ഒരു പേരില്‍ ഒരു കാര്‍ ഒളിഞ്ഞിരിക്കുന്നു!

വാഹനത്തിന്‍റെ പേര് ഉപഭോക്താക്കളുടെ മനസ്സിലേക്ക് ഒരു സൂചിമുന പോലെ തുളച്ചുകയറണം. അവിടെ സ്ഥാനം പിടിക്കണം. ഇതിനായി കമ്പനികള്‍ എത്രമാത്ര തല പുകയ്ക്കാറുണ്ടെന്ന് നമ്മള്‍ അറിയാറില്ല. ഇത്തരം ചില പേരുകളുടെ ഉത്ഭവത്തെക്കുറിച്ചുള്ള ചര്‍ച്ച ചുവടെ.
പ്രൈമറി മോഡലുകള്‍ക്ക് 'കിരീടം' എന്നര്‍ത്ഥം വരുന്ന വാക്ക് ഉപയോഗിക്കുന്ന രീതിയാണ് ടൊയോട്ടയ്ക്കുള്ളത്. ടോയൊട്ടയുടെ 'കൊറോണ' മോഡലിന് ആ പേര് ലഭിക്കുന്നത് കിരീടമെന്ന വാക്കിന്‍റെ ലാറ്റിന്‍ പദമായ ക്രൗണില്‍ നിന്നാണ്. 'കൊറോള' എന്ന പേര് ടൊയോട്ട സ്വീകരിക്കുന്നതും ലാറ്റിന്‍ വാക്കില്‍ നിന്നു തന്നെ. കുഞ്ഞു കിരീടം എന്നത്രെ ഇതിനര്‍ത്ഥം. 'കാമ്രി' എന്നത് കിരീടത്തിന്‍റെ ജപ്പാന്‍ പദമായ 'കാനുമുറി' എന്ന വാക്കിന്‍റെ ഇംഗ്ലീഷ്‍വല്‍ക്കരിച്ച രൂപമാണ്.
ടൊയോട്ടയുടെ 'എട്യോസ്' എന്ന പേര് ഗ്രീക്ക് പദമായ 'എഥോസ്' എന്നതില്‍ നിന്ന് കടമെടുത്തതാണെന്ന് പറയുന്നു. ഈ വാക്കിന് ഊര്‍ജ്ജസ്വലത എന്ന് മലയാളപ്പെടാം എന്നു തോന്നുന്നു.
ഹ്യൂണ്ടായ് സാന്‍റാ ഫെ യുടെ പേരില്‍ ഒരു നഗരം ഒളിഞ്ഞിരിപ്പുണ്ട്. സാന്‍റ ഫെ എന്നത് ന്യൂ മെക്സിക്കോയിലെ ഒരു നഗരമാണ്. ഈ പേര് സ്വീകരിച്ചതിന് പിന്നാലെ അമേരിക്കയില്‍ ഹ്യൂണ്ടായ് സാന്‍റ ഫെ വമ്പന്‍ വിജയമായിത്തീര്‍ന്നു എന്ന് ഐതിഹ്യം. സാന്‍റ പിന്നീട് ഇന്ത്യയിലേക്കും വന്നു.
മാരുതി എവിടെ നിന്നുവന്നു എന്ന ചോദ്യം ഇന്ത്യക്കാരനോടു വേണ്ട. അവന്‍ ലങ്കയിലേക്ക് എടുത്തു ചാടിയവന്‍ എന്ന് ചിലര്‍ പറയും. അല്ല, ഇവിടെയും എവിടെയും നിറഞ്ഞു നില്‍ക്കുന്നവന്‍ എന്ന് മറ്റുചിലര്‍ പറയും. അവസാനം പറഞ്ഞത് മാരുതി സുസുക്കിയെക്കുറിച്ചാണെങ്കില്‍ അത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. അവന്‍ ഇന്ത്യന്‍ നിരത്തുകളില്‍ എവിടെയും നിറഞ്ഞിരിക്കുന്നു.


Click it and Unblock the Notifications








