വോള്‍വോ ഇവിയില്‍ പ്രതീക്ഷിക്കുന്ന എല്ലാം ഇതിലുണ്ട്; C40 റീചാര്‍ജ് റിവ്യൂ വിശേഷങ്ങള്‍
ഇന്ത്യയിലെ ആഡംബര ഇലക്ട്രിക് കാര്‍ രംഗം പിടിച്ചടുക്കാനായി നിരവധി മോഡലുകളാണ് സമീപകാലത്തായി അരങ്ങേറ്റം കുറിക്കുന്നത്. ഇന്ത്യക്കാര്‍ക്കിടയില്‍ പ്രത്യേക ഇമേജുള്ള സ്വീഡിഷ് കാര്‍ ബ്രാന്‍ഡാണ് വോള്‍വോ. ഭാവി മുന്നില്‍ കണ്ട് ഫുള്‍ ഇലക്ട്രിക്കാകാനുള്ള ഉറച്ച കാല്‍വെയ്പ്പുകള്‍ നടത്തുകയാണ് കമ്പനി. 2030-ഓടെ ഇവികള്‍ മാത്രം വില്‍ക്കാനാണ് സ്വീഡിഷ് കമ്പനി പദ്ധതിയിടുന്നത്.
ഇന്ത്യയില്‍ XC40 റീചാര്‍ജ് എസ്‌യുവി കൊണ്ടുവന്ന് ഹിറ്റടിച്ച വോള്‍വോ ഒരു പുത്തന്‍ മോഡല്‍ കൂടി ഇങ്ങെത്തിക്കുകയാണ്. കഴിഞ്ഞ മാസമാണ് വോള്‍വോ തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് ഓഫറിംഗായ C40 റീചാര്‍ജ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. വോള്‍വോ C40 റീചാര്‍ജ് കൂപ്പെ-എസ്‌യുവിയുടെ ലോഞ്ച് സെപ്റ്റംബറില്‍ നടന്നേക്കും. ഇവന്റിന് മുന്നോടിയായി ഇലക്ട്രിക് എസ്‌യുവി അടുത്തറിയാനായി വോള്‍വോ ഞങ്ങളെ ലോണാവാലയിലേക്ക് ക്ഷണിച്ചു. വോള്‍വോയുടെ ഇന്ത്യയിലെ രണ്ടാമത്തെ ഫുള്‍ ഇലക്ട്രിക് കാറിന്റെ റിവ്യൂ വിശേഷങ്ങള്‍ തുടര്‍ന്ന് വായിക്കാം.

ഡിസൈന്‍, കംഫര്‍ട്ട്, ടെക്: XC40 റീചാര്‍ജിന്റെ കൂപ്പെ-എസ്‌യുവി പതിപ്പാണ് വോള്‍വോ C40 റീചാര്‍ജ്. വോള്‍വോ XC40 ഇലക്ട്രിക് എസ്‌യുവിയുടെ ട്രെന്‍ഡിയര്‍ എഡ്ജിയറും പതിപ്പ് തേടുന്നവര്‍ക്ക് പരിഗണിക്കാവുന്ന മോഡലാണിത്. ഇതിന്റെ മൊത്തത്തിലുള്ള രൂപകല്‍പ്പന XC40 റീചാര്‍ജിന് സമാനമാണ്. കൂപ്പെ പോലുള്ള റൂഫും കുറച്ച് സ്പോര്‍ട്ടി ടച്ചുകളും പുതിയ C40 റീചാര്‍ജിന് ഷാര്‍പ്പ് ലുക്ക് നല്‍കുന്നു. പുതിയ C40 റീചാര്‍ജിന്റെ മുന്‍വശത്ത് വോള്‍വോയുടെ ഐക്കണിക് തോര്‍സ് ഹാമര്‍ ഹെഡ്‌ലൈറ്റുകള്‍ കാണാം.
വോള്‍വോ ബാഡ്ജിരിക്കുന്ന ക്ലോസ്ഡ് ഫ്രണ്ട് ഗ്രില്ലിനോട് ചേര്‍ന്നാണ് ലൈറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. C40 റീചാര്‍ജിന്റെ സ്‌പോര്‍ട്ടിയര്‍ ബമ്പറിന്റെ അരികുകളിലായാണ് ഫോഗ് ലാമ്പുകള്‍ക്ക് സ്ഥാനം പിടിച്ചിരിക്കുന്നത്. വോള്‍വോ C40 റീചാര്‍ജിന്റെ വശങ്ങളില്‍ കുത്തനെ ചരിഞ്ഞ റൂഫ്ലൈന്‍ ആധിപത്യം പുലര്‍ത്തുന്നു. ഫ്ളേഡ്-ഔട്ട് വീല്‍ ആര്‍ച്ചുകളും പരുക്കന്‍ സൈഡ് സ്‌കര്‍ട്ടുകളും കൂപ്പെ എസ്‌യുവിയുടെ സ്‌പോര്‍ട്ടി അപ്പീല്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.

