 1997 സിസി ശേഷിയുള്ള മറ്റൊരു പെട്രോള്‍ എന്‍ജിന്‍ പകരുന്നത് 13.25 കിലോമീറ്റര്‍ മൈലേജാണ്. 2979 സിസി ശേഷിയുള്ള 5 സീരീസ് പെട്രോള്‍ എന്‍ജിന്‍ ലിറ്ററിന് 11.62 കിലോമീറ്റര്‍ മൈലേജാണ് തരിക.

1995 സിസി ശേഷിയുള്ള ഡീസല്‍ എന്‍ജിന്‍ രണ്ട് വിധത്തിലുള്ള ട്യൂണിംഗിന് വിധേയമായിട്ടുണ്ട്. ഇവയിലൊന്ന് 18.48 കിലോമീറ്റര്‍ മൈലേജ് നല്‍കുമ്പോള്‍ മറ്റേത് 16.73 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു. പിന്നെയൊരു ഡീസല്‍ എന്‍ജിനുള്ളത് 2993 സിസി എന്‍ജിന്‍ ശേഷിയുള്ളതാണ്. ഈ പതിപ്പ് 14.8 കിലോമീറ്റര്‍ മൈലേജ് തരുന്നുണ്ട്.

ഇന്ദ്രജിത്തിന്റെ പതിപ്പ്
ഇനി ഇന്ദ്രജിത്തിന്റെ പക്കലുള്ള പതിപ്പ് ഏതാണെന്നു നോക്കാം. അദ്ദേഹം വളരെ ബുദ്ധിപൂര്‍വം ഏറ്റവും മൈലേജ് നല്‍കുന്ന പതിപ്പു തന്നെ നോക്കി വാങ്ങിയിരിക്കുന്നു എന്നാണ് മനസ്സിലാക്കാനാവുന്നത്. 1995 സിസി ശേഷിയുള്ള രണ്ട് ഡീസല്‍ എന്‍ജിന്‍ വേരിയന്റുകളില്‍ ലിറ്ററിന് 18.48 കിലോമീറ്റര്‍ മൈലേജ് നല്‍കുന്ന 5 സീരീസ് 520ഡി മോഡലാണ് ഇന്ദ്രജിത്ത് തെരഞ്ഞെടുത്തത്.

ഇന്ദ്രജിത്തിന്റെ പതിപ്പിന്റെ വില
ഇന്ദ്രജിത്തിന്റെ 5 സീരീസ് 520ഡിയുടെ ബാംഗ്ലൂര്‍ എക്‌സ്‌ഷോറൂം വില 40,60,933 രൂപയാണ്.

5 സീരീസിന്റെ എല്ലാ പതിപ്പുകള്‍ക്കുമൊപ്പം ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഘടിപ്പിച്ചിരിക്കുന്നത്. ഇന്ദ്രജിത്തിന്റെ 520ഡി പതിപ്പിലും ഇതേ 8 സ്പീഡ് ട്രാന്‍സ്മിഷനാണുള്ളത്.

4000 ആര്‍പിഎമ്മില്‍ 184 കുതിരകളുടെ കരുത്ത് പുറത്തെടുക്കാന്‍ ശേഷിയുണ്ട് ഇന്ദ്രജിത്തിന്റെ 520ഡിയില്‍ ഘടിപ്പിച്ചിരിക്കുന്ന 1995 സിസി ശേഷിയുള്ള ഡീസല്‍ എന്‍ജിന്.

നേരത്തെ നമ്മള്‍ മനസ്സിലാക്കിയ പോലെ ആല്‍ഫൈന്‍ വൈറ്റ് നിറമാണ് ഇന്ദ്രജിത്തിന്റെ കാറിനുള്ളത്. ബ്ലാക് സഫയര്‍, ടൈറ്റാനിയം സില്‍വര്‍, ഡീപ് സീ ബ്ലൂ, സ്‌പേസ് ഗ്രേ, മിലാനോ ബീജ്, ഇംപീരിയല്‍ ബ്ലൂ ബ്രില്യന്റ് ഇഫക്ട്, സൊഫിസ്റ്റോ ഗ്രേ, ഹവാന എന്നീ നിറങ്ങളില്‍ കൂടി 5 സീരീസ് സെഡാന്‍ ലഭ്യമാണ്.

ഡക്കോട്ട തുകല്‍ കൊണ്ട് പൊതിഞ്ഞിരിക്കുന്നു ഇന്റീരിയറില്‍ സീറ്റും സ്റ്റീയറിംഗ് വീലുമെല്ലാം 6 സിഡികള്‍ ഒരേ സമയം സൂക്ഷിക്കാവുന്നതും ആവശ്യാനുസരണം തെരഞ്ഞെടുക്കാന്‍ കഴിയുന്നതുമായ സിഡി പ്ലേയര്‍ കാറിലുണ്ട്. സീറ്റുകള്‍ ഭാഗികമായി അഡ്ജസ്റ്റ് ചെയ്യാനുള്ള സംവിധാനം 5 സീരീസിലുണ്ട്.

ടില്‍റ്റ്/സ്ലൈഡ് ഫങ്ഷനുള്ള സണ്‍റൂഫാണ് വാഹനത്തിന്റേത്. ചാസി നിയന്തണ സന്നാഹങ്ങളായ എബിഎസ്, ടിസിഎസ്, ഇബിഡി, ഇഎസ്പി തുടങ്ങിയവ വാഹനത്തിന്റെ സുരക്ഷാ സന്നാഹങ്ങളില്‍ പെടുന്നു. പ്രയാസമേറിയ പാതകളില്‍ വാഹനത്തിന്റെ സ്ഥിരത നിലനിര്‍ത്താന്‍ സഹായിക്കുന്ന ഡൈനമിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ സന്നാഹം 5 സീരീസിലുണ്ട്.

ഡ്രൈവര്‍, പാസഞ്ചര്‍ എയര്‍ബാഗുകള്‍ കൂടാതെ പിന്‍ കാബിന്‍ യാത്രക്കാര്‍ക്കാരെക്കൂടി പരിഗണിക്കുന്ന കര്‍ട്ടന്‍ എയര്‍ബാഗുകളും സുരക്ഷാ സംവിധാനങ്ങളുടെ കൂട്ടത്തിലുണ്ട്.

താരതമ്യേന അല്‍പം കൂടിയ വിലയാണെങ്കിലും മികച്ച സുരക്ഷാ സന്നാഹങ്ങളാണ് വാഹനത്തില്‍ ഒരുക്കിയിരിക്കുന്നത്. കൂടാതെ, ഇന്ദ്രജിത്ത് സ്വന്തമാക്കിയ പതിപ്പ് അടക്കമുള്ളചില പതിപ്പുകള്‍ മികച്ച മൈലേജ് നിരക്കും വാഗ്ദാനം ചെയ്യുന്നുണ്ട്. ദീര്‍ഘദൂരം യാത്ര ചെയ്യേണ്ടി വരുന്ന ഇന്ദ്രജിത്തിനെ പോലുള്ള സെലിബ്രിറ്റികള്‍ക്ക് എന്തുകൊണ്ടും യോജിച്ച വാഹനമാണിത്.


Click it and Unblock the Notifications








