ബ്രിയോ ഡീസല്‍ സെഡാന്‍ ഏപ്രില്‍ 2013ന്
ബ്രിയോ എന്ന കുഞ്ഞുസുന്ദരിക്കുമേല്‍ ഹോണ്ട രണ്ട് പരീക്ഷണങ്ങളാണ് ഒരുമിച്ച് നടത്താനൊരുങ്ങുന്നത്. ഒന്നാമതായി ഈ ഹാച്ച്ബാക്കിന്‍റെ പ്ലാറ്റ്ഫോമില്‍ ഒരു സെഡാന്‍ ഹോണ്ട വികസിപ്പിച്ചിരിക്കുന്നു. രണ്ടാമത്, ഹോണ്ടയുടെ ആദ്യ ഡീസല്‍ എന്‍ജിന്‍ ഈ വാഹനത്തിനായിരിക്കും ഘടിപ്പിക്കുക.
2011 മുതലേ ഈ വാഹനത്തെ സംബന്ധിച്ച് ഊഹാത്മക റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഈയടുത്ത കാലത്ത് ഹോണ്ടയില്‍ നിന്നു തന്നെ സ്ഥിരീകരണങ്ങള്‍ വന്നുചേര്‍ന്നു. ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 2013 ഏപ്രിലില്‍ തന്നെ ബ്രിയോ സെഡാന്‍ ഇന്ത്യന്‍ വിപണിയില്‍ ഇടിച്ചിറങ്ങും.

എന്‍ത്ഡ്രീംസ് എന്ന പേരില്‍ ഹോണ്ടയുടെ ജപ്പാന്‍ എന്‍ജിനീയര്‍മാര്‍ വികസിപ്പിച്ചെടുത്തിട്ടുള്ള 1.6 ലിറ്റര്‍ ശേഷിയുള്ളതാണ് ഈ എന്‍ജിന്‍. പാരിസ് മോട്ടോര്‍ഷോയില്‍ ഈ എന്‍ജിന്‍ ഘടിപ്പിച്ച ഹോണ്ട സിവിക്കിനെ അവതരിപ്പിക്കുന്നുണ്ട്. ബ്രിയോ സെഡാന്‍ ആദ്യം വരുമെന്നാണ് കേള്‍ക്കുന്നത്. ഇനി സിവിക് ഡീസല്‍ ആദ്യം വരാനും മതി. ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദീകരണമൊന്നും ലഭ്യമല്ല.
70നും 110നും ഇടയില്‍ കുതിരകളെ ഈ എന്‍ജിനില്‍ ഹോണ്ട പൂട്ടും. ഹോണ്ട 2ടിപി എന്നാ രഹസ്യനാമത്തിലാണ് ബ്രിയോ സെഡാന്‍ ഇപ്പോള്‍ അറിയപ്പെടുന്നത്. നാല് മീറ്ററില്‍ താഴെ വലിപ്പത്തിലായിരിക്കും വാഹനം നിലപാടെടുക്കുക. ഇതുവഴി ലഭിക്കുന്ന നികുതി ലാഭം വിലയിടുന്നതില്‍ ഗുണം ചെയ്യും.
1.2 ലിറ്ററിന്‍റെ പെട്രോള്‍ എന്‍ജിനിലും ബ്രിയോ സെഡാന്‍ വന്നെത്തും. നിലവില്‍ 4 മീറ്റര്‍ വിഭാഗത്തില്‍ മത്സരത്തിന് മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസൈര്‍ മാത്രമേയുള്ളൂ. ടാറ്റയുടെ മാന്‍സയ്ക്ക് ഒരു 4 മീറ്റര്‍ പതിപ്പ് ആലോചനയിലുണ്ട്. മഹീന്ദ്ര വെരിറ്റോയും ഈ വഴിക്ക് നീങ്ങാന്‍ ശ്രമിക്കുന്നതായി വാര്‍ത്തകള്‍ കണ്ടിരുന്നു.


Click it and Unblock the Notifications