വോള്‍വോ C40 റീചാര്‍ജിന്റെ പിന്‍ഭാഗം ഭാഗത്തേക്ക് നീങ്ങിയാല്‍ റാക്ക് ചെയ്ത റിയര്‍ വിന്‍ഡ്സ്‌ക്രീനിന്റെ ഇരുവശത്തും രണ്ട് മിനി സ്പോയിലറുകള്‍ ഉണ്ട്. ബൂട്ട് ലിഡിന്റെ മെറ്റല്‍ ഭാഗവുമായി റിയര്‍ ഗ്ലാസ് സന്ധിക്കുന്ന ഭാഗത്തായി നിങ്ങള്‍ക്ക് മറ്റൊരു സ്പോയിലര്‍ കാണാനാകും. ടെയില്‍ ഗേറ്റിലെ C-ആകൃതിയിലുള്ള ലൈറ്റുകള്‍ വിന്‍ഡ്സ്‌ക്രീനിന്റെ വശങ്ങളിലേക്ക് മുകളിലേക്ക് കയറിപ്പോകുന്നു. മുന്‍ ബമ്പറിന്റെ താഴ്ഭാഗത്തെ പോലെ തന്നെ പിന്‍വശത്തും ബ്ലാക്ക് പ്ലാസ്റ്റിക് ക്ലാഡിംഗ് നല്‍കിയിരിക്കുന്നു.
വോള്‍വോ C40 റീചാര്‍ജിന്റെ ക്യാബിനില്‍ ലാളിത്യം തുളുമ്പി നില്‍ക്കുന്നുണ്ട്. C40 റീചാര്‍ജിന്റെ ക്യാബിന്‍ XC40 റീചാര്‍ജിന്റെ അതേ ലേഔട്ടിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ക്യാബിന്‍ പൂര്‍ണമായും ലെതര്‍ ഫ്രീയാണെന്നത് വീഗനുകള്‍ക്ക് സന്തോഷം നല്‍കുന്നു. റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക് ബോട്ടിലുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച കാര്‍പെറ്റുകള്‍ക്കൊപ്പം റീ പ്രോസസ്സ് ചെയ്ത മെറ്റീരിയലും C40 റീചാര്‍ജില്‍ ഉപയോഗിക്കുന്നു.

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവ പിന്തുണയ്ക്കുന്ന പോര്‍ട്രെയിറ്റ് ഓറിയന്റഡ് 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഡാഷിന്റെ സവിശേഷത. പ്രീമിയം ഹാര്‍മോണ്‍-കാര്‍ഡന്‍ ഓഡിയോ സിസ്റ്റവുമായി ജോടിയാക്കിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഇതില്‍ വരുന്നു. വോള്‍വോ C40 റീചാര്‍ജിന്റെ ഫ്രണ്ട് സീറ്റുകള്‍ ഹീറ്റിംഗും ഇലക്ട്രിക് അഡ്ജസ്റ്റ്‌മെന്റും ഫീച്ചര്‍ ചെയ്യുന്നതിനാല്‍ യാത്രകള്‍ സുഖകരമായി മാറും.
മുന്നിലുള്ള സീറ്റുകളുടെ അതേ സ്പോര്‍ട്ടി ഡിസൈന്‍ തന്നെയാണ് പിന്‍സീറ്റുകളിലും കാണാന്‍ സാധിക്കുക. മൂന്ന് മുതിര്‍ന്ന വ്യക്തികള്‍ തിക്കിത്തിരക്കി പോകാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ വോള്‍വോ C40 റീചാര്‍ജ് ഒരു 4 സീറ്റര്‍ ലേഔട്ടില്‍ നിര്‍ത്താം. 413 ലിറ്റര്‍ ആണ് ഇലക്ട്രിക് എസ്‌യുവിയുടെ ബൂട്ട് ശേഷി. വാരാന്ത്യ യാത്രകള്‍ക്കും ഷോപ്പിംഗിനും പോകാന്‍ ഇത് ധാരാളം മതിയാകും.

