നിലവിലുള്ള അടവുകൾ ഒന്നും വില പോകില്ല; വെല്ലുവിളികളെ നേരിടാൻ 2023 ടാറ്റ നെക്സോൺ - പൂർണ്ണ റിവ്യൂ
2017 -ൽ ആയിരുന്നു ടാറ്റ മോട്ടോർസ് കർവ്വിയായ നെക്‌സോണുമായി കോംപാക്ട് എസ്‌യുവി വിപണിയിൽ പ്രവേശിച്ചത്. എതിരാളികളുടെ ബോക്‌സി രൂപഭാവങ്ങൾ ഒഴിവാക്കിക്കൊണ്ട്, ടാറ്റ നെക്‌സോൺ ഇന്ത്യൻ ജനതയുടെ ഹൃദയങ്ങളിൽ വളരെ പെട്ടന്ന് ഇടം നേടി.
അതിനുശേഷം, വാഹനത്തിന്റെ പുതുമ നിലനിർത്താൻ ഒരു ഫെയ്‌സ്‌ലിഫ്റ്റ് എത്തി, കൂടാതെ ഒന്നല്ല രണ്ട് ഇലക്ട്രിക് അവതാറുകളും നെക്‌സോൺ ലോകത്തിന് വെളിപ്പെടുത്തി. ഇപ്പോൾ 2023 ഉത്സവ സീസൺ ആസന്നമായിരിക്കെ, ടാറ്റ വീണ്ടും നെക്‌സോണിന് ഒരു അപ്പ്ഡേറ്റ് നൽകിയിരിക്കുകയാണ്.

പുതിയ 2023 ടാറ്റ നെക്‌സോൺ ഒരു ചെറിയ പൊട്ടും പൊടിയും മാത്രമല്ല അപ്പ്ഡേറ്റ് ചെയ്തിരിക്കുന്നത്. ജയ്പൂരിൽ പുതുക്കിയ 2023 നെക്‌സോൺ ഓടിക്കാൻ ടാറ്റ ഞങ്ങളെ ക്ഷണിച്ചിരുന്നു, അതിനാൽ പുതുക്കിയ എസ്‌യുവിയെക്കുറിച്ചുള്ള നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഈ റിവ്യൂവിൽ ഞങ്ങൾ പങ്കുവെയ്ക്കുന്നു.
ഡിസൈൻ, കംഫർട്ട് & ടെക്: ഒരു ഫുൾ ബ്ലൗൺ മേക്ക് ഓവർ: ഒറ്റനോട്ടത്തിൽ തന്നെ പുതിയ 2023 ടാറ്റ നെക്‌സണിൽ പേരിനുള്ള ചെറുകിട മാറ്റങ്ങൾ മാത്രമല്ല വരുത്തിയിരിക്കുന്നത് എന്ന് കാണാം. ക്യാബിനിനകത്തും പുറത്തും കാര്യമായ അപ്പ്ഡേറ്റുകൾ വാഹനത്തിന് ലഭിക്കുന്നു. ആദ്യം, നമുക്ക് എക്സ്റ്റീരിയർ മാറ്റങ്ങൾ എന്തെല്ലാം എന്ന് നോക്കാം.

2023 ടാറ്റ നെക്‌സോണിന്റെ എക്സ്റ്റീരിയർ ഡിസൈൻ ടാറ്റ കർവ്വ് കൺസെപ്‌റ്റിൽ നിന്നും കമ്പനിയുടെ വലിയ എസ്‌യുവികളിൽ നിന്നും വളരെയധികം എലമെന്റുകൾ കടമെടുത്തതാണ്. സ്പ്ലിറ്റ് ഗ്രില്ലും ഹെഡ്‌ലാമ്പുകളും മുകളിലെ DRL സെറ്റപ്പിനൊപ്പം മികച്ചതായി കാണപ്പെടുന്നു. ഈ ഡേ ടൈം റണ്ണിംഗ് ലൈറ്റുകൾ ടേൺ സിഗ്നൽ ഇൻഡിക്കേറ്ററുകളായി പ്രവർത്തിക്കുന്നു.
ഫ്രണ്ട് ബമ്പറിന്റെ താഴത്തെ ഭാഗം പുതിയ ഗ്രില്ലിന്റെ വലിയൊരു പോർഷൻ ഉൾക്കൊള്ളുന്നു. ബമ്പറിന്റെ ഇരുവശത്തുമായി C ആകൃതിയിലുള്ള എൻക്ലോഷറുകളിലാണ് യഥാർത്ഥ ഹെഡ്‌ലാമ്പുകൾ സജ്ജീകരിച്ചിരിക്കുന്നത്. സിൽവർ നിറത്തിലുള്ള ഒരു ഫാക്സ് ബാഷ് പ്ലേറ്റും കാണാം.

