ഇയോണിനെതിരെ "ആള്‍ട്ടോ എക്സ്പ്ലോര്‍"

ഇയോണ്‍ ലോഞ്ചിന് പിന്നാലെയാണ് പുതിയ വാര്‍ത്ത വന്നിരിക്കുന്നത്. മാരുതി ആള്‍ട്ടോയുടെ ഒരു പുതിയ പതിപ്പ്, എന്നുവെച്ചാല്‍ അല്ലറചില്ലറ മിനുക്കുപണികളോടുകൂടിയ പതിപ്പ്, വിപണിയില്‍ എത്തിച്ചിരിക്കുന്നു. ഇയോണ്‍ ലോഞ്ചിനോട് അനുബന്ധിച്ച് ആള്‍ട്ടോയ്ക്ക് പരോക്ഷമായി ലഭിച്ച പരസ്യത്തെ ഊര്‍ജ്ജിതപ്പെടുത്തുക എന്നതുമാത്രമാണ് ആള്‍ട്ടോ എക്സ്പ്ലോറിന്‍റെ ഉദ്ദേശ്യം എന്നു പറയാം.
പത്തോളം പുതിയ സവിശേഷതകളാണ് ആള്‍ട്ടോ എക്സ്പ്ലോറില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ഇവ ടോപ് വേരിയന്‍റുകള്‍ക്കൊപ്പമാണ് വിപണിയില്‍ സ്ഥാനം പിടിക്കുക. ആള്‍ട്ടോ എഎക്സ്ഐ, ആള്‍ട്ടോ കെ10-വിഎക്സ്ഐ എന്നിവയാണ് ഉയര്‍ന്ന പതിപ്പുകള്‍.
ആറ് നിറങ്ങളിലാണ് ആള്‍ട്ടോ എക്സ്പ്ലോര്‍ ലഭ്യമാവുക. യു എസ് ബി, ബ്ലൂടൂത്ത് സൗകര്യങ്ങളോടു കൂടിയ ഡബ്ള്‍ ഡിന്‍ സ്റ്റീരിയോ, ലതര്‍ സീറ്റുകള്‍, പുതിയ ബോഡി ഗ്രാഫിക്സ്, ബോഡി കളേഡ് ബംമ്പറുകള്‍, സ്പോര്‍ടി റൂഫ് സ്പോയിലറുകള്‍ തുടങ്ങിയവയാണ് പുതിയ ചേരുവകള്‍.
1.48 ലക്ഷം യൂണിറ്റുകള്‍ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെയായി ആള്‍ട്ടോ വിറ്റഴിച്ചിട്ടുണ്ടെന്നാണ് കണക്ക്. കെ10 എന്‍ജിനോടു കൂടി ആള്‍ട്ടോ 2010-ല്‍ വിപണിയിലെത്തിയതോടെ വില്‍പന വളരെയധികം വര്‍ധിച്ചിരുന്നു.


Click it and Unblock the Notifications