C40 റീചാര്‍ജിന്റെ റിയര്‍ വിന്‍ഡോയില്‍ നിന്നുള്ള കാഴ്ച വളരെ ഇടുങ്ങിയതാണെങ്കിലും പാര്‍ക്ക് ചെയ്യുമ്പോള്‍ സഹായത്തിനായി ആവശ്യമായ സെന്‍സറുകളും ക്യാമറകളും വോള്‍വോ സജ്ജീകരിച്ചിട്ടുണ്ട്. പനോരമിക് സണ്‍റൂഫ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, 360-ഡിഗ്രി ക്യാമറ, കണക്റ്റഡ് കാര്‍ ടെക്, സെന്‍സര്‍ അധിഷ്ഠിത ഓട്ടോണമസ് ഡ്രൈവിംഗ് എയ്ഡുകള്‍ (ADAS), ഒന്നിലധികം എയര്‍ബാഗുകള്‍ എന്ന് തുടങ്ങി നിരവധി ഫീച്ചറുകള്‍ പായ്ക്ക് ചെയ്താണ് വോള്‍വോ C40 റീചാര്‍ജ് എത്തുന്നത്.
മോട്ടോറുകള്‍, ബാറ്ററി, റേഞ്ച്, വലിപ്പം: ഒരു വലിയ 78kWh ബാറ്ററി പായ്ക്കാണ് വോള്‍വോ C40 റീചാര്‍ജിന്റെ പവര്‍ഹൗസ്. ഒറ്റ ചാര്‍ജില്‍ 530 കിലോമീറ്റര്‍ റേഞ്ചാണ് ഇലക്ട്രിക് എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്. ഓണ്‍-ബോര്‍ഡ് 11kW ചാര്‍ജര്‍ ഉപയോഗിച്ച് 6 മുതല്‍ 7 മണിക്കൂര്‍ കൊണ്ട് ബാറ്ററി ചാര്‍ജ് ചെയ്യാം. 150kW ഡിസി ചാര്‍ജര്‍ ഉപയോഗിച്ച് 10-80 ശതമാനം ചാര്‍ജ് ചെയ്യാന്‍ 27 മിനിറ്റ് മാത്രം മതിയെന്നതാണ് ഇവിയുടെ ഹൈലൈറ്റുകളിലൊന്ന്.

ഇലക്ട്രിക് എസ്‌യുവി ഡ്യുവല്‍ മോട്ടോര്‍ ഓള്‍വീല്‍ ഡ്രൈവ് പതിപ്പില്‍ മാത്രമാണ് ഇന്ത്യയിലെത്തുക. ഓരോ ആക്സിലിലും ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോറുകള്‍ 402 bhp പവറും 660 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാനായാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. പെര്‍ഫോമന്‍സ് നോക്കിയാല്‍ ഇവി 4.7 സെക്കന്‍ഡിന്റെ 0-100 kmph വേഗത കൈവരിക്കും.
മണിക്കൂറില്‍ 180 കി.മീആണ് ടോപ് സ്പീഡ്. വോള്‍വോ C40 റീചാര്‍ജിന്റെ വലിപ്പം നോക്കുമ്പോള്‍ ഇതിന് 4,440 mm നീളവും 1,873 mm വീതിയും 1,591 mm ഉയരവും 2,702 mm വീല്‍ബേസും ഉണ്ട്. കൂടാതെ എസ്‌യുവി 171 mm ഗ്രൗണ്ട് ക്ലിയറന്‍സും വാഗ്ദാനം ചെയ്യുന്നു. പിറെല്ലി ടയറുകളാല്‍ പൊതിഞ്ഞ 19 ഇഞ്ച് അലോയ് വീലുകളിലാണ് വോള്‍വോ C40 ഓടുക.