എസ്‌യുവിയുടെ ഏറ്റവും പുതിയ പതിപ്പിലും വശങ്ങളിൽ കാര്യമായ മാറ്റങ്ങളില്ലാതെ തുടരുന്നു. 2023 ടാറ്റ നെക്‌സോണിന്റെ ടോപ്പ് സ്‌പെക്ക് പതിപ്പുകളിൽ റൂഫിന് സിൽവർ അല്ലെങ്കിൽ ബ്ലാക്ക് ഷെയ്ഡ് തെരഞ്ഞെടുക്കാം.
പിൻഭാഗത്താണ് വാഹനത്തിൽ കൂടുതൽ മാറ്റങ്ങൾ പ്രകടമായി കാണുന്നത്. മുൻ മോഡലിൽ ടെയിൽലൈറ്റുകളെ കണക്ട് ചെയ്തിരുന്ന പ്ലാസ്റ്റിക് എലമെന്റുകൾ പുതിയ വേർഷനിൽ ഇല്ലാതായി. 2023 മോഡലിൽ എസ്‌യുവിയുടെ ബൂട്ട് കവർ ചെയ്യുന്ന ഒരു ലൈറ്റ്ബാർ ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്ന Y- ആകൃതിയിലുള്ള എൽഇഡി ടെയിൽലൈറ്റുകളാണ് വരുന്നത്.

ഫിയർലെസ് പർപ്പിൾ, ക്രിയേറ്റീവ് ഓഷ്യൻ, പ്രിസ്റ്റീൻ വൈറ്റ്, പ്യുവർ ഗ്രേ, ഡേടോണ ഗ്രേ, ഫ്ലേം റെഡ് എന്നീ ആറ് മോണോടോൺ എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിലാണ് പുതിയ 2023 നെക്‌സോൺ ടാറ്റ വാഗ്ദാനം ചെയ്യുന്നത്. ഫ്ലേം റെഡ്, ഡേടോണ ഗ്രേ എന്നിവ വൈറ്റ്, ബ്ലാക്ക് റൂഫുകളോട് കൂടിയാണ് വരുന്നത്. പ്രിസ്റ്റൈൻ വൈറ്റ്, ഫിയർലെസ് പർപ്പിൾ എന്നിവയ്ക്ക് ഡ്യുവൽ ടോൺ കളർ ഓപ്ഷനിൽ ബ്ലാക്ക് റൂഫ് മാത്രമേ നിർമ്മാതാക്കൾ നൽകുന്നുള്ളൂ.
2023 ടാറ്റ നെക്‌സോണിന്റെ ക്യാബിനിനുള്ളിൽ പ്രവേശിക്കുമ്പോൾ, മാറ്റങ്ങൾ കൂടുതൽ വ്യക്തമാണ്. ഞങ്ങൾ ഓടിച്ച ടോപ്പ്-സ്പെക്ക് നെക്‌സോണിൽ കാറിന്റെ എക്സ്റ്റീരിയർ കളറുമായി പൊരുത്തപ്പെടുന്ന മിഡിൽ സെക്ഷനുമായി വരുന്ന ലെതറെറ്റ് അപ്‌ഹോൾസ്റ്ററിയുള്ള ത്രീ-ലെയേർഡ്, ത്രീ-ടോൺ സജ്ജീകരണമാണ് ഡാഷ്ബോർഡിന് ഇപ്പോൾ ലഭിക്കുന്നത്.

