എംകെ നാരായണന്‍ ഇനി 5 സീരീസില്‍
ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരിക്കെ അപ്രതീക്ഷിതമായാണ് എംകെ നാരായണന് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സ്ഥാനം ലഭിക്കുന്നത്. പ്രത്യേകിച്ചെന്തെങ്കിലും ചെയ്യാനില്ലാതെ ബോറടിച്ചിരിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ ശല്യം ഒഴിവാക്കാന്‍ വേണ്ടിയെന്നോണം നിര്‍മിച്ച ഒരു സ്ഥാനമായാണ് ഗവര്‍ണര്‍ സ്ഥാനങ്ങളെ കണക്കാക്കേണ്ടത്. എംകെ നാരായണന്‍ അങ്ങനെ ബോറടിച്ചിരിക്കുകയായിരുന്നില്ല. എന്നിട്ടും ഗവര്‍ണറായി പണി കിട്ടുകയായിരുന്നു.
പ്രസ്തുത പണി ലഭിച്ചതിനു ശേഷം കാര്യമായ വാര്‍ത്തകളൊന്നും അദ്ദേഹം സൃഷ്ടിച്ചിരുന്നില്ല. ഈ ബോറടി അവസാനിപ്പിക്കാനായിരിക്കണം ഒരു ബിഎംഡബ്ലിയു 5 സീരീസ് കാര്‍ വാങ്ങിയത്. പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവര്‍ സുരക്ഷാ പ്രശ്നങ്ങള്‍ പ്രമാണിച്ച് ആഡംബര കാറുകളിലേക്ക് കുറച്ചുകാലം മുന്‍പ് മാറിയിരുന്നു. എന്നാല്‍ സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍മാര്‍ ആഡംബര കാര്‍ വാങ്ങുക എന്നത് ഒരു പുതുമ തന്നെയാണ്.

ടൊയോട്ട കാമ്രി എന്ന പ്രീമിയം സെഡാനായിരുന്നു നേരത്തെ ബംഗാള്‍ ഗവര്‍ണര്‍ ഉപയോഗിച്ചു വന്നിരുന്നത്. ഗവര്‍ണറുടെ അപേക്ഷ പ്രകാരം സര്‍ക്കാര്‍ ഈ കാറിനെ മാറ്റി 45 ലക്ഷം രൂപ വിലയുള്ള ബിഎംഡബ്ലിയു സെഡാന്‍ വാങ്ങി നല്‍കുകയായിരുന്നു. ഇത്രയും വിലപിടിപ്പുള്ള കാര്‍, മാര്‍ക്സിസ്റ്റുകളും മാവോയിസ്റ്റുകളും വാഴുന്ന നാട്ടില്‍, വ്യാജമെങ്കിലും കമ്മ്യൂണിസ്റ്റ് പ്രതിച്ഛായ കൊണ്ടു നടക്കാന്‍ ഇഷ്ടപ്പെടുന്ന മമതാ ബാനര്‍ജി ഭരിക്കുന്ന നാട്ടില്‍, സാമ്പത്തികമായി വലിയ ഞെരുക്കം അനുഭവിക്കുന്ന നാട്ടില്‍, ചെറുതല്ലാത്ത പ്രതിരോധങ്ങള്‍ ഉണ്ടാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതുകൊണ്ടൊന്നും മുട്ടുമടക്കുന്നയാളല്ല നാരായണ്‍ജി. വാങ്ങുമെന്ന് തീരുമാനിച്ചാല്‍ വാങ്ങിയിരിക്കും. മമത തന്നെയാണ് കാര്‍ വാങ്ങാന്‍ അനുമതി നല്‍കിയത്. വെറുതെയെന്തിന് തൊന്തരവ് ചോദിച്ചു വാങ്ങണം?
ബിഎംഡബ്ലിയു 5 സീരീസ് പെട്രോളിലും ഡീസലിലും ലഭ്യമാണ്. ഏറ്റവും വില കുറവുള്ള 5 സീരീസ് കാറിന് (523ഐ) വില 39 ലക്ഷമാണ്. എന്നാല്‍ എംകെ നാരായണന്‍ വാങ്ങിയത് 45 ലക്ഷത്തിന്‍റെ കാറാണ്. ഇതില്‍ നിന്ന് അനുമാനിക്കാവുന്നത് നാരായണ്‍ജി വാങ്ങിയത് ടോപ് എന്‍ഡ് മോഡലായ (530ഡി) ആണെന്നാണ്. ഈ വാഹനത്തിന്‍റെ വില കൃത്യമായി പറഞ്ഞാല്‍ 45.9 വക്ഷം രൂപയാണ്.
3 ലിറ്റര്‍ എന്‍ജിനാണ് വാഹനത്തിനുള്ളത്. 245 കുതിരശക്തിയും 540 എന്‍എം ചക്രവീര്യവുമാണ് എന്‍ജിന്‍ പകരുന്നത്. മികച്ച ലെഗ്‍റൂം പ്രദാനം ചെയ്യുന്ന സ്ഥലസൗകര്യമേറിയ കാബിനാണ് 5 സീരീസ് നല്‍കുന്നത്. ഉയര്‍ന്ന നിലവാരമുള്ള തുകല്‍ കൊണ്ടാണ് ഇന്‍റീരിയര്‍ ഫിനിഷ് ചെയ്തിരിക്കുന്നത്.


Click it and Unblock the Notifications