ഡ്രൈവിംഗ് ഇംപ്രഷനുകള്‍: വോള്‍വോ C40 റീചാര്‍ജ് സ്റ്റാര്‍ട്ട് ചെയ്യുന്നത് നിങ്ങള്‍ കരുതുംപോലെ ഒരു സാധാരണ പ്രക്രിയ അല്ല. ഒരു പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് നിങ്ങള്‍ക്കിതില്‍ കാണാനാകില്ല. കാറില്‍ കയറി ഗിയര്‍ 'ഡ്രൈവിലേക്ക്' ഇടുമ്പോള്‍ ഡ്രൈവര്‍ ഇരുന്ന് സ്ട്രാപ്പ് ചെയ്തിട്ടുണ്ടോയെന്ന് ഇവി കണ്ടെത്തുന്ന സിസ്റ്റമാണ്. സ്റ്റാര്‍ട്ടായാല്‍ തിരഞ്ഞെടുക്കാന്‍ ഡ്രൈവ് മോഡുകളൊന്നും കാണാനാകില്ല. എവിടെയെങ്കിലും പോകാനൊരുങ്ങുമ്പോള്‍ നിരവധി ഓപ്ഷനുകള്‍ തപ്പി മടുക്കുന്നവരാണ് നിങ്ങളെങ്കില്‍ സന്തോഷിക്കാം.
0-100 kmph കൈവരിക്കാനെടുക്കുമെന്ന് പറയപ്പെടുന്ന 4.7 സെക്കന്‍ഡിനേക്കാള്‍ വേഗതയുള്ള പോലെയാണ് C40 റീചാര്‍ജില്‍ യാത്ര ചെയ്യുമ്പോള്‍ അനുഭവപ്പെടുന്നത്. നിശ്ചലാവസ്ഥയില്‍ നിന്ന് കുതിച്ച് പായുന്നതും ഓവര്‍ടേക്കിംഗുമെല്ലാം വോള്‍വോ C40 റീചാര്‍ജില്‍ രസകരമായി അനുഭവപ്പെട്ടു. വലിയ ബാറ്ററി പാക്കും 2.1 ടണ്‍ ഭാരവുമുള്ളതിനാല്‍ വോള്‍വോ C40 റീചാര്‍ജ് കഠിനമായ സസ്‌പെന്‍ഷന്‍ സജ്ജീകരണത്തോടെയാണ് വരുന്നത്. നമ്മുടെ തകര്‍ന്ന റോഡുകളില്‍ ഒരുപക്ഷേ ഇത് ഇത്തിരി കഠിനമായി അനുഭവപ്പെടുന്നു.
നിങ്ങള്‍ ആക്‌സിലറേറ്റില്‍ കാലമര്‍ത്തുമ്പോള്‍ C40 റീചാര്‍ജില്‍ സ്റ്റിയറിംഗ് ഭാരം കൂടുന്നു. ഉയര്‍ന്ന വേഗത്തിനൊപ്പം ഫേം സ്റ്റിയറിംഗ് മോഡ് പ്രവര്‍ത്തനക്ഷമമാക്കിയാല്‍ ഇത് വളരെ സ്ഥിരതയുള്ളതായി അനുഭവപ്പെടുന്നു. റീജനറേറ്റീവ് ബ്രേക്കുകള്‍ നിങ്ങള്‍ വേഗത കുറയ്ക്കുമ്പോഴെല്ലാം ബാറ്ററി പായ്ക്ക് ടോപ്പ് അപ്പ് ചെയ്യാന്‍ സഹായിക്കുന്നു. ഒപ്പം വണ്‍-പെഡല്‍ മോഡ് വോള്‍വോ C40 റീചാര്‍ജിലെ സിറ്റി ഡ്രൈവ് എളുപ്പമാക്കുന്നു.
ഇവി ഡ്രൈവ് ട്രെയിനും മികച്ച NVH ലെവലും ഒരുമിച്ച് ചേരുന്നതോടെ പുറംലോകത്തിന്റെ ശല്യമില്ലാതെ ശാന്തമായ ഒരു യാത്ര അനുഭവിച്ചറിയാനാകും. സമയ പരിമിതി കാരണം C40 റീചാര്‍ജിന്റെ യഥാര്‍ത്ഥ റേഞ്ച് കണ്ടെത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. എന്നിരുന്നാലും സ്വീഡിഷ് നിര്‍മാതാവില്‍ നിന്നുള്ള ഇലക്ട്രിക് എസ്‌യുവി ഒറ്റ ചാര്‍ജില്‍ 400 കിലോമീറ്ററില്‍ കുറയാത്ത റേഞ്ച് നല്‍കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

സ്വീഡിഷ് ബ്രാന്‍ഡില്‍ നിന്നുള്ള ഒരു ഇവിയില്‍ നിന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നതെല്ലാം വോള്‍വോ C40 റീചാര്‍ജ് നല്‍കും. സേഫ്റ്റി ഫീച്ചറുകളും നൂതന സാങ്കേതികവിദ്യയാലും നിറഞ്ഞിരിക്കുന്ന എസ്‌യുവിക്ക് ഒരു മിനിമലിസ്റ്റിക് ക്യാബിനാണ് നല്‍കിയിരിക്കുന്നത്. എന്നിരുന്നാലും കൂപ്പെ എസ്‌യുവി ഡിസൈനും ഡ്യുവല്‍-മോട്ടോര്‍ പവര്‍ട്രെയിനും വോള്‍വോയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിച്ചേക്കും.


Click it and Unblock the Notifications