ടാറ്റയുടെ വലിയ എസ്‌യുവികളിൽ നിന്ന് കടമെടുത്ത വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ സപ്പോർട്ട് ചെയ്യുന്ന പുതിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റമാണ് ഡാഷിന്റെ മുകളിൽ സെറ്റ് ചെയ്തിരിക്കുന്നത്. ഇൻഫോടെയിൻമെന്റ് സ്‌ക്രീൻ എട്ട് സ്പീക്കർ JBL ഓഡിയോ സിസ്റ്റവുമായി കണക്ട് ചെയ്തിരിക്കുന്നു, അത് പുതിയ നെക്‌സോണിനെ ഓഡിയോ സിംഫണിയുടെ ഒരു ആംഫി തിയേറ്ററാക്കി മാറ്റുന്നു.
ബൂട്ട് ഓപ്പണിംഗ്, 360 -ഡിഗ്രി ക്യാമറ, ഹസാർഡ് ലൈറ്റുകൾ എന്നിവ ആക്‌സസ് ചെയ്യൽ തുടങ്ങിയ മറ്റ് ഫംഗ്‌ഷനുകൾക്കൊപ്പം പൂർണ്ണമായും ഓട്ടോമാറ്റിക് എയർ കണ്ടീഷനിംഗ് സിസ്റ്റത്തിനായുള്ള ടച്ച്-സെൻസിറ്റീവ് കപ്പാസിറ്റീവ് കൺട്രോളുകളുടെ ഒരു നിരയാണ് സെന്റർ കൺസോളിൽ താഴെയായി സ്ഥാപിച്ചിരിക്കുന്നത്.

ഡാഷിലെ മറ്റൊരു പ്രധാന ഹൈലൈറ്റ് പുതിയ 10.25 ഇഞ്ച് ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിന്റെ രൂപത്തിലാണ്. ഈ ക്ലസ്റ്റർ ഉപഭോക്താക്കൾക്ക് ആവശ്യമായ എല്ലാ വിവരങ്ങളും നൽകുന്നു, കൂടാതെ ഒരു ഫുൾ സൈസ് മാപ്പ് പ്രദർശിപ്പിച്ച് യാത്രയ്ക്കിടയിൽ നാവിഗേഷൻ ഡീറ്റെയിലുകൾ നൽകാനും ഇതിന് കഴിയും.
ടാറ്റയുടെ കൺസെപ്റ്റ് കാറുകളിൽ മുമ്പ് കണ്ടിരുന്ന പുതിയ ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീലാണ് ഈ സ്‌ക്രീനിന്റെ മുന്നിൽ വരുന്നത്. ഇൻഫോടെയിൻമെന്റിനും ഇൻസ്ട്രുമെന്റേഷൻ സ്ക്രീനുകൾക്കുമായി ടച്ച്, സ്ക്രോൾ കൺട്രോളുകൾ എന്നിവയ്‌ക്കൊപ്പം ഇല്യുമിനേറ്റഡ് ടാറ്റ ലോഗോയും സ്റ്റിയറിംഗ് വീലിൽ നിർമ്മാതാക്കൾ അവതരിപ്പിക്കുന്നു.

വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, കൂൾഡ് ഗ്ലൗവ് ബോക്സ്, പുതിയ ഡ്യുവൽ ക്ലച്ച് ഗിയർബോക്‌സിനുള്ള ഫാൻസി ഷിഫ്റ്റർ, റിയർ എസി വെന്റുകൾ, രണ്ടാം തലമുറ iRA കണക്റ്റഡ് കാർ ടെക്‌നോളജി, വോയ്‌സ് കമാൻഡുകൾ ഉപയോഗിച്ച് തുറക്കാനോ അടയ്ക്കാനോ കഴിയുന്ന ഒരു ഇലക്ട്രിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജർ, 382-ലിറ്റർ ബൂട്ട് സ്പെയ്സ് എന്നിവയാണ് ഇന്റീരിയറിലെ മറ്റ് ഹൈലൈറ്റുകൾ.
മൊത്തത്തിൽ, പുതിയ 2023 ടാറ്റ നെക്‌സണിന്റെ ക്യാബിൻ ഇന്റീരിയറിനെ ഒരു പുതിയ തലത്തിലേക്ക് കൊണ്ടുപോവുന്നതായി തോന്നുന്നു. ക്യാബിനിനുള്ളിലെ സൗകര്യവും സ്പെയ്സ് നിലവാരവും ഇപ്പോഴും സെഗ്‌മെന്റിന് ഏറ്റവും മികച്ചതാണ്, ഉയരമുള്ള യാത്രക്കാർക്കും വാഹനത്തിനുള്ളിൽ ആവശ്യത്തിലധികം ഇടം ലഭിക്കുന്നു.

പുതിയ 2023 ടാറ്റ നെക്‌സോണിലെ സേഫ്റ്റി കിറ്റിൽ ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ABS, EBD, ISOFIX ചൈൽഡ് സീറ്റ് ആങ്കറിംഗ് പോയിന്റുകൾ, പാർക്കിംഗ് സെൻസറുകൾ, എമർജൻസി, ബ്രേക്ക്‌ഡൗൺ കോൾ അസിസ്റ്റൻസ് എന്നിവയും ഉൾപ്പെടുന്നു.
എഞ്ചിൻ, ഗിയർബോക്‌സ്, അളവുകൾ: 2023 ടാറ്റ നെക്‌സോൺ അതിന്റെ വലിപ്പത്തിന്റെ കാര്യത്തിൽ ഏറെക്കുറെ മാറ്റമില്ലാതെ തുടരുന്നു. പുതിയ 2023 നെക്‌സോണിന് 3,995 mm നീളവും 1,804 mm വീതിയും 1,620 mm ഉയരവും 2,498 mm വീൽബേസുമാണ് ലഭിക്കുന്നത്.

2023 ടാറ്റ നെക്‌സോൺ അതിന്റെ മുൻഗാമിയേക്കാൾ 2.0 mm നീളവും 7.0 mm മെലിഞ്ഞതും 4.0 mm ഉയരവുമുള്ളതാണ്, അതേസമയം വീൽബേസിൽ മാറ്ങ്ങൾ ഒന്നുമില്ല. കൂടാതെ പുതിയ നെക്സോൺ 208 mm ഗ്രൗണ്ട് ക്ലിയറൻസ് വാഗ്ദാനം ചെയ്യുന്നത് തുടരുന്നു.
ബോണറ്റിന് കീഴിൽ, 2023 ടാറ്റ നെക്‌സോൺ ഫേസ്‌ലിഫ്റ്റ് അതിന്റെ മുൻഗാമി/g'z അതേ 1.2 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ടർബോ ഡീസൽ എഞ്ചിനുകൾ തന്നെയായിട്ടാണ് വരുന്നത്. പെട്രോൾ യൂണിറ്റ് 118.2 bhp പവറും 170 Nm torque ഉം പുറപ്പെടുവിക്കുമ്പോൾ ഡീസൽ 113.3 bhp കരുത്തും 260 Nm torque ഉം സൃഷ്ടിക്കുന്നു.

പുതിയ നെക്‌സോണിന്റെ പെട്രോൾ എഞ്ചിൻ അഞ്ച് സ്പീഡ്, ആറ് സ്പീഡ് എന്നിങ്ങനെ രണ്ട് മാനുവൽ ട്രാൻസ്മിഷനുകൾ വാഗ്ദാനം ചെയ്യുന്നു. ആറ് സ്പീഡ് iMT, ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് എന്നിങ്ങനെ രണ്ട് ഓട്ടോമാറ്റിക് ഗിയർബോക്‌സുകളും ഇതിൽ വരുന്നു. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ iMT ഓട്ടോമാറ്റിക് ഗിയർബോക്സുകൾക്കൊപ്പം ഡീസൽ വാഗ്ദാനം ചെയ്യുന്നത് കമ്പനി തുടരുന്നു.
ഡ്രൈവിംഗ് ഇംപ്രഷനുകൾ: 2023 ടാറ്റ നെക്‌സോണുമായി ജയ്പൂരിലും അതിന്റെ ചുറ്റുപാടുമുള്ള ഞങ്ങൾക്ക് ലഭിച്ച സമയം വാഹനം വളരെ മികച്ച രീതിയിൽ എക്സ്പീരിയൻസ് ചെയ്യാൻ ഞങ്ങൾക്ക് സാധിച്ചു, പുതിയ നെക്‌സോണിന്റെ ഏഴ് സ്പീഡ് ഡ്യുവൽ-ക്ലച്ച് ട്രാൻസ്മിഷനുമായി വരുന്ന ടർബോ-പെട്രോൾ പതിപ്പാണ് ഞങ്ങൾക്ക് ഇവിടെ ലഭിച്ചത്.

ഡ്രൈവിൽ, നെക്‌സോണിന്റെ പുനർനിർമ്മിച്ച ബോണറ്റിന് കീഴിലുള്ള ടർബോചാർജ്ഡ് 1.2-ലിറ്റർ ത്രീ-പോട്ട് എപ്പോഴത്തേയും പോലെ പെപ്പിയാണ് എന്ന് മനസിലായി. കാൽ കൊടുക്കുമ്പോൾ ആദ്യം വളരെ സുഗമമായ ഒരു ഒഴുക്കൻ മട്ടാണ്, എന്നാൽ 2000 rpm -ന് ശേഷം ടർബോ കിക്ക് ഇൻ ചെയ്തു കഴിഞ്ഞാൽ പിന്നെ വിഷയമാണ്, 4,000 rpm മാർക്കിന് മുമ്പ് വരെ വാഹനം വളരെ മികവുറ്റ പെർഫോമെൻസാണ് നൽകുന്നത്.
നെക്‌സോണിന്റെ എഞ്ചിൻ കാര്യമായ മിഡ് റേഞ്ച് പവറും മാന്യമായ ടോപ്പ് എൻഡും വാഗ്ദാനം ചെയ്യുന്നു, സിറ്റി തെരുവുകളിലെ ഉല്ലാസയാത്രകൾക്കും ഹൈവേയിൽ ഉയർന്ന വേഗതയിൽ അനായാസമായി യാത്ര ചെയ്യാനും ഇത് നല്ലതാണ്.
പുതിയ ഏഴ്-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സ് സ്മൂത്താണ്, എന്നാൽ ഗിയറുകളുടെ അപ്പ്ഷിഫ്റ്റിംഗും ഡൗൺ ഷിഫ്റ്റിംഗും നിലവിൽ വിപണിയിൽ ലഭ്യമായ ഡ്യുവൽ ക്ലച്ച് ഉപയോഗിക്കുന്ന മറ്റ് പല യൂണിറ്റുകളേയും പോലെ വേഗത്തിലല്ല.
പുതിയ നെക്‌സോണിന്റെ സസ്‌പെൻഷൻ സജ്ജീകരണം, നമ്മുടെ ഇന്ത്യൻ റോഡുകളിലെ കുണ്ടും കുഴികളും ആഗീകരണം ചെയ്യാൻ വളരെ മികവുറ്റതാണ്. ഈ സോഫ്റ്റ് സജ്ജീകരണം കാരണം 2023 നെക്‌സോൺ കോർണറുകളിൽ അല്പം ബോഡി റോൾ ഉണ്ടാകുന്നു.

NVH ലെവലുകൾ മാന്യമായതിലും കൂടുതലാണ്, എന്നാൽ ടർബോ ത്രീ-പോട്ട് 4,000 rpm പിന്നിട്ടാൽ പുതിയ നെക്‌സോണിന്റെ ക്യാബിനിലേക്ക് ശബ്ദം ഇഴഞ്ഞെത്താൻ തുടങ്ങിയതായി ഞങ്ങൾ കണ്ടെത്തി. മൈലേജിനെ സംബന്ധിച്ചിടത്തോളം, ടാറ്റ ഔദ്യോഗിക കണക്കുകളൊന്നും വെളിപ്പെടുത്തിയിട്ടില്ല, പരിമിതമായ സമയത്തിനുള്ളിൽ, ഇതിന്റെ കൃത്യമായ കണക്ക് ഞങ്ങൾക്കും ടെസ്റ്റ് ചെയ്യാനായില്ല.
അഭിപ്രായം- അതേ പഴയ മിഴിവോടെ പുതിയ രൂപവും മികച്ച സാങ്കേതികവിദ്യയും: 2023 ടാറ്റ നെക്‌സോൺ കോംപാക്ട് എസ്‌യുവി ഒരു വലിയ സൗന്ദര്യവർധക സാങ്കേതിക പരിവർത്തനത്തിന് വിധേയമായിരിക്കുന്നത് നമുക്ക് കാണാം, ഇത് ആദ്യമായി ഒരു എസ്‌യുവിയിലേക്ക് അപ്പ്ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് കൂടുതൽ ഡിസയറബിളായ കാറാക്കി മാറ്റുന്നു.
പുതിയ 2023 നെക്‌സോണിന്റെ എക്സ്റ്റീരിയർ രൂപകൽപ്പന എവിടെ പോയാലും ആളുകളെ ആകർഷിക്കുന്ന ഒന്നാണ്, അതേസമയം അകത്തളത്തിലെ പുതിയ സാങ്കേതികവിദ്യ എല്ലാവരുടേയും മനം കവരുകയും ആവേശത്തിൽ നിലനിർത്തുകയും ചെയ്യുന്നു. പുത്തൻ അപ്പ്ഡേറ്റുകൾ കാരണം വിലകൾ നേരിയ തോതിൽ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു എന്നിരുന്നാലും, 2023 ടാറ്റ നെക്‌സോൺ ഈ വിഭാഗത്തിലെ ഉപഭോക്താക്കൾക്കുള്ള ഏറ്റവും മികച്ച ചോയിസുകളിൽ ഒന്നായി തുടരുന്നു.


Click it and Unblock the Notifications








